'മരിച്ച' തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാനാകുമോ?; എപ്പോഴാണ് ഒരു മനുഷ്യൻ മരിച്ചെന്ന് വിധിയെഴുതാനാകുക?

ഹൃദയമിടിപ്പ് നിലയ്ക്കുന്നതാണ് മരണത്തിന്റെ ആത്യന്തിക ലക്ഷണമായി കരുതാറ്, പള്‍സ് ഇല്ലാതാകുന്നതും. എന്നാല്‍, പൂര്‍ണമായ മരണം സംഭവിച്ചുകഴിഞ്ഞോ? ചോദ്യം സംഗതമാണ്. ആധുനികപരീക്ഷണങ്ങള്ക്ക് ചിലതു വാദിക്കാനുണ്ട്. തലച്ചോര്‍ മരിച്ചോയെന്ന് തീര്‍പ്പാക്കണ്ടേ?
പഠനം പുറത്തുകൊണ്ടുവന്നത്
ഈയിടെ യേല്‍ യൂണിവേഴ്സിറ്റിയില്നടന്ന പഠനം മരണത്തിന്റെ നിര്‍വചനം മാറ്റിമറിക്കാന്പോന്നതാണ്. മൃഗക്കശാപ്പുശാലയില്നിന്ന് ലഭിച്ച ഒരു പന്നിയുടെ തല നാലുമണിക്കൂര്മുന്പ് വെട്ടിമാറ്റിയതാണ്. ഈ തല പുനഃപ്രവര്‍ത്തനം ചെയ്യിക്കാന്‍ സാധിച്ചെന്നുള്ള വാര്‍ത്ത അതിശയോക്തികലര്ന്നതൊന്നുമല്ല. ആ യൂണിവേഴ്സിറ്റിയിലെ ന്യൂറോസയന്റിസ്റ്റ് ഡോ. സ്വോനിമിര്‍ വൃസല്യയും കൂട്ടരും ഈ തലച്ചോറില്‍ ജീവദായകമായ ചില ലായനികള്‍ രക്തക്കുഴലുകളിലേക്ക് പായിക്കുകയും താമസിയാതെ തലച്ചോറിലെ ന്യൂറോണുകള്‍ ജീവത്തുടിപ്പ് പ്രകടിപ്പിച്ചുതുടങ്ങി എന്ന് നിരീക്ഷിക്കുകയും ചെയ്തു. അവ പുതിയ പ്രോട്ടീനുകള്‍ നിര്‍മിച്ചുതുടങ്ങി, മറ്റെല്ലാ ജീവലക്ഷണങ്ങളും പ്രകടമായിത്തുടങ്ങി. ആ തലച്ചോറിന് പൂര്‍ണമായും ജീവന്വെച്ചോ, ഇല്ലതന്നെ, പക്ഷേ അത് ഒരു മരിച്ച തലച്ചോറ് അല്ലതന്നെ. മെഡിക്കല്ലോകത്ത് വന്‍ ഷോക്ക് തരംഗങ്ങള്‍ ആഞ്ഞടിച്ചു, ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍.
ഇപ്പോള്‍ ഈ ശാസ്ത്രജ്ഞര്‍ ഇതേ പരീക്ഷണം മനുഷ്യമസ്തിഷ്കത്തിലും പ്രയോഗിച്ചുതുടങ്ങിയിരിക്കുന്നു. മരിച്ച തലച്ചോറിനു പുനരുജ്ജീവനം നല്കപ്പെടുക എന്നത് സാധ്യമാകുകയാണെങ്കില്‍ അത് വിപ്ലവാത്മകമായിരിക്കും, തീര്‍ച്ചയായും. പലമരുന്നുകളും പരീക്ഷിക്കപ്പെടാം, മനുഷ്യരില്‍ നടപ്പാക്കാന്‍ ഇതുവരെ സാധിക്കാത്ത പലപരീക്ഷണങ്ങളും നടത്തപ്പെടാം. അങ്ങനെ വിപുലമായതും നിര്‍ണായകമായതുമായ മെഡിക്കല്‍ വിപ്ലവങ്ങള്‍ക്കാണ് സാധ്യതയേറുന്നത്.
