ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫലപ്രദം; കാൻസറിൽനിന്ന് മക്കളെ സുരക്ഷിതരാക്കാം, HPV വാക്സിനേഷനിലൂടെ

ഈ നൂറ്റാണ്ടിൽ മാനവരാശി നേരിടുന്ന മാരകമായ ആരോഗ്യഭീഷണികളിൽ ഒന്നാണ് കാൻസർ. ലോകമൊട്ടാകെ ഓരോ വർഷവും ഒരു കോടിയലധികം പേർ കാൻസർ ബാധിതരാകുകയും ഏകദേശം 50 ലക്ഷത്തോളം പേർ കാൻസർ കാരണം മരണപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ഈ കണക്കുകളിൽനിന്ന് തന്നെ കാൻസർ മനുഷ്യരാശിയെ എന്തുമാത്രം ബാധിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കാൻസറിന് എതിരെയുള്ള ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, 100% ഫലപ്രദമായ ചികിത്സകൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ആശ്വാസകരമായ ചില വാർത്തകളും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് HPV(Human Papillomavirus vaccine) വാക്സിനേഷൻ.
കാൻസറിനെതിരായുള്ള വാക്സിനേഷൻ എന്ന നിലയിൽ HPV വാക്സിനേഷൻ ഏറെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. HPV വാക്സിനേഷൻ പ്രധാനമായും ഗർഭാശയഗള ക്യാൻസർ(Cervical Cancer), ഹെഡ് ആൻഡ് നെക്ക് കാൻസർ(Head and Neck Cancer), മലദ്വാര കാൻസർ(Anal Cancer), പിനൈൽ കാൻസർ (Penile Cancer) എന്നിവക്കെതിരെ ഫലപ്രദമാണ്. 9 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ വാക്സിനേഷൻ ഏറ്റവും ഫലപ്രദമെങ്കിലും 45 വയസുവരെയുള്ളവർക്ക് വരെ എടുക്കാം.
എന്താണ് HPV വാക്സിനേഷൻ?
ഒട്ടേറെ വർഷങ്ങളുടെ ഗവേഷണങ്ങൾക്കൊടുവിൽ HPV വൈറസ് കണ്ട് പിടിച്ചത് ജർമൻ വൈറോളജിസ്റ്റായ ഡോ. ഹെറാൾഡ് സുർ ഹൊസെനായിരുന്നു(Dr. Harald zur Hausen). ആ കണ്ടുപിടിത്തത്തിനായിരുന്നു 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. ശേഷം ഡോ. ഹെറാൾഡ് സുർ ഹൊസെനും ഓസ്ട്രേലിയൻ വൈറോളജിസ്റ്റായ ഇയാൻ ഫ്രാസിറുമാണ് (Ian Frazer) HPV വാക്‌സിൻ വികസിപ്പിച്ചെടുത്തത്.
ഗവേഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയ എച്ച്പിവി വാക്സിൻ 100 ശതമാനം വരെ എഫിക്കെസി ഉള്ള വാക്സിൻ ആയാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ വികസിത രാജ്യങ്ങളിലും HPV വാക്സിനേഷൻ നടന്നിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ HPV വാക്സിനേഷൻ കണക്ക്
- റുവാണ്ട (98%)
- ഓസ്ട്രേലിയ (97%)
- ന്യൂസിലാൻഡ് (95%)
- ഭൂട്ടാൻ (93%)
- യുണൈറ്റഡ് കിംഗ്ഡം (92%)
- ബ്രസീൽ (89%)
- ഉറുഗ്വേ (88%)
- കാനഡ (87%)
- ചിലി (86%)
- യുണൈറ്റഡ് സ്റ്റേറ്റ്സ് (82%)
ആൺകുട്ടികളിലും പെൺകുട്ടികളിലും ഈ വാക്സിനേഷൻ ഫലപ്രദമാണ്. 9 തൊട്ട് 14 വയസ്സു വരെയുള്ള കുട്ടികളിൽ രണ്ട് ഡോസായാണ് വാക്സിനേഷൻ നൽകേണ്ടത്. ആദ്യ ഡോസ് കഴിഞ്ഞ് ആറുമാസത്തിനും 12 മാസത്തിനും ഇടയിലാണ് അടുത്ത ഡോസ് നൽകേണ്ടത്. മുതിർന്നവരിൽ 15 മുതൽ 45 വയസു വരെയുള്ളവർ 3 ഡോസായാണ് വാക്സിനേഷൻ നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് 2 മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 4 മാസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും നൽകേണ്ടത്.
ഇപ്പോൾ ഏകദേശം 2000 മുതൽ 4000 വരെ രൂപ വരും ഒരു ഡോസിന്. HPV വാക്‌സിനേഷൻ എല്ലാവരിലും എത്തിക്കുന്നതിലൂടെ ഗർഭാശയള കാൻസർ ഒരു പരിധി വരെ നമുക്ക് തടയാകും. ഗവണ്മെന്റ് തലങ്ങളിൽ 14 വയസുള്ള പെൺകുട്ടികൾക്കാണ് നിലവിൽ വാക്‌സിൻ കൊടുക്കുന്നത് ,എന്നാൽ 14 വയസു കഴിഞ്ഞവർക്കും ആൺകുട്ടികൾക്കും കൂടെ ഈ വാക്‌സിൻ ഫലപ്രദമാണ് ..കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും കാൻസർ പ്രിവെൻ്റിവ് ഹെൽത്ത് സെൻററുകളിലും HPV വാക്സിനേഷൻ ലഭ്യമാണ്.
സുരക്ഷിതത്വം
ഒട്ടേറെ കാലത്തെ ഗവേഷണത്തിനും ക്ലിനിക്കൽ ട്രയലുകൾക്കും ശേഷമാണ് HPV വാക്സിനേഷൻ ജനങ്ങളിലേക്ക് എത്തിയത് എന്നതുകൊണ്ടുതന്നെ സുരക്ഷിതമാണ് HPV വാക്സിൻ. 9 വയസു തൊട്ടു 26 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എച്ച്പിവി വാക്സിനേഷൻ നൽകി അവരെ കാൻസർ എന്ന മഹാമാരിയിൽനിന്നും ഒരു പരിധിവരെ സുരക്ഷിതരാക്കാം. അടുത്ത തലമുറയെയെങ്കിലും ഈ മാരക രോഗങ്ങളിൽ നിന്ന് നമുക്ക് സംരക്ഷിക്കാം. പോളിയോ രോഗത്തെ പോലെ കാൻസർ എന്ന മഹാവ്യധിയെയും ഈ ലോകത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കാനുള്ള പ്രയാണത്തിൽ നമുക്കും പങ്ക് ചേരാം.
(കണ്ണൂർ ഓൺക്യൂ൪ ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിങ് സെന്ററിൽ പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ് ആണ് ലേഖിക)
Content Highlights: HPV vaccine is highly effective against cervical, anal, and head and neck cancers., Recommended for children aged 9-14 (2 doses) and adults up to 45 (3 doses).