കോവിഡിന് പിന്നാലെ എച്ച് 1 എന്‍ 1-ഉം എച്ച് 3 എന്‍ 2-വും വ്യാപിക്കുന്നു; മുഖാവരണം നിര്‍ബന്ധം

ആലപ്പുഴ: വേനല്‍ക്കാല രോഗങ്ങള്‍ക്കു പുറമേ വായുവിലൂടെ പകരുന്ന രോഗങ്ങളും ജില്ലയില്‍ പടരുന്നു. കോവിഡിനു പിന്നാലെ എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നീ രോഗങ്ങളാണു വ്യാപിക്കുന്നത്. മൂന്നും വായുവിലൂടെ പകരുന്നതായതിനാല്‍ മുഖാവരണം നിര്‍ബന്ധമായി ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ഏറെനാളത്തെ ഇടവേളയ്ക്കുശേഷമാണ് എച്ച് 1 എന്‍ 1 വ്യാപകമാകുന്നത്. രണ്ടാഴ്ചയ്ക്കിടെ എട്ടുപേര്‍ക്ക് രോഗം ബാധിച്ചു. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ രോഗം റിപ്പോര്‍ട്ടുചെയ്തു. തുടര്‍ന്ന് പ്രതിരോധ മരുന്നായ ഒസള്‍ട്ടാമിവര്‍ എല്ലാ സര്‍ക്കാരാശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. വായുവിലൂടെ പകരുന്ന എച്ച് 3 എന്‍ 2 വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. പനിക്കു പിന്നാലെയുള്ള ശ്വാസംമുട്ടലാണ് എച്ച് 3 എന്‍ 2 വൈറസ് ബാധിച്ച രോഗികളെ അലട്ടുന്നത്. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതാണ് പ്രധാന പ്രതിരോധമാര്‍ഗം. മറ്റുരോഗങ്ങളുള്ളവരെ ബാധിച്ചാല്‍ ഗുരുതരമാകും.
ഏതാനും മാസങ്ങളായി വിട്ടുനിന്ന കോവിഡും വീണ്ടും തലപൊക്കുന്നുണ്ട്. ഏറെക്കാലമായി അഞ്ചില്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍. എന്നാല്‍, കഴിഞ്ഞദിവസം പ്രതിദിനരോഗികള്‍ 10 കടന്നു. രോഗംവീണ്ടും വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റുരോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണം. വായുവിലൂടെ പകരുന്ന മൂന്നുരോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഏതാണ്ട് ഒരുപോലെയാണ്.
അതിനാല്‍ തൊണ്ടയിലെ സ്രവപരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
എച്ച് 1 എന്‍ 1: പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം, ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം കടുക്കാനിടയുണ്ട്.
എച്ച് 3 എന്‍ 2: നീണ്ടുനില്‍ക്കുന്ന പനി, വരണ്ട ചുമയും ശ്വാസംമുട്ടലും, കുളിര്, ഛര്‍ദി, തൊണ്ടവേദന, ശരീരവേദന, അതിസാരം.
കോവിഡ് 19 : പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസം മുട്ടല്‍.
ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍
-പൊതുസ്ഥലങ്ങള്‍, ബസ്, തീവണ്ടി യാത്രകളിലും മുഖാവരണം ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയുപയോഗിച്ചു മൂടുക.
-കണ്ണിലും മൂക്കിലും തൊടുന്ന ശീലം ഒഴിവാക്കുക. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ സോപ്പുപയോഗിച്ചു കഴുകുകയോ ചെയ്യുക. കൈകൊടുക്കല്‍ ഒഴിവാക്കുക.
-നിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്. വായുസഞ്ചാരം കുറഞ്ഞതും തിരക്കുള്ള മുറികള്‍, ഹാളുകള്‍ എന്നിവിടങ്ങളിലും കൂടുതല്‍ സമയം കഴിയരുത്.
-ധാരാളം വെള്ളംകുടിക്കുക. പനി, ചുമ, തൊണ്ടവേദന, തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ഛര്‍ദി തുടങ്ങിയവ കണ്ടാല്‍ ചികിത്സ തേടുക.
-പ്രായമായവര്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കുക.
-എലിപ്പനി പോലെയുള്ളവയ്ക്ക് പേശിവേദന മാത്രം ലക്ഷണമായി കാണാറുണ്ട്. അതിനാല്‍ പനി, പേശിവേദന തുടങ്ങിയവയുണ്ടെങ്കില്‍ ചികിത്സ തേടുക. സ്വയംചികിത്സ പാടില്ല.
Content Highlights: H1N1 and H3N2 spread after covid face covering is mandatory