ശ്വാസകോശാർബുദം ചുമയിൽ തുടങ്ങുന്നു; രോഗലക്ഷണങ്ങൾ കണ്ടെത്തി നേരത്തെ ചികിത്സിക്കാം

#ഡോ. അരുൺ ആർ. വാര്യർ
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

പുകവലി, വര്‍ധിച്ചു വരുന്ന വായു മലിനീകരണം തുടങ്ങിയവ മൂലം ലോകത്ത് ശ്വാസകോശാര്‍ബുദ രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം ആകെയുള്ള അര്‍ബുദ രോഗികളുടെ 6.9 ശതമാനം ശ്വാസകോശാര്‍ബുദം ബാധിച്ചവരാണ് എന്നാണ് പറയപ്പെടുന്നത്. ശ്വാസകോശ അർബുദത്തെ മറ്റ് അർബുദങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇവ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും എന്നത് തന്നെയാണ്. അതിനാൽ തന്നെ ഈ രോഗത്തെപ്പറ്റിയും, അർബുദ സാധ്യതകൾ കുറയ്ക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളെ പറ്റിയുമുള്ള വ്യക്തമായ അവബോധം കാലഘട്ടത്തിന്റെ ആവശ്യമാണ്.

ശ്വാസകോശ അർബുദങ്ങൾ രണ്ടുതരം

ശ്വാസകോശത്തില്‍ രൂപപ്പെടുന്ന കാന്‍സറാണ് ശ്വാസകോശാര്‍ബുദം. ഇത് രണ്ട് വിധത്തിലാണ് ഉള്ളത്. ഒന്ന് നോണ്‍ സ്‌മോള്‍ സെല്‍ ലംഗ് കാന്‍സര്‍ (NSCLC) രണ്ടാമത്തേത്, സ്‌മോള്‍ സെല്‍ ലംഗ് കാന്‍സര്‍(SCLC). ഇതില്‍ NSCLC  വളരെ സാവധാനത്തില്‍ മാത്രമാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരുക.  ഇന്ന് മിക്കവരിലും കണ്ട് വരുന്ന കാന്‍സറാണ് ഇത്. എന്നാല്‍, SCLC വേഗത്തില്‍ പടരുന്ന കാന്‍സറാണ്. മിക്കപ്പോഴും ഈ കാന്‍സര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതിന് ശേഷം മാത്രമാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. പുകവലി, റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ അർബുദത്തിന്റെ പ്രധാന കാരണങ്ങളാണ്.

പുകവലി മാത്രമല്ല വില്ലൻ;

പുകവലി ശീലമില്ലാത്തവരിൽ ശ്വാസകോശ അർബുദനിരക്ക് കൂടാനുള്ള കാരണത്തേക്കുറിച്ചും ഡോക്ടർമാർ ഗവേഷണം നടത്തി. അതിൽ പ്രധാനമായി കണ്ടെത്തിയത് അന്തരീക്ഷമലിനീകരണമാണ്. വായുമലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഗുരുതരമായ രീതിയിൽ വായു മലിനീകരിക്കപ്പെടുന്ന ലോകത്തിലെ തന്നെ പ്രധാന നഗരങ്ങളിലൊന്നാണ് ന്യൂഡൽഹി. ആസ്ബെറ്റോസ്, ക്രോമിയം, കാഡ്മിയം, ആർസെനിക്, കൽക്കരി, സെക്കൻഡ്ഹാൻഡ് സ്മോക്കിങ് തുടങ്ങിയവയാണ് ശ്വാസകോശ അർബുദം വർധിപ്പിക്കുന്ന പ്രധാനഘടകങ്ങൾ.

രോഗലക്ഷണങ്ങൾ;

പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ചില ആദ്യകാല ലക്ഷണങ്ങളുണ്ട്. ചിലരിലെങ്കിലും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞു ചികിത്സയെടുക്കാൻ ഈ ലക്ഷണങ്ങൾ സഹായകരമാകും.

  • വിട്ടുമാറാത്ത ചുമ
  • ശ്വാസതടസ്സം
  • കഫത്തിൽ രക്തം കാണപ്പെടുക
  •  ശരീരവേദന
  • ഭാരക്കുറവ്, ക്ഷീണം
  • ശബ്ദത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ഒച്ചയടപ്പ് 
  • അടിക്കടി ഉണ്ടാകുന്ന അണുബാധകൾ
  • കഴുത്തിലും, മറ്റു ശരീരഭാഗങ്ങളിലുമുള്ള വീക്കം

വിട്ടുമാറാത്ത ചുമയുള്ളവരില്‍ ചുമയുടെ ശബ്ദത്തിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങളും വളരുന്ന അര്‍ബുദ കോശങ്ങളുടെ സൂചനയാകാം. ചുമയ്ക്കുമ്പോഴോ  സംസാരിക്കുമ്പോഴോ  വേദന വരുന്നതും ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമാണ്. 

