മുടികൊഴിച്ചിൽ അസ്വാഭാവികമാണോയെന്ന് എങ്ങനെയറിയാം? സമ്മർദവും പോഷകഹാരക്കുറവും പ്രശ്നമാകാം

ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെ കാരണം മുടികൊഴിച്ചിൽ നേരിടുന്നവർ നിരവധിയാണ്. തല കുളിക്കുമ്പോഴും മുടി ചീകുമ്പോഴുമൊക്കെ സാധാരണത്തേതിലും കവിഞ്ഞ് മുടികൊഴിയുന്നുണ്ടെങ്കിൽ നിസ്സാരമാക്കരുത്. അതിനാദ്യം ഒരു ദിവസം എത്ര മുടി കൊഴിയുന്നതാണ് സാധാരണമെന്ന് മനസ്സിലാക്കണം. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പറയുന്നതുപ്രകാരം ദിവസവും അമ്പതുമുതൽ നൂറുമുടി വരെ കൊഴിയുന്നത് സാധാരണമായി കാണണം. എന്നാൽ മുടി കൊഴിച്ചിലിന്റെ അളവു കൂടുക, മുടിയുടെ കട്ടി കുറയുക തുടങ്ങിയവയുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
സമ്മർദവും രോഗങ്ങളുമൊക്കെ മുടികൊഴിച്ചിൽ കൂട്ടാനിടയാക്കും. ശരീരം കടുത്ത സമ്മർദ്ദത്തിലൂടെ കടന്നുപോകുമ്പോൾ താൽക്കാലികമായി മുടികൊഴിച്ചിൽ കൂടാമെന്ന് വിദഗ്ധർ പറയുന്നു. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ധാരാളം മുടിയിഴകൾ കൊഴിയുന്ന ഘട്ടത്തിലേക്ക് പോലും നയിക്കും. യോഗ, ചിട്ടയായ വ്യായാമം, ജേണലിംഗ് പോലുള്ള കാര്യങ്ങൾ പരിശീലിക്കുക.
ഭാരം കുറയുക, പ്രസവം, കടുത്ത പനി തുടങ്ങിയവയും മുടികൊഴിച്ചിലിലേക്കു നയിക്കാം. കടുത്ത അണുബാധ, തൈറോയ്ഡ് പ്രശ്നങ്ങൾ, വലിയ ശസ്ത്രക്രിയകൾ, പ്രസവം, കഠിനമായ ഡയറ്റുകൾ തുടങ്ങിയവയ്ക്കു പിന്നാലെയും ഇത്തരത്തിലുള്ള മുടികൊഴിച്ചിലുണ്ടാവാം.
പാരമ്പര്യമായി നേരത്തേ കഷണ്ടിയാകുന്നവരിലും ഹോർമോണൽ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിലും പോഷകാഹാരക്കുറവ് ഉള്ളവരിലും മുടികൊഴിച്ചിലുണ്ടാവാം. പോഷകാഹാരം തീരെ ഇല്ലാതിരുന്നാൽ ശരീരത്തിന് ആവശ്യമായ കലോറി ലഭിക്കാതിരിക്കും. മുടിയുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് മുട്ട, പയർവർഗങ്ങൾ, പാൽ, നട്സ്, സോയ തുടങ്ങിയ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ സ്രോതസ്സുകൾ കഴിക്കാം. ഇവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
ശരീരത്തിൽ അയേണിന്റെയും വിറ്റാമിൻ ഡിയുടെയും അളവ് കുറയുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ ഇലക്കറികൾ, ബീറ്റ്റൂട്ട്, ഈന്തപ്പഴം, പോഷകങ്ങൾ ചേർത്ത ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആവശ്യമെങ്കിൽ മാത്രം സപ്ലിമെന്റുകൾ കഴിക്കുന്നതും പരിഗണിക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്താൻ തൈര് പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യണം. ഇത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
മുടികൊഴിച്ചിൽ ദിവസങ്ങളോളം തുടരുകയാണെങ്കിൽ വിദഗ്ധ ഉപദേശം തേടി പരിഹാരം കണ്ടെത്താനും മറക്കരുത്. മുടികൊഴിച്ചിലിലേക്കു നയിക്കുന്നത് ഒന്നിലേറെ ഘടകങ്ങളായതിനാൽ അവയ്ക്ക് പ്രതിവിധി തേടലാണ് പ്രധാനം.
മുടികൊഴിച്ചിലിന് ചില പരിഹാരങ്ങൾ
- മുടിയിലെ നനവ് നീക്കാനും ചുരുട്ടാനും സ്റ്റൈലിങ്ങിനുമൊക്കെ ഹെയർ ഡ്രയറും കേളിങ് അയേണും സ്ട്രെയ്റ്റ്നറുമൊക്കെ ഉപയോഗിക്കുന്നത് മുടിയെ വരണ്ടതാക്കുകയും പെട്ടെന്ന് പൊട്ടാനിടയാക്കുകയും ചെയ്യും. അതിനാൽ മഴക്കാലത്ത് ഇവയുടെ ഉപയോഗം കുറയ്ക്കാം.
- നനഞ്ഞ മുടികെട്ടിവെക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. നനവോടെ മുടികെട്ടി വെക്കുന്നത് മുടി വലിയാനും അറ്റം പൊട്ടാനും കാരണമാകും. മുടികെട്ടിവെക്കും മുമ്പ് നനവ് പോയെന്ന് ഉറപ്പുവരുത്തുക. ശേഷം കെട്ടിവെക്കുമ്പോൾ മുറുകാതിരിക്കാനും ശ്രദ്ധിക്കണം.
- മുടിയിൽ എണ്ണതേച്ച് മസാജ് ചെയ്യുന്നത് ശിരോചർമത്തിൽ രക്തചംക്രമണം കൂട്ടാനും മുടി കരുത്താർന്നതാക്കാനും സഹായിക്കും. കൂടാതെ മുടി ദിവസവും കഴുകാനും ശ്രദ്ധിക്കുന്നതിലൂടെ ചെളിയും സ്വാഭാവിക എണ്ണയും അടിയുന്നത് ഒഴിവാക്കാം. അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടുതവണ കഴുകുകയും വേണം.
- വലിയ പല്ലുകൾ ഉള്ള ചീർപ്പ് ഉപയോഗിക്കുന്നതും മുടികൊഴിച്ചിൽ കുറയ്ക്കാൻ നല്ലതാണ്. ഇതിലൂടെ മുടി പൊട്ടാതിരിക്കും. കൂടാതെ അണുബാധ പകരാതിരിക്കാൻ സ്വന്തമായി ഉപയോഗിക്കുന്ന ചീർപ്പ് മറ്റുള്ളവർക്ക് പങ്കുവെക്കാതിരിക്കേണ്ടതും നിർബന്ധമാണ്.
- ഇതുകൂടാതെ പോഷകം നിറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ശ്രമിക്കണം. സമ്മർദമുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും വേണം.
- മറ്റുപലരോഗങ്ങളുമായി ബന്ധപ്പെട്ടും മുടികൊഴിച്ചിൽ കാണാം എന്നതുകൊണ്ട് അസാധാരണമായ രീതിയിൽ മുടികൊഴിച്ചിൽ പ്രകടമായാൽ വിദഗ്ധ നിർദേശം തേടാനും മടികാണിക്കരുത്.
Content Highlights: Explore the various causes of hair loss and learn effective prevention and treatment methods to maintain healthy hair and overall well-being.