ചൈനയിൽ പരീക്ഷിച്ച് പരാജയപ്പെട്ട ശ്രമം, സങ്കര വൈദ്യത്തിന്റെ മറുവശങ്ങൾ

#ഡോ ശങ്കർ മഹാദേവൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കേന്ദ്രസർക്കാരിൻ്റെ ആരോഗ്യ നയത്തിലെ വികലമായ ഒരു ഏടാണ് മിക്സോപതി അഥവാ സങ്കര വൈദ്യം. ഒരുവശത്ത് ആധുനിക വൈദ്യശാസ്ത്രവും മറുവശത്ത് ആയുഷ് ശൃംഖലകൾ കൂട്ടി കലർത്തിക്കൊണ്ട് സങ്കര ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യാ ഗവൺമെൻറ് പിന്തുടരുന്നത്. ഈ നയത്തിന്റെ ഭാഗമായി ആയുർവേദം, ഹോമിയോ, യൂനാനി തുടങ്ങിയ ചികിത്സ ശാഖകളിൽ ഉള്ളവർക്ക് ആധുനിക വൈദ്യശാസ്ത്രം കൂടി പ്രാക്ടീസ് ചെയ്യുവാനുള്ള നിയമപരമായ അനുവാദം നൽകുകയാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്. ഇതര ചികിത്സാരീതിയിലുള്ളവർക്ക് മൂന്നുമാസത്തെയോ ആറുമാസത്തെയോ കോഴ്സ് ആധുനിക വൈദ്യശാസ്ത്രത്തിൽ പൂർത്തിയാക്കുന്ന മുറക്ക് ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ കൂടി എഴുതുവാനുള്ള ലൈസൻസ് ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു രോഗിയിൽ പലതരം ചികിത്സ രീതികൾ നടത്തുവാൻ ഇതര ചികിത്സാ രംഗത്തുള്ളവർക്ക് സാധിക്കുന്നു. ഇത് രാജ്യം ഇന്ന് കൈവരിച്ച ആരോഗ്യ മേഖലയിലുള്ള നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കും എന്ന് തീർച്ചയാണ്. 

ആയുർവേദം ഏതാണ്ട് 5000 വർഷം മുമ്പ് ഭാരതത്തിൽ ഉൽഭവിച്ച ചികിത്സാരീതിയാണ്. വേദങ്ങളെ ആസ്പദമാക്കി, ഭാരതത്തിൻ്റെ പാരമ്പര്യമുൾക്കൊണ്ട്, ധന്വന്തരിയുടെ പിൻതലമുറക്കാർ തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ സിദ്ധികൊണ്ട് ചികിത്സിച്ച് പോരുന്ന സമ്പ്രദായം കൂടിയാണ് ആയുർവേദം. ഒറ്റവാക്കിൽ പറഞ്ഞാൽ ഭാരതത്തിന്റെ തനതായ ചികിത്സ ശാസ്ത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂനാനി ചികിത്സാരീതിയും പത്തൊൻപതാം നൂറ്റാണ്ടിൽ ഹോമിയോപ്പതിയും ഭാരതത്തിൽ എത്തുകയുണ്ടായി. എന്നാൽ ഇവയെല്ലാം ഭാരതത്തിൽ വരുന്നതിനുമുമ്പ് തന്നെ ഏതാണ്ട് 10,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ തമിഴ്നാട്ടിൽ സിദ്ധ ചികിത്സ നിലനിന്നിരുന്നു. ഒരുവശത്ത് ആധുനിക വൈദ്യശാസ്ത്രം ഒരുപാട് പുരോഗതികൾ കൈവരിച്ചപ്പോൾ മറുവശത്ത് ഇത്തരത്തിലുള്ള ഇതര ചികിത്സാ ശാഖകൾ (Alternative system of medicines) തങ്ങളുടെ വളർച്ച മുരടിച്ച് നിൽക്കുകയുണ്ടായി. കാലത്തിനൊത്ത് മാറാൻ സാധിക്കാതെ വരികയും, ഗവേഷണങ്ങളുടെ അപര്യാപ്തതയും, മാരക രോഗങ്ങൾക്കും, പകർച്ചവ്യാധികൾക്കും ചികിത്സ നൽകാൻ സാധിക്കാതെ വരികയും ചെയ്തതാണ് ഇത്തരത്തിലുള്ള ചികിത്സ ശാഖകൾ മുരടിച്ചു പോകുവാനുള്ള കാരണം.

