'ഡോക്ടറേ,നിങ്ങൾ ചെയ്തത് ശരിയായില്ല, കാന്സറാണെന്ന് അച്ഛനോട് പറയരുതായിരുന്നു'

'ഡോക്ടറേ, നിങ്ങൾ ചെയ്തത് ഒട്ടും ശരിയായില്ല. അച്ഛന് കാൻസർ ആണെന്നൊക്കെ ഇങ്ങനെ അദ്ദേഹത്തോട് തുറന്നു പറയരുതായിരുന്നു. അതൊന്നും താങ്ങാനുള്ള മനശ്ശക്തി അച്ഛനില്ല. കുറച്ച് മനുഷ്യത്വമൊക്കെ വേണ്ടേ....' അദ്ദേഹം ദേഷ്യം കൊണ്ട് കത്തിക്കയറുകയാണ്. നിശ്ശബ്ദം കേട്ടുനിൽക്കുക മാത്രമേ എനിക്കപ്പോൾ ചെയ്യുവാൻ സാധിക്കൂ. സാധാരണഗതിയിൽ ഇങ്ങനെ വരുമ്പോൾ രോഗം എന്താണെന്ന് രോഗി അറിയരുതെന്നാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലാണ്. പെട്ടെന്ന് രോഗബാധിതനാണെന്നറിഞ്ഞാൽ രോഗിയുടെ മനസ്സ് തകർന്ന് പോകുമെന്നതാണ് കാരണം. ഇവർ മുൻപ് കാണിച്ച ഡോക്ടർ റിപ്പോർട്ടുകൾ പരിശോധിച്ച് കൂടുതൽ വിദഗ്ധചികിത്സ നിർദ്ദേശിച്ചയച്ചതാണ്. രോഗിയായ പിതാവും മകനുമാണ് ഒ.പിയിൽ വന്നത്. റിപ്പോർട്ടിൽ നിന്ന് ഒറ്റനോട്ടത്തിൽ തന്നെ അസുഖം കാൻസറാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ആദ്യം ചികിത്സിച്ച ഡോക്ടർക്ക് കാര്യം മനസ്സിലായിട്ടുണ്ട്. എന്നാൽ ആ വിവരം തുറന്നുപറയുക എന്ന ചുമതല ഓങ്കോളജിസ്റ്റിൻ്റെ ചുമലിലിട്ടിട്ട് കൂടുതൽ വിദഗ്ധചികിത്സയ്ക്കായി പറഞ്ഞയച്ചിരിക്കുകയാണ്.
അച്ഛനും മകനും വന്നിരിക്കുന്നത് കാൻസർ സെൻ്ററിലേക്കാണ്, ഞാൻ കാൻസറിന് ചികിത്സിക്കുന്ന ഡോക്ടറാണ്. ആശുപത്രിയുടെ മുൻപിലും ഡിപ്പാർട്ട്മെൻ്റിൻ്റെ മുന്നിലും എൻ്റെ ഒപിയിലുമെല്ലാം ഇത് വ്യക്തമായി സൂചിപ്പിക്കുന്ന ബോർഡുകളുണ്ട്. രോഗി അഭ്യസ്തവിദ്യനും ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാൻ അറിയുന്ന ആളും കാര്യങ്ങൾ മനസിലാക്കാൻ വളരെ അധികം പ്രാപ്തനുമാണ്. എന്നിട്ടും രോഗി അറിയാതെ രോഗിയെ ചികിത്സിക്കണം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഒരർഥത്തിൽ 'മദ്യപാനി അറിയാതെ മദ്യപാനം നിർത്താം' എന്ന് പറയുന്നതുപോലെ രോഗം കാൻസറാണെന്ന് രോഗി അറിയരുത്. നൽകുന്നത് കീമോതെറാപ്പിയാണെന്ന് രോഗി അറിയരുത്, റേഡിയേഷൻ ചികിത്സയ്ക്കാണ് ആശുപത്രിയിൽ വന്നതെന്ന് രോഗി അറിയരുത്, എന്തിനേറെ ചിലർക്കു രോഗിമാത്രമല്ല, വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങൾ പോലും രോഗം അറിയരുതെന്ന് നിർബന്ധം.
മകൻ്റെ ദേഷ്യം ഒന്നയഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് മെല്ലെ ചോദിച്ചു. 'താങ്കളുടെ അച്ഛന് എന്തായിരുന്നു ജോലി?'
'റിട്ടയേർഡ് പ്രൊഫസർ ആണ്'. എന്ന് മറുപടി.
'അപ്പോൾ അദ്ദേഹത്തിന് ആസ്റ്ററിലെ ഓങ്കോളജി വിഭാഗത്തിലേക്കാണ് വന്നതെന്നും കാൻസർ ചികിത്സകനായ എന്നെയാണ് കാണിക്കുന്നതെന്നും ഞാനോ താങ്കളോ പറയാതെ തന്നെ മനസിലാക്കാനുള്ള അറിവും സാമാന്യബുദ്ധിയും ഉണ്ടാവും അല്ലേ?'