മറ്റ് അവയവങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടപ്പായിട്ടുണ്ട്, പ്രത്യേകിച്ചും അവയവമാറ്റ ശസ്ത്രക്രിയയില്‍ പക്ഷേ, ഇതിലൊക്കെയും പ്രധാനമായത് മരിച്ചു എന്ന് തീര്പ്പുകല്പിക്കപ്പെട്ടവരുടെ തലച്ചോറിനു പുതുജീവന്നല്കി അവര്‍ക്ക് പുതിയജീവിതം നല്കപ്പെടാനുള്ള സാധ്യതതെളിയുന്നതാണ്. പക്ഷേ, ഇതില്‍ ധാര്‍മികമായ ധാരാളം ചോദ്യങ്ങളും പ്രശ്നങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ഇപ്പോള്‍ ഉദിക്കുന്ന ചോദ്യം ഇതാണ്: എപ്പോഴാണ് ഒരു മനുഷ്യന് ശരിക്കും മരിച്ചു എന്ന് വിധിയെഴുതാവുന്നത്? എന്താണ് ജീവന്, എന്താണ് മരണം? പുനര്‍നിര്‍വചിക്കേണ്ട കാലമായോ? ശ്വാസം നിലയ്ക്കുന്നതാണോ മരണത്തിന്റെ ലക്ഷണം? പള്‍സ് ഇല്ലാതെയാകുന്നത്? ഹൃദയമിടിപ്പ് നിശ്ശബ്ദമാകുന്നത്?
ബോധജ്ഞാനത്തിന്റെ തരംഗങ്ങള്‍
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇങ്ങിനിവരാത്തവണ്ണം പാടേ നിലച്ചു എന്ന് ഉറപ്പുവരുത്തുന്നതാണ് പല രാജ്യങ്ങളിലും മരണത്തിന്റെ മെഡിക്കല്‍ തീര്‍പ്പ്. 'ഇങ്ങിനിവരാത്തവണ്ണം' എന്നത് ശ്രദ്ധിക്കുക. കാരണം ഹൃദയമിടിപ്പ് നിലച്ചുകഴിഞ്ഞശേഷം തലച്ചോറിന് എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പുതിയ അറിവുകള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. തലച്ചോറിലേക്ക് രക്തമെത്താതെ, ഓക്സിജന്‍ കിട്ടാതെ അത് ഉടന്‍ പാടേ പ്രവര്ത്തനരഹിതമാകുകയല്ല, പ്രത്യുത, ഒരു അവസാന രക്ഷപ്പെടല്ശ്രമം എന്നരീതിയില്‍ തലച്ചോറ് ഒരു ഉഗ്രന്‍ പ്രകടനംതന്നെ നടത്തുന്നുണ്ടത്രേ.
യന്ത്രസഹായത്തോടെ ജീവന് നിലനിര്‍ത്തിക്കൊണ്ടിരുന്ന, തലച്ചോര്‍ മിക്കവാറും മിനിമം പ്രവര്‍ത്തനരീതിയില്‍ ആയിക്കഴിഞ്ഞ (Life Support System) രോഗികളുടെ ഹൃദയമിടിപ്പു തീരുന്നതോടേ തലച്ചോറിലെ പല കേന്ദ്രങ്ങളും മുന്പില്ലാതിരുന്നതുപോലെ ഉണര്ന്നുപിടയ്ക്കുമത്രേ. ഇത് ഇന്നത്തെ ഇലക്ട്രോണിക് തന്ത്രങ്ങളാല്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ബോധജ്ഞാനത്തിന്റെ കേന്ദ്രങ്ങള്‍ കൂടുതല്‍ ഉത്സാഹത്തിലാകുന്നു, ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള 'ഗാമാ തരംഗങ്ങള്‍', ബോധജ്ഞാനത്തിന്റെ ഉണര്‍ച്ചയുടെ ലക്ഷണമാണ് ഈ കേന്ദ്രം പുറപ്പെടുവിക്കുന്നത്. ഓര്‍മ്മയുടെയും നിരീക്ഷണപാടവത്തിന്റെയും കേന്ദ്രങ്ങള്‍ ആറുമിനിറ്റോളം ഉണരുന്നു, ഹൃദയത്തിനു ചില സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിക്കുന്നു, ഇങ്ങനെ മസ്തിഷ്കം മരണത്തെ ജയിക്കാന്‍ വെമ്പുകയാണ്. ചിലപ്പോള്നേരത്തേയുണ്ടായിരുന്ന മന്ദീഭവിച്ച പ്രവര്‍ത്തനങ്ങള്‍ 12 മടങ്ങ് ഊര്‍ജസ്വലതയോടെയാണ് ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നത്.
