'വേദനയില്ല' എന്നത് രോഗമില്ല എന്നതിന്റെ തെളിവല്ല, അറിയാം സ്തനാർബുദത്തിന്റെ നിശബ്ദ ലക്ഷണങ്ങൾ

#ഡോ. അനാന .കെ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

"ഡോക്ടർ, ഏകദേശം ആറുമാസം മുമ്പാണ് നെഞ്ചിൽ ചെറിയൊരു തടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. പക്ഷേ, ഒട്ടും വേദനയില്ലായിരുന്നു. അതുകൊണ്ട് സാരമില്ലെന്നു കരുതി ശ്രദ്ധിച്ചില്ല..."

ഒപിയിൽ എത്തുന്ന ഒട്ടേറെ സ്തനാർബുദ രോഗികളിൽ നിന്ന് സ്ഥിരമായി കേൾക്കുന്ന ഒരു വാചകമാണിത്. ശരീരത്തിൽ എവിടെയെങ്കിലും ഒരു വേദന അനുഭവപ്പെടുമ്പോഴാണ് നാം അതിനെ രോഗമായി കാണുന്നതും ഡോക്ടറെ സമീപിക്കുന്നതും. എന്നാൽ, സ്തനാർബുദത്തിന്റെ കാര്യത്തിൽ ഈ ധാരണ തികച്ചും അപകടകരമാണ്. 'വേദനയില്ല' എന്നത് രോഗമില്ല എന്നതിന്റെ തെളിവല്ല. മറിച്ച്, അതൊരു നിശ്ശബ്ദമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.

വേദനയും അർബുദവും: തെറ്റിദ്ധാരണകൾ തിരുത്താം

സ്ത്രീകളിൽ സ്തനങ്ങളിൽ അനുഭവപ്പെടുന്ന ഭൂരിഭാഗം വേദനകളും ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ആർത്തവചക്രത്തിന് തൊട്ടുമുമ്പ് അനുഭവപ്പെടുന്ന വീക്കവും കാഠിന്യവും വേദനയും സാധാരണമായി ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമാണ്. ഇത്തരം വേദനകൾ സാധാരണമായി ഭയപ്പെടേണ്ടതില്ലാത്തതും താത്കാലികവുമാണ്.

എന്നാൽ സ്തനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വേദനയില്ലാത്തതും കാഠിന്യമേറിയതും തൊടുമ്പോൾ അനായാസം നീങ്ങിപ്പോകാത്ത മുഴകളാണ് കൂടുതൽ ശ്രദ്ധ അർഹിക്കുന്നത്. അർബുദ കോശങ്ങൾ വളരുമ്പോൾ തുടക്കത്തിൽ ചുറ്റുമുള്ള നാഡീവ്യൂഹങ്ങളെ ബാധിക്കാത്തതിനാലാണ് ആദ്യഘട്ടങ്ങളിൽ വേദന അനുഭവപ്പെടാത്തത്. അതിനാൽ, വേദനയില്ലെന്ന കാരണത്താൽ ഇത്തരം മുഴകൾ അവഗണിക്കുന്നത് രോഗം കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് കടക്കാൻ ഇടയാക്കും.

'വേദനയില്ലായ്മ' തരുന്ന വ്യാജ സുരക്ഷിതത്വം

മനുഷ്യന്റെ മനഃശാസ്ത്രം വേദനയെ പ്രാഥമിക ലക്ഷണമായാണ് കാണുന്നത്. അതിനാൽ വേദനയില്ലാത്ത ഒരു തടിപ്പ് കാണുമ്പോൾ, "എനിക്ക് കുഴപ്പമൊന്നുമില്ല" എന്നൊരു തെറ്റിദ്ധാരണയിലേക്ക് മനസ്സ് നമ്മെ നയിക്കുന്നു.

ഇതിനുപുറമേ ഭയവും അവഗണനയുമാണ് ചികിത്സ വൈകിക്കുന്ന മറ്റ് ഘടകങ്ങൾ. പരിശോധനയിൽ അർബുദമാണെന്ന് തെളിയുമോ എന്ന ഭയം കാരണം പലരും ഡോക്ടറെ കാണുന്നത് നീട്ടിവെക്കുന്നു. എന്നാൽ ഈ വൈകൽ രോഗനിർണ്ണയത്തെയും തുടർന്നുള്ള ചികിത്സയുടെ ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കും.

ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന ലക്ഷണങ്ങൾ

മുഴകൾക്ക് പുറമേ സ്തനാർബുദത്തിന്റെ മറ്റ് ചില ലക്ഷണങ്ങളും കണ്ടേക്കാം:

ചർമ്മത്തിലെ മാറ്റങ്ങൾ: സ്തനങ്ങളിലെ ചർമ്മത്തിൽ ഓറഞ്ചിന്റെ തൊലിക്ക് സമാനമായ തടിപ്പുകളോ കുഴിവുകളോ കാണപ്പെടുക.

മുലക്കണ്ണിലെ മാറ്റങ്ങൾ: മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക അഥവാ ആകൃതിയിൽ അസ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാകുക.

അസ്വാഭാവിക സ്രവം: രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവങ്ങൾ മുലക്കണ്ണിൽ നിന്ന് വരിക.

കക്ഷത്തിലെ വീക്കം: കക്ഷത്തിന് താഴെ വേദനയില്ലാത്ത മുഴകളോ വീക്കമോ കാണപ്പെടുക.

ആകൃതിയിലുള്ള വ്യത്യാസം: സ്തനങ്ങളുടെ വലുപ്പത്തിലോ ആകൃതിയിലോ പെട്ടെന്നുണ്ടാകുന്ന അസമത്വം.

പ്രധാനം നേരത്തെയുള്ള രോഗനിർണ്ണയം

സ്തനാർബുദം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിനായി രണ്ട് കാര്യങ്ങൾ കൃത്യമായി പാലിക്കണം:

സ്വയം സ്തന പരിശോധന: 20 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കൽ (ആർത്തവം കഴിഞ്ഞ് 3-5 ദിവസത്തിനുള്ളിൽ) സ്വയം സ്തന പരിശോധന നടത്തണം. സ്തനങ്ങളിലോ കക്ഷത്തിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സ്വയം തിരിച്ചറിയാൻ ഇത് സഹായിക്കും.

മാമ്മോഗ്രാം പരിശോധന: 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമ്മോഗ്രാം പരിശോധന നടത്തുന്നത് ഉചിതമാണ്. കൈകൊണ്ട് തൊട്ടറിയാൻ സാധിക്കാത്തത്ര ചെറിയ അർബുദ മുഴകൾ പോലും മാമ്മോഗ്രാമിലൂടെ കണ്ടെത്താൻ കഴിയും.

വേദന രോഗത്തിന്റെ ഗൗരവം അളക്കാനുള്ള മാനദണ്ഡമല്ല. സ്തനങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും തടിപ്പോ മാറ്റമോ കണ്ടാൽ വേദന ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ ഉടൻ തന്നെ ഒരു വിദഗ്ദ്ധ ഓങ്കോളജിസ്റിനെ കണ്ട് മാമ്മോഗ്രാമോ അൾട്രാസൗണ്ട് സ്കാനോ നടത്തി സംശയം ദൂരീകരിക്കുക. രോഗം നേരത്തെ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കും.

ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ ജനറൽ & ലാപ്പറോസ്കോപിക് സർജറി വിഭാഗം സ്പെഷ്യലിസ്റ്റ് ആണ് ലേഖിക.

Content Highlights: Learn why a painless breast lump can be a silent symptom of breast cancer and the importance of early detection for effective treatment.