സുഖമായിരിക്കാൻ എന്തുചെയ്യണം..? നാം നമ്മെത്തന്നെ പരിപാലിക്കണം; സെൽഫ് കെയർ ആവശ്യകതയാണ് ആഡംബരമല്ല

#ഡോ. സജന കെ.എം
പ്രതീകാത്മക ചിത്രം | Photo: Freepik.com
പ്രതീകാത്മക ചിത്രം | Photo: Freepik.com

വ്യക്തി സ്വന്തം ശാരീരികവും മാനസികവും വൈകാരികവുമായ ആര്യോഗത്തിനുവേണ്ടി, അല്ലെങ്കിൽ സുഖമായിരിക്കാനായി തനിക്കു ചുറ്റും ലഭ്യമായ അറിവുപയോഗിച്ച് സജീവമായി ചെയ്യുന്ന കാര്യങ്ങളെയാണ് സെൽഫ് കെയർ അല്ലെങ്കിൽ സ്വയം പരിപാലനം എന്നുപറയുന്നത്. പാൻഡെമിക്കിനു ശേഷം ഗ്ലോബൽ ഹെൽത്ത്‌ കെയർ മാർക്കറ്റിലുണ്ടായ വളർച്ചതന്നെ സെൽഫ് കെയർ ഒരു ട്രെൻഡിനേക്കാളുപരി ഒരു ആവശ്യമായി വളർന്നിരിക്കുന്നു എന്നതിന് തെളിവാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം, 80% നേരത്തെയുള്ള ഹൃദ്രോഹം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയവ സെൽഫ് കെയർ പ്രാക്ടീസ് വഴി കുറയ്ക്കാൻ സാധിക്കും. അതുവഴി നമുക്ക് ആരോഗ്യ പരിപാലനരംഗത്തെ ചെലവ് കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും.

സ്വയം പരിപാലനത്തിന്റെ ആവശ്യകത
യഥാർത്ഥത്തിൽ സ്വയം പരിപാലനം എന്നത് എല്ലാവർക്കും അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എന്നാലും നമ്മുടെ തിരക്കേറിയ ജീവിതത്തിലാകട്ടെ സ്വയം പരിപാലനം എന്നും അവഗണിക്കപ്പെടുന്ന ഒരു കാര്യവുമാണ്. ആളുകൾ അവരുടെ സ്വന്തം ക്ഷേമത്തേക്കാൾ, ജോലി, കുടുംബം അല്ലെങ്കിൽ സാമൂഹിക ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നു. ഈ അവഗണന പിന്നീട് സമ്മർദ്ദത്തിലേയ്ക്കും ആരോഗ്യപ്രശ്നങ്ങളിലേയ്ക്കുമൊക്കെ നയിച്ചേക്കാം. അതുകൊണ്ടാണ് സ്വയം പരിചരണം, സ്ഥിരമായി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പറയുന്നത്.

നാം നമ്മെ തന്നെ പരിപാലിക്കുന്നത്, നമ്മളെ മറ്റുള്ളവരെ പരിപാലിക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനുമെല്ലാം സജ്ജരാക്കുന്നു. നടക്കുക, ഏതെങ്കിലും ഹോബിയിൽ മുഴുകുക, അല്ലെങ്കിൽ സുഹൃത്തിനോടു സംസാരിക്കുക തുടങ്ങിയ ലളിതമായ പ്രവൃത്തികൾ പോലും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ചിലരെ സംബന്ധിച്ചിടത്തോളം, സ്വയം പരിപാലനം എന്നത് ജോലിയിൽനിന്ന് ഇടവേള എടുക്കുന്നതായിരിക്കാം. മറ്റു ചിലർക്ക് മാനസിക ബുദ്ധിമുട്ടുകൾക്ക് പ്രൊഫഷണൽ സഹായം തേടുന്നതാകാം. ഇതോരോരുത്തർക്കും വ്യക്തിഗതമായിരിക്കും.