ഹൃദയം നിലച്ചവരെ ഉണര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ (resuscitation) അവരുടെ തലച്ചോറില്‍ ഒരു മണിക്കൂറിനുശേഷവും അവബോധലക്ഷണങ്ങള് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടത്രേ . ഈ നിരീക്ഷണങ്ങള്‍ നടത്തപ്പെട്ട രോഗികള്‍ താമസിയാതെ മരിച്ചുപോയതുകൊണ്ട് എന്താണ് കൃത്യമായിട്ട് അവരുടെ അനുഭവങ്ങള്‍ എന്ന് അറിയാനും കഴിയുന്നില്ല.
തലച്ചോര്‍ പഠനങ്ങളുടെ പുതിയ മാനദണ്ഡങ്ങള്‍
ഇപ്രകാരം ജീവനും മരണവും കറുപ്പും വെളുപ്പുംപോലെ ഒരു 'ബൈനറി'യില്‍ പ്രാവര്‍ത്തികമാകുന്നതല്ല എന്നാണ് ആധുനികശാസ്ത്രം മനസ്സിലാക്കുന്നത്. ഹൃദയം നിലച്ചാലും അവബോധം നിലനില്ക്കുന്നു എന്നത് പുതിയമാനങ്ങളാണ് തലച്ചോര്‍ പഠനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ഓക്സിജന്‍ ഇല്ലാതെ പത്തുമിനിറ്റില്ക്കൂടുതല് തലച്ചോര്‍ പ്രവര്‍ത്തിക്കുകയില്ല. പലപ്പോഴും പുനരുജ്ജീവിക്കപ്പെട്ടവര്ക്ക് തലച്ചോര്‍ പ്രവര്‍ത്തനങ്ങളില്‍ അപാകം കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണം പെട്ടെന്ന് രക്തസഞ്ചാരം സംഭവിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ്, ഓക്സിജന്‍ ഇല്ലാതെ ന്യൂറോണുകള്‍ക്ക് ക്ഷതമേറ്റതിനാല്മാത്രം അല്ലത്രേ. രക്തമോ മറ്റു ലായനികളോ ധമനികള്വഴി തലച്ചോറില്‍ സഞ്ചരിക്കാന്‍ അനുവദിക്കുമ്പോഴുള്ള ആഘാതത്താലാണത്രേ ഇത്തരം ക്ഷതങ്ങള്‍ സംഭവിക്കുന്നത്. 'Reperfusion injuries' എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ഇന്ന് ഈ ലായനികള്‍ പുതുക്കിയെടുത്തിട്ടുണ്ട്, തലച്ചോര്‍ ക്ളിഷ്ടതകൂടാതെ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ പാകത്തില്‍. 'BrainEx' എന്ന ഒരു യന്ത്രവും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്, തലച്ചോറിനെ ഉണര്‍വില്‍ നിലനിര്‍ത്താനായിട്ട്. പന്നികളില്‍ പരീക്ഷിക്കപ്പെട്ട ഈ യന്ത്രം ഇന്ന് മനുഷ്യന്റെ തലച്ചോറിനെ ഉണര്‍ത്തിനിര്‍ത്താന്‍ സഹായകമാകുന്നുണ്ട്.
