വാര്‍ധക്യകാലത്തിന് വേണം സമൂഹികപിന്തുണയും മാനസിക ഉള്‍കരുത്തും

ഔദ്യോഗിക സ്ഥാനങ്ങളില്‍ ഉന്നതങ്ങളില്‍ ഇരുന്നവര്‍ പലരും റിട്ടയര്‍മെന്റ് കാലമത്തുമ്പോള്‍ ഒറ്റപ്പെട്ടു പോകാറുണ്ട്. പഴയ സുഹൃദ് ബന്ധങ്ങളോ എന്തിനേറെ കുടുംബബന്ധങ്ങളോ പോലും ഇല്ലാതെ വരുന്നവര്‍ ധാരാളമാണ്. മക്കള്‍ ഒക്കെ വീട് വിട്ട് അവരുടെ ജീവിതവും പഠനവുമായി മുന്നോട്ട് നീങ്ങുമ്പോള്‍ എംപ്റ്റിനെസ്റ്റ് സിന്‍ഡ്രോം അനുഭവിക്കുന്നവരായി തീരും പലരും. അതിനാല്‍ തന്നെ വാര്‍ധക്യത്തിലേക്ക് പോകുന്നതിന് മുമ്പ് അഞ്ച് വ്യത്യസ്ത തരം സൗഹൃദങ്ങളെ നമ്മുടെ ജീവിതത്തില്‍ കണ്ടെത്തണം.
ജോലി സ്ഥലത്ത് കുറച്ച് നല്ല സുഹൃത്തുക്കളെ കണ്ടെത്തണം. കോളേജിലോ സ്‌കൂളിലോ പഠിച്ചിരുന്നപ്പോഴുള്ള കുറച്ച് സുഹൃത്തുക്കളുമായുള്ള ബന്ധം നഷ്ടപ്പെടുത്താതെ നോക്കണം. സമൂഹമാധ്യമങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ അത്തരം സൗഹൃദങ്ങളെ എപ്പോഴും ഒപ്പം ചേര്‍ത്തു പിടിക്കാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടില്ല. വീടിനടുത്തും ചുറ്റുവട്ടങ്ങളിലും കുറച്ച് നല്ല സൗഹൃദങ്ങള്‍ വേണം. ബന്ധുക്കളുടെ ഇടയിലും കുറച്ച് നല്ല സുഹൃത്തുക്കളെ കണ്ടെത്താം. ഈ സൗഹൃദങ്ങള്‍ മുറിഞ്ഞുപോകാതെ നോക്കേണ്ടതും നമ്മള്‍ തന്നെയാണ്. എപ്പോഴും ഇടപെടുന്ന സാമൂഹിക സാമുദായിക ചുറ്റുപാടുകളിലും കുറച്ച് നല്ല ബന്ധങ്ങള്‍ സൂക്ഷിക്കണം. വ്യത്യസ്ത സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ വേണമെന്ന് പറയുന്നതിന് കാരണം ഒരു മേഖലയിലെ സുഹൃത്തുക്കളുമായി നമുക്ക് എന്തെങ്കിലും അസ്വാരസ്യം ഉണ്ടായി എന്ന് കരുതുക, ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ മറ്റ് സൗഹൃദങ്ങള്‍ സഹായിക്കും. നിങ്ങള്‍ എത്ര ഉയര്‍ന്ന സ്ഥാനത്തായാലും ബഹുമാനം കൊടുക്കുകയും സ്വീകരിക്കുകയും നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തുകയും വേണം. നിങ്ങളുടെ പദവിയോടുള്ള ഭയം കൊണ്ട് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നവരാരും റിട്ടയര്‍മെന്റിന് ശേഷം ആ ബന്ധം തുടരാനാഗ്രഹിക്കില്ല എന്നതാണ് സത്യം.
പഴയ സുഹൃത്തുക്കളെ ഇടയ്ക്ക് വിളിക്കുകയും ഒത്തുചേരലുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്. ഓണ്‍ലൈനായും ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇപ്പോള്‍ മാര്‍ഗമുണ്ടല്ലോ. മനസ്സുകൊണ്ട് ചെറുപ്പത്തിലേക്ക് പോകാന്‍ ഈ അവസരങ്ങള്‍ വഴിയൊരുക്കും.
