അടിക്കടിയുണ്ടാകുന്ന വായ്പ്പുണ്ണിന്റെ കാരണങ്ങൾ എന്തെല്ലാം? എങ്ങനെ തടയാം?

#ഡോ. മണികണ്ഠൻ ജി.ആർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

വായിലെ ശ്ലേഷ്മസ്തരത്തിൽ അടിക്കടിയുണ്ടാകുന്ന നീർവീക്കം കാരണമുണ്ടാവുന്ന ഒരു അവസ്ഥയാണ് വായ്‌പ്പുണ്ണ്. അസഹ്യമായ നീറ്റലും വേദനയും ഈ അവസ്ഥയുടെ പ്രത്യേകതയാണ്. ഇവയെ മൂന്നായി തിരിക്കാറുണ്ട്.

1. ലഘുവായത്: ഇവ വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലും കാണപ്പെടാറുണ്ട്. ചാരനിറത്തിലുള്ള പാട ഇവയെ മൂടുന്നതായി കാണാം. ചുണ്ടിന്റെ ഉൾഭാഗത്തും കവിളിന്റെ ഉൾഭാഗത്തും നാവിന്റെ അരികിലോ അടിഭാഗത്തോ ഒക്കെ കാണപ്പെടുന്ന ഇവ രണ്ടാഴ്ചകൊണ്ട് അപ്രത്യക്ഷമാവുന്നു. ഇവയ്ക്ക് 10മില്ലിമീറ്ററിൽ താഴെയേ വലുപ്പം ഉണ്ടാവൂ.

2. സങ്കീർണമായ തരം: 10 മില്ലിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള ഇവ കുറച്ചുകൂടി ആഴത്തിൽ കാണപ്പെടുന്നു. ചുണ്ടിലും അണ്ണാക്കിലും മേലണ്ണാക്കിലും ഒക്കെയായുള്ള ഈ ഗണത്തിൽപ്പെട്ടവ ആറാഴ്ചയിലേറെ സമയമെടുത്തേ അപ്രത്യക്ഷമാവാറുള്ളൂ.

3. Herpetiform (കൂട്ടമായി കാണുന്നതരം):2-3 മില്ലിമീറ്റർ വലുപ്പത്തിൽ പത്തുമുതൽ നൂറുവരെ കൂട്ടമായി കാണപ്പെടുന്ന വായ്‌പ്പുണ്ണുകളാണ് ഈ ഗണത്തിൽപ്പെടുന്നത്. ഇവ ചുണ്ടിലും നാക്കിലും മോണയിലും കൂടുതലായി കാണാറുണ്ട്. സ്ത്രീകളിലാണ് ഇവ പുരുഷന്മാരെക്കാൾ കൂടുതൽ ഉണ്ടാകാറ്. ഇവ ഒരുമാസംവരെ നീണ്ടുനിൽക്കാറുണ്ട്.

കാരണങ്ങൾ

  • പോഷകക്കുറവ് 
  • അണുബാധ 
  • വിളർച്ച
  • ശരീരം തന്നെ സ്വന്തം പ്രതിരോധശേഷി കുറയ്ക്കുന്നതരം Auto Immuna അസുഖങ്ങൾ
  • മാനസിക സമ്മർദം 
  • വിഷാദരോഗം 
  • രക്താർബുദം അഥവാ ലൂക്കീമിയ 
  • റേഡിയേഷൻ ചികിത്സ എടുക്കുന്നവരിൽ 
  • ഉദര രോഗ പ്രശ്നങ്ങൾ 
  • ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന നീർവീക്കം 
  • ജനിതക ഘടകങ്ങൾ 
  • സ്ഥിരമായി സംഭവിക്കുന്ന വായിലെ മുറിവുകൾ

എങ്ങനെ തടയാം?

  • ദന്തശുചിത്വം നന്നായി പാലിക്കുക 
  • പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ ഫ്ളോസ് അഥവാ പല്ലിട ശുചീകരണ ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യുക 
  • മൃദുവായ നാരുകൾ അടങ്ങിയ ബ്രഷ് ഉപയോഗിക്കുക 
  • സമീകൃതമായ പോഷകസമ്പുഷ്ടമായ ആഹാരം ശീലമാക്കുക 
  • നീർവീക്കം ഉണ്ടാക്കുന്ന മറ്റ് ഉദരപ്രശ്നങ്ങൾ, പ്രമേഹം പോലുള്ള രോഗങ്ങൾ തുടങ്ങിയവ യഥാസമയം ചികിത്സിച്ച് നിയന്ത്രിച്ച് നിർത്തുക

(കൺസൾട്ടന്റ് പീരിയോഡോണ്ടിസ്റ്റാണ് ലേഖകൻ)

Content Highlights: mouth ulcers causes and treatment