അന്യഗ്രഹ ജീവിയോ , ഇല്ലുമിനാറ്റിയോ പിന്തുടരുന്നുവെന്ന തോന്നൽ; സംശയരോഗവും ഷെയേര്‍ഡ് സൈക്കോസിസും

#ഡോ.റോബിൻ കെ മാത്യു, ബിഹേവിയറൽ സൈക്കോളജിസ്റ്റ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആങ്സൈറ്റി ഡിസോർഡറുകളുടെ ഗണത്തിൽ പെടുന്ന ഒന്നാണ് പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ. സംശയരോഗം എന്നുവിളിക്കുന്ന ഈ അവസ്ഥയിൽ മറ്റുള്ളവർ തങ്ങളെ ഉപദ്രവിക്കാനോ അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ ഒക്കെ  ശ്രമിക്കുകയാണ് എന്ന് ഇവർ  വിശ്വസിക്കും. 
 
ഇവർക്ക് ആരെയും വിശ്വാസവുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ചുറ്റുമുള്ളവരൊക്കെയും ഇവരുടെ ശത്രുക്കളാണ് എന്ന് കരുതുകയും ചെയ്യും . തൽഫലമായി ഇവർ സാമൂഹികമായി  ഒറ്റപ്പെടാൻ തുടങ്ങും. തങ്ങൾ അപകടത്തിലാണെന്ന തോന്നലും  തന്നെ അപായപ്പെടുത്താൻ മറ്റുള്ളവർക്ക് ഗൂഢ ഉദ്ദേശങ്ങൾ ഉണ്ടെന്ന ഭയവുംമൂലം അവരുടെ സംശയത്തെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകൾ കണ്ടെത്താൻ ഇവർ  നിരന്തരം  ശ്രമിച്ചു  കൊണ്ടേയിരിക്കും. 
 
എന്നാൽ സൈക്കോട്ടിക് അവസ്ഥയിലുള്ള ഒരു രോഗമാണ്  പാരനോയിഡ് സ്കീസോഫ്രീനിയ. ഇത് അൽപം ഗുരുതരമായ അവസ്ഥയാണ്. ഇതിലൂടെ കടന്നുപോകുന്നവരുടെ വാദങ്ങൾ തികച്ചും  വിചിത്രമോ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതോ ഒക്കെ ആയിരിക്കും.  ഉദാഹരണത്തിന്, ഒരു അന്യഗ്രഹ ജീവി, ഇല്ലുമിനാറ്റി പോലെ എങ്ങുമില്ലാത്ത ഒരു സംഘടന, അല്ലെങ്കിൽ ചൈനീസ് സർക്കാരോ എലോൺ മസ്‌ക്കോ , ബിൽ ​ഗേറ്റ്സോ, ലുസിഫറോ ഒക്കെ  തങ്ങളെ പിന്തുടരുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നുവെന്ന് ഇവർ  വിശ്വസിച്ചേക്കാം. നല്ല രീതിയിൽ കഥകൾ പറയാനുള്ള മിടുക്കുമുണ്ടാകും.

ഇതൊക്കെ ഇവർ വിശ്വസിക്കുന്ന കാര്യങ്ങളായിരിക്കും. ഹാലൂസിനേഷൻ അല്ലെങ്കിൽ -  മിഥ്യാഭ്രമം, മിഥ്യാദർശനം തുടങ്ങിയവയൊക്കെ ഇവർക്ക് ഇടയ്ക്കിടെ ഉണ്ടാവും. സാങ്കേതികവിദ്യ വഴി സർക്കാർ/കോർപ്പറേറ്റുകൾ തുടങ്ങിയവർ തങ്ങളുടെ മസ്തിഷ്കത്തിലെ വിവരങ്ങൾ ചോർത്തുന്നു എന്ന വിശ്വാസവും ഇക്കൂട്ടരുടെ ഇടയിൽ സാദാരണമാണ്.

