പുരുഷന് എന്താ 'പ്രസവം' നിർത്തിയാൽ? പെണ്ണിനേക്കാൾ സിംപിളാണ് കാര്യം

താത്ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നിരവധിയുണ്ട്. കോണ്ടം ആണ് പുരുഷന്‍മാര്‍ കൂടുതലായി ഉപയോഗിക്കുന്നത്. സ്ത്രീകളില്‍ കോപ്പര്‍ ടിയും. എന്നാല്‍ കോണ്ടത്തിന് ചെറിയ പൊട്ടലുകളോ കീറലുകളോ ഉണ്ടായാല്‍ പങ്കാളിക്ക് ഗര്‍ഭധാരണത്തിന് സാധ്യതയുണ്ട്.
സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ കാര്യമെടുത്താല്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത് ഭൂരിഭാഗവും സ്ത്രീകളാണ്. പുരുഷന്‍മാരില്‍ വളരെ എളുപ്പത്തില്‍ നടത്താവുന്ന നോ സ്‌കാല്‍പല്‍ വാസക്ടമിയെന്ന സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗങ്ങളോട് പുരുഷന്‍മാര്‍ മുഖം തിരിച്ചിരിക്കുകയാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ പുരുഷന്‍മാരും ഈ ശസ്ത്രക്രിയയോട് ഒട്ടും താത്പര്യം കാണിക്കുന്നില്ലെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. വെറും 0.1 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് കേരളത്തില്‍ നോ സ്‌കാല്‍പല്‍ വാസക്ടമി ചെയ്തതെന്ന് ഈ സര്‍വേ വ്യക്തമാക്കുന്നു.
നോ വാസക്ടമിയെക്കുറിച്ച് പുരുഷന്‍മാരിലുള്ള ചില തെറ്റിദ്ധാരണകളും അതുമൂലമുണ്ടാകുന്ന ഭയവുമാണ് ഇതിന് കാരണം. രാജ്യത്ത് 1954 മുതലാണ് വാസക്ടമി പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. 1976 ല്‍ ഇതൊരു വലിയ ക്യാംപെയിനായി സംഘടിപ്പിച്ചിരുന്നു.
നോ സ്‌കാല്‍പല്‍ വാസക്ടമി
നോ സ്‌കാല്‍പല്‍ വാസക്ടമിയാണ് പുരുഷന്‍മാരിലെ സ്ഥിരം ഗര്‍ഭനിരോധന രീതി. ആശങ്കയുടെ ആവശ്യമില്ലാത്ത ചെറിയ ശസ്ത്രക്രിയയാണിത്. പരമാവധി 30 മിനിറ്റ് മാത്രമേ ഈ ലഘു ശസ്ത്രക്രിയക്ക് ആവശ്യമുള്ളൂ. ലോക്കല്‍ അനസ്തിഷ്യ നല്‍കിയാണ് ഈ ചെറിയ ശസ്ത്രക്രിയ നടത്തുക. ഇതിനായി ആശുപത്രിയില്‍ കിടക്കേണ്ട കാര്യമില്ല. അന്നുതന്നെ വീട്ടില്‍ പോകാം.
വൃഷണത്തിലുണ്ടാക്കുന്ന ഒരു ചെറിയ സുഷിരത്തിലൂടെയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. വൃഷണത്തില്‍ നിന്ന് ബീജത്തെ വഹിക്കുന്നത് വാസ് ഡിഫറന്‍സ് എന്ന രണ്ട് കുഴലുകളാണ്. ഇവയെ മുറിച്ച് ആ അറ്റങ്ങള്‍ കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നത്. ഇതോടെ സ്‌പേര്‍മാറ്റിക് കോര്‍ഡിലേക്കുള്ള ബീജം ഒഴുകുന്നത് തടസ്സപ്പെടും. ഇത് ഗര്‍ഭധാരണത്തെ തടയും.
യൂറോളജിസ്റ്റാണ് ഈ ശസ്ത്രക്രിയ ചെയ്യുക. പരിശീലനം നേടിയ ഗൈനക്കോളജിസ്റ്റുകളും ഈ ശസ്ത്രക്രിയ ചെയ്യാറുണ്ട്. ഇനി വീണ്ടും കുട്ടികള്‍ വേണമെന്ന് തോന്നിയാല്‍ പുനര്‍ ശസ്ത്രക്രിയയും ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഈ ശസ്ത്രക്രിയ ചെയ്യാം. സ്വകാര്യ ആശുപത്രികളിലും ഇതിനുള്ള സൗകര്യമുണ്ട്.
