ലങ് കാൻസർ സ്റ്റേജ് 4-ൽനിന്ന് ടാർഗെറ്റഡ് തെറാപ്പിയിലൂടെ പത്തു വർഷത്തെ യാത്ര...

ലോക ഡോക്ടർ ദിനത്തിൽ, കേരളത്തിലെ പ്രമുഖ അർബുദരോഗ വിദഗ്ധനായ ഡോ. അരുൺ ആർ. വാര്യർ, ടെർമിനൽ കാൻസർ ബാധിച്ച രോഗികളുമായുള്ള തന്റെ വൈകാരികബന്ധങ്ങൾ പങ്കുവെയ്ക്കുന്നു.
ആശുപത്രിയിലെ തിരക്കേറിയ പകലുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയാലും എന്നെ വിടാതെ പിന്തുടരുന്ന ചില വൈകാരിക നിമിഷങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. വർഷങ്ങൾ നീണ്ട പ്രാക്ടീസിലൂടെ വൈകാരികമായി തളരാതിരിക്കാനുള്ള കഴിവ് ഡോക്ടർമാർക്ക് ഉണ്ടാകുമെന്നത് സത്യമാണ്. എങ്കിലും ചില സാഹചര്യങ്ങൾ മറ്റേതൊരു സാധാരണ മനുഷ്യനെയും പോലെ എന്നെയും മാനസികമായി അലട്ടാറുണ്ട്. ജോലിയിലെ പ്രൊഫഷണലിസത്തിനും വൈകാരികതയ്ക്കും ഇടയിലുള്ള ആ നേർത്ത അതിർവരമ്പ് പലപ്പോഴും മാഞ്ഞുപോകാറുണ്ട്.
എന്റെ അടുക്കൽ വരുന്ന ക്യാൻസർ രോഗികളിൽ ഭൂരിഭാഗവും ഏതാനും മാസങ്ങൾ നീണ്ട ചികിത്സ കഴിഞ്ഞ് മടങ്ങിപ്പോകുന്നവരാണ്. ആ ചെറിയ കാലയളവിൽ അവരുമായി ആത്മബന്ധം സ്ഥാപിക്കാനുള്ള അവസരം കിട്ടാറില്ല. എന്നാൽ, പൂർണമായും ഭേദമാക്കാൻ കഴിയാത്ത അവസ്ഥയിലും വർഷങ്ങളോളം ചികിത്സ തുടരുന്നവരുമുണ്ട്. അവർ എനിക്ക് വെറും രോഗികളല്ല, ജീവിതത്തിന്റെ ഭാഗമാണ്. അത്തരമൊരു ബന്ധം വളരുമ്പോൾ മനപ്പൂർവ്വം അകലം പാലിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. കാരണം, ഇന്നല്ലെങ്കിൽ നാളെ അവർ നമ്മളെ എന്നെന്നേക്കുമായി വിട്ടുപോകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ആ വലിയ ശൂന്യതയെ എനിക്ക് ഭയമാണ്.
കഴിഞ്ഞ പത്ത് വർഷമായി അത്തരത്തിലൊരു 'അമ്മ'യെ (പേര് വെളിപ്പെടുത്തുന്നില്ല) ഞാൻ ചികിത്സിക്കുന്നുണ്ട്. എന്റെ കുട്ടിക്കാലം മുതൽ എനിക്കറിയാവുന്ന കുടുംബസുഹൃത്തായിരുന്നു അവർ. നാലാം
സ്റ്റേജിലെത്തിയ ശ്വാസകോശ അർബുദവുമായാണ് അവർ എന്നെ കാണാൻ ആശുപത്രിയിലെത്തിയത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പത്തോ പതിനഞ്ചോ വർഷം മുൻപത്തെ സാഹചര്യമല്ല ഇപ്പോൾ. ഇന്ന് ഇന്റർനെറ്റിലൂടെ ഏത് രോഗത്തെക്കുറിച്ചും ആർക്കും എത്ര വേണമെങ്കിലും പഠിക്കാം. ഇങ്ങനെ രോഗികളുടെ അവബോധം കൂടുന്നത് ചികിത്സയിൽ വലിയൊരു പോസിറ്റീവ് മാറ്റമാണ് കൊണ്ടുവരുന്നത്.