ശാരീരികാരോഗ്യത്തിനായി ചെയ്യാവുന്ന സ്വയം പരിപാലനം
ഭക്ഷണം: പോഷക സമ്പുഷ്ടമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതും സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ, മധുരത്തിന്റെ അമിതോപയോഗം എന്നിവ കുറയ്ക്കുന്നതുമൊക്കെ സ്വയം പരിപാലനത്തിൽ പെടും. നന്നായി വെള്ളം കുടിക്കുന്നതും ഒരു സ്വയം പരിപാലനമാണ്.
ഉറക്കം: നല്ല ഉറക്കം കിട്ടാനായി ഒരു റെഗുലർ സ്ലീപ്‌ പാറ്റേൺ പിന്തുടരുന്നതും സ്വയം പരിപാലനമാണ്.
വ്യായാമം: ആരോഗ്യകരമായ ഭാരം നിലനിർത്താൻ ചെയ്യുന്ന കാര്യങ്ങളും സ്വയം പരിപാലനമാണ്. ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത് ആഴ്ചയിൽ 180 മിനിറ്റ് മിതമായ തീവ്രതയിലുള്ള വ്യായാമങ്ങൾ ആരോഗ്യത്തിനു നല്ലതാണ് എന്നാണ്. വ്യായാമം ശാരീരിക ആരോഗ്യത്തിനു മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണ്. അമ്പതു ശതമാനത്തോളം ഉത്കണ്ഠ, വിഷാദം എന്നിവ ഇതിലൂടെ കുറയ്ക്കാനാവും.

മാനസിക ആരോഗ്യത്തിന് സഹായകമാകുന്ന സ്വയം പരിപാലനം
സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനായി മെഡിറ്റേഷൻ അല്ലെങ്കിൽ ധ്യാനം, ശ്വസന വ്യായാമം പോലെയുള്ള റിലാക്സിങ് ടെക്‌നിക്, മൈൻഡ്ഫുൾനെസ്സ് എക്സർസൈസ് തുടങ്ങിയവ ചെയ്യാവുന്നതാണ്. ആവശ്യമാണെങ്കിൽ മറ്റുള്ളവരുടെയോ ആരോഗ്യപ്രവർത്തകരുടെയോ, അല്ലെങ്കിൽ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെയോ സഹായം തേടുന്നതും ഒരു സ്വയം പരിപാലനമാണ്.

വൈകാരികതലത്തിലുള്ള സ്വയം പരിപാലനം
ഒരാളുടെ വൈകാരികമായ ആരോഗ്യത്തിന് വളരെ പ്രധാനമാണ് നല്ല വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും നിലനിർത്തുക എന്നത്. സമൂഹവുമായി ഇടപെഴുകുന്നതും സുഹൃത്തുക്കളുമായി സമയം ചെലവിടുന്നതുമെല്ലാം നമ്മുടെ സന്തോഷം വർധിപ്പിക്കും. ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നതും ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കാൻ സമയം കണ്ടെത്തുന്നതും ഇഷ്ടപ്പെട്ട ഒരു യാത്രപോകാൻ സാധിക്കുന്നതുമെല്ലാം വൈകാരിക ആരോഗ്യത്തെ മെച്ചപ്പെടുത്തും. അതുപോലെ പ്രധാനമാണ് ഒരു വ്യക്തിക്ക് തന്റെ താല്പര്യങ്ങൾക്കനുസരിച്ച് യെസ് അല്ലെങ്കിൽ നോ എന്നു പറയാനുള്ള ഒരു   തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക എന്നത്.

സ്വയം പരിപാലനം എല്ലാവർക്കും ഒരുപോലെ സാധ്യമാണോ?
സ്വയം പരിപാലനം ലളിതമായി തോന്നുമെങ്കിലും പരിശീലിക്കുന്നത് എപ്പോഴും എളുപ്പമല്ല, പ്രത്യേകിച്ച് ചില വിഭാഗങ്ങൾക്ക്. വിവിധ മേഖലകളിലെ തൊഴിലാളി സ്ത്രീകൾ, വീട്ടമ്മമാർ, പ്രായമായ സ്ത്രീകൾ, ലിംഗസ്വത്വ പ്രശ്നങ്ങൾ നേരിടുന്നവർ, ലൈംഗിക തൊഴിലാളികൾ എന്നിവരെല്ലാംതന്നെ സ്വയം പരിചരണത്തിനായി സമയമോ വിഭവങ്ങളോ സുരക്ഷിതമായ ഇടങ്ങളോ കണ്ടെത്താൻ പലപ്പോഴും പാടുപെടുന്നവരാണ്.

