'കീടനാശിനികൾ കാൻസർ വരുത്തും' എന്ന ധാരണയ്ക്കു പിന്നിലെന്ത് ? ഭക്ഷണത്തോടൊപ്പം ഉള്ളിൽച്ചെല്ലുന്ന കീടനാശിനികൾ കുറയ്ക്കുന്നതെങ്ങനെ?

#ഡോ. രാജീവ് ജയദേവന്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

'വിഷമടിച്ച ഫ്രൂട്ട്‌സും പച്ചക്കറികളും കഴിക്കരുത്. ഇതുകൊണ്ടാണ് കാൻസർ കൂടുന്നത്.' സോഷ്യൽ മീഡിയയിലും മറ്റും പതിവായി കേൾക്കാറുള്ള അഭിപ്രായമാണിത്. ഇതിൽ എത്രത്തോളം സത്യമുണ്ട്? ഇതിന്റെ പിന്നിലെ വാസ്തവങ്ങൾ എന്തൊക്കെയാണ്? നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ കുഴപ്പമുണ്ടോ? ശാസ്ത്രീയമായ അവലോകനത്തിലൂടെ ഉത്തരങ്ങൾ കണ്ടെത്താം.

നാം സാധാരണ കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളുണ്ടോ?

പഴങ്ങളും പച്ചക്കറികളും മറ്റും കൃഷിചെയ്യുമ്പോൾ അംഗീകൃതമായ കീടനാശിനികൾ പ്രയോഗിക്കപ്പെടുന്നുണ്ട്. അവയുടെ അവശിഷ്ടങ്ങൾ പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലും കാണപ്പെടാമെന്നുള്ളത് വാസ്തവമാണ്. എന്നാൽ, ഈ അളവ് വളരെ കുറവായിരിക്കും.

കീടനാശിനികൾ കാൻസറുണ്ടാക്കുമോ? ഇതേപ്പറ്റിയുള്ള ശാസ്ത്രീയപഠനങ്ങൾ എന്താണ് കണ്ടെത്തിയത്?

കീടനാശിനികൾ പലതരമുണ്ട്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന ചില കീടനാശിനികൾ കാൻസറുണ്ടാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ലഭ്യമായ, അനുവദനീയമായ കീടനാശിനികളുടെ ഉപയോഗം മൊത്തത്തിലുള്ള കാൻസർ സാധ്യത വർധിപ്പിക്കുന്നില്ല. കേട്ടാൽ അതിശയം തോന്നാമെങ്കിലും ഇതിനു തെളിവായി നാല് പ്രധാനപ്പെട്ട പഠനങ്ങളുണ്ട്.

1. ആദ്യത്തെത് അഗ്രികൾച്ചറൽ ഹെൽത്ത് സ്റ്റഡി ആണ്. അമേരിക്കയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 33 വർഷമായി നടന്നുവരുന്ന ഈ പഠനത്തിൽ ഏകദേശം 89,000 കൃഷിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി, കീടനാശിനികളുടെ പ്രയോഗം മൂലം ഇവരിൽ കാൻസർ സാധ്യത കൂടിയിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്. എന്നാൽ, പഠനം കണ്ടെത്തിയത്, പൊതുസമൂഹത്തെ അപേക്ഷിച്ച് ഇവരിൽ മൊത്തത്തിൽ കാൻസർ കുറവാണെന്നായിരുന്നു. കൃഷിയിലേർപ്പെട്ടിരിക്കുന്നവരുടെ ആരോഗ്യകരമായ ജീവിതശൈലി അവരിൽ കാൻസർ സാധ്യത കുറച്ചതാകാം കാരണം. ഇതിൽനിന്നു മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം: കാൻസർ സാധ്യത ഏതെങ്കിലും ഒരു ഘടകംകൊണ്ട് മാത്രം തീരുമാനിക്കപ്പെടുന്ന ഒന്നല്ല. മനുഷ്യന് അറിവുള്ളതും അല്ലാത്തതുമായ അനേകം ആപദ്ഘടകങ്ങളുള്ള ഒരവസ്ഥയാണ് കാൻസർ. ഓരോ ഘടകവും എത്രകാലം, എത്ര അളവിൽ ശരീരത്തെ ബാധിച്ചു എന്നതാണ് പ്രധാനം.