രോഗം കണ്ടുപിടിച്ചതിന് ശേഷം, തുടക്കത്തിൽ അവർ വലിയ വിഷാദത്തിലായിരുന്നു. "ഇനി എന്തിന് ചികിത്സിക്കണം?" എന്നതായിരുന്നു ചോദ്യം. സ്റ്റേജ് 4 ലങ് കാൻസർ രോഗികളുടെ അതിജീവനസാധ്യത വളരെ കുറവാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. ചികിത്സ തുടങ്ങിയാലും അടുത്ത രണ്ട് വർഷം അതിജീവിക്കാനുള്ള സാധ്യത വെറും 10% മാത്രമാണെന്ന് അവർ ഗൂഗിളിൽ വായിച്ചു. എങ്കിലും രോഗത്തോട് പോരാടാൻ തന്നെ അവർ തീരുമാനിച്ചത് ഞങ്ങൾക്കെല്ലാവർക്കും വലിയ ആശ്വാസമായി.
തുടർന്ന് നടത്തിയ പരിശോധനകളിൽ അവർക്ക് ഇ.ജി.എഫ്.ആർ വകഭേദത്തിലുള്ള അർബുദമാണ് ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഒരു പ്രത്യേക പ്രോട്ടീൻ വ്യതിയാനമാണിത്. കൂടുതലും പുകവലി ശീലമില്ലാത്ത രോഗികളിലാണ് ഈ വകഭേദം കണ്ടുവരുന്നത്. ഇതിന്റെ ഗുണം എന്തെന്നാൽ, സാധാരണ കീമോതെറാപ്പിയേക്കാൾ പാർശ്വഫലങ്ങൾ കുറഞ്ഞ, ക്യാൻസർ
കോശങ്ങളെ മാത്രം ലക്ഷ്യം വെക്കുന്ന 'ടാർഗെറ്റഡ് തെറാപ്പി' ഇത്തരക്കാരിൽ ഫലപ്രദമാകും. ആ ചികിത്സയോട് അമ്മയുടെ ശരീരം വളരെ നന്നായി പ്രതികരിക്കുകയും ചെയ്തു.
രണ്ടോ മൂന്നോ വർഷം മാത്രം ആയുസ്സ് പ്രതീക്ഷിച്ചിരുന്ന ആ അമ്മ, ചികിത്സ തുടങ്ങിയിട്ട് ഇപ്പോൾ പത്ത് വർഷം പിന്നിട്ടിരിക്കുന്നു! ഈ കാലയളവിൽ ഒരു ഡോക്ടർക്കും രോഗിക്കുമപ്പുറം ഞങ്ങൾ വലിയ സുഹൃത്തുക്കളായി. അവരുടെ മക്കൾക്ക് എന്റെ പ്രായമായിരുന്നു. എന്റെ മക്കളും അവരുടെ കൊച്ചുമക്കളും ഒരേ ക്ളാസുകളിലാണ് പഠിക്കുന്നത്. അവരുടെ വീട്ടിലെ വിശേഷങ്ങളിലും വിവാഹങ്ങളിലും ഞാനൊരു അംഗമായി. ഓരോ ആറു മാസം കൂടുമ്പോഴും സ്കാനിങ്ങിനായി അമ്മ എന്നെ കാണാനെത്തും. കാൻസർ കുറയുകയാണോ അതോ വ്യാപിക്കുകയാണോയെന്നു കണ്ടെത്താനാണ് ഇങ്ങനെ സ്ഥിരമായി സ്കാനിംഗ് നടത്തുന്നത്. ഓരോ തവണയും അതിന്റെ റിസൾട്ടിനായുള്ള അവരുടെ കാത്തിരിപ്പ് എന്റെയും നെഞ്ചിടിപ്പ് കൂട്ടിത്തുടങ്ങി. നീണ്ടകാലത്തെ ചികിത്സക്കിടയിലും അവർ ഗാർഡനിങ് പോലെയുള്ള ഹോബികളിൽ മുഴുകി. യാത്രകൾ ഒരുപാട് ആസ്വദിച്ചു. പോകുന്നിടത്തുനിന്നൊക്കെ എനിക്ക് സമ്മാനങ്ങളും മധുരവും കൊണ്ടുവന്നു.