കുറച്ചു വർഷങ്ങൾക്കു മുമ്പ് ചൈനീസ് സർക്കാർ ചൈനയിലെ തനതായ ചികിത്സാ ശാഖയും ആധുനിക വൈദ്യശാസ്ത്രവും തമ്മിൽ ബന്ധിപ്പിക്കാൻ ഒരു ശ്രമം നടത്തി. ചൈനീസ് പാരമ്പര്യ വൈദ്യന്മാരെ മോഡേൺ മെഡിസിൻ മരുന്നുകൾ കുറിക്കുവാനുള്ള ഒരു കുറുക്കു വഴി അവർ കണ്ടെത്തി. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇവരെല്ലാം തങ്ങളുടെ പരമ്പരാഗത മരുന്നുകളെ തഴഞ്ഞ് മോഡേൺ മെഡിസിൻ മരുന്നുകൾ കുറിച്ച് നൽകി തുടങ്ങി. ചൈനയുടെ തനതായ പാരമ്പര്യ ചികിത്സ സമ്പ്രദായം തന്നെ നിന്നുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വന്നു. അത് തിരിച്ചറിഞ്ഞു കൊണ്ട് ഇവ തമ്മിൽ യോജിപ്പിക്കുവാനുള്ള സർക്കാർ നീക്കം താൽക്കാലികമായിയെങ്കിലും മരവിപ്പിച്ചു. ഇന്ത്യയിലും സംഭവിക്കാൻ പോകുന്നത് വിഭിന്നമല്ല. ആയുർവേദത്തെയും മറ്റു ചികിത്സാ രീതികളെയും മോഡേൺ മെഡിസിനുമായി ബന്ധിപ്പിക്കുമ്പോൾ, നാളെ ഇന്ത്യയുടെ തനതായ ചികിത്സാരീതികളുടെ പ്രാമുഖ്യം നഷ്ടപ്പെടുകയും ആളുകൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്നാലെ പോവുകയും ചെയ്യും. ഇതിന് കാരണം പൊതുജനാരോഗ്യരംഗത്ത് ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങളാണ്. 1950ല്‍ ആയിരം ആളുകളിൽ 25 പേർ മരണമടഞ്ഞപ്പോൾ, 2025ൽ ആയിരം ആളുകളിൽ മരണനിരക്ക് 7.53 ശതമാനം മാത്രമാണ്. 1950 ല്‍ നമ്മുടെ ആയുർദൈർഘ്യം 36 വയസ്സായിരുന്നപ്പോൾ, 2019ല്‍ നമ്മുടെ ആയുർദൈർഘ്യം 70 വയസ്സായി ഉയർന്നിരിക്കുന്നു. കേരളത്തിൽ ഇത് പുരുഷന്മാരിൽ 72 വയസ്സും സ്ത്രീകളിൽ 78 വയസ്സുമാണ്. ഇതിൻ്റെ ഒരേയൊരു കാരണം ആധുനിക വൈദ്യശാസ്ത്രത്തിൽ ഊന്നിയ പൊതുജനാരോഗ്യ രംഗത്തെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ആണ്. വിവിധ പ്രതിരോധ കുത്തിവെപ്പുകൾ, ട്യൂബർകുലോസിസ്, പോളിയോ, ടെറ്റനസ് തുടങ്ങിയ അസുഖങ്ങളിൽ ഒക്കെ നമ്മൾ കൈവരിച്ച നേട്ടങ്ങൾ, നവജാത ശിശു മരണനിരക്കിലെ കുറവ്, മാതൃ മരണനിരക്കിലെ കുറവ് ഇവയെല്ലാം സാധിച്ചത് ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രതിരോധ നടപടികളിലൂടെയാണ്. കോവിഡ് മഹാമാരി വന്നപ്പോൾ പോലും ഇന്ത്യയ്ക്ക് പിടിച്ചുനിർത്താൻ ആയത് നമ്മൾ തുടക്കം തന്നെ കോവിഡിനെതിരെയുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ ചിട്ടയായി നടത്തിയത് കൊണ്ടാണ്. ഇത്രയൊക്കെ കാരണങ്ങൾ മതി ആധുനിക വൈദ്യശാസ്ത്രം ഇവിടെ തുടർന്നു പോകും എന്ന് അനുമാനിക്കാൻ. 

