'ആദ്യമായാണ് ചെയ്യുന്നതെന്ന് മറക്കും, മനശ്ചാഞ്ചല്യമുണ്ടാകാതിരിക്കാന് മനസ്സിനെ പാകപ്പെടുത്തും'

തലക്കനങ്ങളൊന്നുമില്ലാത്ത പെരുമാറ്റമെന്നാണ് അന്തരിച്ച ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം. ചെറിയാനെക്കുറിച്ച് അറിയുന്നവര്‍ക്കെല്ലാം പറയാനുള്ളത്. ഇന്ത്യയിലെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപ്പാസ് സര്‍ജറി നടത്തിയ കെ.എം. ചെറിയാനെ രാജ്യം പദ്മശ്രീ നല്കി ആദരിച്ചിരുന്നു. രാഷ്ട്രപതിയുടെ ഓദ്യോഗിക ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ കോട്ടൂരേത്ത് വീട്ടില്‍ മാമ്മന്റേയും മറിയാമ്മയുടേയും മകനായി ജനനം. പിതാവ് എസ്റ്റേറ്റിലെ തൊഴിലാളിയും മാനേജരുമായിരുന്നു. അമ്മ മറിയാമ്മ വീട്ടമ്മ. പഠിച്ചതും വളര്‍ന്നതുമൊക്കെ കായംകുളത്തുള്ള അമ്മവീട്ടില്‍. കോട്ടുരേത്ത് മാമ്മന്‍ ചെറിയാന് എന്നാണ് മുഴുവന്‍ പേര്.
വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ സര്‍ജറിയില്‍ ലക്ചററായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1970-ല്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറി. 1973-ല്‍ കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ എഫ്.ആര്.എ.സി.എസ്. പൂര്‍ത്തിയാക്കി. പിന്നീട് ന്യൂസിലന്‍ഡിലേക്കും അമേരിക്കയിലേക്കും കുടിയേറിയ അദ്ദേഹം ബര്ഹിങ്ങാമില് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി സ്പെഷ്യല്‍ ഫെല്ലോയായി പ്രവര്‍ത്തിച്ചു.
ഓസ്ട്രേലിയയില്‍ വലിയ ശമ്പളത്തില്‍ ജോലിചെയ്യുമ്പോഴാണ് ഇന്ത്യയില്‍ തിരിച്ചെത്തി ചെന്നൈ പേരാമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചെറിയശമ്പളത്തില് അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. അവിടെവെച്ചാണ് 1975-ല്‍ ഇന്ത്യയിലെ ആദ്യ ബൈപ്പാസ് ശസ്ത്രക്രിയ നടത്തുന്നത്. രാജ്യത്തെ ആദ്യ ഹാര്‍ട്ട്- ലങ് ട്രാന്‍സ്പ്ലാന്റും പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറിയും നടത്തിയത് കെ.എം. ചെറിയാനാണ്. അവയവദാനത്തിന് മസ്തിഷ്കമരണം നിയമപരമാക്കുന്നതില്‍ കെ.എം. ചെറിയാന് മുന്‍കൈ എടുത്തു. സ്വകാര്യമേഖലയിലെ ആദ്യ ഹൃദയമാറ്റശസ്ത്രക്രിയ നടത്തിയതും അദ്ദേഹമാണ്.
പിന്നീട് ബഹുമതികളായി തീര്‍ന്നെങ്കിലും ചികിത്സയില്‍ ആദ്യമായി പലതും പരീക്ഷിക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് ചെറിയാന്‍തന്നെ പറഞ്ഞിട്ടുണ്ട്. പല ശസ്ത്രക്രിയകള്‍ക്കും മുമ്പ് കേള്‍ക്കുന്ന പ്രധാനചോദ്യം, നിങ്ങളിത് മുമ്പേ ചെയ്തിട്ടുണ്ടോ എന്നായിരിക്കും. ഇതിന് ഉത്തരം നല്‍കുക ശ്രമകരമായിരുന്നു. രാജ്യത്തുതന്നെ ആദ്യമായാണ് പലതും ചെയ്തതെന്ന് പറയുന്നതോടൊപ്പം തന്നെ രോഗിയുടെ ജീവരക്ഷയ്ക്കായി മറ്റുവഴികളില്ലെന്ന് ബോധ്യപ്പെടുത്തുന്നത് വെല്ലുവിളിയായിരുന്നു. പല ശസ്ത്രക്രിയകളും നടത്തുന്ന ആ സമയം മുതല്‍ അവസാനിക്കുന്നത് വരെ, തങ്ങളിത് ആദ്യമായാണ് ചെയ്യുന്നത് എന്ന് ചെറിയാന് മറക്കും. ആദ്യമായാണ് ചെയ്യുന്നത് എന്ന ബോധം കയറിവന്നാല്‍, മനശ്ചാഞ്ചല്യമുണ്ടാവും. അതിന് ഇടവരാതിരിക്കാന്‍ മനസിനെ പാകപ്പെടുത്തേണ്ടിയിരുന്നു, അദ്ദേഹം പറയുന്നു.
'ജസ്റ്റ് ആന്‍ ഇന്‍സ്ട്രുമെന്റ്' എന്നാണ് കെ.എം. ചെറിയാന്റെ ആത്മകഥയുടെ പേര്. താന്‍ ചെയ്യുന്ന ജോലി ദൈവികമായി കരുതിയ ചെറിയാന്, അത് നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഒരുപകരണം മാത്രമാണ് താനെന്ന് പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നു. മദര്‍ തെരേസയുമായുണ്ടായിരുന്ന തന്റെ ബന്ധത്തെക്കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ ഓര്‍മിക്കുന്നുണ്ട്. മദര്‍ തെരേസ തന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചതായി അദ്ദേഹം കരുതുന്നു.
Content Highlights: Dr. KM Cherian, who performed India`s first coronary artery bypass surgery