കിടപ്പുരോഗികള്‍ക്കുവേണം കൂടുതല്‍ കരുതല്‍

കിടപ്പുരോഗികളെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഭക്ഷണം നല്‍കുമ്പോഴും കുളിപ്പിക്കുമ്പോഴുമൊക്കെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കിടപ്പുരോഗികള്‍ക്ക് പലപ്പോഴും വില്ലനാകുന്നത് ശയ്യാ വൃണമാണ് (ബെഡ് സോര്‍). ഇതൊഴിവാക്കാന്‍ ത്വക്ക് വരണ്ടു പോകാതിരിക്കാന്‍ മോയ്ചറൈസര്‍ ക്രീമുകള്‍ ഉപയോഗിക്കണം. പെട്രോളിയം ജെല്ലി, ലിക്വിഡ് പാരഫിന്‍, മുറിവെണ്ണ തുടങ്ങിയവ ഉപയോഗിക്കാം.
ത്വക്ക് ഉണങ്ങിവരണ്ടിരുന്നാല്‍ അണുബാധയുണ്ടാകാനും തൊലി പൊട്ടാനുമുള്ള സാധ്യത കൂടും. കിടപ്പുരോഗികളെ രണ്ടുമണിക്കൂര്‍ ഇടവിട്ട് മാറ്റിക്കിടത്തണം. തൊലിപ്പുറത്ത് ചുവന്ന പാടുകളോ മറ്റോ കണ്ടാല്‍ ആ ഭാഗം കട്ടിലില്‍ മുട്ടാത്തരീതിയില്‍ കിടത്താന്‍ ശ്രദ്ധിക്കണം.
എയര്‍ബെഡ് ഉപയോഗിക്കാം
വാട്ടര്‍ ബെഡിനെക്കാള്‍ എയര്‍ബെഡ് ആണ് നല്ലത്. എയര്‍ബെഡ് ആണ് ഉപയോഗിക്കുന്നതെങ്കിലും രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ രോഗിയെ തിരിച്ചും മറിച്ചും കിടത്താന്‍ മറക്കരുത്. രോഗിയുടെ ശരീരത്തില്‍ നേരിട്ട് പിടിച്ച് എഴുന്നേല്‍പ്പിക്കുകയും കിടത്തുകയും ചെയ്യുന്നത് അത്ര നല്ലതല്ല. കിടക്കവിരിയോടുകൂടി ഉയര്‍ത്തുകയും മാറ്റിക്കിടത്തുകയും ചെയ്യുന്നതാണ് ഉത്തമം.
കിടക്കയില്‍ കിടത്തിക്കൊണ്ട് സ്പൂണ്‍ ഉപയോഗിച്ചുപോലും ഭക്ഷണമോ വെള്ളമോ ഒരിക്കലും നല്‍കരുത്. അരയ്ക്കു മുകളിലേക്കുള്ള ഭാഗം 60 ഡിഗ്രിയെങ്കിലും ഉയര്‍ത്തിവെച്ചിട്ട് വേണം ഭക്ഷണമോ വെള്ളമോ നല്‍കാന്‍. ഭക്ഷണംകഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ ശേഷമേ വീണ്ടും കട്ടിലില്‍ കിടത്താവൂ. ട്യൂബില്‍ക്കൂടിയാണ് ഭക്ഷണം നല്‍കുന്നതെങ്കില്‍പ്പോലും കിടത്തി ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണം. തലയണ ഉപയോഗിച്ച് പൊക്കുന്നത് ഫലപ്രദമല്ല. ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന കട്ടിലുകള്‍തന്നെയാണ് കിടപ്പുരോഗികള്‍ക്ക് അഭികാമ്യം.
കൂടെയുണ്ടാകണം കൂട്ടായി
കിടപ്പുരോഗികളില്‍ സ്ഥലകാലബോധമില്ലായ്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പകലും ഉറങ്ങുന്നതുകൊണ്ട് രാത്രിയില്‍ ഉണര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇതുകാരണം താന്‍ എവിടെയാണ് എന്നതടക്കമുള്ള സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ശബ്ദംവെക്കുകയുംചെയ്യും.
പകലുറങ്ങുന്നത് ഒഴിവാക്കാന്‍ അവരുമായി സംസാരിക്കുകയോ എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള അവസരം ഒരുക്കിനല്‍കുകയോ ചെയ്യാം. കണ്ണാടി, കേള്‍വിസഹായി തുടങ്ങിയവ എടുത്തുനല്‍കുകയും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. ഇന്നത്തെദിവസം ഏതാണ്, ആരൊക്കെയാണ് ഇന്ന് വീട്ടില്‍വന്നത്, ഇന്നത്തെ വാര്‍ത്തകള്‍ എന്താണ് ഇവയൊക്കെ ചര്‍ച്ചചെയ്യാം.
വെള്ളം അമിതമാകരുത്
വെള്ളം അമിതമായി ശരീരത്തിലെത്തിയാല്‍ സോഡിയം കുറയാനുള്ള സാധ്യത കൂടും. ഒരുമണിക്കൂറില്‍ 75 മുതല്‍ 100 എം.എല്‍. വെള്ളം മാത്രമേ കിടപ്പുരോഗികള്‍ക്ക് നല്‍കാവൂ. ദിവസം 1.5 ലിറ്റര്‍ വെള്ളം നല്‍കുന്നതാണ് അഭികാമ്യം. രണ്ടുലിറ്ററില്‍ കൂടരുത്. എല്ലാദിവസവും മലമൂത്രവിസര്‍ജനം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. മലബന്ധം ഉണ്ടായാല്‍ മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂത്രംപോകാന്‍ ട്യൂബിട്ട രോഗിയാണെങ്കില്‍ അതിന്റെ ശുചിത്വം ഉറപ്പാക്കണം.
ഡയപ്പര്‍ ഉപയോഗിക്കുന്ന രോഗിയാണെങ്കില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ഇതുമൂലം ഉണ്ടാകുന്ന ചൊറിച്ചില്‍ അടക്കമുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ കിടപ്പുരോഗികള്‍ക്ക് കഴിയില്ല.
അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. ഡയപ്പറിനെക്കാള്‍ അണ്ടര്‍ പാഡ്‌സ് ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാദിവസവും ശരീരം വെള്ളമുപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുളിപ്പിക്കുകയും ചെയ്യണം. ഇത് മൂന്നുഘട്ടമായി ചെയ്യാന്‍ ശ്രമിക്കുക.
(എറണാകുളം അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് വിഭാഗം കണ്‍സള്‍ട്ടന്റാണ് ലേഖിക)
Content Highlights: how to take care of bedridden patience