സ്വയം പരിചരണം പലപ്പോഴും സാർവത്രികമായ ഒരാവശ്യമായി ആഘോഷിക്കപ്പെടുമ്പോഴും അതിന്റെ പ്രയോഗത്തിൽ തുല്യത പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഈ ആശയം വ്യക്തികളെ അവരുടെ ക്ഷേമത്തിന് മുൻഗണന നൽകാൻ പ്രോൽസാഹിപ്പിക്കുന്നതാണെങ്കിലും വ്യവസ്ഥാപരമായ അസമത്വങ്ങളും സാമൂഹിക പ്രതീക്ഷകളുമെല്ലാം എല്ലാവർക്കുമുള്ള അവകാശം എന്നതിലുപരി ഈ ആശയത്തെ ചിലർക്ക് മാത്രമുള്ളതാക്കി മാറ്റുന്നു. വ്യത്യസ്ത പശ്ചാത്തലത്തിലുള്ള  ചില സ്ത്രീകൾക്കും ലിംഗസ്വത്വ പ്രശ്നങ്ങളുള്ള വ്യക്തികൾക്കും സ്വയം പരിചരണം പലപ്പോഴും ഒരു വെല്ലുവിളിയാണ്‌.

ഇങ്ങനെയുള്ളവർക്ക് സ്വയം പരിചരണമെന്നത് അവരെ പൂർണമായും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാത്ത ഒരു ലോകത്തിലെ അതിജീവനം കൂടിയായി മാറുന്നു. അവർക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാനായി ജേണലിങ്, മനഃസാന്നിധ്യത്തിനുള്ള ചെറിയ വ്യായാമങ്ങൾ, പ്രകൃതിയിൽ കുറച്ചുനേരം ചിലവഴിക്കൽ തുടങ്ങിയ പ്രവൃത്തികൾ ഗുണംചെയ്യും. സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ കൂട്ടായ്മകളിൽ അംഗമാകുന്നത് ഒറ്റപ്പെടൽ കുറയ്ക്കാൻ സഹായിക്കും.

അവകാശങ്ങൾക്കുവേണ്ടി വാദിക്കേണ്ടിവരുന്നത് വൈകാരികമായി തളർത്തുന്നതാണെങ്കിലും വ്യവസ്ഥാപിത തടസ്സങ്ങളെ  അഭിസംബോധന ചെയ്യുന്നതും ഒരു സ്വയം പരിപാലനമാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക. സൗജന്യമായതോ ചിലവുകുറഞ്ഞതോ ആയ ആപ്പുകൾക്കും പ്ലാറ്റ്ഫോമുകൾക്കും മാനസിക ആരോഗ്യത്തിനായുള്ള പിന്തുണയും ഫിറ്റ്നസ് പ്ലാനുകളും കമ്മ്യൂണിറ്റി കണക്ഷനുകളെല്ലാം നൽകാൻ സാധിക്കും.

സ്വയം പരിപാലനം ഒരു മൗലീകാവകാശമാണ്. ആഡംബരമല്ല. എല്ലാവർക്കും സ്വയം പരിപാലനം സാധ്യമായ ഒരന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുക എന്നത് ഏവരുടെയും ഉത്തരവാദിത്വം കൂടിയാണ്. നിങ്ങളുടെ ജീവിത പശ്ചാത്തലം, ജീവിത സാഹചര്യങ്ങൾ തുടങ്ങിയവ എന്തുതന്നെയായിക്കൊള്ളട്ടെ, നിങ്ങളും സ്വയം ശ്രദ്ധയും പരിചരണവും സ്നേഹവും അർഹിക്കുന്നവരാണ്. സ്വയം പരിപാലനത്തെ ഒരു അടിസ്ഥാന അവകാശമാക്കി കണക്കാക്കി നിങ്ങൾക്കായി കുറച്ചുസമയം കണ്ടെത്താനും അതുവഴി മെച്ചപ്പെട്ട ആരോഗ്യം നേടാനും ഏവർക്കും സാധിക്കട്ടെ.

(ഡോ. സജന കെ.എം, ഡോ. സജനാസ് ഹോമിയോപ്പതി, കുന്നംകുളം, തൃശ്ശൂർ. ഫോൺ: 8075022744)

Content Highlights: about the positives and need for self care