ഓരോ ചികിത്സാ ശാഖയ്ക്കും അതിൻ്റേതായ തനിമ ഉണ്ട്. അവ നിലനിർത്തി കൊണ്ടു പോകുന്നതായിരിക്കും അതാത് ചികിത്സാ ശാഖകൾക്ക് നല്ലത്. യഥാർത്ഥത്തിൽ സങ്കര ചികിത്സയ്ക്കെതിരെ മുന്നോട്ടു വരേണ്ടത് മോഡേൺ മെഡിസിൻ വിഭാഗത്തേക്കാൾ ഏറെ, ആയുഷ് മേഖലയിൽ ഉള്ളവർ തന്നെയാണ്. കാരണം അവരുടെ അസ്തിത്വമാണ്‌ നശിക്കുവാൻ പോകുന്നത്, കൂട്ടിക്കലർത്തുന്നത് വഴി തങ്ങളുടെ തനതായ വിശ്വാസത്തെയും പാരമ്പര്യത്തെയും അവർ സ്വയം ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നീക്കിവെക്കുന്ന ഫണ്ടുകൾ മാത്രം കണ്ടുകൊണ്ട് ഇവരുടെ ഇത്തരത്തിലുള്ള തീരുമാനങ്ങളെ കണ്ണും പൂട്ടി സ്വാഗതം ചെയ്യുന്നതിന് പകരം യാഥാർത്ഥ്യം മനസ്സിലാക്കി പൊതുജനാരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ഗവൺമെന്റിൻ്റെ തീരുമാനങ്ങളെ തിരുത്തുകയാണ് വേണ്ടത്. വികലമായ ചില നയങ്ങൾ നമ്മൾ ഇത്രയും നാൾ ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് കൊണ്ടുപോയേക്കാം. അതിനാൽ പൊതുസമൂഹവും ഇത്തരത്തിലുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂകരാകേണ്ടതുണ്ട്. 

മെച്ചപ്പെട്ട ശാരീരികവും മാനസികവുമായ ആരോഗ്യ ഫലങ്ങൾ നേടുന്നതിന്, ആരോഗ്യ ക്ഷേമത്തിനും സൗഖ്യത്തിനും ഇതര ചികിത്സകൾ ലക്ഷ്യം വെക്കട്ടെ. പുരോഗമന രാജ്യത്തെ ഏതൊരു സർക്കാരിനും പൊതുജനാരോഗ്യരംഗത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ, ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ട നയപരമായ തീരുമാനം എടുക്കേണ്ട അവസരങ്ങളിൽ, ആധുനിക വൈദ്യശാസ്ത്രത്തെ കൂട്ടു പിടിച്ചേ മതിയാവൂ. അവിടെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലുള്ള സംഘടനകളുടെ പ്രസക്തി. ശാസ്ത്രബോധത്തെ വളർത്തുകയും, ആധുനിക വൈദ്യശാസ്ത്രത്തെ ചേർത്തു പിടിക്കുകയും, പാരമ്പര്യ ചികിത്സകളുടെ തനിമ നിലനിർത്തിക്കൊണ്ട് അവയിൽ ഗവേഷണ മുഖം തുറന്നു കൊടുക്കുവാൻ തക്കവണ്ണമുള്ള തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഭരണവർഗത്തിന് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം. 


 

Content Highlights: Analyzing India's policy promoting mixed medicine, blending modern and traditional systems