ലൈം ഡിസീസുമായുള്ള പോരാട്ടത്തെക്കുറിച്ച് സൂപ്പർമോഡൽ ബെല്ല ഹദീദ്

മാനസികാരോഗ്യത്തെക്കുറിച്ച് നിരന്തരം തുറന്നുപറയാറുള്ളയാളാണ് സൂപ്പർമോഡലായ ബെല്ല ഹദീദ്. വിഷാദരോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് മുമ്പ് ബെല്ല പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കാലങ്ങളോളം ലൈം ഡിസീസുമായുണ്ടായ പോരാട്ടത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുകയാണ് ബെല്ല. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലൈം ഡിസീസ് ബാധിച്ചതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ ബെല്ല കുറിച്ചത്.
2012ലാണ് ബെല്ലയെ ലൈം ഡിസീസ് ബാധിക്കുന്നത്. അവിടെ നിന്നിങ്ങോട്ട് രോഗവുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും ആരോഗ്യം കൈവരിച്ചതിനെക്കുറിച്ചുമൊക്കെയാണ് ബെല്ല പങ്കുവെക്കുന്നത്. മാനസികമായും ശാരീരികമായും രോഗം തന്നെ കീഴടക്കിയിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളുമാണ് പിന്തുണയായതെന്നും ബെല്ല പറയുന്നു. ചികിത്സാകാലത്തെ ചിത്രങ്ങളും കുറിപ്പിനൊപ്പം ബെല്ല പങ്കുവെച്ചിട്ടുണ്ട്.
എന്താണ് ലൈം ഡിസീസ്?
ബൊറീലിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. ഒരു പ്രത്യേകതരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. അമേരിക്കയിൽ ഇത്തരം രോഗികളുടെ എണ്ണം കൂടുതലായും കാണാറുണ്ട്.
ലക്ഷണങ്ങൾ
ചെള്ളുകടിച്ച പാട്, ചർമത്തിൽ ചൊറിച്ചിലും തടിപ്പും തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷേ പലരും ഈ ലക്ഷണങ്ങൾ അത്ര കാര്യമാക്കാറില്ലാത്തതിനാൽ രോഗസ്ഥിരീകരണം വൈകും. പലരിലും പല ലക്ഷണങ്ങളും പ്രകടമാകാം. ഓരോ ഘട്ടങ്ങൾക്കനുസരിച്ച് ലൈം ഡിസീസിന്റെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.
ചെള്ളുകടിച്ച് മൂന്നുമുതൽ മുപ്പതുദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ചർമത്തിലെ ചൊറിച്ചിലിനും പാടിനുമൊപ്പം പനി, തലവേദന, അമിതക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രകടമാകാം.
ചികിത്സിച്ചില്ലെങ്കിൽ ലൈം ഡിസീസ് വഷളാകാനും സാധ്യതയുണ്ട്. മൂന്നുമുതൽ പത്താഴ്ച്ചകളോളം രോഗലക്ഷണങ്ങൾ കാണപ്പെടാം. രണ്ടാമത്തെ ഘട്ടം അൽപം ഗൗരവമാർന്നതുമാണ്. ശരീരത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന പാടുകൾ, കഴുത്തുവേദന, മുഖത്തെ പേശികൾക്ക് ബലക്ഷയം, ശരീരത്തിനു പുറകിൽ നിന്നാരംഭിച്ച് അരക്കെട്ടിലേക്കും കാലുകളിലേക്കും പടരുന്ന വേദന, കൈകളിലും കാൽപാദങ്ങളിലുമുള്ള വേദനയും തരിപ്പും, കണ്ണിലും കൺപോളയിലും വേദനയോടെയുള്ള തടിപ്പ്, കാഴ്ച്ചക്കുറവ് തുടങ്ങിയവ ഈ ഘട്ടത്തിൽ പ്രകടമാകാം.
മൂന്നാംഘട്ടത്തിൽ മുകളിൽപ്പറഞ്ഞ ലക്ഷണങ്ങൾക്കൊപ്പം ആർത്രൈറ്റിസ് അനുഭവപ്പെടാം. കാലങ്ങളോളം നീണ്ടുനിൽക്കുന്ന വേദനയും വീക്കവുമുണ്ടാകാം. ചെള്ളുകടിയേറ്റ് രണ്ടുമുതൽ പന്ത്രണ്ടുമാസത്തിനുശേഷമാണ് മൂന്നാംഘട്ടത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുക. കൈകളിലെയും കാൽപാദങ്ങളിലെയും ചർമത്തിന്റെ നിറംമാറുകയും വീക്കം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയും ഈ ഘട്ടത്തിലുണ്ടാകാം. മാസങ്ങളും വർഷങ്ങളും ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം.
ചികിത്സ
ലൈം ഡിസീസ് ബാധിച്ച പലർക്കും ചെള്ളുകടിയേറ്റ് തിരിച്ചറിയാൻ വൈകുന്നതാണ് സ്ഥിതി വഷളാക്കുന്നത്. രക്തപരിശോധനയ്ക്കൊടുവിലാണ് രോഗസ്ഥിരീകരണം നടത്തുന്നത്. രോഗത്തിന്റെ ഘട്ടം ഏതാണെന്നതിന് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. ആന്റിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് പൊതുവെ നൽകാറുള്ളത്.
Content Highlights: Bella Hadid opens up on battling Lyme disease