അലസമാർന്ന ജീവിതക്രമം, അമിത മദ്യപാനം; കൂടിവരുന്ന കരൾ രോഗങ്ങൾക്ക് പിന്നിൽ

#ഡോ. ഹരികുമാർ ആർ. നായർ
Representative Image| Photo: Gettyimages.in
Representative Image| Photo: Gettyimages.in

ഒരു രാജ്യത്തെ അല്ലെങ്കിൽ ഭൂപ്രദേശത്തെ രോഗാവസ്ഥകളുടെ സ്ഥിതിവിവരക്കണക്കുകൾ കാലത്തിനനുസരിച്ച് മാറും. സാമൂഹികസാമ്പത്തിക വികസനവും അവിടുത്തെ രോഗാവസ്ഥകളും തമ്മിൽ ബന്ധമുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ജീവിതശൈലീരോഗങ്ങളുടെ പിടിയിൽ അമരുകയാണ് നഗരവാസികൾ എന്നുകാണാം. വികസിതവും നഗരസ്വഭാവമുള്ളതുമായ കേരളത്തിൽ പ്രമേഹം, രക്താതിമർദം, കൊളസ്‌ട്രോൾ നില എന്നിവ അധികരിക്കുക്കയാണ്. ഇതിന്റെ ഉപോത്പന്നമെന്ന് വിശേഷിപ്പിക്കാവുന്ന ഹൃദ്രോഗങ്ങൾ പരക്കെയായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കരൾരോഗങ്ങൾ വല്ലാതെ കൂടിവരുന്നതും കാണാം.  

ആശങ്കപ്പെടുത്തുന്ന കണക്കുകൾ

ഓരോ വർഷവും ഇന്ത്യയിൽ ശരാശരി രണ്ട് ലക്ഷം പേർ കരൾരോഗങ്ങൾ മൂലം മരിക്കുകയും പത്ത് ലക്ഷം പേർക്ക് പുതുതായി ലിവർ സിറോസിസ് സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ അഞ്ചിൽ ഒരാൾക്ക് എന്ന രീതിയിൽ ഏതെങ്കിലുമൊരു തരത്തിലുള്ള കരൾരോഗം പിടിപെടുന്നുണ്ടെന്നാണ് കണക്കുകൾ.

ലിവർ സിറോസിസ് അടക്കമുള്ള വിട്ടുമാറാത്ത കരൾരോഗങ്ങൾ കേരളത്തിൽ നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. മലയാളികളിൽ ഒരോ വർഷവും 250ഓളം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ (സംസ്ഥാനത്തിനകത്തും പുറത്തുമായി) നടക്കുന്നുണ്ട്.

അലസതയേറിയ ജീവിതക്രമം, വ്യായാമത്തിന് ആനുപാതികമല്ലാത്ത ഭക്ഷണശീലം എന്നിവയ്‌ക്കൊപ്പം അമിതമദ്യപാനം കൂടിയായപ്പോൾ ഉണ്ടായതാണ് കേരളത്തിലെ ട്രയോ ലൈഫ്‌സ്‌റ്റൈൽ പ്രോബ്ലം (Trio lifestyle problem). ഇത് ഭക്ഷണത്തിലൂടെയുള്ള കലോറി സ്വീകരണത്തിന്റെയും തുടർന്ന് വ്യായാമത്തിലൂടെയുള്ള അതിന്റെ കത്തിത്തീരലിന്റെയും അസന്തുലിതാവസ്ഥയ്ക്കിടയാക്കി.

ഫാറ്റി ലിവർ  വ്യാപകമായി എന്നതാണ് ഈ മാറിയ ജീവിതരീതിയുടെ പ്രധാന ഭവിഷ്യത്തുകളിൽ ഒന്ന്. ഇത് ലിവർ സിറോസിസ്, ലിവർ കാൻസർ പോലുള്ള മാരകരോഗങ്ങളിൽ ചെന്നവസാനിക്കാനുള്ള സാധ്യതയും കൂടിയിരിക്കുന്നു.  അക്ഷരാർഥത്തിൽ ഒരു നിശബ്ദ മഹാമാരിയായി (Silent Epidemic) കരൾ രോഗങ്ങൾ മാറിയിരിക്കുന്നു.

കേരളത്തിൽ കരൾ രോഗങ്ങൾ കൂടാനുള്ള പ്രധാന കാരണങ്ങൾ ഇനി പറയുന്നു:

  • നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ.
  • അമിത മദ്യപാനം.
  • ആരോഗ്യത്തിനെന്നു കരുതി വിപണിയിൽനിന്ന് നേരിട്ട് വാങ്ങുന്ന ഹെർബൽ ഉത്പന്നങ്ങളുടെ അശാസ്ത്രീയമായ ഉപയോഗം.
  • കരളിന്റെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും മറ്റുമായി സമാന്തര ഔഷധങ്ങൾ വാങ്ങി അശാസ്ത്രീയമായി ഉപയോഗിക്കുന്നത്.
  • മയക്കുമരുന്നുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത ടാറ്റൂയിങ് എന്നിവ വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരാൻ കാരണമാകുന്നുണ്ട്.

