കാരണമൊന്നുമില്ലാതെ കുട്ടി തലവേദനയാണെന്ന് പരാതിപ്പെടുന്നുണ്ടോ? പിന്നിൽ മാനസിക പിരിമുറുക്കമാകാം

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കപ്പെടുകയാണ്. രണ്ട് മാസത്തെ വേര്‍പിരിയലിന് ശേഷം പ്രിയപ്പെട്ട സുഹൃത്തുക്കളെയും അധ്യാപകരേയും കാണാനുള്ള ആവേശമായിരിക്കും മഹാഭൂരിഭാഗം വിദ്യാര്‍ത്ഥികളിലും ഉണ്ടാവുക. എന്നിരുന്നാലും അപൂര്‍വം ചിലരില്‍ മാത്രം ഈ ആവേശത്തിന് പകരം സ്‌കൂളിലേക്ക് മടങ്ങുക എന്ന ചിന്ത ചില അസ്വസ്ഥതകളും ഭയവും ഉത്കണ്ഠയുമൊക്കെ സൃഷ്ടിക്കുവാന്‍ ഇടയാക്കുന്നുണ്ട്. അത്ര വലിയ മാനസികമായ പ്രശ്‌നമൊന്നുമല്ലെങ്കിലും തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞ് അവസരത്തിനൊത്ത് പ്രതികരിച്ചാല്‍ കുട്ടികളില്‍ മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഇടവരുത്താതെ ഈ അവസ്ഥയെ അതിജീവിക്കുവാന്‍ നമുക്ക് സാധിക്കും.
സ്‌കൂളിലേക്ക് മടങ്ങാനുള്ള വിഷമം ?
ദീര്‍ഘനാളത്തെ അവധിക്ക് ശേഷം, പ്രത്യേകിച്ച് മധ്യവേനലവധിക്ക് ശേഷം സ്‌കൂളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന കുട്ടികളില്‍ കാണപ്പെടുന്ന അസ്വസ്ഥത, ഉത്കണ്ഠ, ഭയം തുടങ്ങിയ വികാരങ്ങളെ പൊതുവായി സ്‌കൂളിലേക്ക് മടങ്ങാനുള്ള വിഷമം എന്ന ഒറ്റവാക്കില്‍ സൂചിപ്പിക്കാം. അവയുടെ വ്യത്യസ്ഥങ്ങളായ കാരണങ്ങള്‍ താഴെ പറയുന്നു.
- പുതിയ ക്ലാസ്സ്, പുതിയ അധ്യാപകന്‍, പുതിയ സ്‌കൂള്‍ തുടങ്ങിയവയെ കുറിച്ചുള്ള ഭയം.
- വീട്ടിലുള്ള ഇളയ കുട്ടികളെ, മാതാപിതാക്കളെ വേര്‍പിരിയാനുളള ഇഷ്ടക്കുറവ്
- സ്‌കൂളിലെ മുന്‍കാലങ്ങളിലെ മോശമായ അനുഭവങ്ങള്‍
സ്‌കൂളിലേക്ക് മടങ്ങുക എന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍
കുട്ടികളുടെ വാക്കുകളില്‍ നിന്ന് ഉത്കണ്ഠയുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കുവാന്‍ സാധിച്ചു എന്ന് വരില്ല. പകരം ശാരീരികമോ വൈകാരികമോ പെരുമാറ്റപരമോ ആയ ലക്ഷണങ്ങളിലൂടെയും ഇത് മനസ്സിലാക്കാന്‍ സാധിക്കും. പൊതുവായ ചില ലക്ഷണങ്ങള്‍ ഇനി പറയുന്നു.
1. കാരണങ്ങളില്ലാത്ത തലവേദന അല്ലെങ്കില്‍ വയറുവേദന
2. വിശപ്പില്ലായ്മ
3. ഉറക്കത്തില അസ്വസ്ഥതകള്‍
4. പേടി സ്വപ്‌നങ്ങള്‍
5. കാരണമില്ലാത്ത ക്ഷീണം
6. ക്ഷോഭം
7. ഭയം
8. കരച്ചില്‍
9. മാതാപിതാക്കളെയോ ഏറ്റവും പ്രിയപ്പെട്ട ബന്ധുക്കളെയോ വിട്ടുമാറാതെ ഇരിക്കല്‍
10. സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുക
11. സ്‌കൂളിനെ കുറിച്ചോ സുഹൃത്തുക്കളെ കുറിച്ചോ ആധ്യാപകരെ കുറിച്ചോ പരാതികള്‍ പതിവായി പറയുക
12. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് മാറി നില്‍ക്കല്‍.
13. പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വരിക
കുഞ്ഞിനെ എങ്ങനെ സഹായിക്കാം?
കുഞ്ഞിന്റെ വികാരങ്ങളും മാനസികാവസ്ഥയും കൃത്യമായി മനസ്സിലാക്കുക എന്നത് തന്നെയാണ് പരമപ്രധാനം. മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ കുഞ്ഞിനുണ്ട് എന്ന് തോന്നിയാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. അവരുമായി തുറന്ന് സംസാരിക്കുക എന്നത് പ്രധാനമാണ്. എത്ര ചെറിയ കുട്ടിയാണെങ്കിലും രക്ഷിതാക്കള്‍ മനസ്സ് തുറന്ന് സംസാരിക്കുക. എന്താണ് നിന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത് എന്ന് ചോദിച്ച് മനസ്സിലാക്കുക. മുന്‍ ധാരണകളോ മുന്‍വിധികളോ വെച്ചുകൊണ്ട് അവരുടെ ഉത്തരങ്ങളെ ഖണ്ഡിക്കരുത്. അവരുടെ ആശങ്കകള്‍ അവഗണിക്കുകയോ മണ്ടത്തരമെന്ന് പരിഹസിക്കുകയോ ചെയ്യരുത്. ആവലാതികള്‍ രക്ഷിതാക്കള്‍ പരിഗണിക്കുന്നുണ്ട് എന്ന തോന്നല്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
2. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സ്‌കൂളിലേക്കുള്ള ദിനചര്യയുടെ ഷെഡ്യൂള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുക. സ്‌കൂളില്‍ പോകുന്നതിന് അനുസൃതമായ രീതിയില്‍ ഉറക്കം ക്രമീകരിക്കുക, പ്രഭാത ചര്യകള്‍ ആരംഭിക്കുക, ഭക്ഷണ സമയം ക്രമീകരിക്കുക എന്നിവയില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
3. സാധ്യമാകുമെങ്കില്‍ സ്‌കൂള്‍ തുറക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് തന്നെ കുഞ്ഞുമായി സ്‌കൂള്‍ സന്ദര്‍ശിക്കുകയും ക്ലാസ് മുറിയും വിദ്യാലയത്തിന്റെ അന്തരീക്ഷവും പരിചയപ്പെടുത്തിക്കൊടുക്കുകയും വേണം. അദ്ധ്യാപകരുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
4. മാതാപിതാക്കളെയും ഇളയ സഹോദരങ്ങളേയുമൊക്കെ വേര്‍ പിരിഞ്ഞിരിക്കുക എന്നതാണ് കുട്ടികളിലെ പൊതുവായ ഒരുവിഷമം. ഇത്തരം വേര്‍പിരിഞ്ഞിരിക്കാനുള്ള സുരക്ഷിതമായ സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുക.
5. സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ സഹപാഠികളോടൊപ്പം ഇടപഴകാനുളള സാഹചര്യങ്ങള്‍ സൃഷ്ടിക്കുക. ഒരേ സ്‌കൂളില്‍ തന്നെ പഠിക്കുന്ന സമീപത്തുള്ളവരുമായി പരിചയപ്പെടുത്താനും ഇടപഴകാനുമുള്ള സാഹചര്യം സൃഷ്ടിക്കുക.
6. സ്‌കൂളിനെ കുറിച്ചും അധ്യാപകരെ കുറിച്ചും പോസറ്റീവായി സംസാരിക്കുകയും പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കുട്ടിക്ക് സാധിക്കുമെന്ന തരത്തിലുള്ള പോസിറ്റീവായ മനോഭാവം വളര്‍ത്തുവാനും ശ്രമിക്കുക.
7. ആവശ്യമാണെങ്കില്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സേവേനം തേടണം. ഇതിനായി ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും ശിശുരോഗ വിദഗ്ദ്ധന്റെയുമൊക്കെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ദീര്‍ഘകാലത്തേക്കുള്ള വൈകാരികമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുവാന്‍ ഈ ഇടപെടല്‍ സഹായകരമാകും.
കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ആസ്റ്റർ എൻറിച്ച് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ വിഭാഗം മേധാവിയാണ് ലേഖകൻ.
Content Highlights: Help your child overcome back-to-school anxiety with these tips