‘നിങ്ങളുടെ ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും’; 'ട്രാഫിക്കി'ല്‍ കൈയടിനേടിയ ആ ഡയലോഗ്‌ ഡോ. ചെറിയാന്റേത്‌

#സുനീഷ് ജേക്കബ് മാത്യു
ഡോ.കെ.എം. ചെറിയാന്‍, ട്രാഫിക്കില്‍ ജോസ് പ്രകാശ്‌ | Photo: Mathrubhumi Archives, YouTube/ TVNXT Malayalam
ഡോ.കെ.എം. ചെറിയാന്‍, ട്രാഫിക്കില്‍ ജോസ് പ്രകാശ്‌ | Photo: Mathrubhumi Archives, YouTube/ TVNXT Malayalam

ചെന്നൈ: വിദേശത്തുനിന്ന് ആർജിച്ച അറിവിന്റെയും അനുഭവത്തിന്റെയും പിൻബലത്തിൽ രാജ്യത്തെ ആദ്യ കൊറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തി ചരിത്രത്തിലേക്ക് ചുവടുവെക്കുമ്പോൾ ഡോ. കെ.എം. ചെറിയാന് പ്രായം 32. ഇന്ത്യൻ റെയിൽവേയിൽ ഡ്രാഫ്റ്റ്മാനായി ജോലിചെയ്തിരുന്ന കാജ മൊയ്തീൻ എന്ന 42-കാരനായിരുന്നു ശസ്ത്രക്രിയക്ക്‌ വിധേയനായത്. ചികിത്സ വിജയകരമായി പൂർത്തിയാക്കിയതോടെ രാജ്യം ഡോ. ചെറിയാനെ ഉറ്റുനോക്കി. പെരമ്പൂരിൽ ആരാലും അറിയപ്പെടാതെകിടന്ന റെയിൽവേ ആശുപത്രി മികവിന്റെ കേന്ദ്രമായി.

കോട്ടൂരേത്ത് മാമ്മൻ ചെറിയാൻ എന്ന കെ.എം. ചെറിയാൻ 1942 മാർച്ച് എട്ടിന് കായംകുളത്താണ് ജനിച്ചത്. യു.എസിലും ഓസ്‌ട്രേലിയയിലും അതിമോഹനമായ ജോലിസാധ്യതയുണ്ടായിരുന്നിട്ടും നാടിനെ മറക്കാൻ കഴിയാത്തതിനാലാണ് താൻ തിരിച്ചുവന്നതെന്ന് പലപ്പോഴും ഡോ. ചെറിയാൻ പറഞ്ഞിട്ടുണ്ട്.

റെയിൽവേയിൽ സ്പെഷ്യാലിറ്റി സർജൻ എന്ന പദവിയിൽ നിയമനം നൽകാമെന്ന വാഗ്ദാനം ലഭിച്ചു. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സ്ഥിതിമാറി. നിരാശതോന്നിയെങ്കിലും പെരമ്പൂരിലെ റെയിൽവേ ആശുപത്രിയിൽ താത്കാലിക ഡോക്ടർ എന്ന വളരെ ചെറിയപദവി സ്വീകരിക്കുകയായിരുന്നു. ജോലിയിൽ പ്രവേശിച്ച് നാലാംദിവസംതന്നെ ആദ്യ ബൈപ്പാസ് ശസ്ത്രക്രിയ നടത്തി.

രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ ചരിത്രം എഴുതി. പിന്നീട് 4.5 കിലോ ഗ്രാം ഭാരമുള്ള ചെറിയ കുട്ടിയ്ക്ക് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതും അന്നത്തെ അപൂർവ സംഭവമായി. ആശുപത്രിയുടെ തൊട്ടടുത്തുതന്നെ താമസിച്ചിരുന്ന ഡോ. ചെറിയാൻ അടിയന്തര ആവശ്യം വരുമ്പോൾ ലുങ്കി ധരിച്ച് ആശുപത്രിയിലേക്ക് ഓടിയെത്തുമായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ ജന്മസ്ഥലമായ ഗ്രീസിലെ കോസ് ദ്വീപിലെ കല്ലുകളിലൊന്നിൽ ഡോ. ചെറിയാന്റെ പേര് കൊത്തിവെച്ചിട്ടുണ്ട്.