ഏതാണ്ട് ഒരു വർഷം മുൻപ് ക്യാൻസർ അമ്മയുടെ തലച്ചോറിലേക്ക് പടർന്നു. അതോടെ നടക്കാൻ കഴിയാതെയായി. സ്വന്തം മക്കളെ പോലെ അവർ പരിപാലിച്ചിരുന്ന കുറെ ചെടികൾ ആ വീട്ടിലുണ്ട്. പഴയതുപോലെ അവയെ നോക്കാൻ കഴിയാത്തതാണ് ആ അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം. ഇപ്പോൾ പാലിയേറ്റിവ് പരിചരണത്തിലാണ് ആ അമ്മ കഴിയുന്നത്.
പലരും കരുതുന്നത് മരണം അരികിലെത്തുമ്പോൾ മാത്രം നൽകുന്ന പരിചരണമാണ് പാലിയേറ്റീവ് കെയർ എന്നാണ്. അതൊരു തെറ്റായ ധാരണയാണ്. ക്യാൻസർ ചികിത്സയുടെ കൂടെത്തന്നെ പാലിയേറ്റീവ് കെയർ കൂടി ഉൾപ്പെടുത്തുന്നത് രോഗിയുടെ ജീവിതനിലവാരം വൻതോതിൽ മെച്ചപ്പെടുത്താൻ സഹായിക്കും. രോഗിയുടെ വേദന കുറയ്ക്കാനും അവർക്ക് മാനസികമായ കരുത്ത് നൽകാനും അത് ഏറെ സഹായിക്കും.
തലച്ചോറിലേക്ക് വ്യാപിച്ച ക്യാൻസറിനെ നേരിടാൻ ‘ഒമ്മായ റിസർവോയർ’ എന്ന ഒരു ചികിത്സാ രീതിയുണ്ട്. ഡോക്ടർമാർ പല രോഗികൾക്കും ഈ ചികിത്സാരീതി നിർദേശിക്കാറുണ്ടെങ്കിലും വളരെ ചുരുക്കം ചിലർ മാത്രമേ അത് സ്വീകരിക്കാറുള്ളു. തലയോട്ടിക്ക് താഴെ ഘടിപ്പിക്കുന്ന ചെറിയൊരു ഉപകരണത്തിലൂടെ മരുന്നുകൾ നേരിട്ട് തലച്ചോറിലെത്തിക്കുന്ന രീതിയാണിത്. ആദ്യം സംശയിച്ചുനിന്നെങ്കിലും ഈ ചികിത്സയും സ്വീകരിക്കാൻ ആ അമ്മയുടെ കുടുംബം തയാറായി. മരണം എപ്പോൾ സംഭവിക്കും എന്നതിലല്ല, ജീവിച്ചിരിക്കുന്ന സമയം എത്രത്തോളം അർത്ഥവത്തായി പോരാടാമോ അത്രയും പിടിച്ചുനിൽക്കുക എന്നതായിരുന്നു ചികിത്സയുടെ തുടക്കം മുതലേ അവരുടെ നയം.