സീനിയര്‍ ലിവിങ് പോലുള്ള സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലും വരുന്നത് നല്ലതാണ്. പ്രായമായവര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ പറ്റുന്ന അത്തരം ഇടങ്ങള്‍ ജീവിതത്തിലെ രണ്ടാമൂഴത്തിന് വഴിതുറക്കും. മക്കള്‍ നാട്ടില്‍ ഇല്ലാത്തവരോ, മക്കള്‍ ഇല്ലാത്തവരോ, മക്കളെ അവരുടെ വഴിക്ക് വിട്ട് സ്വന്തം ജീവിതം കണ്ടെത്തുന്നവരോ ആയ ആര്‍ക്കും വന്ന് ജീവിക്കാവുന്ന ഒരിടം. വിദേശരാജ്യങ്ങളില്‍ ഒക്കെ ഇങ്ങനെയുള്ള സംവിധാനങ്ങള്‍ വ്യാപകമാണ്. നമ്മുടെ നാട്ടില്‍ സീനിയര്‍ ലിവിങ് ഇനിയും അംഗീകരിക്കപ്പെടേണ്ടിയിരിക്കുന്നു.
സമയ ബാങ്ക്
റിട്ടയര്‍മെന്റിന് വേണ്ടി സമയം സൂക്ഷിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറല്‍ മിനിസ്ട്രി ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സ് ആണ് ലോകത്താദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത്. ബ്രിട്ടന്‍ അടക്കമുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങളും സിംഗപ്പൂര്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും സമാനമായ പദ്ധതികള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ചെറുപ്പക്കാര്‍ക്കെല്ലാം സമയ ബാങ്ക് പദ്ധതിയില്‍ ചേരാം. ഏതു തൊഴില്‍ ചെയ്യുന്നവര്‍ക്കും എന്തു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അംഗമാകാം. അവര്‍ ആരോഗ്യം ഉള്ളവരായിരിക്കണം, മികച്ച ആശയവിനിമയശേഷിയും അനുതാപവും ദയയും ഉള്ളവരായിരിക്കണം എന്നു മാത്രം. ചെയ്യേണ്ടത് ഇത്രമാത്രം. ഒറ്റയ്ക്ക് താമസിക്കുന്ന സഹായം ആവശ്യമുള്ള വയോജനങ്ങളെ സഹായിക്കുക. ആശുപത്രിയില്‍ കൂട്ടിരിക്കുക, പരിചരിക്കുക, വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്ത വയോജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് നല്‍കുക, ഒറ്റയ്ക്ക് കഴിയുന്നവരുടെ വീട്ടിലെത്തി അവര്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നിവയൊക്കെയാണ് ജോലികള്‍. ഈ ജോലിക്ക് പ്രതിഫലം പണമായി ലഭിക്കില്ല. എന്നാല്‍ ഒരു വര്‍ഷമെങ്കിലും സേവം ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ ആ ഒരു വര്‍ഷം കൊണ്ട് എത്ര മണിക്കൂര്‍ നേരം വയോജനങ്ങള്‍ക്ക് സേവനം ചെയ്‌തോ അത്രയും മണിക്കൂര്‍ സമയം നിങ്ങളുടെ പേരില്‍ സമയ ബാങ്കില്‍ നിക്ഷേപമായി വരും.
