ലക്ഷണങ്ങൾ കണ്ടിട്ടും ചികിത്സ വൈകിക്കുന്നത് പല്ലുകൾ നഷ്ടപ്പെടുത്തും; വാർധക്യത്തിലെ ദന്താരോഗ്യം, ശ്രദ്ധിക്കേണ്ടത്

ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കുന്നതിനാണ് വാർധക്യത്തിൽ ഊന്നൽ നൽകുന്നതെങ്കിലും പല്ലുകളുടെയും മോണകളുടെയും ആരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. ശരിയായ പരിചരണവും കൃത്യമായ പരിശോധനയും സമയബന്ധിതമായ ചികിത്സയുമുണ്ടെങ്കിൽ ആരോഗ്യകരമായ പുഞ്ചിരി നിലനിർത്താം.
മോണരോഗം
മോണയിൽനിന്ന് രക്തം വരുക, മോണ വീർക്കുക, വായ്നാറ്റം, മോണ താഴേക്ക് ഇറങ്ങുക, പല്ലുകൾക്ക് ഇളക്കമുണ്ടാവുക എന്നിവയാണ് മോണരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽ വേദനയില്ലാത്തതിനാൽ പലരും ഇത് അവഗണിക്കും. ചികിത്സ വൈകുന്നത് പല്ലുകൾ നഷ്ടപ്പെടുത്തും.
പല്ലുകളിൽ അടിഞ്ഞുകൂടുന്ന കട്ടിയുള്ള അഴുക്ക് (ടാർട്ടർ) നീക്കംചെയ്യാൻ ദന്തഡോക്ടറുടെ സഹായത്തോടെയുള്ള സ്കെയ്ലിങ് ആവശ്യമാണ്. ഇത് പല്ലുകളെ ഇളക്കുമെന്നത് തെറ്റിദ്ധാരണയാണ്.
ഉമിനീര് കുറയൽ
രക്തസമ്മർദത്തിനും അലർജിക്കും വിഷാദത്തിനുമുള്ള ചില മരുന്നുകളും പ്രമേഹവും കാരണവും ഉമിനീർ കുറയാൻ ഇടയുണ്ട്. അത് പല്ലുകേട്, വായിലെ അണുബാധ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, രുചിവ്യത്യാസം, വെപ്പുപല്ല് ഉപയോഗിക്കുമ്പോഴുള്ള അസ്വസ്ഥത എന്നിവയുണ്ടാകാം.
വെപ്പുപല്ല് ഉപയോഗിക്കുന്നവർ ദിവസവും വൃത്തിയാക്കുകയും രാത്രിയിൽ ഊരിെവക്കുകയും വേണം. സെറ്റ് ഇളകുകയോ മോണയിൽ ഉരസുകയോ ചെയ്താൽ ദന്തഡോക്ടറെക്കണ്ട് ശരിയാക്കണം
ഓർക്കേണ്ട കാര്യങ്ങൾ
1. ദിവസവും രണ്ടുനേരം ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുക. ഇന്റർഡെന്റൽ ബ്രഷോ, ഫ്ളോസോ ഉപയോഗിച്ച് പല്ലുകൾക്കിടയിലെ അഴുക്ക് നീക്കുക.
2. കുറഞ്ഞത് ആറുമാസത്തിലൊരിക്കൽ ദന്തപരിശോധന നടത്തുക.
3. പല്ലുകൾ നഷ്ടപ്പെട്ടാൽ വിടവ് അവഗണിക്കാതെ പുനഃസ്ഥാപിക്കാനുള്ള മാർഗം ദന്തഡോക്ടറുമായി ചർച്ച ചെയ്യുക.
4. പല്ലിൽ പുളിപ്പോ വേദനയോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സിക്കാതെ കാരണം കണ്ടെത്തുക.
5. വായിലെ വ്രണം, നിറംമാറ്റം, തടിപ്പ്, പല്ലുകളുടെ ഇളക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ വൈകിക്കരുത്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. മീര ഗോപാലകൃഷ്ണൻ,
പ്രസിഡന്റ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, കൊച്ചി
Content Highlights: Learn how seniors can maintain oral health with proper dental care, timely check-ups, and effective treatments to prevent common issues like gum disease.