പലമരുന്നുകളും, പ്രത്യേകിച്ചും അല്‍ഷിമേഴ്സ് അസുഖത്തിനും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും വേണ്ടവ പരീക്ഷിക്കപ്പെടാന്‍ ഇന്ന് മരിച്ചവരില്‍നിന്ന് ഉണര്‍ത്തിയെടുത്ത തലച്ചോറ് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. യേല്‍ യൂണിവേഴ്സിറ്റിയിലെ വൃസല്യയും കൂട്ടരും 24 മണിക്കൂര്‍വരെ മനുഷ്യമസ്തിഷ്കം 'ജീവനോടെ' നിലനിര്‍ത്തിയിട്ടുണ്ട്. അതില്‍ക്കൂടുതല്‍ സമയത്തേക്ക് ഉണര്‍വ് നിലനിര്‍ത്താന്‍ സാധ്യമാണ്, പക്ഷേ അതിന് ഇന്ന് ശാസ്ത്രജ്ഞര്‍ ഒരുമ്പെടുന്നില്ല. കാരണം തീവ്രതരമായ ധാര്‍മികപ്രശ്നങ്ങള്‍ക്ക് കാരണമായേക്കും,
അമരത്വം കൈവരുമോ
ഈ തലച്ചോറുകള്‍ അവബോധം നിര്‍മിച്ചെടുക്കുകയോ ഓര്‍മ്മകള്‍ തിരിച്ചെടുക്കുകയോ മറ്റ് ബോധജ്ഞാനസവിശേഷതകള് ആര്‍ജിക്കുകയോ ചെയ്താല്‍. മരിച്ചയാള്‍ തിരിച്ചുവരുകയാണോ അപ്പോള്‍? അമരത്വം (immortaltiy) എന്ന അസുലഭത കൈവരുകയാണോ? ജീവനുള്ള ഒരു തലച്ചോര്‍ ഒരു പെട്ടിയില്‍ സൂക്ഷിക്കപ്പെടുന്നു എന്ന സത്യം ഭീതിദമല്ലേ? എന്നാല്‍, ഇന്ന് മരണശേഷം ഭാവിയില്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നു കരുതി പലരും വന്‍രീതിയില്‍ പണംമുടക്കാന്‍ തയ്യാറാണ്, അവരുടെ തലച്ചോര്‍ സൂക്ഷിക്കപ്പെടാന്‍. ധാര്‍മികം മാത്രമല്ല നിയമപരമായ, സാമൂഹികമായ നൂലാമാലകളിലേക്കും പ്രശ്നം വ്യാപരിക്കാന്‍ സാധ്യതകളേറെ. ഹൃദയസ്തംഭനം വന്നവരെയോ അപകടത്തില്പ്പെട്ടവരെയോ രക്ഷിച്ചെടുക്കാന്മാത്രം ഈ തന്ത്രം ഉപയോഗിക്കുമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ എടുക്കുന്ന തീരുമാനം.
BrainEx പോലെ മറ്റ് അവയവങ്ങളെ ജീവല്ത്തുടിപ്പോടെ സൂക്ഷിക്കാന്‍ ഇന്ന് OrganEx എന്ന മെഷീനും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഹൃദയസ്തംഭനം സംഭവിച്ചവരുടെ ശരീരം മുഴുവന്‍ മേല്‍ച്ചൊന്ന ലായനിയാല്‍ ഉണര്ത്തിനിര്ത്താനുള്ള സംരംഭങ്ങളും തുടങ്ങിക്കഴിഞ്ഞു. 'Cotnrolled automated reperfusion of the whole body' അല്ലെങ്കില്‍ ഇഅഞഘ എന്ന യന്ത്രാവിഷ്കാരം. ചിലരെ രക്ഷപ്പെടുത്തിക്കഴിഞ്ഞു ഈ യന്ത്രം. ഹൃദയമിടിപ്പ് ഇനി വരാത്തവണ്ണം നിലച്ചു എന്നതുകൊണ്ട് ആള് മരിച്ചു എന്ന് പ്രഖ്യാപിക്കാന്വരട്ടെ എന്നാണ് ശാസ്ത്രജ്ഞരുടെ നിലപാട്.
(യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ മുന്‍ സീനിയര്‍ സയന്റിസ്റ്റായ ലേഖകന്‍ ഷിക്കാഗോയിലെ ട്രൈറ്റണ്‍ കോളേജിലെ അജങ്റ്റ് പ്രൊഫസറാണ്)
Content Highlights: ethiran kathiravan science talk death and rejuvenation of brain