ഭക്ഷണശേഷം ഉടൻ ടോയ്‌ലറ്റിലേക്ക് ഓടേണ്ടിവരാറുണ്ടോ? കാരണവും പരിഹാരവും അറിയാം

#ഡോ. ജെഫി ജോർജ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്ഷണം കഴിച്ച് മേശയിൽ നിന്ന് എഴുന്നേൽക്കുന്ന മുറയ്ക്ക് തന്നെ വയറിന്റെ ‘അലാറം’ മുഴങ്ങുന്നത് പലർക്കും അനുഭവപ്പെടാറുണ്ട്. ഉടൻ തന്നെ ടോയ്‌ലറ്റിലേക്കൊരു ഓട്ടം നടത്തേണ്ടിവരുന്ന അവസ്ഥ പലർക്കും സാധാരണമാണ്. ചിലർക്കത് ഒരു തമാശാവിഷയമായി തോന്നിയേക്കാമെങ്കിലും, ഇത് സ്ഥിരമായി ആവർത്തിക്കുന്നുണ്ടെങ്കിൽ അത് ആരോഗ്യസംബന്ധമായ ഒരു സൂചനയായിരിക്കാം.

ഭക്ഷണം ആമാശയത്തിൽ കടന്നുവരുന്ന നിമിഷം തന്നെ വൻകുടലിൽ ചലനം ആരംഭിക്കുന്ന സ്വാഭാവിക പ്രതികരണത്തെയാണ് ഗാസ്‌ട്രോ-കോളിക് റിഫ്ലക്സ് അഥവാ ഗ്യാസ്ട്രോകോളിക് റെസ്പോൺസ് എന്ന് പറയുന്നത്. എന്നാൽ ചിലരിൽ ഈ റിഫ്ലക്സ് അമിതമായി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, ഭക്ഷണശേഷം ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകാം. അമിതമായ മാനസിക സമ്മർദ്ദം, കൂടുതൽ മസാലകൾ അടങ്ങിയ ഭക്ഷണം, ജങ്ക് ഫുഡ്, അളവിലധികം ഭക്ഷണം കഴിക്കുക എന്നിവ ഇത്തരത്തിലുള്ള അനുഭവങ്ങളെ വർധിപ്പിക്കുന്നു.

ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) എന്ന ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ അവസ്ഥയും ഇതിന് പിന്നിലെ മറ്റൊരു പ്രധാന കാരണമായേക്കാം. IBS ഉള്ളവരിൽ ഭക്ഷണം കഴിച്ചതിന് ശേഷം ഉടൻ വയറുവേദനയും വയറിളക്കവും അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത് പലപ്പോഴും മാനസിക സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുടെ ഫലമായിരിക്കാം. കൂടാതെ പാൽ, ബ്രെഡ്, മൈദ, ഗോതമ്പ് എന്നിവയിൽ അടങ്ങിയ ചില ഘടകങ്ങൾ ഈ പ്രശ്നത്തെ മൂർച്ഛിപ്പിക്കാറുണ്ട്. ലാക്ടോസ് ഇന്റോളറൻസ്, ഗ്ലൂട്ടൺ സെൻസിറ്റിവിറ്റി തുടങ്ങിയ അവസ്ഥകൾ ആമാശയത്തെയും കുടലിനെയും ബാധിക്കും.

കാപ്പി, ചായ, മദ്യം പോലുള്ള പാനീയങ്ങൾ പതിവായി ഉപയോഗിക്കുന്നവർക്കും ഇത് അനുഭവപ്പെടാം. കാരണം ഇവ കുടലിലെ ചലനങ്ങളെ വേഗത്തിലാക്കുന്നു.

ചില സാഹചര്യങ്ങളിൽ ഭക്ഷ്യവിഷബാധയോ ദീർഘകാല ആന്റിബയോട്ടിക് ഉപയോഗമോ കാരണം കുടലിലെ ഗുണകരമായ ബാക്ടീരിയകളിൽ അസന്തുലിതാവസ്ഥ ഉണ്ടാകുകയും, തുടർന്ന് ഭക്ഷണം കഴിക്കുന്നതോടെ വയറിളക്കം അനുഭവപ്പെടുകയും ചെയ്യാം.