നിങ്ങള്‍ ഒരു വര്‍ഷം കൊണ്ട് എത്ര മണിക്കൂര്‍ വയോജന സേവനം ചെയ്തു എന്നിട്ട് രേഖപ്പെടുത്തിയിട്ടുള്ള സമയ ബാങ്ക് കാര്‍ഡ് നിങ്ങള്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ സേവനം ചെയ്യുന്ന വ്യക്തികള്‍ക്ക് ഭാവിയില്‍ അവര്‍ ഒറ്റയ്ക്ക് താമസിക്കേണ്ട സാഹചര്യം വന്നാല്‍ സമയ ബാങ്കില്‍നിന്ന് ഈ സമയം പിന്‍വലിച്ച് ഉപയോഗിക്കാന്‍ സാധിക്കും. എങ്ങനെയെന്നാണോ? വാര്‍ധക്യ കാലത്ത് ഒറ്റയ്ക്ക് കഴിയേണ്ട സാഹചര്യത്തില്‍ ആരുടെയെങ്കിലും സഹായം വേണ്ടിവരുന്ന പക്ഷം സമയ ബാങ്കിലേക്ക് വിവരമറിയിച്ചാല്‍ മതിയാകും. നിങ്ങള്‍ക്ക് എത്ര മണിക്കൂര്‍ സമയം ബാങ്കില്‍ നിക്ഷേപം ഉണ്ടോ അത്രയും സമയം നിങ്ങളെ പരിചരിക്കാനായി ചെറുപ്പക്കാരായ സന്നദ്ധപ്രവര്‍ത്തകര്‍ ഉടനടി എത്തിച്ചേരും. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ആശങ്കയില്ലാതെ ജീവിക്കാന്‍ ഈ സാഹചര്യം നിങ്ങളെ സഹായിക്കും. ചെറുപ്പകാലം തൊട്ടേ വര്‍ഷങ്ങളോളം വയോജനങ്ങളെ ഇത്തരത്തില്‍ പരിചരിക്കാന്‍ താല്‍പര്യം കാട്ടുന്ന വ്യക്തികള്‍ക്ക് സമയ ബാങ്കില്‍ കനത്ത നിക്ഷേപം തന്നെ ഉണ്ടാകും. ഇത്തരത്തില്‍ ധനികരായ വ്യക്തികള്‍ക്കു വാര്‍ധക്യകാലത്ത് മക്കളുടെയോ മറ്റ് ബന്ധുക്കളുടെയോ സഹായമില്ലാതെ തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നമ്മുടെ നാട്ടില്‍ സമയ ബാങ്ക് പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട് എന്ന നിര്‍ദേശം വച്ചിരുന്നു.
നിര്‍മല തോമസ്- എഴുത്തുകാരി, കാനഡ
ഒരു തൊഴിലിനുവേണ്ടി ഒരുങ്ങിയിരുന്നതുപോലെ തന്നെയാണ് തൊഴില്‍ കാലഘട്ടം കഴിഞ്ഞുള്ള കാലവും. ഇഷ്ടമുള്ള എന്തെങ്കിലും പഠിക്കാം, ഇഷ്ടമുള്ള മറ്റൊരു ജോലി കണ്ടെത്താം അങ്ങനെ. കേരളത്തില്‍ റിട്ടയര്‍മെന്റ് ലൈഫ് എങ്ങനെ ചെലവഴിക്കണം എന്ന് ആലോചിക്കാറില്ല. അത് മക്കള്‍ നമ്മളെ നോക്കേണ്ട കാലഘട്ടം ആണെന്ന ചിന്തയുടെ കാലം കഴിഞ്ഞു. പലപ്പോഴും റിട്ടയര്‍ കഴിഞ്ഞാലും നമുക്ക് നല്ല ആരോഗ്യമുണ്ടാകും. 55 ഓ 60 ആയാല്‍ വൃദ്ധരാവുന്നില്ല. ആയുര്‍ദൈര്‍ഘ്യം ഏറെയുണ്ടാവുകയും ചെയ്യും. ഇവിടെ അത്തരത്തിലുള്ള മനുഷ്യരുടെ വിഭവശേഷി ഉപയോഗപ്പെടുത്താന്‍ ധാരാളം സംവിധാനങ്ങളുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പറ്റാതാവുന്നതുവരെ മക്കള്‍ക്കൊപ്പം താമസിച്ചിട്ട് പിന്നീട് സഹായം തേടുക എന്നതല്ല, പകരം ഇന്‍ഡിപെന്‍ഡന്റ് റിട്ടയര്‍മെന്റ് ലിവിങ് എന്ന സങ്കല്‍പമാണ് കാനഡയിലൊക്കെ. ഒറ്റയ്‌ക്കോ സ്വന്തം വീട്ടിലോ താമസിക്കാതെ പ്രായമായവര്‍ ഒന്നിച്ച് ജീവിക്കുന്ന ശാന്തമായ അന്തരീക്ഷമുള്ള