'അത് ശരിയാണ് ഡോക്ടറേ.. പക്ഷേ'
'പക്ഷേ, നിങ്ങൾ അദ്ദേഹത്തിനെ വലിയ ആശുപത്രികളിൽ കൊണ്ടുപോവുന്നു. കുറേയധികം ടെസ്റ്റുകൾ ചെയ്യുന്നു. എന്നാൽ ഒന്നും അദ്ദേഹത്തോട് പറയുന്നില്ല. അപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിൽ എന്തായിരിക്കും. എന്തോ എന്നോട് പറയാൻ പറ്റാത്ത മഹാരോഗം, അതും ചികിത്സിച്ചു മാറ്റാൻ പറ്റാത്ത അവസ്ഥയിലാണ് എന്നായിരിക്കില്ലേ?'
'അത് ശരിയാണ്'
'താങ്കൾ ആണ് ഈ അവസ്ഥയിൽ എങ്കിൽ, താങ്കളുടെ മനസിലും എന്താണ് തനിക്കു വന്നിട്ടുള്ള അസുഖം എന്നറിയാനുള്ള ആഗ്രഹം ഉണ്ടാവില്ലേ. അതോ മറച്ചു വെക്കുന്നതാണോ താങ്കൾ ഇഷ്ടപ്പെടുക?'
'എനിക്കെന്ത് അസുഖം ആണെങ്കിലും അറിയണം. അത് നേരിടാനുള്ള ചങ്കുറപ്പ് എനിക്കുണ്ട്. പക്ഷേ, അച്ഛൻ...'
'അച്ഛനും നിങ്ങളെ പോലെ തന്നെ ആണ്. അസുഖം ഇന്നതാണെന്നും അത് ചികിത്സിച്ച് മാറ്റാൻ പറ്റുന്ന സ്റ്റേജിൽ ആണെന്നും അറിയുമ്പോൾ അവർക്ക് ആശ്വാസം ആണ് ഉണ്ടാവുക. അല്ലെങ്കിൽ ഇതിലും വലുതെന്തോ ആണെന്ന ധാരണയിൽ സകല പ്രതീക്ഷയും നഷ്ടപ്പെടുകയാണ് ചെയ്യുക. നിങ്ങൾ പുറത്തു പോയി അച്ഛനോട് സംസാരിച്ചു നോക്കൂ അദ്ദേഹത്തിൻ്റെ ടെൻഷൻ കുറേ അധികം മാറിയിട്ടുണ്ടാകും.' അയാൾ പുറത്തു പോയി.
ഞാൻ രണ്ടു രോഗികളെ കൂടി കണ്ടതിന് ശേഷമാണ് അച്ഛനും മകനും ഒ.പിയിലേക്ക് കയറി വന്നത്. ഇത്തവണ രണ്ടുപേരുടെ മുഖത്തും ചെറിയ ചിരി ഉണ്ടായിരുന്നു. രോഗിയായ അച്ഛൻ എന്നോട് ഒന്നേ ചോദിച്ചുള്ളൂ. 'കാൻസർ ആണ് എന്നൊക്കെ എനിക്ക് നേരത്തേ മനസിലായി ഡോക്ടറേ ഇത് ചികിത്സിച്ചു മാറ്റാവുന്ന അവസ്ഥയിൽ ആണല്ലോ അല്ലേ. ഈ രോഗം കൊണ്ട് ഞാൻ മരിച്ചു പോവത്തൊന്നും ഇല്ലല്ലോ അല്ലേ'
അതിനുള്ള ഉത്തരം ഞാൻ കൊടുത്തു. അദ്ദേഹത്തിൻ്റെ മുഖം കൂടുതൽ പ്രകാശമാനമായി, വളരെ അധികം ആത്മവിശ്വാസത്തോടെയാണ് അവർ ഒ.പിയിൽ നിന്നും ഇറങ്ങിപ്പോയത്. രോഗത്തെ കുറിച്ചും ചികിത്സാരീതികളെ കുറിച്ചും ചികിത്സയുടെ പ്രാധാന്യത്തെ കുറിച്ചും രോഗി ബോധവാനായിരിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിലെ കാഴ്ചപ്പാട്. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത പുലർത്തുന്ന ഡോക്ടർമാർക്ക് ഇത്തരം കാര്യങ്ങളിൽ കളവ് കാണിക്കാൻ സാധിക്കില്ല.
