മുണ്ടിനീര് വാക്‌സിന്‍ സാര്‍വത്രിക വാക്‌സിനേഷനില്‍ ഉള്‍പ്പെടുത്തണം

കേരളത്തില്‍ മുണ്ടിനീര് (Mumps) ബാധിച്ച കുട്ടികളുടെ ഏണ്ണം ഗണ്യമായി വര്‍ധിച്ചുവരുകയാണ്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 69,000-ത്തോളം വരും. കഴിഞ്ഞവര്‍ഷം 2324 കേസുകള്‍മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.കവിളിന്റെ സമീപത്തിലുള്ള പരോട്ടിഡ് ഗ്രന്ഥികള്‍ (Parotid Glands) എന്നുപേരായ ഉമിനീര്‍ഗ്രന്ഥികളെ ബാധിക്കുന്ന രോഗമാണ് മുണ്ടിനീര്. മിക്‌സോ വൈറസ് കുടുംബത്തില്‍പ്പെട്ട ഒരുതരം വൈറസുകളാണ്, രോഗകാരണം മിക്കപ്പോഴും സ്വയംനിയന്ത്രിതമായ ഈ രോഗം സാധാരണയായി മരണകാരണമാകാറില്ല. എന്നാല്‍, അപൂര്‍വമായിട്ടാണെങ്കിലും തലച്ചോറിനെയും ആഗ്‌നേയഗ്രന്ഥിയെയും (Pancreas) രോഗം ബാധിക്കാറുണ്ട്. ബീജഗ്രന്ഥികളെ (Gonads) ബാധിച്ചാല്‍ വന്ധ്യതയ്ക്കും സാധ്യതയുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ സാര്‍വത്രിക വാക്സിനേഷന്‍ പദ്ധതിയില്‍ (Universal Immunisation Program: UIP) മുണ്ടിനീര് വാക്‌സിന്‍ (Mumps Vaccine) ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, മുണ്ടിനീര് വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ മീസില്‍സ് വാക്‌സിനോടൊപ്പം മുണ്ടിനീര് വാക്‌സിനും ഇടക്കാലത്ത് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് കേന്ദ്രസര്‍ക്കാര്‍ സാര്‍വത്രിക വാക്‌സിനേഷനില്‍ മീസില്‍സ് വാക്‌സിനോടൊപ്പം റുബെല്ലാ വാക്സിനും ചേര്‍ത്ത് എം.ആര്‍. വാക്‌സിന്‍ (MR: Measles, Rubella) നല്‍കിത്തുടങ്ങിയതോടെ മുണ്ടിനീര് വാക്‌സിനേഷന്‍ ഒഴിവാക്കപ്പെട്ടു. കൂടുതല്‍ ഗുരുതരമായ രോഗങ്ങളായ മീസില്‍സും (അഞ്ചാംപനി) റൂബല്ലെയും പ്രതിരോധിക്കാനാണ് ഇങ്ങനെ തീരുമാനിച്ചതെങ്കിലും കേരളമടക്കം പലസംസ്ഥാനങ്ങളിലും മുണ്ടിനീര് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാര്‍വത്രിക വാക്‌സിനേഷനില്‍ മുണ്ടിനീര് വാക്‌സിനേഷന്‍കൂടി ഉള്‍പ്പെടുത്തി എം.ആര്‍. വാക്‌സിനുപകരം എം.എം.ആര്‍. വാക്‌സിന്‍ (Measles, Mumps, Rubella Vaccine) നല്‍കേണ്ടതാണെന്ന് നിര്‍ദേശം ശിശുരോഗവിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയും (Indian Association of Paeditarics) കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വാക്‌സിന്‍ നയരൂപവത്കരണസമിതി രണ്ടുഘട്ടങ്ങളിലായി എം.എം.ആര്‍. വാക്‌സിന്‍ നല്‍കണമെന്ന് ശുപാര്‍ശചെയ്തിട്ടുണ്ട് സര്‍ക്കാര്‍ ആശുപത്രികളിലെ ആശുപത്രി വികസനസമിതികള്‍ക്ക് സൗജന്യനിരക്കില്‍ എം.എം.ആര്‍. വാക്‌സിന്‍ ദുര്‍ബല ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്കെങ്കിലും നല്‍കാന്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് തീരുമാനിക്കാം. സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ എം.എം.ആര്‍. വാക്‌സിന്‍ നല്‍കിവരുന്നുണ്ട്. സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തീരുമാനിക്കണം.
(മുന്‍ വി.സിയും, ആരോഗ്യപ്രവര്‍ത്തകനുമാണ് ലേഖകന്‍)
Content Highlights: Experts urge MMR vaccine inclusion in the UIP to control the outbreak