2. ഹാർവാഡ് സർവകലാശാലയിലെ ഗവേഷകർ 2021ൽ പ്രസിദ്ധീകരിച്ച ബൃഹത്തായ പഠനവും സമാനമായ നിഗമനത്തിലാണ് എത്തിയത്. കീടനാശിനികൾ ഉപയോഗിച്ച് വിളയിച്ചെടുത്ത ഭക്ഷ്യവിഭവങ്ങൾ ഉപയോഗിച്ചവരിൽ മൊത്തത്തിലുള്ള കാൻസർ സാധ്യത വർധിച്ചില്ല.

3. മൂന്നാമത്തെ പഠനം യു.കെ.യിൽനിന്നുള്ള മില്യൺ വിമൻ സ്റ്റഡി ആണ്. കീടനാശിനിസാന്നിധ്യം വളരെ കുറഞ്ഞ ഓർഗാനിക് ഭക്ഷണം കഴിക്കുന്നവരും സാധാരണ ഭക്ഷണം (അതായത്, കീടനാശിനിയവശിഷ്ടങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണം) കഴിക്കുന്നവരും തമ്മിൽ കാൻസർ നിരക്കിൽ വ്യത്യാസമുണ്ടോ എന്നാണ് ഈ പഠനം അന്വേഷിച്ചത്. ഈ പഠനവും കണ്ടെത്തിയത് ഈ രണ്ട് ഗ്രൂപ്പുകളും തമ്മിൽ മൊത്തത്തിലുള്ള കാൻസർ നിരക്കിൽ വ്യത്യാസമില്ല എന്നായിരുന്നു.

4. സ്വീഡനിൽ 68,844 പേരിൽ നടത്തിയ ഒരു പഠനം 2023-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. കീടനാശിനികളുടെ അളവും കാൻസർ സാധ്യതയും തമ്മിൽ എത്രത്തോളം ബന്ധമുണ്ടെന്നാണ് അവർ അന്വേഷിച്ചത്. കീടനാശിനിസമ്പർക്കം കൂടുതലുള്ളവരിൽ കാൻസർ കുറവാണെന്നാണ് അവർ കണ്ടെത്തിയത്.

ഇതെങ്ങനെ സംഭവിച്ചുവെന്ന് അവർ അന്വേഷിച്ചപ്പോൾ മനസ്സിലായത്, കാൻസർ കുറവുള്ള വ്യക്തികൾ ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കൂടുതൽ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആഹാരം കഴിച്ചിരുന്നു എന്നാണ്. ഇപ്രകാരം കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ സ്വഭാവികമായും കൂടുതൽ അളവിൽ കീടനാശിനികൾ അവരുടെ ഉള്ളിൽ ചെന്നിരുന്നുവെങ്കിലും മൊത്തത്തിൽ കാൻസർ സാധ്യത കുറയുകയാണുണ്ടായത്.

അതേസമയം, ചില കീടനാശിനികൾ അമിതമായി ഉള്ളിൽച്ചെന്നവരിൽ ചില കാൻസറുകൾ കൂടുതൽ കണ്ടുവരുന്നുണ്ടെന്നും സൂചനയുണ്ട്. ഉദാഹരണത്തിന് നോൺ-ഹോഡ്ജ്കിൻ ലിംഫോമ . ഭക്ഷണം വഴി ചെറിയ അളവിൽ ഉള്ളിലെത്തുന്ന അംഗീകൃതമായ കീടനാശിനികൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല എന്നുള്ളതിന് തെളിവുണ്ടെങ്കിലും, പരിസ്ഥിതിയിൽ - അതായത് കുടിവെള്ളത്തിലും മണ്ണിലും ശ്വസിക്കുന്ന വായുവിലും മറ്റുമുള്ള കീടനാശിനികളുടെ നിരന്തര സാന്നിധ്യം അതത് പ്രദേശത്തുള്ള കാൻസർ സാധ്യതയും ഇതര ആരോഗ്യപ്രശ്നങ്ങളും വർധിപ്പിക്കുന്നതായി ചില പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പഠനങ്ങളുടെ ചുരുക്കം: കീടനാശിനിയെപ്പറ്റിയുള്ള ആശങ്കമൂലം പഴങ്ങളും പച്ചക്കറികളും ഒഴിവാക്കുന്നതാണ് വാസ്തവത്തിൽ ആരോഗ്യത്തിന് കൂടുതൽ ദോഷകരം. വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾപ്പെട്ട ഭക്ഷണശൈലിക്കാണ് മുൻഗണനകൊടുക്കേണ്ടതെന്നർഥം.