ഷെയേര്‍ഡ് സൈക്കോസിസ് 

ഷെയേര്‍ഡ് സൈക്കോസിസ് പൂര്‍ണമായ അര്‍ഥത്തില്‍ വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തങ്ങളെ അപായപ്പെടുത്താന്‍ ആളുകള്‍ ശ്രമിക്കുന്നുവെന്ന ചിന്ത, ആത്മീയാനുഭൂതികള്‍, മിഥ്യാ ദര്‍ശനങ്ങള്‍ ഇവയൊക്കെയാണ് എല്ലാ കേസുകളിലും പൊതുവായിട്ടുള്ള ലക്ഷണങ്ങള്‍.

രണ്ടു വ്യക്തികളുടെ മനോവിഭ്രാന്തികള്‍ എന്ന (Folie à deux) എന്ന ഫ്രഞ്ച് പദമാണ് ഈ രോഗാവസ്ഥയുടെ യഥാര്‍ഥ പേര്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിക്ക് ഒരു പ്രത്യേകതരം മിഥ്യാഭ്രമം ഉണ്ടാകുന്നു എന്ന് കരുതുക. ഉദാഹരണം തന്നെ അപായപ്പെടുത്തുവാന്‍ ഒരു പ്രത്യേക സംഘടനയോ വ്യക്തിയോ ശ്രമിക്കുന്നു എന്ന ചിന്ത. ഈ ചിന്തയോ സംശയമോ അയാള്‍ സമൂഹത്തില്‍ ആരോടും തുറന്ന് പറയുന്നില്ല. വളരെ നോര്‍മല്‍ ആയി ജീവിതം നയിക്കുന്ന ഇയാള്‍ക്ക് ഒരു പ്രശ്നവും ഉള്ളതായി ആരും കരുതില്ല.വളരെ സൗഹാര്‍ദപരമായി, മാന്യമായി പെരുമാറുന്ന ആളായിരിക്കും ഇവര്‍. എന്നാല്‍ തന്‍റെ കൂടെ ജീവിക്കുന്ന ഒരു സുഹൃത്തിനോടോ ജീവിതപങ്കാളിയോടോ മാത്രമയാള്‍ ഇക്കാര്യം തുറന്നു പറയുന്നു. ഇയാള്‍ പറയുന്ന കാര്യം തികച്ചും സത്യമാണെന്നു വിശ്വസിക്കുന്ന ഈ സുഹൃത്ത് അല്ലെങ്കില്‍ പങ്കാളി ഇതേ സംശയങ്ങള്‍ മനസില്‍ കൊണ്ട് നടക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നു.ഇത് ക്രമേണ ഒരു  മിഥ്യാഭ്രമത്തിന്‍റ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യാം. 

കുടുംബം ഒന്നിച്ചു തന്നെ അദൃശ്യനായ ഈ വ്യക്തിയെ ഭയന്ന് ഒളിച്ചോടുകയോ ആത്മഹത്യ ചെയ്യുകയോ ഒക്കെ ചെയ്യാം. അപൂര്‍വമായി മാത്രമാണ് ഇങ്ങനെയുള്ള ആളുകള്‍ മറ്റുള്ള വ്യക്തികളെ ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുള്ളത്.

ലോകത്തിന്‍റെ പല ഭാഗത്തുള്ളവര്‍ തന്നെ പ്രണയിക്കുന്നുവെന്നും ലൈംഗികമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ തന്‍റെ പെണ്‍മക്കളെ അവര്‍ കുടുക്കാന്‍ നോക്കിയിരിക്കുകയാണ് എന്നും വിശ്വസിച്ചിരുന്ന ഒരു കോളേജ് പ്രൊഫസര്‍ എന്നെ കാണുവാന്‍ എത്തിയിരുന്നു. അവരുടെ ചിന്തകളെ മാറ്റിയെടുക്കാന്‍ കുറച്ചു അധികം കാലങ്ങളുടെ ചികിത്സയും ഒരു സൈക്കാട്രിസ്റ്റിന്റെ സഹായവും വേണ്ടി വന്നു. എന്നാല്‍ അമ്മ പറയുന്നത് സത്യമാണ് എന്ന് വിശ്വസിച്ചു ഭയത്തിന്‍റെ മുള്‍മുനയില്‍ ജീവിച്ചിരുന്ന ആ പെണ്‍കുട്ടികളെ പെട്ടെന്ന് രക്ഷിച്ചെടുക്കുവാന്‍ എനിക്ക് സാധിച്ചു.

Content Highlights: paranoid personality disorder shared psychosis