ഇത്തരം ഘട്ടങ്ങളിൽ ലഭ്യമായ എല്ലാ ചികിത്സകളെ കുറിച്ചും ഞാൻ രോഗികളോട് വിശദീകരിക്കാറുണ്ട്. രോഗിയുടെ സാഹചര്യത്തിന് അനുസരിച്ച് അതിൽ ഒരെണ്ണം തെരഞ്ഞെടുക്കുക എന്നത് ഏറെ സങ്കീർണമായ ഒരു തീരുമാനമാണ്. രോഗിയുടെ കുടുംബവുമായി കൂടിയാലോചിച്ചു വേണം മുന്നോട്ടുള്ള വഴി തെരഞ്ഞെടുക്കേണ്ടത്. ഓരോ ചികിത്സയുടെയും ഗുണവും ദോഷവും പരിഗണിക്കണം. ഫലപ്രാപ്തി എത്രയുണ്ടാകുമെന്ന് വിലയിരുത്തണം.
അത്തരം സന്ദർഭങ്ങളിൽ രോഗികൾക്കും ബന്ധുക്കൾക്കും വേണ്ടിവന്നാൽ മറ്റൊരു ഡോക്ടറുടെ അഭിപ്രായം (സെക്കൻഡ് ഒപ്പീനിയൻ) തേടാൻ പൂർണ്ണമായ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
ഞാൻ നൽകുന്ന അതേ ചികിത്സ തന്നെയാവാം മറ്റൊരു ഡോക്ടറും നിർദ്ദേശിക്കുന്നത്. എങ്കിലും മറ്റൊരാൾ കൂടി അത് വിശദീകരിക്കുമ്പോൾ രോഗിയുടെയും കുടുംബത്തിനും ചികിത്സയിൽ കുറച്ചുകൂടി ആത്മവിശ്വാസവും വ്യക്തതയും കൈവരും. ചികിത്സയെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണാൻ അത് സഹായിക്കുമെങ്കിൽ നല്ലത്. നിലവിലുള്ള ചികിത്സ തടസ്സപ്പെടാത്ത രീതിയിൽ മറ്റ് അഭിപ്രായങ്ങൾ തേടുന്നത് രോഗിയുടെ അവകാശമാണ്. ഈ രോഗിയും കുടുംബവും എന്റെ ചികിത്സയിൽ കഴിയുമ്പോഴും മറ്റ് പല ഡോക്ടർമാരെയും കൺസൾട്ട് ചെയ്തിട്ടുണ്ട്. അക്കാര്യങ്ങൾ അവർ എന്നോട് തുറന്ന് സംസാരിക്കുകയും അവർ കണ്ടെത്തുന്ന ഓപ്ഷനുകളെ കുറിച്ച് ആരായുകയും ചെയ്തിട്ടുണ്ട്.
ഇതൊക്കെ കാരണമാണ് ക്യാൻസറിനെതിരെയുള്ള പോരാട്ടം കേവലം മരുന്നുകളിലൂടെ മാത്രമുള്ളതല്ല എന്ന് പറയുന്നത്. രോഗിയുടെ
പോസിറ്റീവായ മനോഭാവും രോഗത്തെക്കുറിച്ചുള്ള അറിവും ചികില്സിക്കുന്ന ഡോക്ടറുമായുള്ള നല്ല ബന്ധവും ആ ഡോക്ടറിലുള്ള വിശ്വാസവുമെല്ലാം വളരെ പ്രധാനമാണ്. ഈ ഡോക്ടേഴ്സ് ദിനത്തിൽ, അർബുദചികിത്സയുടെ
വേദനകൾക്കിടയിലും പുഞ്ചിരിയോടെ എന്നെ കാണാൻ വരുന്ന, 'ജീവിതം ഒരു പോരാട്ടമാണ്' എന്ന് ഓരോ ദിവസവും എന്നെ എപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട രോഗികൾക്കായി ഞാൻ ഈ കുറിപ്പ് സമർപ്പിക്കുന്നു.
(കൊച്ചി ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ സീനിയർ കൺസൽട്ടൻറ് ആണ് ലേഖകൻ)
Content Highlights: On Doctor's Day, Kochi Aster Medcity's prominent oncologist Dr. Arun R. Warrier shares a deeply moving account of his 10-year journey treating a terminal lung cancer patient, highlighting how patient positivity, targeted therapy, and trust redefine the battle against cancer.