പഴങ്ങളും പച്ചക്കറികളും കഴിക്കാതിരുന്നാൽ കുഴപ്പമുണ്ടോ?

പഴങ്ങളിലും പച്ചക്കറികളിലും ഉള്ള നാരുകൾ, വിറ്റമിനുകൾ, ആന്റിഓക്സിഡന്റുകൾ, മറ്റ് പോഷകഘടകങ്ങൾ എന്നിവയെല്ലാം ആവശ്യമായ ഘടകങ്ങളാണ്. മാത്രമല്ല, മനുഷ്യന്റെ കുടലിൽ ജീവിക്കുന്ന നല്ല ബാക്ടീരിയയുടെ പ്രവർത്തനത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നത് പഴങ്ങളും പച്ചക്കറികളും മറ്റും അടങ്ങിയിട്ടുള്ള ഭക്ഷണമാണ്.

എന്തുകൊണ്ടാണ് 'കീടനാശിനികൾ കാൻസർ വരുത്തും' എന്ന ധാരണ ഉണ്ടായത്?

കീടനാശിനികളുടെ ചരിത്രം പരിശോധിക്കുമ്പോൾ, ഏറെ വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ചിരുന്ന ചില കീടനാശിനികൾ കാൻസറുണ്ടാക്കുന്നതായി കണ്ടെത്തുകയും ഇവ പിന്നീട് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസിയായ IARC (International Agency for Research on Cancer ) യുടെ ഗ്രൂപ്പ്-2(എ) പട്ടികയിൽ ഇപ്പോൾ നിലവിലുള്ള കീടനാശിനികളിൽ ചിലത് ലിസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്. ഇവ കൂടാതെ വായുമലിനീകരണം, അമിതചൂടുള്ള പാനീയങ്ങൾ തുടങ്ങി നൂറോളം പേരുകളും ഇതേ പട്ടികയിലുണ്ട്. സാങ്കേതികമായ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ആശങ്കതോന്നാനിടയുണ്ട്. നിത്യജീവിതത്തിൽ ഇതിന്റെ പ്രസക്തി ഒരുദാഹരണംകൊണ്ടു വ്യക്തമാക്കാം.

പുകവലി, മദ്യപാനം അടക്കം നൂറ്റിമുപ്പത്തഞ്ചോളം ഘടകങ്ങൾ ഉൾപ്പെട്ട, കാൻസർ സാധ്യതയിൽ IARC ഗ്രൂപ്പ്-2(എ)യെക്കാൾ ഉയർന്ന ഗ്രേഡായ, IARC ഗ്രൂപ്പ്-1 പട്ടികയിലുള്ള ഒന്നാണ് ഡീസൽപ്പുക. പക്ഷേ, ഏറക്കുറെ സാർവത്രികമായ ഡീസൽപ്പുക ശ്വസിക്കുന്ന എല്ലാവർക്കും കാൻസർ വരുന്നില്ല എന്നു വ്യക്തമാണ്. ഡീസൽപ്പുക അമിതമായ അളവിൽ ഏറെക്കാലം ശ്വസിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് അല്പം കൂടുതൽ കാൻസർ സാധ്യതയുണ്ട് എന്നുമാത്രമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

കേരളത്തിൽ ലഭിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി എത്രത്തോളമുണ്ട്?