ഒരു വ്യക്തിക്ക് തന്റെ ദഹനപ്രക്രിയ സാധാരണ ഗതിയിൽ നിന്ന് വ്യതിചലിക്കുന്നതായി തോന്നുന്നുവെങ്കിൽ, അതായത് കഠിനമായ വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, ശരീരഭാരത്തിൽ കുറവ്, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കൂടെയുണ്ടാകുന്നുണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണേണ്ടതാണ്. കാരണം ചില സാഹചര്യങ്ങളിൽ ഇത് ക്രോൺസ് രോഗം, അൾസറേറ്റീവ് കൊളൈറ്റിസ്, സീലിയാക് രോഗം, കോളൻ കാൻസർ എന്നിവ പോലുള്ള ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിമാറിയേക്കാം.

ഭക്ഷണം പതുക്കെ കഴിക്കുന്ന ശീലമാണ് ഉചിതം. കാരണം വേഗത്തിൽ ഭക്ഷണം കഴിച്ചു തീർക്കുന്ന ശീലം ഗട്ടിലെ റിഫ്ലക്സ് ശക്തമാക്കും. നന്നായി ചവച്ച്, സമയം എടുത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ ഈ അസൗകര്യം കുറയാം.

കുടലിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക് ഭക്ഷണങ്ങൾ സഹായകരമാണ്. തൈര്, മോര്, ഫെർമെന്റഡ് ഭക്ഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമായ ബാക്ടീരിയകളുടെ നിലനിൽപ്പിനെ പിന്തുണയ്ക്കുന്നു.

ഏത് ഭക്ഷണം പ്രശ്നം സൃഷ്ടിക്കുന്നു എന്ന് തിരിച്ചറിയാൻ ഫുഡ് ഡയറി സൂക്ഷിക്കുന്നത് നല്ലതാണ്. കൂടുതൽ കാപ്പി, ചായ, മദ്യം എന്നിവ നിയന്ത്രിക്കുന്നതും അതുപോലെ ദിനംപ്രതി ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഏറെ സഹായകരമാണ്, കാരണം തുടർച്ചയായ വയറിളക്കത്തിൽ ശരീരത്തിന് വെള്ളവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും.

മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും വളരെ നിർണ്ണായകമാണ്. യോഗ, മെഡിറ്റേഷൻ, പ്രായാണാമം എന്നിവ ദഹനത്തെ സന്തുലിതമാക്കാൻ സഹായിക്കും.

ചിലർക്കു ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടിവരുന്നത് അവരുടെ സ്വഭാവമായിരിക്കാം. എന്നാൽ അത് ജീവിതനിലവാരത്തെ ബാധിക്കുന്നുണ്ടോ, അമിത ക്ഷീണവും ഭാരം കുറയലും കൂടെ അനുഭവപ്പെടുന്നുണ്ടോ എന്നത് ശ്രദ്ധിക്കണം. ഇതിനെ അവഗണിക്കാതെ ശരിയായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കേണ്ടതാണ്. ശരിയായ ഭക്ഷണക്രമവും മാനസികാരോഗ്യ പരിപാലനവും ഉൾപ്പെടെ എല്ലാം ചേർന്നാലാണ് ശാശ്വതമായ പരിഹാരം കൈവരിക്കുക. നമ്മുടെ ശരീരം നൽകുന്ന ചെറിയ സൂചനകളെ പോലും ലഘൂകരിച്ച് കാണുന്നുവെങ്കിൽ, നാളെ അത് വലിയ പ്രശ്നങ്ങളായി മാറിയേക്കാം.

(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)

Content Highlights: Feeling an urgent need to go after meals? Discover the common causes of the gastro-colic reflex and how to manage it for better digestive health. Learn about IBS & more.