വയസ്സിത്രയുമായില്ലേ ഇനി പുകവലി നിർത്തിയിട്ട് കാര്യമില്ലെന്നാണോ?, വാർധക്യവുമായി ബന്ധപ്പെട്ട മിത്തുകൾ

#ഉത്തരാ പ്രിയദർശി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

വാർധക്യം ഒരു അനിവാര്യതയാണ്. ശൈശവവും ബാല്യവും കൗമാരവുമൊക്കെപ്പോലെ മനുഷ്യൻ കടന്നുപോകേണ്ട അവസ്ഥതന്നെയാണ് വാർധക്യവും. എന്നാൽ, വാർധക്യവുമായി കൂട്ടിച്ചേർത്ത് വായിക്കുന്ന, പ്രായമായാൽ എല്ലാവർക്കും സംഭവിക്കുന്നത് എന്നെഴുതിത്തള്ളുന്നതെല്ലാം അനിവാര്യതകളാണോ? വാർധക്യവുമായി ബന്ധപ്പെട്ട ചില മിത്തുകളിലെ സത്യങ്ങളറിയാം.

ശാരീരികമായ അപചയം അനിവാര്യമാണ്

വർഷങ്ങളായുള്ള ഉപയോഗം ശരീരത്തിന് കേടുപാടുകൾ ഉണ്ടാക്കുകതന്നെ ചെയ്യും. എന്നാൽ, പ്രായമായതുകൊണ്ടു മാത്രം ഒന്നും ചെയ്യാനാകാത്തവിധം ശരീരം കൈവിട്ടുപോകുമെന്ന് കരുതുന്നത് ശരിയല്ല. കൃത്യമായ വ്യായാമവും നല്ല ഭക്ഷണശീലവും ജീവിതരീതിയും ശീലമാക്കുന്നത് ശാരീരിക അപചയത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുമെന്നത് കാലാകാലങ്ങളിൽ നടന്ന പഠനങ്ങളിലൂടെ തെളിഞ്ഞ സത്യമാണ്.

പ്രായമാകുമ്പോൾ ശാരീരികക്ഷമത കുറയും എന്ന വിശ്വാസംതന്നെയാണ് ശാരീരിരിക അപചയത്തിന്റെ വേഗം വർധിപ്പിക്കുന്നതിലെ പ്രധാനഘടകങ്ങളിൽ ഒന്നെന്ന് സേജ് ജേണലിൽ 2017-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മാത്രമല്ല ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അത് പ്രായം കൂടുന്നതിന്റെ ലക്ഷണംമാത്രമെന്ന് കരുതി തള്ളിക്കളയുന്നത് ചികിത്സിച്ച് ഭേദമാക്കാനാകുന്ന അസുഖങ്ങൾക്കുകൂടി ചികിത്സ ലഭ്യമാകാതിരിക്കാനോ ചികിത്സ വൈകാനോ കാരണമാകാം.

പ്രായമായാൽ വ്യായാമം ചെയ്യരുത്

കാലത്തിനനുസരിച്ച് ഈ വിശ്വാസത്തിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും ‘‘പ്രായമായില്ലേ ഇനി വ്യായാമം ചെയ്യുന്നതെന്തിനാ?’’ എന്ന് ചോദിക്കുന്ന മുതിർന്ന പൗരരും പ്രായമായവർ വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന ബന്ധുക്കളും സമൂഹത്തിൽ കുറവല്ല. വാർധക്യത്തിലും വ്യായാമം ശരീരത്തിന് ഗുണം ചെയ്യുമെന്ന് മാത്രമല്ല പല രോഗങ്ങളെയും മാറ്റിനിർത്താനും ശാരീരിക അപചയത്തിന്റെ വേഗം കുറയ്ക്കാനും സഹായിക്കും. മേധാക്ഷയത്തെ ചെറുക്കാനും സഹായിക്കും. എന്നാൽ, ശരീരത്തെയും കഴിക്കുന്ന മരുന്നുകളെയും അറിഞ്ഞ് വേണം വ്യായാമം ശീലമാക്കാൻ. എന്തുതരം വ്യായാമമാണ് നല്ലതെന്ന് ഡോക്ടറോട് ചോദിക്കാം.