ഒരിടത്ത് നമുക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക. ചെറിയ വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ ഇങ്ങനെ നമുക്ക് ആവശ്യമുള്ള സൗകര്യമുണ്ടാവും അവിടെ. എത്രബെഡ്‌റൂം വേണം എന്തൊക്കെ സൗകര്യം വേണം എന്നതൊക്കെ നമുക്ക് തീരുമാനിക്കാം. ചെറിയ വിനോദയാത്രകള്‍, പാര്‍ട്ടി ഹാളുകള്‍ തുടങ്ങിയവയൊക്കെ ഉണ്ടാവും. മറ്റൊന്ന് അസിസ്റ്റഡ് ലിവിങ് ആണ്. നമുക്ക് നല്ല പ്രായമായി , ആരുടെ എങ്കിലും സഹായം ആവശ്യമാണെങ്കില്‍ ഇത്തരം സംവിധാനങ്ങള്‍ തിരഞ്ഞെടുക്കാം. 24 മണിക്കൂര്‍ വൈദ്യസഹായം ഉണ്ടാവും. ഗവണ്‍മെന്റാണ് ഇതിന്റെയൊക്കെ മേല്‍നോട്ടം. പല ഗ്രേഡിലുള്ളവയും ഉണ്ട്. ലക്ഷ്വറി, ചെലവു കുറഞ്ഞത്, ഗവണ്‍മെന്റ് നേരിട്ട് സംരക്ഷിക്കുന്നത് എന്നിങ്ങനെ. മറവിരോഗമുള്ളവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന വേറെ സംവിധാനമുണ്ട്. ഇതൊരു നല്ല സങ്കല്‍പം എന്നല്ല ഇതൊരു ആവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം. മക്കള്‍ക്ക് അവരുടെ ജീവിതം വിട്ടുകൊടുക്കുക, അതുപോലെ നമ്മുടെ ജീവിതം നമ്മളും ജീവിക്കുക.
മനസ്സിന് നല്‍കണം കരുത്ത്
നല്ല ആരോഗ്യത്തോടെ അമ്പതുകളും അറുപതുകളും താണ്ടുന്നവരും പിന്നീട് വീണ് പോകുന്നത് മാനസികമായ ഒറ്റപ്പെടലുകളുടെ ഒടുവിലാണ്. അത് ഉറ്റവരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ എവിടെ നിന്നുമാകാം. അതുകൊണ്ട് തന്നെ വയോജനങ്ങളുടെ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്. അതിന് സ്വയം തന്നെ ചില ശീലങ്ങള്‍ ആരംഭിക്കണം.
1. എട്ട് മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമായും ശീലിക്കുക.
2. പകല്‍ സമയത്ത് 45 മിനിട്ട് ഇളവെയില്‍ കൊണ്ട് വ്യായാമം ഉറപ്പാക്കണം
3. വീട്ടില്‍ വെറുതേ ഇരിക്കുക എന്ന ശീലം ഒഴിവാക്കുക, റിട്ടയര്‍മെന്റായാലും ഹോബികളോ ഇഷ്ടമുള്ള മറ്റ് ജോലികളോ കണ്ടെത്തി ചെയ്യുക. വീട്ടിലിരുന്ന് ചെയ്യാവുന്നതും തലച്ചോറിനെ ആക്ടീവാക്കുന്നതുമായ ജോലികളും ചെയ്യാം. പുതിയ ജോലികളോ ഭാഷയോ പഠിക്കുന്നതും നല്ലതാണ്.
4. വ്യക്തി ബന്ധങ്ങള്‍ നഷ്ടമാകാതെ സൂക്ഷിക്കുക. കുടുംബത്തില്‍ മാത്രമല്ല സമൂഹത്തിലുള്ളവരും ജോലി സ്ഥലത്തുണ്ടായിരുന്നവരുമായ എല്ലാ ബന്ധങ്ങളും തുടര്‍ന്നു പോകാം
5. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നത് മാനസ്സികാരോഗ്യത്തിന് വളരെ നല്ലതാണ്. മറ്റൊരു ഭാഷ പഠിക്കുക, സാങ്കേതിക വിദ്യ, നൃത്തം സംഗീതം എന്നിവ പരിശീലിക്കുക, പുതിയ പുസ്തകങ്ങള്‍ വായിക്കുക എന്നിവയെല്ലാം നല്ലതാണ്.
6. റിലാക്‌സേഷന്‍ എക്‌സസൈസുകള്‍ ദിവസവും ചെയ്യുന്നത് നല്ലതാണ്.
7. വയോജനങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന ഇടങ്ങളില്‍ അവരുടെ മാനസികോല്ലാസത്തിന് ഉള്ള സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. നടക്കാനും ചെറിയ കളികളില്‍ ഏര്‍പ്പെടാനും ഉള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണം. അവരുടെ കൂട്ടായ്മകളും ചര്‍ച്ചകളും നടത്താന്‍ ഒത്തു ചേരാനുള്ള ഇടവും വേണം.
8. മാനസിക സമ്മര്‍ദ്ദമോ വിഷാദമോ അമിതമാകുന്നുവെന്ന് തോന്നിയാല്‍ വിദഗ്‌ധോപദേശം തേടാന്‍ ഒരു മടിയും വിചാരിക്കേണ്ട.
ആരോഗ്യത്തിന് വേണം കരുതല്‍
ചലനാത്മകമായ ജീവിതം നിലനിര്‍ത്തുവാന്‍ സാധിക്കുന്നതിനാണ് വാര്‍ധക്യ കാലത്ത് പ്രധാന പരിഗണന നല്‍കേണ്ടത്. ഇതിന് വൈദ്യശാസ്ത്രപരമായ അവലോകനം (മെഡിക്കല്‍), ചലനാത്മകം (ഫങ്ഷണല്‍), മാനസികം (സൈക്കോളജിക്കല്‍), സാമൂഹിക ഘടകങ്ങള്‍ (സോഷ്യല്‍ ഡൊമൈന്‍സ്) എന്നീ ഘടകങ്ങളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുവാന്‍ സഹായകരമായ പരിശോധനകളും ശീലങ്ങളുമാണ് പ്രധാനമായും നടപ്പിലാക്കേണ്ടത്. കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ വാര്‍ധക്യകാലത്തെ ആരോഗ്യപൂര്‍ണ്ണമാക്കി സംരക്ഷിക്കാന്‍ സാധിക്കും.
1. മാംസപേശികളുടെ ശേഷണവും എല്ലുകളുടെ ദൃഢത കുറവും വയോജനങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഒന്ന് വീണുപോയാല്‍ പിന്നെ തിരിച്ച് വരല്‍ എളുപ്പമാകില്ല. അതിനാല്‍ എല്ലിന് ഉറപ്പു നല്‍കുന്ന കാല്‍ത്സ്യം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ദിവസേന കഴിക്കുക. പ്രായത്തിനനുസൃതമായ വ്യായാമം ശീലമാക്കുക, തൈറോയ്ഡ്, പ്രമേഹം മുതലായ രോഗമുള്ളവര്‍ രോഗനിയന്ത്രണം കര്‍ശനമായി പാലിക്കുക. പുകവലി, മദ്യപാനം തുടങ്ങിയ ലഹരിഉപയോഗങ്ങള്‍ ഉപേക്ഷിക്കുക
2) ശ്വസന സംബന്ധമായ തകരാറുകള്‍ പ്രായമാകുമ്പോള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനായി ശ്വാസകോശത്തെ ബലപ്പെടുത്തുന്ന യോഗ, പ്രാണായാമം, ശ്വസനവ്യായാമങ്ങള്‍ എന്നിവ ശീലമാക്കുക. കോവിഡ് കാലമായതിനാല്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കുക. അലര്‍ജിയും മറ്റുമുള്ളവര്‍ അതിനിടയാക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക.ജീവിക്കുന്ന ചുറ്റുപാടുകള്‍, പ്രത്യേകിച്ച് ഉറങ്ങുന്ന മുറിയും മറ്റും പൊടി ശല്യമില്ലാതെ സൂക്ഷിക്കുക.
3) രക്തക്കുഴലുകളുടെ ഘടകാപരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അതിനും പ്രത്യേകപരിശോധനകളും ശ്രദ്ധയും വേണം.
കൃത്യമായി പരിശോധനകള്‍ നടത്തി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നില്ലെന്നു അവയുടെ ഇലാസ്തികത കുറയുന്നില്ലെന്നും ഉറപ്പ് വരുത്തണം. ഹൃദയത്തിന്റെ പ്രവര്‍ത്തനം കൃത്യമാണെന്ന്് ഉറപ്പാക്കാന്‍ ഇടവേളകളില്‍ പരിശേധനകള്‍ നടത്താം. പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിച്ച് ചിട്ടയായ ആരോഗ്യശീലം കാത്തുസൂകഷിക്കാം
4)വൃക്കയുടേയും കരളിന്റെയും പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. പ്രായമാകുമ്പോള്‍ വൃക്കകളുടെ ജോലി ചെയ്യാനുള്ള ശേഷി കുറയുന്നത് സ്വാഭാവികമാണ്. പാരമ്പര്യമായി വൃക്ക-കരള്‍ രോഗങ്ങളുള്ളവര്‍ പരിശോധനകള്‍ മുടക്കരുത്.
