പ്രായാധിക്യത്തിന്റെ പാതയിൽ കേരളം; കുതിച്ചുയർന്ന് ആശ്രിതത്വ നിരക്കുകൾ, ജനസംഖ്യാപരിവർത്തനം അന്തിമഘട്ടം

#ഡോ. ജെ. രത്നകുമാർ, ഡോ. കെ.പി. വിപിൻ ചന്ദ്രൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2021 മുതൽ 2051 വരെയുള്ള കാലയളവിൽ ഇന്ത്യ നിർണായകമായ ജനസംഖ്യാ ഘടനാമാറ്റത്തിന് സാക്ഷ്യംവഹിക്കുമെന്ന് തിരുവനന്തപുരം ആസ്ഥാനമായ ഐഐഎംഡിയും ഡൽഹിയിലെ പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ പുതിയ പഠനം സൂചന നൽകുന്നു. നിലവിൽ യൗവനാവസ്ഥയിലുള്ള ജനസംഖ്യാഘടനയിൽനിന്ന് വാർധക്യാധിഷ്ഠിതമായ ജനസംഖ്യാഘടനയിലേക്ക് പടിപടിയായി നമ്മുടെ രാജ്യം കടക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്.

ഈ കാലയളവിൽ ശരാശരി വാർഷിക ജനസംഖ്യാവളർച്ചനിരക്ക് 0.5 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെങ്കിലും ഇന്ത്യയുടെ മൊത്തം ജനസംഖ്യ 135 കോടിയിൽ നിന്ന് 159 കോടിയായി ഉയരും. ജനസംഖ്യാ വിസ്ഫോടനസാധ്യതകൾ ഏതാണ്ട് തള്ളിക്കളയുന്ന സാഹചര്യത്തിലേക്കാണ് നിലവിലെ ജനസംഖ്യാ വളർച്ചയുടെ സഞ്ചാരപഥം സൂചന നൽകുന്നത്. പ്രായഘടനയിലുണ്ടാകുന്ന സമൂലമാറ്റം രാജ്യത്തെ നിലവിലെ സാമ്പത്തിക-സാമൂഹിക നയരൂപവത്‌കരണങ്ങൾ പൂർണമായും പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള ദിശാസൂചകമായിവേണം വിലയിരുത്തപ്പെടേണ്ടത്.

ഇന്ത്യയുടെ ജനസംഖ്യാ പരിവർത്തനഘട്ടത്തിൽ, ബിഹാർ ഏറ്റവുമധികം യുവജനതയുള്ള സംസ്ഥാനമായി മുന്നേറുമ്പോൾ, മറുഭാഗത്ത് കേരളം രാജ്യത്തെ ഏറ്റവും ഉയർന്ന വയോജനാനുപാതമുള്ള സംസ്ഥാനമായി തുടരും. കുട്ടികളുടെ എണ്ണത്തിലും തൊഴിൽസേനയിലുണ്ടാകുന്ന കുറവും നെഗറ്റീവ് ജനസംഖ്യാവളർച്ചനിരക്കും കേരളത്തെ അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ ജനസംഖ്യാ പരിവർത്തനത്തിന്റെ അന്തിമഘട്ടത്തിലേക്ക് അടുപ്പിക്കും.

വയോവൃദ്ധ കേരളം: കുതിച്ചുയരുന്ന ആശ്രിതത്വ നിരക്കുകൾ

വരുംവർഷങ്ങളിൽ കേരളം, നിലവിലെ യൂറോപ്പിന് സമാനമായ ജനസംഖ്യാ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഏതാണ്ടുറപ്പാണ്. 2030-കളുടെ അവസാനത്തോടുകൂടി ജനസംഖ്യാവളർച്ച സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനം പരമാവധി ജനസംഖ്യയായ 3.6 കോടി എന്ന നിലയിലെത്തും. 2041-നു ശേഷം സംസ്ഥാനം നെഗറ്റീവ് ജനസംഖ്യാ വളർച്ച രേഖപ്പെടുത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. കുട്ടികളുടെ (0-14) ജനസംഖ്യ നിലവിലെ 19.3 ശതമാനത്തിൽനിന്ന് 2051-ൽ എത്തുമ്പോഴേക്കും 12.8 ശതമാനമായി കുറയുന്നത് വിദ്യാഭ്യാസരംഗത്ത് പൊതുവിലും എൻറോൾമെന്റ് രംഗത്ത് പ്രത്യേകിച്ചും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് നിമിത്തമാകും. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ സംസ്ഥാനത്തിന്റെ ശരാശരി ആയുർദൈർഘ്യം 75.1 വർഷത്തിൽനിന്ന് 82.9 വർഷമായി ഉയരുമെന്ന കണക്കുകൾ ആരോഗ്യമേഖലയുടെ നേട്ടമായി കരുതാം. എന്നാൽ, 60 വയസ്സിനു മുകളിലുള്ളവരുടെ ശതമാനം നിലവിലെ 18.6-ൽനിന്ന് 30.6 ആയി ഉയരും. 80 വയസ്സിനു മുകളിലുള്ള ആളുകളുടെ ശതമാനം 2021-ലെ രണ്ടിൽനിന്ന് മൂന്നിരട്ടിയിലധികം വർധിച്ച് 6.4-ലെത്തിച്ചേരും. 2026-നുശേഷം തൊഴിൽസേനയിലുള്ള ആളുകളുടെ (15-64) ശതമാനത്തിലും കുറവ് ദൃശ്യമാകും.

