മഴക്കാലം; മുന്നില്‍ 10 രോഗങ്ങള്‍, വേണം ജാഗ്രത

#രണ്‍ജിത്ത് ചാത്തോത്ത്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

വേനലിനു പിന്നാലെ മഴയെത്തിയതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപന സാധ്യതയും ഏറി. കൊതുക് പരത്തുന്നതും മലിനജലത്തിലൂടെ പടരുന്നതുമാണ് ഇതില്‍ മിക്കതും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിലനിര്‍ത്തിയാല്‍ മാത്രമേ ഈ സാഹചര്യത്തെ മറികടക്കാനാവൂ.

എച്ച് വണ്‍ എന്‍ വണ്‍

  • ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ഉപവിഭാഗം
  • വായുവിലൂടെ പടരും. രോഗിയോട് അടുത്ത് ഇടപഴകുമ്പോള്‍ പകരുന്നു.
  • പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന എന്നിവയുണ്ടാകും.
  • അമിത രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയുള്ളവരിലും പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരിലും ജാഗ്രത വേണം. ന്യുമോണിയ ആണ് സങ്കീര്‍ണത.
  • ഈ വര്‍ഷം 187 കേസുകള്‍. സംശയിക്കുന്നത് 202. മരണം അഞ്ച്.

കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍

ഡെങ്കിപ്പനി

  • ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗം. നാല് ഉപവിഭാഗങ്ങള്‍. ഉപവിഭാഗം രണ്ട് കൂടുതല്‍ അപകടം.
  • പനി, അസ്ഥികളിലും പേശികളിലും കഠിന വേദന, കണ്ണുകള്‍ക്ക് പുറകില്‍ വേദന. ഒരുതവണ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ സങ്കീര്‍ണമാകും. പ്ലേറ്റ് ലറ്റ് കുറയും.
  • ആന്തരിക രക്തസ്രാവം ഉണ്ടാകുന്ന ഡെങ്കി ഹെമറേജിക് ഫീവര്‍, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നിവ മാരകമാവാം.
  • ഈ വര്‍ഷം 5411 രോഗികള്‍. സംശയിക്കുന്നത് 13,933. മരണം 16.

ചിക്കുന്‍ഗുനിയ

  • ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗം.
  • പനി, സന്ധികളില്‍ വേദന, ചര്‍മത്തില്‍ ചുവന്നപാടുകള്‍
  • പനി മാറിയാലും നീണ്ടുനില്‍ക്കുന്ന സന്ധി വേദന.
  • ഈ വര്‍ഷം ആറു രോഗികള്‍.

ജപ്പാന്‍ ജ്വരം

  • ക്യൂലക്‌സ് കൊതുക് പരത്തുന്ന വൈറസ് രോഗം.
  • 20 മുതല്‍ 30 ശതമാനമാളുകളില്‍ മരണകാരണമാവാം.
  • പനി, ശരീരവേദന, അപസ്മാര ലക്ഷണങ്ങള്‍
  • രോഗികളില്‍ നാഡീസംബന്ധമായ തകരാറുകള്‍ ഉണ്ടാകാം.
  • വാക്‌സിനേഷനുണ്ട്.
  • ഈ വര്‍ഷം നാല് രോഗികള്‍. സംശയിക്കുന്നത് 43. രണ്ട് മരണം.

വെസ്റ്റ്‌നൈല്‍ പനി

  • ക്യൂലക്‌സ് കൊതുക് പരത്തുന്ന വൈറസ് രോഗം.
  • കടുത്ത പനി, തലവേദന, നാഡീ തകരാറുകള്‍, അസാധാരണ പെരുമാറ്റം, കോമ
  • കൂടുതലും പ്രയാമായവരില്‍
  • ഇത്തവണ 10 കേസുകള്‍. സംശയിക്കുന്നത് 26. മരണം ഒന്ന്.

മലിനജലത്തിലൂടെ പകരുന്നവ

എലിപ്പനി

  • രോഗാണു ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ.
  • എലി, മറ്റ് സസ്തനികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന മലിനവെള്ളവുമായി ബന്ധപ്പെടുമ്പോള്‍ രോഗാണു മുറിവുകളിലൂടെ അകത്തെത്തുന്നു. മലിന വെള്ളം കുടിക്കുന്നത് വഴിയും വരാം.
  • ലക്ഷണങ്ങള്‍- പനി, പേശീവേദന, കണ്ണില്‍ ചുവപ്പ്
  • ഗുരുതരമായാല്‍ കരള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ ബാധിക്കും.
  • ആന്റിബയോട്ടിക് മരുന്നുണ്ട്. പ്രതിരോധിക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാം.
  • ഈ വര്‍ഷം 805 കേസുകള്‍. സംശയിക്കുന്നത് 800. മരണം 41

ടൈഫോയ്ഡ്

  • രോഗകാരണം സാല്‍മൊണല്ല ടൈഫി ബാക്ടീരിയ
  • രോഗിയുടെ മലത്തിലൂടെ പുറത്തെത്തുന്ന അണുക്കള്‍ മലിനജലംവഴി മറ്റുള്ളവരിലെത്തുന്നു
  • ലക്ഷണങ്ങള്‍-നീണ്ടുനില്‍ക്കുന്ന കടുത്ത പനി, ഉദര പ്രശ്‌നങ്ങള്‍, കറുത്ത മലം
  • വാക്‌സിനേഷനുണ്ട്.
  • ഈ വര്‍ഷം 58 രോഗികള്‍. സംശയിക്കുന്നത് 658

കോളറ

  • രോഗാണു ബാക്ടീരിയ.
  • ലക്ഷണങ്ങള്‍- വേദനയില്ലാതെ ഒട്ടെറെ തവണയുണ്ടാകുന്ന വയറിളക്കം, വൃക്കസ്തംഭനം വന്നുചേരാം.
  • വാക്‌സിനുണ്ട്.
  • ഈ വര്‍ഷം എട്ട് രോഗികള്‍.

മഞ്ഞപ്പിത്തം

  • രോഗാണു-ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍
  • ലക്ഷണങ്ങള്‍- തുടക്കത്തില്‍ ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി. പിന്നീട് ബിലുറുബിന്‍ അളവ് വര്‍ധിച്ച് കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം.
  • മാരമകമായാല്‍ തലച്ചോറിന്റെയും കരളിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കാം.
  • ഈ വര്‍ഷം 2287 രോഗികള്‍. സംശയിക്കുന്നത് 6183. 18 മരണം.

ഛര്‍ദ്യാതിസാരം

  • രോഗാണു റോട്ടാ വൈറസ്, ഷിഗല്ല, സാല്‍മൊണല്ല, ഇ.കോളി.
  • മലിനജലം, ഭക്ഷണം എന്നിവയിലൂടെ പടരുന്നു.

വേണ്ട പരിഭ്രാന്തിയും സ്വയം ചികിത്സയും

പനി വന്നാല്‍ പരിഭ്രാന്തി വേണ്ട. ഡോക്ടറെ കാണുക. നിര്‍ദേശിച്ചാല്‍ മാത്രം വിദഗ്ധ കേന്ദ്രങ്ങളിലെത്തുക. സ്വയം ചികിത്സ നടത്തരുത്. ശുചിത്വത്തില്‍ ശ്രദ്ധിക്കുക. പ്രായമായവരും മറ്റ് ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. -ഡോ. ബി. പദ്മകുമാര്‍, പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം, ഗവ. മെഡിക്കല്‍ കോളേജ്, ആലപ്പുഴ

Content Highlights: common diseases during monsoons in india