5) തലച്ചോറിനെ പ്രത്യേകം പരിഗണിക്കണം. സ്വാഭാവികമാണ്. ഓര്‍മ്മക്കുറവുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറുടെ ഉപദേശം പെട്ടെന്ന് തേടണം.വിറയലും മറ്റും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ചികിത്സ നേടണം. സ്‌ട്രോക്ക് പ്രായമായവരില്‍ കൂടുതലാണ്. അതിലേക്ക് നയിക്കാനിടയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കണം. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
6) രോഗങ്ങള്‍ ഏത് രീതിയിലും ഏത് ഭാഗത്തെയും എപ്പോള്‍ വേണമെങ്കിലും കീഴടക്കാന്‍ സാധ്യതയുള്ള കാലമാണ് വാര്‍ദ്ധക്യം. അതുകൊണ്ട് തന്നെ കൃത്യമായ മെഡിക്കല്‍ ചെക്കപ്പ് ജീവിതത്തിന്റെ ഭാഗമാക്കണം. 40 വയസ്സ് മുതല്‍ തന്നെ മെഡിക്കല്‍ ചെക്കപ്പ് ആരോഗ്യപൂര്‍ണ്ണമായ ജീവിത്തിന്റെ ഭാഗമാക്കണം.
7. മുതിര്‍ന്നവര്‍ക്ക് ആവശ്യമായി വരുന്ന ചില പ്രതിരോധ കുത്തിവെപ്പുകളുണ്ട്. ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരായ കുത്തിവെപ്പ്, ന്യൂമോണിയക്കെതിരായ കുത്തിവെപ്പ്, ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍, ഹെര്‍പിസ് സോസ്റ്റര്‍ വാക്‌സിന്‍,
കോവിഡ് വാക്‌സിന്‍ മുതലായവയാണ് പ്രായമാവര്‍ പ്രധാനാമായും സ്വീകരിക്കേണ്ടതായ പ്രതിരോധ കുത്തിവെപ്പുകള്‍. ഇവ ഡോക്ടറുടെ നിര്‍ദ്ദേശനാനുസരണമാണ് സ്വീകരിക്കേണ്ടത്.
8. വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട രക്തപരിശോധനകളില്‍ ഇവ പ്രധാനപ്പെട്ടവയാണ്.
-രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്
-കൊളസ്‌ട്രോള്‍
-കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്
-ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്
-തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ്
-കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍.
ഇതിന് പുറമെ മൂത്രാശയത്തിലെ കല്ലുകള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം, കരളിലെ കൊഴുപ്പിന്റെ അളവ് മുതലായവ അറിയാന്‍ വയറിന്റെ യു എസ് ജി സ്‌കാന്‍ ചെയ്യുന്നതും നല്ലതാണ്. 60 വയസ്സിന് ശേഷം കേള്‍വി പരിശോധന, കണ്ണുകളുടെ പരിശോധന, എല്ലിന്റെ സാന്ദ്രത അറിയാനുള്ള ഡെക്‌സാ പരിശോധന എന്നിവയും ചെയ്യണം.
കടപ്പാട്- ഡോ.അരുണ്‍ ബി.നായര്‍, സൈക്ക്യാട്രിസ്റ്റ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
ഡോ. ജഷീറ മുഹമ്മദ്, കണ്‍സല്‍ട്ടന്റ്, ഇന്റേര്‍ണല്‍ മെഡിസിന്‍ ആസ്റ്റര്‍ മിംസ്, കോഴിക്കോട്
അനില്‍കുമാര്‍ കെ.പി, സര്‍ട്ടിഫൈഡ് പേഴ്‌സണല്‍ ട്രെയ്‌നര്‍ ആന്‍ഡ് ഹ്യൂമന്‍ മൂവ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: geriatric care, social support for old age people, mental health of old age people