ജനസംഖ്യയിലുണ്ടാകുന്ന കുറവ് ആശ്രിതത്വ നിരക്ക് (Dependency ratios) ക്രമാതീതമായി ഉയർത്തുകയും സംസ്ഥാനത്തെ ജനസംഖ്യയെ കൂടുതൽ പ്രായാധിക്യത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ഇത് വർധിച്ചുവരുന്ന വാർധക്യ പെൻഷൻ, ആരോഗ്യസംരക്ഷണം, ക്ഷേമപദ്ധതികൾ എന്നിവയ്ക്കുള്ള ചെലവുകൾ സർക്കാർഖജനാവിനുമേൽ വലിയ സാമ്പത്തിക സമ്മർദം സൃഷ്ടിക്കും.

കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ഭാവിയിൽ തൊഴിൽസേന ക്ഷയിക്കുന്നതിന്റെ നേർസാക്ഷ്യമാണ്. ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് എത്രകാലം സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കി നിർത്താൻ കഴിയും എന്നതും പ്രവചനാതീതമാണ്. വടക്കൻസംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന സാമ്പത്തിക അഭിവൃദ്ധികാരണം അവിടെനിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ എണ്ണത്തിൽ വരുംവർഷങ്ങളിൽ കുറവ് വന്നേക്കാം. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ ദോഷകരമായി ബാധിക്കും. തൊഴിലാളിക്ഷാമം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ എങ്ങനെ തകിടംമറിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതിനാൽ, ആശ്രിതത്വ അനുപാതത്തിലെ വ്യതിയാനം സാമൂഹികസുരക്ഷാ സംവിധാനങ്ങൾക്കും സാമ്പത്തിക സുസ്ഥിരതയ്ക്കുംവേണ്ടി സംസ്ഥാനം അടിയന്തരശ്രദ്ധ പതിപ്പിക്കേണ്ട വിഷയമാണ്.

ഗ്രാമം നഗരമാകുമ്പോൾ: ഇരട്ടവെല്ലുവിളി

ജനസംഖ്യാ പരിവർത്തനത്തോട് കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ് നമ്മുടെ സംസ്ഥാനത്തെ ദ്രുതഗതിയിലുള്ള നഗരവത്‌കരണം. കഴിഞ്ഞ സെൻസസിൽ(2011) 47.7 ശതമാനമായിരുന്ന നഗരജനസംഖ്യ ഏകദേശം ഇരട്ടിയായി വർധിച്ച് 2051-ഓടെ 91.1 ശതമാനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സംസ്ഥാനത്ത് നിലനിൽക്കുന്ന ഗ്രാമ-നഗര അന്തരം ഏതാണ്ട് പൂർണമായും അപ്രത്യക്ഷമാകുന്ന സാഹചര്യം സംജാതമാക്കും. സമാന രീതിയിലുള്ള നഗരവാസികളുടെ ഉയർന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്ന ‘റർബൻ’ (Rurban) പ്രതിഭാസം നഗരവത്‌കരണം, വാർധക്യം എന്നിങ്ങനെ ഇരട്ട വെല്ലുവിളിയായിരിക്കും നമുക്കായി കരുതിവെച്ചിരിക്കുക.

സുസ്ഥിര വാർധക്യ സമൂഹ മാതൃക

കേരളം അഭിമുഖീകരിക്കുന്ന നഗരവത്‌കരണത്തിന്റെയും വാർധക്യത്തിന്റെയും ഇരട്ടവെല്ലുവിളികളെ നേരിടാൻ ആരോഗ്യം, സാമൂഹികപിന്തുണ, സാമ്പത്തികം, തൊഴിൽ എന്നീ മേഖലകളിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. ജനസംഖ്യാപരമായ ഈ സുപ്രധാന മാറ്റത്തെ ഒരു പ്രതിസന്ധിയായി കാണാതെ ഒരു അവസരമായി പരിവർത്തനം ചെയ്യണമെങ്കിൽ കേരളം ‘സുസ്ഥിരമായ വാർധക്യസമൂഹമാതൃകയ്ക്ക്’ (Sustainable Ageing Society Model) ഊന്നൽ നൽകേണ്ടിവരും.

(ഡോ. ജെ. രത്നകുമാർ തിരുവനന്തപുരം ഐഐഎംഡിയിലെ സീനിയർ വിസിറ്റിങ്‌ റിസർച്ച് ഫെലോയും ഡോ. കെ.പി. വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെൻറ് വനിതാകോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ്)

Content Highlights: India faces a major demographic shift from youth to elderly population by 2051. Understand the implications for policies and the economy.