തൻ്റെ ദേഹത്ത് നിന്നും ഒരു തുള്ളി രക്തം എടുക്കുന്നുണ്ടെങ്കിൽ അതെന്തിനാണെന്നും തൻ്റെ ഉള്ളിലേക്ക് എന്തെങ്കിലും മരുന്ന് കൊടുക്കുന്നുണ്ടെങ്കിൽ അതെന്തിനാണെന്നും അതിൻ്റെ പാർശ്വഫലങ്ങൾ എന്തൊക്കെ ആണെന്നും ഈ മരുന്ന് ഉപയോഗിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും എന്നും ഇതല്ലാതെ വേറെ എന്തെങ്കിലും പോംവഴികൾ ഉണ്ടോ എന്നും അറിയുക എന്നത് രോഗിയുടെ അവകാശമാണ്. ബന്ധുക്കളുടേയും കൂട്ടിരിപ്പുകാരുടേയും മാത്രം അവകാശമല്ല. അത് പറഞ്ഞു കൊടുക്കുക എന്നത് ഡോക്ടറുടെ കടമയും ഉത്തരവാദിത്വവുമാണ്.
കാൻസറിനെ കീഴടക്കിയവരെ കുറിച്ചും കാൻസറിന് മുന്നിൽ കീഴടങ്ങിയവരെ കുറിച്ചും നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ കാൻസറിനോടൊപ്പം ജീവിക്കുന്ന ചിലർ കൂടി നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരാളാണ് പെരുമ്പാവൂരിൻ്റെ ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ചികിത്സ തേടിയെത്തുന്ന സുകുമാരി ചേച്ചി. പുലർച്ചെ നാല് മണിക്ക് എഴുന്നേൽക്കും, അമ്പലത്തിൽ പോകും, നെറ്റിയിൽ ചന്ദനം ചാർത്തും, തലമുടിയിൽ തുളസിക്കതിർ ചൂടും. കാഴ്ചയിൽ എം.ടി. കഥകളിലെ വള്ളുവനാടൻ അമ്മമാരെ ഓർമ്മപ്പെടുത്തുന്ന രൂപം. ഉയർന്ന പദവിയിൽ നിന്ന് റിട്ടയർ ചെയ്ത ആളാണ്. ഏഴ് വർഷം മുൻപാണ് ആദ്യമായി ചികിത്സ തേടി എൻ്റെ അരികിലെത്തിയത്. പരിശോധനയിൽ ഒവേറിയൻ കാൻസറാണെന്ന് മനസ്സിലായി. ചികിത്സ ആരംഭിച്ചു. അമ്മയുടെ ധൈര്യവും മക്കളുടെ പിന്തുണയും വളരെ വലുതായിരുന്നു.
രോഗത്തെ ഒരു പരിധിവരെ അതിജീവിച്ച് വരുമ്പോഴാണ് അടുത്ത ദൗർഭാഗ്യം അവരെ പിടികൂടുന്നത്. ഇത്തവണ അത് രക്താർബുദത്തിൻ്റെ രൂപത്തിലായിരുന്നു. നിലവിലെ അവരുടെ ശാരീരികാവസ്ഥവെച്ച് ബോൺമാരോ ട്രാൻസ്പ്ലാൻറ് പോലുള്ള സങ്കീർണ്ണമായ ചികിത്സകൾ നിർവ്വഹിക്കാനാവില്ല. എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചികിത്സ ആരംഭിച്ചു. ഇടയ്ക്ക് കൗണ്ട് കുറയും, അപ്പോൾ രക്തം കയറ്റണം. ഏഴ് വർഷമായി അവർ കാൻസറിനോടൊപ്പം ജീവിക്കുകയാണ്, കീഴടങ്ങാൻ തയാറാവാതെ പതിവ് ജീവിത രീതികളെല്ലാം നിർവ്വഹിച്ചുകൊണ്ട്.
ആധുനികമായ ചികിത്സാരീതികളും മരുന്നുകളും ആണ് ഇത്തരമൊരു അവസ്ഥക്ക് നമ്മെ പ്രാപ്തരാക്കുന്നത്. സുകുമാരി ചേച്ചിയെ പോലെ ഇത്തരം ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന അനവധി പേർ നമുക്കിടയിലിപ്പോഴുമുണ്ട്. പണ്ടൊക്കെ ഏതാനും മാസങ്ങളോ ആഴ്ചകളോ മറ്റും ജീവിച്ചിരുന്ന ആളുകളാണ് ഇത്തരം ചികിത്സകളിലൂടെ രോഗവുമായി ജീവിക്കുന്നത്. ഇമ്മ്യൂണോതെറാപ്പിയും ടാർഗെറ്റഡ് തെറാപ്പിയുമെല്ലാം കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ശാസ്ത്രം പുരോഗമിച്ചു കൊണ്ടേയിരിക്കുകയാണ്... കാൻസർ ചികിത്സയും.
(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റാണ് ലേഖകൻ)
Content Highlights: Should cancer patients always know their diagnosis?