പ്രായമാകുംതോറും തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാകും

പ്രായമാകുംതോറും ഓർമ്മശക്തി കുറയും തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാകും എന്നുതുടങ്ങി പ്രായമായാൽ മറവിരോഗമുണ്ടാകുന്നത് സാധാരണയാണ് എന്ന വിശ്വാസമോ ഭയമോ ചിലർക്കെങ്കിലും ഉണ്ടാകാം. ഇതൊരു അനിവാര്യതയാണെന്നും തടുക്കാൻ കഴിയാത്തതാണെന്നും കരുതുന്നവരും ഉണ്ട്. എന്നാൽ, ഇത് പൂർണമായും ശരിയല്ലെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഏറെയാണ്.

മറവിരോഗമുണ്ടാകാനുള്ള സാധ്യത പ്രായത്തിനനുസരിച്ച് കൂടിവരും. എന്നാൽ, പ്രായമായ എല്ലാവർക്കും വരുന്ന ഒന്നല്ല മറവിരോഗം. ലോകാരോഗ്യസംഘടനയുടെ 2021-ലെ കണക്കനുസരിച്ച് ലോകത്ത് 5.7 കോടി ആളുകൾക്കാണ് ഈ രോഗം ബാധിച്ചിട്ടുള്ളത്. യുഎൻഎഫ്പിഎ ഇന്ത്യയുടെ 2023 റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽമാത്രം 60 കഴിഞ്ഞ 15.3 കോടി ആളുകൾ ജീവിക്കുന്നുണ്ട്.

ഓർമ്മക്കുറവ്, വൈജ്ഞാനികത്തകർച്ച എന്നിവയുണ്ടാകുന്നത് ഉറപ്പായും മറവിരോഗത്തിലേക്ക് നയിക്കുമെന്നും കരുതരുത്. ബൗദ്ധികമായ ക്ഷയം മറവിരോഗത്തിന്റെ(ഡിമെൻഷ്യ) ലക്ഷണങ്ങളിൽ ഒന്നാണെങ്കിലും ഇതുണ്ടാകുന്നവരിൽ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമേ മറവിരോഗം സ്ഥിരീകരിക്കാറുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കാണുക.

ഇനി പുകവലി നിർത്തിയിട്ട് കാര്യമില്ല

വയസ്സിത്രയുമായില്ലേ ഇനി പുകവലി നിർത്തിയിട്ട് പ്രയോജനമില്ല എന്ന് കരുതുന്നുണ്ടോ? പുകവലി നിർത്താതിരിക്കാനുള്ള ഒരു ഒഴികഴിവ് മാത്രമാണിത്. പുകവലി അവസാനിപ്പിക്കുന്നത് ഏത് പ്രായത്തിലാണെങ്കിലും അത് ജീവിതനിലവാരം ഉയർത്താൻ സഹായിക്കും. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ‘ദി ബെനിഫിറ്റ് ഓഫ് ക്വിറ്റിങ് സ്‌മോക്കിങ് അറ്റ് ഡിഫറന്റ് ഏജസ്’ എന്ന പഠനപ്രകാരം 65 വയസ്സിനപ്പുറം പുകവലി അവസാനിപ്പിക്കുന്നതുപോലും ആയുർദൈർഘ്യം ഒരു വർഷത്തിലധികം കൂട്ടാൻ സഹായിക്കും. വാർധക്യം ഒരു അനിവാര്യതയാണെങ്കിലും വാർധക്യത്തിൽ ജീവിതം കൈവിട്ടുപോയി എന്ന് കരുതരുത്. ആരോഗ്യകരമായ വാർധക്യം ഒരു മിത്തല്ല പഠനങ്ങൾ തെളിയിച്ച സത്യമാണ്.

Content Highlights: Debunking common misconceptions about aging