കോർപ്പറേറ്റുകൾ ആരോഗ്യമേഖലയെ വിഴുങ്ങുന്നു, ആരോഗ്യനയങ്ങൾ രൂപവത്‌കരിക്കേണ്ടത് അത്യാവശ്യം

#ഡോ. ബി. ഇക്ബാൽ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കേരളത്തിന്റെ ആരോഗ്യമേഖല ഇന്ന് വലിയവെല്ലുവിളി നേരിടുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ സ്വകാര്യ ആശുപത്രികളിൽ വിദേശനിക്ഷേപം കുതിച്ചുയരുന്നു. അമേരിക്കയിലെ പ്രമുഖ കോർപ്പറേറ്റു കമ്പനികൾ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഓഹരികൾ വാങ്ങി നിയന്ത്രണം കൈക്കലാക്കിവരുന്നു. 

കേരളം എന്തുകൊണ്ട്?

കേരളത്തിലെ വർധിച്ചുവരുന്ന രോഗാതുരത: ജീവിതശൈലീരോഗങ്ങൾ, പകർച്ചവ്യാധികൾ, മാനസികരോഗങ്ങൾ, വാഹനാപകടങ്ങൾ എന്നിവ കേരളത്തിൽ വർധിച്ചുവരുന്നു. കൂടാതെ, വയോജനങ്ങളുടെ എണ്ണം കൂടുന്നതോടെ രോഗാതുരത ഇനിയും ഉയരുമെന്ന് വിദേശ ഏജൻസികൾ മനസ്സിലാക്കുന്നു. ഈ രോഗാതുരതയെ ഒരു ‘ചാകര’യായിക്കണ്ടാണ് അവർ കേരളത്തിലേക്കെത്തുന്നത്.

സാമ്പത്തികശേഷിയുള്ള ഉപഭോക്താക്കൾ: ഉയർന്ന ആരോഗ്യബോധമുള്ളവരും (Health Seeking Behaviour) ചികിത്സയ്ക്കായി പണം മുടക്കാൻ (Disposable income) കഴിവുള്ളവരുമായ ഒരു വലിയവിഭാഗം കേരളത്തിലുണ്ട്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണവും വർധിച്ചുവരുന്നു. ഇതെല്ലാം എന്തുചെലവും വഹിച്ച് ആശുപത്രിയിലെത്താൻ സന്നദ്ധതയുള്ളവരുടെ എണ്ണം നിരന്തരം വർധിപ്പിച്ചുവരുന്നു.

ദേശീയ ഹെൽത്ത് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണക്കനുസരിച്ച്, ജനങ്ങൾ നേരിട്ട് മുടക്കുന്ന സ്വകാര്യചെലവ് (Out Of Pocket Expenditure: OOPE) ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അടുത്തിടെ പ്രസിദ്ധീകരിച്ച നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് റിപ്പോർട്ട് (2021-'22) പ്രകാരം, കേരളത്തിന്റെ മൊത്തം ആരോഗ്യച്ചെലവ് 48,034 കോടി രൂപയാണ്. ഇതിൽ സർക്കാർ ചെലവ് 15,618 കോടി രൂപ (മൊത്തം ചെലവിന്റെ 32.5 ശതമാനം; പ്രതിശീർഷം 4338 രൂപ) ആണെങ്കിൽ, സ്വകാര്യചെലവ് 28,400 കോടി രൂപയാണ് (മൊത്തം ചെലവിന്റെ 59.1 ശതമാനം; പ്രതിശീർഷം 13,343 രൂപ). വൻകിട ആശുപത്രികൾ വിദേശ ഏജൻസികളുടെ നിയന്ത്രണത്തിലാകുന്നതോടെ ഈ ചെലവ് വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, അംഗീകൃത ചികിത്സാമാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യ പരിശോധനകളും ചികിത്സകളും വർധിക്കും. ഇത് ‘വൈദ്യനിർമിത രോഗങ്ങളി’ലേക്ക് (Iatrogenic diseases) നയിക്കുകയും രോഗാതുരത ഇനിയും വർധിപ്പിക്കുകയും കേരള ആരോഗ്യമേഖല കൂടുതൽ പ്രതിസന്ധിയിലാകുകയും ചെയ്യും.

വിദേശ ഏജൻസികളുടെ നിയന്ത്രണത്തിലേക്കുപോകുന്ന മിക്ക ആശുപത്രികളും ഡോക്ടർമാരുടെ നിയന്ത്രണത്തിലുള്ളവയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഡോക്ടർമാർക്ക് ആശുപത്രികളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനുപുറമേ, ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരും (പ്രത്യേകിച്ച് ജൂനിയർ ഡോക്ടർമാർ) നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും സേവനസുരക്ഷ നഷ്ടപ്പെട്ട് കൂടുതൽ ചൂഷണത്തിനു വിധേയരാക്കപ്പെടുന്ന സാഹചര്യവും ഉടലെടുക്കും.

എങ്ങനെ നേരിടാം ?

ഈ ഗുരുതരമായ സാഹചര്യത്തെ നേരിടാൻ ദീർഘകാല, ഹ്രസ്വകാല ആരോഗ്യനയങ്ങൾ രൂപവത്‌കരിക്കേണ്ടത് അത്യാവശ്യമാണ്. രോഗചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യംനൽകി രോഗാതുരത കുറയ്ക്കാൻ ഊർജിതശ്രമം ആരംഭിക്കുന്നതിനാണ് മുൻഗണനനൽകേണ്ടത്. വിജയകരമായി നടപ്പാക്കിയ സമ്പൂർണ സാക്ഷരതായജ്ഞംപോലെ, രോഗപ്രതിരോധവും ആരോഗ്യവിദ്യാഭ്യാസവും ഒരു ജനകീയപ്രസ്ഥാനമായി വളർത്തിയെടുക്കണം.

സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ കാര്യത്തിൽ ചികിത്സാമാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും വേണ്ടത്ര നിലവിലില്ല, രോഗികളുടെമേൽ അമിതഭാരം ചുമത്തുന്ന സ്ഥിതി മാറ്റിയെടുക്കാൻ ചികിത്സാമാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും ആവിഷ്കരിക്കുകയും ചികിത്സാഫീസുകൾ നിശ്ചയിക്കുകയും വേണം. ക്ളിനിക്കൽ എസ്റ്റാബ്ളിഷ്‌മെൻറ്‌ ആക്ടിൽ ഇതെല്ലാം പെടുത്താവുന്നതാണ്.

പൊതുജനാരോഗ്യസംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങളും മറ്റും വലിയതോതിൽ വർധിച്ചതിന്റെ ഫലമായി കുറഞ്ഞത് 30-35 ശതമാനം ജനങ്ങൾ സർക്കാർ ആശുപത്രി സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ഇനിയും വർധിപ്പിച്ച് ഘട്ടംഘട്ടമായി അൻപത് ശതമാനമായിട്ടെങ്കിലും ഉയർത്താൻകഴിയണം.

Content Highlights: Foreign corporates are taking over Kerala`s private hospitals, impacting healthcare costs and access.