വൈറസുകൾക്ക് ഭരണപക്ഷ പ്രതിപക്ഷ വേർതിരിവുകളില്ല, ഫലപ്രദമായി നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം

കേരളത്തിൽ ഏത് ആരോഗ്യപ്രശ്നങ്ങളും ഭീഷണികളും വരുമ്പോഴും അതിനേക്കാൾ വേഗത്തിൽ തർക്കങ്ങളും ആരോപണങ്ങളും പടർന്നുപിടിക്കും. രോഗത്തെ ഒന്നിച്ചു നിന്ന് ചെറുക്കേണ്ട സാഹചര്യമാണിപ്പോൾ. നിപ ഇടയ്ക്കിടെ വരുമ്പോൾ, അതിനെ തടയാനുള്ള ജാഗ്രതയും വ്യാപനം നിയന്ത്രിക്കാനുള്ള സൂക്ഷ്മതയും ജനങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. അങ്ങനെ ചേർന്നുനിന്നാണ് കേരളം ആരോഗ്യ മേഖലയിലെ നേട്ടങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം കൈവരിച്ചത്.
കേരളത്തിൽ ‘നിപ’ വൈറസിനെ പോലെ പൊതുസമൂഹത്തെ മുൾമുനയിൽ നിർത്തിയ മറ്റൊരു പകർച്ചവ്യാധി സമീപകാലത്തുണ്ടായിട്ടില്ല, (കോവിഡോഴികെ). 2018-ൽ കോഴിക്കോട് നിപ രോഗം സ്ഥിരീകരിച്ചതു മുതൽ ഓരോ തവണ രോഗം പ്രത്യക്ഷപ്പെടുമ്പോഴും കടുത്ത ആശങ്കകളും ഭയവുമാണ് സമൂഹം നേരിടുന്നത്. അതോടൊപ്പം വലിയ രീതിയിലുള്ള രാഷ്ട്രീയ ചേരിതിരിവുകളും സംവാദങ്ങളും കൂടി പടർന്നുപിടിക്കുന്നു. വൈറസുകൾക്ക് രാഷ്ട്രീയ പ്രത്യയശാസ്ത്ര ഭേദമോ ഭരണപക്ഷ പ്രതിപക്ഷ വേർതിരിവുകളോ ഒന്നുമില്ല. നിപ ഉയർത്തുന്ന വെല്ലുവിളികൾ രാഷ്ട്രീയ ലാഭത്തിനോ പരസ്പരം പഴിചാരാനോ ഉള്ള അവസരമാക്കുന്നത് പൊതുജനാരോഗ്യം അപകടത്തിലാക്കുന്നതിനു തുല്യമാണ് എന്നോർക്കണം.
‘തർക്കത്തിൽ നിന്നു’ വന്ന രോഗം
യഥാർഥത്തിൽ നിപ അടിസ്ഥാനപരമായി ഒരു തരം ‘തർക്കത്തിൽ നിന്നു’ രൂപപ്പെടുന്ന രോഗമാണെന്നു പറയാം. മനുഷ്യരും മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള സങ്കീർണമായ തർക്കങ്ങൾ മൂലമുണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്നമാണിത്. ഇതിനെ ഫലപ്രദമായി നേരിടാൻ ഡോക്ടർമാരും ഗവേഷകരും ഭരണാധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ മലയാളികളും (അല്ലാത്തവരും) ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ പ്രവർത്തിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേരളത്തിലെ നിപ രോഗബാധ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന ചില വസ്തുതകളുണ്ട്.
വർഷാവർഷം വരുന്ന നിപ
നിപ വൈറസ് ബാധ എന്നത് അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു ജന്തുജന്യ രോഗമായാണ് മുൻകാലങ്ങളിൽ കരുതിവന്നത്. വൈദ്യശാസ്ത്ര പുസ്തകങ്ങളിലും ഒന്നു രണ്ട് രാജ്യങ്ങളിലും മാത്രം ഒതുങ്ങിനിന്ന ഒരു രോഗം. എന്നാൽ 2018ൽ, അല്പം വൈകിയാണെങ്കിലും കൃത്യമായ ഇടപെടലിലൂടെ ഈ അപൂർവ രോഗം സ്ഥിരീകരിക്കാനും വളരെ പ്രശംസനീയമായ രീതിയിൽ അതിനെ നേരിടാനും നമുക്കു സാധിച്ചു എന്നത് ചെറിയ കാര്യമല്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു സംഘം ഡോക്ടർമാരും നേഴ്സുമാരും മറ്റു ജീവനക്കാരും ജീവൻ പണയംവെച്ചു നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് അതു സാധിച്ചത്. ഇന്നിപ്പോൾ നിപ എന്നത് കേരളത്തിൽ വർഷാവർഷം വരുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. ഇന്ന് ആരോഗ്യ സംവിധാനങ്ങൾക്കു മുമ്പിലുള്ള ചോദ്യം ‘നിപ വീണ്ടും വരുമോ’ എന്നതല്ല, മറിച്ച് അടുത്ത നിപ ‘സ്പിൽ ഓവർ’ എപ്പോൾ, എവിടെ സംഭവിക്കും എന്നതാണ്.