കൂടുന്ന ഫാറ്റി ലിവർ

ലോകജനസംഖ്യയിൽ മൂന്നിൽ ഒരാൾക്ക് ഫാറ്റി ലിവർ ഉള്ളതായി കരുതപ്പെടുന്നു. ദേശീയശരാശരിയും മുപ്പത് ശതമാനത്തിൽ എത്തിനിൽക്കുന്നു. തിരുവനന്തപുരത്ത് സമീപകാലത്ത് നടന്ന ഒരു പഠനത്തിൽ, ഫാറ്റി ലിവർ നിരക്ക് 50 ശതമാനം നിലനിൽക്കുന്നുവെന്നാണ് കണ്ടെത്തിയത്. കേരളത്തിലെ ഫാറ്റി ലിവർ കേസുകളിൽനിന്ന് കുട്ടികളെ മാറ്റിനിർത്താനാവില്ല. ശാരീരികാധ്വാനത്തോട് സന്തുലനപ്പെടാത്തത്ര ഭക്ഷണം കഴിക്കുമ്പോൾ, എരിഞ്ഞുപോവാത്ത അധിക കലോറി കൊഴുപ്പായി മാറി കരളിലടിയുന്നു. ഇതാണ് 'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്' (NAFLD). 

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് കൂടുതൽ സങ്കീർണമായ അവസ്ഥയിലെത്തുമ്പോൾ കരളിന് വീക്കവും സ്‌കാറിങ്ങും വരികയും ഒടുവിൽ കരളിന്റെ ഘടനയും ധർമവും അവതാളത്തിലാവുകയും ചെയ്യുന്നു. ചികിത്സിച്ചില്ലെങ്കിൽ രോഗാവസ്ഥ മൂർച്ഛിച്ച്, രോഗിയുടെ ജീവരക്ഷയ്ക്ക് കരൾ മാറ്റിവയ്ക്കൽമാത്രം പോംവഴിയായിട്ടുള്ള ലിവർ സിറോസിസ് ആയി മാറുകയും ചെയ്യും.
പ്രമേഹം, രക്താതിമർദം, ഉയർന്ന കൊളസ്‌ട്രോൾ നില എന്നിവയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന് വേഗം കൂട്ടുന്ന ഘടകങ്ങൾ. 

ഇന്ത്യയിൽ, കേരളീയർക്കാണ് കൊളസ്‌ട്രോൾ നില (197-229 mg/dl ) ഏറ്റവും കൂടുതൽ (ദേശീയ ശരാശരി (157-180 mg/dl). ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച്  ഉയർന്ന ഫാറ്റിലിവർ ബാധിതർ കേരളത്തിലുണ്ടാകാനുള്ള കാരണങ്ങളിലേക്ക് ഈ കണക്കുകൾ വഴിതെളിയിച്ചു.

കരളിന്റെ കോശങ്ങളിലുണ്ടാക്കുന്ന തകരാറുകൾ, അത് ആൽക്കഹോളിക്കോ നോൺ ആൽക്കഹോളിക്കോ ആയാലും, മിക്കവാറും ലക്ഷണങ്ങളിലൂടെ അറിയാനാവില്ല. വൈകിയ വേളയിൽ കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുംവരെ അത് ഫാറ്റിലിവർ, ഫാറ്റി ഹെപ്പറ്റൈറ്റിസ്, ലിവർ സ്‌കാറിങ്, ലിവർ സിറോസിസ് എന്നീ ഘട്ടങ്ങളിലൂടെ ലക്ഷണങ്ങളില്ലാതെ പോയിക്കഴിഞ്ഞിരിക്കും. രണ്ട് ദശാബ്ദങ്ങളൊക്കെയെടുത്താണ് ഇത്രയും പ്രശ്‌നങ്ങൾ നടന്നിരിക്കുക. ഈ നിശ്ശബ്ദവ്യാധിയെ കണ്ടെത്താനും രോഗാവസ്ഥ ലിവർ സ്‌കാറിങ്ങും ലിവർ കാൻസറുമായി മാറുന്നത് തടയാനും സ്‌ക്രീനിങ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യത്തിലേക്ക്  പത്ത് പടവുകൾ