ലൈംഗികശേഷി നഷ്ടപ്പെടില്ല
നോ സ്‌കാല്‍പല്‍ വാസക്ടമി ചെയ്യുന്നത് വഴി ലൈംഗിക താത്പര്യമോ ലൈംഗികശേഷിയോ നഷ്ടപ്പെടില്ല. ഉദ്ധാരണവും ബീജോത്പാദനവും നടക്കും. അത് ലിംഗത്തിലേക്കെത്താതെ തടസ്സപ്പെടുമെന്ന് മാത്രം. അതിനാല്‍ നോ സ്‌കാല്‍പല്‍ വാസക്ടമി ചെയ്യാന്‍ പുരുഷന്‍മാര്‍ ഭയപ്പെടേണ്ടതില്ല.
അറിയാന്‍ ചില കാര്യങ്ങള്‍
- രണ്ട്- മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാവുന്നതാണ്. എന്നാല്‍ മൂന്ന് മാസം വരെ അല്ലെങ്കില്‍ ശുക്ലപരിശോധന നടത്തി ബീജം ഇല്ല എന്നുറപ്പു വരുത്തുന്നതു വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണം.
- 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ ആളുകളില്‍ മാത്രമാണ് ഈ ശസ്ത്രക്രിയ പരാജയപ്പെടാറുള്ളൂ.
- വാസക്ടമി ചെയ്താലും ഐച്ച്.ഐ.വി. പോലുള്ള ലൈംഗികരോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കില്ല.
- ശസ്ത്രക്രിയക്ക് 48 മണിക്കൂര്‍ മുമ്പ് ആസ്പിരിന്‍ ഗുളികകള്‍ കഴിക്കരുത്.
- വന്ധ്യംകരണം ചെയ്ത ദിവസം കഠിനമായ ജോലി ചെയ്യരുത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം സാധാരണ ജോലികളില്‍ ഏര്‍പ്പെടാവുന്നതാണ്.
- ശസ്ത്രക്രിയക്ക് ശേഷം ചിലരില്‍ വൃഷണത്തില്‍ ചെറിയ വേദന, നീര്‍ക്കെട്ട് എന്നിവ ഉണ്ടാകാം. ഇത് തനിയെ മാറാറുണ്ട്.
- മുറിവുള്ള ഭാഗത്ത് ബാന്‍ഡ് എയ്ഡ് ഉണ്ടെങ്കില്‍ ആ ഭാഗം നനയാതെ അന്ന് തന്നെ കുളിക്കാം. ഇപ്പോള്‍ കൂടുതലും ഡിസോള്‍വ്ഡ് ടൈപ്പ് ബാന്‍ഡ്എയ്ഡ് ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ സ്റ്റിച്ച് എടുക്കേണ്ട ആവശ്യം വരുന്നില്ല.
- മുറുക്കമില്ലാത്തതും സുഖകരവുമായ അടിവസ്ത്രം ധരിക്കണം.
ആര്‍ക്കൊക്ക നോ സ്‌കാല്‍പല്‍ വാസക്ടമി ചെയ്യാം?
- ഇനിയും കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികള്‍
- ഹൃദ്രോഗം, ശ്വാസകോശ തകരാറുകള്‍, മറ്റ് ഗുരുതര രോഗങ്ങള്‍, വിളര്‍ച്ച, പ്രമേഹം, മാനസിക രോഗങ്ങള്‍ എന്നീ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉള്ള സ്ത്രീയാണെങ്കില്‍ അവരുടെ പങ്കാളി
- സിസേറിയന്‍ കഴിഞ്ഞിട്ടുള്ള സ്ത്രീയുടെ പങ്കാളി
- ജീവിതപങ്കാളിയെ ട്യൂബക്ടമിയുടെ അപകട സാധ്യതകളില്‍ നിന്നും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവ്
നോ സ്‌കാല്‍പല്‍ വാസക്ടമി ചെയ്യാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍
- വൃഷണങ്ങളിലോ തൊലിപ്പുറത്തോ അണുബാധ ഉണ്ടെങ്കില്‍
- ലൈംഗിക രോഗങ്ങള്‍ ഉണ്ടെങ്കില്‍
- വൃഷണങ്ങളില്‍ മുഴകളോ നീര്‍വീക്കമോ ഉണ്ടെങ്കില്‍
- മന്തുരോഗം ഉണ്ടെങ്കില്‍
- കാന്‍സര്‍ ഉണ്ടെങ്കില്‍
(കൊല്ലം ഇ.എസ്.ഐ. ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റാണ് ലേഖിക)
തയ്യാറാക്കിയത്: അനു സോളമന്‍
Content Highlights: How to do No-Scalpel Vasectomy, Male Sterilization, Vasectomy
Content Highlights: