ദുബായിയില്‍ നിന്ന് അംജദ് പറന്നെത്തി; പത്ത് വയസ്സുകാരന് പുതുജീവനേകാന്‍

തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ദുബായ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരനായ അംജദ് പറന്നിറങ്ങിയത് പത്തുവയസ്സുകാരന്റെ ജീവിതപ്രതീക്ഷകളിലേക്കായിരുന്നു. രക്തകോശരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തുവയസ്സുകാരന് സ്റ്റെം സെല്‍ ദാനംചെയ്യാനാണ് മുക്കം ചേന്ദമംഗലൂര്‍ സ്വദേശിയും ദുബായിലെ റസ്റ്ററന്റിലെ മാനേജറുമായ പീടികക്കണ്ടി അംജദ് റഹ്‌മാന്‍ കേരളത്തിലെത്തിയത്.
വിമാനത്താവളത്തില്‍നിന്ന് നേരേ അമൃത ആശുപത്രിയിലെത്തിയ അംജദ്, സ്റ്റെം സെല്ലിന്റെ അളവ് വര്‍ധിക്കാനുള്ള കുത്തിവെപ്പെടുത്തു. ഇനി നാലുദിവസം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ഇതേ കുത്തിവെപ്പെടുക്കും. തുടര്‍ന്ന് സ്റ്റെം സെല്‍ ദാനംചെയ്ത് വെള്ളിയാഴ്ച വൈകീട്ടോടെ ദുബായിലേക്ക് തിരിച്ച് പറക്കും.
പ്രാഥമികപരിശോധനയ്ക്കായി രണ്ടാഴ്ചമുന്‍പ് അംജദ് ദുബായില്‍നിന്ന് കൊച്ചിയിലെത്തിയിരുന്നു. പരിശോധന നടത്തി രണ്ടുദിവസത്തിനകം തിരികെ മടങ്ങി. പരിശോധനാഫലം പോസിറ്റീവായ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച വീണ്ടുമെത്തിയത്. യാത്രയുടെ ഉദ്ദേശലക്ഷ്യം മനസ്സിലാക്കിയ റസ്റ്ററന്റ് ഉടമകളും കുടുംബാംഗങ്ങളും പൂര്‍ണപിന്തുണ നല്‍കിയതായി അംജദ് പറയുന്നു.
ധാത്രി ബ്ലെഡ് സ്റ്റെം സെല്‍ ഡോണേഴ്‌സ് രജിസ്ട്രിയില്‍നിന്നാണ് പത്തുവയസ്സുകാരന്റെ ബന്ധുക്കള്‍ക്ക് അംജദിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കുട്ടിയുടെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
മണാശ്ശേരി എംഎഎംഒ കോളേജിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലബ് സംഘടിപ്പിച്ച സ്റ്റെം സെല്‍ നിര്‍ണയക്യാമ്പില്‍വെച്ചാണ് അംജദ് സ്റ്റെം സെല്‍ പരിശോധിക്കുന്നത്. ഈ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന അംജദ് ജീവകാരുണ്യമേഖലയിലെ മികച്ച സന്നദ്ധപ്രവര്‍ത്തകനും ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ പുരസ്‌കാരജേതാവുമായിരുന്നെന്ന് അധ്യാപകര്‍ ഓര്‍ക്കുന്നു.
അഞ്ചുദിവസത്തെ അവധിക്ക് വിമാനം കയറുമ്പോഴും അമൃത ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത് കഴിയുമ്പോഴും രോഗബാധിതനായ കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ അംജദിന് അറിയില്ല. ആകെ അറിയുന്നത് ഒന്നുമാത്രം; രക്തകോശരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തുവയസ്സുകാരന് പുതുജീവനേകാന്‍ തന്റെ രക്തത്തിലെ മൂലകോശങ്ങള്‍ക്ക് കഴിഞ്ഞേക്കാം.
ഏഴുലക്ഷത്തോളംപേരുടെ സ്റ്റെം സെല്‍ പരിശോധിച്ചതില്‍ കുട്ടിയുടെ സ്റ്റെം സെല്ലുമായി യോജിച്ചത് തന്റേതാണ്... ആ 'രക്തബന്ധ'ത്തോളം പകരംവെക്കാന്‍ മറ്റൊന്നില്ലല്ലോ -അംജദ് പറഞ്ഞു.
Content Highlights: amjad came from dubai to donate stem cells to a 10 year old boy