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന Monitoring of Ptseicide Residues at National Level പോലുള്ള നിരീക്ഷണപദ്ധതികളിലൂടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സാമ്പിളുകൾ പരിശോധിക്കുന്നത്. 2026 ഓഗസ്റ്റിൽ കേന്ദ്ര കൃഷിമന്ത്രി ലോക്‌സഭയിൽ നൽകിയ മറുപടി പ്രകാരം, 2023-26 കാലയളവിൽ 23 സംസ്ഥാനങ്ങളിൽനിന്നായി ശേഖരിച്ച 70,652 സാമ്പിളുകളിൽ 2223 എണ്ണത്തിൽ (3.1%) മാത്രമാണ് നിർദിഷ്ടപരിധിയിൽ കൂടുതൽ കീടനാശിനിയവശിഷ്ടം കണ്ടെത്തിയത്. കേരളത്തിൽനിന്നുള്ള സാമ്പിളുകളിൽ രണ്ടുശതമാനമാണ് ഈ പരിധി കടന്നത്.

കീടനാശിനികൾ കൂടാതെ കൃഷിചെയ്യാമോ?

എട്ട് ബില്യണിലധികം (831 കോടി) ജനങ്ങൾ വസിക്കുന്ന ഭൂമിയിൽ ഇത്രയും പേർക്ക് മുടങ്ങാതെ ഭക്ഷണം കൊടുക്കുക എന്നുള്ളത് വലിയ വെല്ലുവിളിയാണ്. ഈ ഭക്ഷണമത്രയും കൃഷിചെയ്താണ് ഉത്പാദിപ്പിക്കേണ്ടത്. കൃഷിവിളയുടെ കാൽഭാഗത്തിലധികവും (2040%) കീടങ്ങളും മറ്റും നശിപ്പിക്കുന്നു. അതായത് നാലുകിലോ ധാന്യം ഉണ്ടാകേണ്ടിടത്ത് മൂന്നുകിലോയിൽ കുറവുമാത്രം ലഭിക്കുന്ന അവസ്ഥ. ചിലയിടങ്ങളിൽ വിളനഷ്ടം ഇതിലും കൂടുതലായിരിക്കാം. കീടങ്ങളെ അകറ്റിനിർത്തി വിളവു മെച്ചപ്പെടുത്താനുള്ള ഒരു പ്രധാനപ്പെട്ട മാർഗമാണ് കീടനാശിനികൾ.

കീടനാശിനിപ്രയോഗം പരമാവധി കുറഞ്ഞ രീതിയാണ് ജൈവകൃഷി. എന്നാൽ, ജൈവകൃഷികൊണ്ടുമാത്രം ഇത്രയുമധികം ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുക പ്രാവർത്തികമല്ല. രാജ്യവ്യാപകമായി കീടനാശിനികൾ നിരോധിച്ചപ്പോൾ കൃഷിവിളവ് കുത്തനെ ഇടിയുകയും അതിനെത്തുടർന്ന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്ത, നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ അനുഭവം ഇതിനു തെളിവാണ്.

സസ്യങ്ങൾ സ്വന്തമായി കീടനാശിനികൾ നിർമിക്കുന്നുണ്ടോ?

കീടങ്ങളിൽനിന്ന് രക്ഷപ്പെടാനായി സസ്യങ്ങൾ സ്വാഭാവികമായി കീടനാശിനികൾ ഉത്പാദിപ്പിക്കാറുണ്ട്. മനുഷ്യൻ നിർമിക്കുന്ന പല കീടനാശിനികളും ഇവയുമായി സാമ്യമുള്ളതാണ്.

പ്രകൃതിദത്ത കീടനാശിനികൾ സുരക്ഷിതമാണോ?

പ്രകൃതിദത്തമായ കീടനാശിനികൾ മൃഗങ്ങളിൽ പരിശോധിച്ചപ്പോൾ അവയിൽ ചിലത്, അമിതമായ അളവിലാണെങ്കിൽ, കാൻസറുണ്ടാക്കാൻ കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, പരീക്ഷണമൃഗങ്ങളിൽ ഉപയോഗിക്കുന്ന അളവ് വളരെ കൂടുതലായതിനാൽ ഇതേ അപകടസാധ്യത മനുഷ്യരിൽ ഉണ്ടാകണമെന്നില്ല.