  • സമീകൃതാഹാര പദ്ധതി പിന്തുടരുക: നിങ്ങളെന്താണ് കഴിക്കുന്നതെന്നത് പ്രധാനമാണ്. ഉയർന്ന കലോറിയുള്ളതും റിഫൈൻഡ് കാർബ്‌സും (വൈറ്റ് ബ്രഡ്, തവിടുനീക്കി പോളിഷ് ചെയ്ത അരി, മധുരപലഹാരങ്ങൾ) പൂരിതകൊഴുപ്പുമടങ്ങിയ ഭക്ഷണം ഒഴിവാക്കാം. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ വഴി ആവശ്യമുള്ള നാരുകൾ (ഫൈബർ) കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക. ബേക്കറി പലഹാരങ്ങളും ശീതളപാനീയങ്ങളും കുറച്ചുമാത്രം ഉപയോഗിക്കുക. പകരം പ്രകൃത്യാലുള്ള മധുരം ശീലിക്കുക.
  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക: എൻ.എ.എഫ്.എൽ.ഡി. യുടെ ആദ്യഘട്ടത്തിൽ, കരൾ വീക്കമോ വടുക്കൾ ഉണ്ടാകലോ ആരംഭിക്കും മുന്നേയാണെങ്കിൽ, പെട്ടെന്ന് ഭാരം കുറയ്ക്കുന്നതിലൂടെ (കൊഴുപ്പുകുറഞ്ഞ ഭക്ഷണരീതി; കൃത്യമായ വ്യായാമം) രോഗാവസ്ഥയെ നിയന്ത്രിക്കാനാവും.
  • ചിട്ടയായ വ്യായാമം: ട്രൈഗ്ലിസറൈഡുകളെ കത്തിച്ചുതീർക്കാൻ ചിട്ടയായ വ്യായാമത്തിന് കഴിയും. ഇത് കരളിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും. എയ്‌റോബിക് വ്യായാമങ്ങളും (നടത്തം, സൈക്കിളിങ്, ജോഗിങ്, നീന്തൽ) വെയ്റ്റ് ട്രെയിനിങ്ങും ഉൾപ്പെടുന്ന വ്യായാമ പദ്ധതിയാണ് കരളിന്റെ ആരോഗ്യത്തിന് നല്ലത്.
  • മദ്യപാനം നിയന്ത്രിക്കുക: അമിത മദ്യപാനം കരളിലെ കോശങ്ങളെ മോശമായി ബാധിക്കും. കരളിലെ തകരാറുകളാൽ കരളിൽ കൊഴുപ്പടിയും; വീക്കവും വടുക്കളും (സിറോസിസ്) വരും. ലിവർ സിറോസിസ് ഉള്ളവരിൽ ചെറിയ അളവ് മദ്യപാനംപോലും ആരോഗ്യം വഷളാക്കും.
  • അശാസ്ത്രീയമായ ന്യൂട്രീഷണൽ സപ്ലിമെന്റുകൾ/ ഹെർബൽ തെറാപ്പി/ എന്നിവ ഒഴിവാക്കുക: ഡോക്ടറുടെ നിർദേശമില്ലാതെ ഹെർബൽ ഉത്പന്നങ്ങൾ ഉപയോഗിക്കരുത്.
  • സ്‌ക്രീനിങ് ടെസ്റ്റുകൾ ചെയ്യുക: കരൾ രോഗം അധികരിക്കുന്നതിന് മുൻപ് കണ്ടെത്താൻ പരിശോധനകൾ സഹായിക്കും.
  • സ്‌കൂളുകളിലെ കരൾ ആരോഗ്യ പദ്ധതികൾ: കുട്ടികളുടെ മനസ്സിൽത്തന്നെ ആരോഗ്യപരിപാലനത്തിന്റെയും നല്ല ഭക്ഷണരീതിയുടെയും വ്യായാമത്തിന്റെയും ഗുണത്തെക്കുറിച്ച് വേരുറപ്പിക്കുക. നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷ്യവസ്തുവിന്റേയും പോഷകനിലവാരത്തെക്കുറിച്ച് പരിശീലനം നൽകുന്നത് ഫലപ്രദമായിരിക്കും. ഫുഡ്പായ്ക്കറ്റുകളുടെ മീതേ നൽകുന്ന ന്യൂട്രീഷൻ കണ്ടന്റ് ലേബൽ വായിക്കാൻ കുട്ടികളെ ശീലിപ്പിക്കാം.
  • ലഹരിമരുന്നുകൾ വേണ്ട: മയക്കുമരുന്ന് ഉപയോഗത്തിന് കുട്ടികൾ അടിമപ്പെടാനിടയുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താം. മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ കൈമാറുന്ന സൂചിവഴി ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരാനിടയുണ്ടെന്നും മനസ്സിലാക്കിക്കുക.
  • ടാറ്റൂ ചെയ്യുന്നമ്പോൾ ശ്രദ്ധിക്കണം:  ലൈസൻസുള്ള സലൂണുകളിൽനിന്നും ബ്യൂട്ടി പാർലറുകളിൽനിന്നും സുരക്ഷിതമായി മാത്രം ടാറ്റൂ ചെയ്യുക.
  • ലൈംഗിക അച്ചടക്കം ശീലിക്കുക: ലൈംഗികബന്ധത്തിലൂടെ പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് ബോധവത്കരിക്കുക.


കൊച്ചി കിൻഡർ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഹെപ്പറ്റോളജിസ്റ്റ് & ലിവർ ട്രാൻസ്പ്‌ളാന്റ് ഫിസിഷ്യനാണ് ലേഖകൻ

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: world liver day, liver cirrhosis, liver disease, alcoholic liver disease, liver disease symptoms