ജനിതക മാറ്റമല്ല, പ്രവർത്തന മികവ്
സമീപകാലങ്ങളിൽ കേരളത്തിലുണ്ടാകുന്ന നിപ രോഗബാധയിൽ - വൈറസ് ബാധിച്ച രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് കുറഞ്ഞു വരുന്നതായി കാണുന്നു. ഇത് വൈറസിനു സംഭവിച്ച ജനിതക മാറ്റം കൊണ്ടല്ല. നമ്മുടെ പൊതുജനാരോഗ്യ പ്രതിരോധ സംവിധാനങ്ങൾ ആർജിച്ച മികവാണ് അതിനു പ്രധാന കാരണം. മികച്ച, കുറ്റമറ്റ സമ്പർക്ക പട്ടിക വേഗത്തിലും കാര്യക്ഷമമായും തയ്യാറാക്കി അവരെ എത്രയും പെട്ടെന്ന് ക്വാറൻറീൻ ചെയ്യുന്നതിലൂടെയാണ് നിയന്ത്രണം സാധ്യമാക്കുന്നത്. 2018ലെ ആദ്യ ഔട്ട് ബ്രേക്കിൽ രോഗനിർണയം വൈകിയത് രോഗികൾ പല ആശുപത്രികളിൽ പോയി മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ ഇടയാക്കി. ഇതാണ് രോഗവ്യാപനത്തിന് കാരണമായത്. അതുപോലെയല്ല ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. ഇന്ന് ഒരാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് തൊട്ടു മുൻപുതന്നെ - അതായത് വൈറസ് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുള്ള, ഉയർന്ന റിസ്ക് കാലയളവിനു മുമ്പേ തന്നെ രോഗികളെ തിരിച്ചറിഞ്ഞ് ഐസൊലേഷനിലേക്ക് മാറ്റുന്നു. കൂടാതെ, പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ എല്ലാവരും PPE കിറ്റുകൾ ധരിക്കുകയും രോഗ വ്യാപനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
വ്യാപനശേഷി കുറവ്
മറ്റൊരു കാരണം, നിപ വൈറസിന്റെ വ്യാപനശേഷി എല്ലാ രോഗികളിലും ഒരുപോലെയല്ല എന്നതാണ്. ഇതിനെ Transmission Heterogeneity എന്നു പറയുന്നു. രോഗബാധയുണ്ടാകുന്ന ഭൂരിഭാഗം ആളുകളിൽനിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യത കുറവാണ്. എന്നാൽ ശ്വാസകോശത്തെ രോഗം ഗുരുതരമായി ബാധി ച്ചവരിൽ നിന്ന് ചുമയും തുമ്മലും വഴി ശരീരദ്രവങ്ങൾ ധാരാളം പുറത്തു വരുന്നത് രോഗം പകരാനുള്ള സാധ്യത വളരെ വർധിപ്പിക്കുന്നു. ഇങ്ങനെയാണ് രോഗം സാധാരണയായി വലിയ തോതിൽ പടരാറുള്ളത്. ഇവരെ ‘സൂപ്പർ സ്പ്രെഡർമാർ’ എന്നറിയപ്പെടുന്നു.
മറ്റു പല വൈറസുകളെയും അപേക്ഷിച്ച് നിപ വൈറസിന്റെ വ്യാപനശേഷി വളരെ കുറവാണ്. മനുഷ്യരിൽ ഇതൊരു വലിയ മഹാമാരിയായി മാറണമെങ്കിൽ ധാരാളം അനുകൂല സാഹചര്യങ്ങൾ ഒരുമിച്ചു വരണം. അതായത് ഒരു സുനാമി ഉണ്ടാകുന്നതു പോലെ. എന്നാൽ അത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ഇല്ലാതാക്കിയാൽ ആ രോഗ വ്യാപന കണ്ണി- ആ തീപ്പൊരി അവിടെ അണഞ്ഞുപോകും. ഇത് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വലിയ നേട്ടമാണ്. അതാണ് നാമിന്നു ചെയ്യുന്നത്.
മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ
കേരളത്തിൽ പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ പ്രധാന ഉറവിടം എന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വനനശീകരണം, അതിവേഗത്തിലുള്ള നഗരവൽക്കരണം, പഴംതീനി വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലുണ്ടാകുന്ന തുടർച്ചയായ മാറ്റങ്ങൾ, ഭക്ഷണ ലഭ്യതയിലെ കുറവ് ഇവയെല്ലാം വവ്വാലുകളെ കടുത്ത സമ്മർദത്തിലാക്കുന്നു. ഇത്തരം സമ്മർദ ഘട്ടങ്ങളിൽ വവ്വാലുകൾ കൂടുതൽ അളവിൽ വൈറസുകളെ പുറംതള്ളുന്നു. ഇത് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. സാധാരണ ഗതിയിൽ വവ്വാലുകളിലോ രോഗാണു വാഹകരാകാൻ സാധ്യതയുള്ള പന്നികൾ പോലുള്ള ജന്തുക്കളിലോ രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. പക്ഷേ അവയുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കത്തിൽ ഏർപ്പെട്ടാൽ രോഗബാധയ്ക്ക് സാധ്യതയേറും. വവ്വാൽ വിസർജ്യം കലർന്ന പനംകള്ളിൽ ഏഴു ദിവസം വരെ രോഗാണുക്കൾ നിലനിൽക്കും. പഴങ്ങളിലും മറ്റും സാധാരണ രണ്ടു മൂന്ന് ദിവസവും വവ്വാലുകളുടെ മൂത്രത്തിൽ 18 മണിക്കൂറും രോഗാണുക്കൾ നിലനിൽക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
വീണ്ടും വരാം, എവിടെയും വരാം
തുടക്കത്തിൽ കോഴിക്കോട് മാത്രമാണ് രോഗം കണ്ടുതുടങ്ങിയതെങ്കിലും പിന്നീട് മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഒരു ചെറിയ സ്ഥലത്തു മാത്രം ഒതുങ്ങി നിൽക്കുന്ന രോഗമല്ല നിപ. നിപ വൈറസ് വാഹകർ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം രോഗസാധ്യത തള്ളിക്കളയാനാകില്ല. വടക്കൻ കേരളത്തിലെ എല്ലാ ജില്ലകളിലും രോഗ സാധ്യതയുള്ളതായാണ് ഇപ്പോൾ മനസ്സിലാക്കിയിട്ടുള്ളത്. കേരളത്തെ ഉടനീളം നിപരോഗ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ട ആവശ്യകത താമസിയാതെ വന്നേക്കാം.
ആരോഗ്യ വകുപ്പിന്റെ മാത്രം ചുമതലയല്ല
നിപ രോഗ പ്രതിരോധമെന്നത് വെറും ആരോഗ്യ വകുപ്പിന്റെ മാത്രം ചുമതലയല്ല. മനുഷ്യർ, പക്ഷിമൃഗാദികൾ, പരിസ്ഥിതി എന്നിവയുടെ സങ്കീർണമായ സമ്പർക്കത്തിലൂടെയാണ് രോഗ വ്യാപനം നടക്കുന്നത്. അതിനാൽ മനുഷ്യരിലെ പനിനിരീക്ഷണം, വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്തൽ, വനനശീകരണം, ഭൂവിനിയോഗ മാറ്റങ്ങളുടെ വിശകലനം തുടങ്ങിയ പല ഘടകങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവ ഒരുമിച്ചു സഹകരിച്ചു പ്രവർത്തിച്ചാൽ മാത്രമെ ജന്തുജന്യ രോഗങ്ങളെ തടയാനോ നിയന്ത്രണ വിധേയമാക്കാനോ സാധിക്കൂ. ഇല്ലെങ്കിൽ എല്ലാ വർഷവും നിപരോഗം അതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരിക്കും. ഈ അറിവാണ് ‘One Health’ എന്ന സമീപനം രൂപംകൊള്ളാൻ കാരണമായത്.
പ്രതിരോധിക്കാൻ ഒന്നിച്ചു നിൽക്കണം
തുടക്കത്തിൽ ഫലപ്രദമായ മരുന്നുകളോ പ്രതിരോധ കുത്തിവെപ്പുകളോ നിപയ്ക്കു ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ മോണോക്ലോണൽ ആന്റിബോഡികൾ പോലുള്ള നിർണായക ചികിത്സാരീതികൾ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി ഉപയോഗിച്ചുവരുന്നു. നിരവധി പ്രതിരോധ കുത്തിവെപ്പുകൾ ആഗോളതലത്തിൽ പരീക്ഷണത്തിന്റെ പല ഘട്ടങ്ങൾ പിന്നിട്ടിരിക്കുന്നു. നിപയുടെ മരണനിരക്ക് അധികമായതിനാലും ഒരു ആഗോള മഹാമാരിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകാത്തതിനാലും ലോകാരോഗ്യ സംഘടന ഏറ്റവും മുൻഗണന നൽകേണ്ട രോഗങ്ങളുടെ പട്ടികയിലാണ് നിപയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
തർക്കങ്ങളും ആരോപണങ്ങളും മാറ്റിവെച്ച് നാമോരോരുത്തരും വളരെ ഗൗരവത്തോടെ ഈ രോഗ ഭീഷണിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കേണ്ടതുണ്ട്. നിപ ഇടയ്ക്കിടെ വരുമ്പോൾ, അതിനെ തടയാനുള്ള ജാഗ്രതയും വ്യാപനം നിയന്ത്രിക്കാനുള്ള സൂക്ഷ്മതയും ജനങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. അങ്ങനെ ചേർന്നുനിന്നാണ് കേരളം ആരോഗ്യരംഗത്ത് ഇപ്പോഴത്തെ നേട്ടങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം കൈവരിച്ചത് എന്ന കാര്യം നാമോർക്കേണ്ടതാണ്.
Content Highlights: Nipah is a zoonotic disease resulting from human-animal-environment interactions., The 2026 outlook focuses on 'spillover' prevention rather than just containment., Kerala's success is attributed to robust contact tracing and early isolation protocols.