വെള്ളിത്തിരയിൽ കൈയടിനേടിയ വാചകം ഡോ. ചെറിയാന്റേത്‌

‘നിങ്ങൾ ഒരു നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരുദിവസത്തെയുംപോലെ ഈദിനവും കടന്നുപോകും, മറക്കപ്പെടും. പക്ഷേ, നിങ്ങളുടെ ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും’ -14 വർഷം മുൻപ്‌ പുറത്തിറങ്ങിയ ‘ട്രാഫിക്’ എന്ന മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഡയലോഗാണിത്. ജോസ് പ്രകാശ് അവതരിപ്പിച്ച ഡോക്ടർ കഥാപാത്രമാണ് സിനിമയിൽ ഈ ഡയലോഗ് പറഞ്ഞത്. എന്നാൽ, യഥാർഥജീവിതത്തിൽ ഇതേഡയലോഗ് പറഞ്ഞത് ഡോ. കെ.എം. ചെറിയാനായിരുന്നു.

ചെന്നൈയിൽനടന്ന ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് സിനിമ നിർമിച്ചത്. ഡോ. ചെറിയാന്റെ നേതൃത്വത്തിലുള്ള ചെന്നൈയിലെ ഫ്രോണ്ടിയർ ലൈഫ്‌ലൈൻ ആശുപത്രിയിലാണ് സംഭവം നടന്നത്. മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയം തേനാംപേട്ടുള്ള അപ്പോളോ ആശുപത്രിയിൽനിന്ന് 13 കിലോമീറ്ററോളം ദൂരെയുള്ള ഫ്രോണ്ടിയർ ലൈഫ്‌ലൈൻ ആശുപത്രിൽ വേഗത്തിലെത്തിക്കണം. അവിടെയാണ് ഹൃദയംമാറ്റിവെക്കലിന് വിധേയയാകുന്ന പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെന്നൈ മഹാനഗരത്തിലെ ഗതാഗതത്തിരക്കിനിടെ ഇത് സാധ്യമല്ല. അപ്പോഴാണ് ഡോ. ചെറിയാൻ രംഗത്തിറങ്ങിയത്.

ട്രാഫിക്കിന്റെ ചുമതലയുള്ള ജോയിന്റ് കമ്മിഷണർ സുനിൽകുമാറുമായി ഡോ. ചെറിയാൻ നടത്തിയ സംഭാഷണമാണ് പിന്നീട് സിനിമയിൽ ഏറ്റവും ശ്രദ്ധേയമായ സീനായി മാറിയത്. ചെന്നൈയിൽ ആദ്യമായി മറ്റുവാഹനങ്ങൾ നിയന്ത്രിച്ച് ട്രാഫിക് പോലീസ് ഹരിത ഇടനാഴി തയ്യാറാക്കി. ഇതിലൂടെ അതിവേഗത്തിൽ ആംബുലൻസ് ഓടിച്ച്‌ ഫ്രോണ്ടിയർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ഹൃദയമെത്തിച്ചത് സസ്പെൻഷനിലായിരുന്ന പോലീസുകാരനായിരുന്നു. തുടർന്ന് ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുകയുംചെയ്തു. ഈ സംഭവത്തിനുശേഷം ചെന്നൈയിലടക്കം പലനഗരങ്ങളിലും ചികിത്സാർഥം ട്രാഫിക് പോലീസ് ഹരിത ഇടനാഴി തയ്യാറാക്കുകയും നഷ്ടമായേക്കാവുന്ന പലജീവനുകളും തിരിച്ചുപിടിക്കുകയും ചെയ്തത് ചരിത്രം.

Content Highlights: Dr. K.M. Cherian: His quote in the movie `Traffic` became iconic