രോഗനിർണയം

രോഗനിർണയ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെയാണ് പ്രധാനമായും രോഗസ്ഥിരീകരണം നടത്തുക.

ചികിത്സ

ക്യാൻസർ കോശങ്ങളുടെ തരമനുസരിച്ചും, ക്യാൻസറിന്റെ സ്റ്റേജനുസരിച്ചുമാണ് ചികിത്സ തീരുമാനിക്കുന്നത്. ആരംഭദശയിലുള്ള ശ്വാസകോശ കാൻസറുകൾക്ക് സർജറിയാണ് പ്രധാനപ്പെട്ട ചികിത്സാരീതി. വളർച്ചയുള്ള ഭാഗം നീക്കം ചെയ്യുന്നതിനോടൊപ്പം കീമോതെറാപ്പിയും, റേഡിയേഷനും വേണ്ടി വരും. ക്യാൻസർ നാലാമത്തെ സ്റ്റേജിലേക്ക് കടന്നു കഴിഞ്ഞാൽ ടാർജറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയ നവീന ചികിത്സാരീതികളിലൂടെ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും ആയുർദൈർഖ്യം വർദ്ധിപ്പിക്കാനും സാധിക്കും.

സ്വീകരിക്കാം പ്രതിരോധ മാർഗങ്ങൾ;

ശ്വാസകോശാർബുദത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം പുകവലി ഉപേക്ഷിക്കുക എന്നതു തന്നെയാണ്. പുകവലിക്കുന്ന വ്യക്തികളിൽ നിന്നും അകലം പാലിക്കുകയോ മാസ്ക് ഉപയോഗിച്ച് സ്വയം സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണം. മാസ്കുകൾ ഉപയോഗിക്കുന്നതിലൂടെ വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന അർബുദ സാധ്യതയെയും തടയാൻ സാധിക്കും. ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം മോശപ്പെട്ടത് ആണ് എന്ന് തോന്നിയാൽ മാസ്ക് ധരിക്കാൻ മടിക്കരുത്.

എയർ പ്യൂരിഫയറുകളുടെ ഉപയോഗം വീടിനുള്ളിലെ മലിനീകരണം കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കും. അതിനായി ഗുണമേന്മയുള്ള ഇലക്ട്രിക് എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക. ചിലയിനം ഇൻഡോർ സസ്യങ്ങൾ നാച്ചുറൽ എയർ പ്യൂരിഫയറുകളായി പ്രവർത്തിക്കാറുണ്ട് അതും പരീക്ഷിച്ചു നോക്കാവുന്നതാണ്.

ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുക. ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ ഇത്തരം വ്യായാമങ്ങൾ സഹായിക്കും.   ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, സമീകൃതാഹാരം ആഹാരത്തിന്റെ ഭാഗമാക്കണം. അതായത് 60-65% അന്നജം, 25% മാംസ്യം 15% കൊഴുപ്പ് ഇവയുൾപ്പെടുന്ന ആഹാരം ശീലിക്കണം. അതോടൊപ്പം വിറ്റാമിൻ സി (പേരയ്ക്ക, നെല്ലിക്ക, ബെറീസ്), വിറ്റാമിൻ ഡി (ചെറുമത്സ്യങ്ങൾ, സൂര്യപ്രകാശം), വിറ്റാമിൻ എ (ക്യാരറ്റ്, ഇലക്കറികൾ) എന്നിവയും ഉൾപ്പെടുത്തണം.

കെമിക്കൽ ഫാക്ടറികളിലും, തൊഴിലിടങ്ങളിലും ജോലി ചെയ്യുന്നവർ കൃത്യമായി ആരോഗ്യ പരിശോധനകൾ നടത്തുകയും സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യണം.

രോഗനിർണയം പരമാവധി വേഗത്തിൽ സാധ്യമാക്കുക എന്നതാണ് ശ്വാസകോശ അർബുദത്തിൽ നിന്നും രക്ഷനേടാനുള്ള ഏക മാർഗം. അതിനാൽ തുടർച്ചയായി ഉണ്ടാകുന്ന ചുമയും ശരീരത്തിന് അനുഭവപ്പെടുന്ന മറ്റു മാറ്റങ്ങളും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകണം. മറ്റ് ഏതൊരു രോഗത്തെയും പോലെ  തുടക്കത്തിൽ തന്നെ രോഗനിർണയം സാധ്യമായാൽ ശ്വാസകോശാർബുദവും ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുതലാണ്.

(കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)
 

Content Highlights: early detection of lung cancer dr arum warrier senior consultant,aster medicity kochi