മൃഗങ്ങളിൽ ടെസ്റ്റുചെയ്യുമ്പോൾ ചില കീടനാശിനികൾ കാൻസറുണ്ടാക്കുന്നു എന്ന് പറയുന്നതിന് കാരണമെന്താണ്?

മനുഷ്യന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പല രാസപദാർഥങ്ങളും ഗവേഷണലാബിൽ എലിയടക്കമുള്ള പരീക്ഷണമൃഗങ്ങളിൽ ടെസ്റ്റുചെയ്യുന്ന രീതി നിലവിലുണ്ട്. അവയോടൊപ്പം കീടനാശിനികളും പരിശോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, എലികളിലും മറ്റും അമിതമായ അളവിലാണ് ഇത്തരം പദാർഥങ്ങൾ പ്രയോഗിക്കപ്പെടുക. ചുരുങ്ങിയ ആയുസ്സുള്ള ഈ ചെറുജീവികളിൽ കാൻസറുണ്ടാകണമെങ്കിൽ അമിതമായ അളവ് ഉപയോഗിച്ചാലേ അത് സംഭവിക്കൂ എന്ന് ഗവേഷകർക്കറിയാം. അതുകൊണ്ടുതന്നെ ചില കീടനാശിനികൾ പരീക്ഷണമൃഗങ്ങളിൽ കാൻസർ സാധ്യത വർധിപ്പിക്കുന്നു എന്നുള്ള കണ്ടെത്തൽ, 'മനുഷ്യരിൽ അതേരീതിയിൽ കാൻസർ ഉണ്ടാക്കും' എന്നു വ്യാഖ്യാനിക്കാനാവില്ല. കാരണം, മനുഷ്യരിൽ ഇതേ വസ്തുക്കൾ ഉള്ളിൽച്ചെല്ലുന്ന അളവ് പരീക്ഷണമൃഗങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും.

ഭക്ഷണത്തോടൊപ്പം ഉള്ളിൽച്ചെല്ലുന്ന കീടനാശിനികളുടെ അളവ് കുറയ്ക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും?

നന്നായി കഴുകി ഉപയോഗിച്ചാൽ കീടനാശിനികളുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.അമേരിക്കയിലെ എഉഅയും ഇന്ത്യയിലെ FSSAIയും ഇതിനുവേണ്ടിയുള്ള മാനദണ്ഡങ്ങളും നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ഭക്ഷണം അടുപ്പത്തുവെച്ച് പാകം ചെയ്യുമ്പോൾ ചൂടുമൂലം കീടനാശിനികളുടെ അളവ് വീണ്ടും കുറയുന്നു. അരിപോലെയുള്ള ധാന്യങ്ങളിൽനിന്നുള്ള കീടനാശിനി ഇത്തരത്തിൽ ഒഴിവാക്കാൻ സാധിക്കുന്നു.

പല പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിപ്പുറത്തുള്ള കീടനാശിനികൾ തൊലി ചീകിക്കളഞ്ഞാൽ ഒഴിവാക്കാവുന്നതാണ്. എന്നാൽ, തൊലി ചീകിക്കളയുന്നത് ഇവ നന്നായി കഴുകിയതിനുശേഷം മാത്രമായിരിക്കണം. കഴുകാതെ തൊലി ചെത്തിക്കളഞ്ഞാൽ തൊലിപ്പുറത്തിരിക്കുന്ന കീടനാശിനിയുടെ അവശിഷ്ടം ഉള്ളിലേക്ക് കടന്നുചെല്ലാനിടയാകും.

കഴുകുമ്പോൾ മൃദുവായ ഒരു ബ്രഷ് കൊണ്ട് തൊലി ഉരച്ചുവൃത്തിയാക്കുന്നത് കീടനാശിനികൾ എളുപ്പം ഒഴിവായിക്കിട്ടാൻ സഹായകമാകും. ഉദാഹരണത്തിന്, വഴുതനങ്ങ, കാപ്സിക്കം, തക്കാളി, ഉരുളക്കിഴങ്ങ്, ആപ്പിൾ മുതലായവ.

കാബേജ് പോലുള്ള ഇലവർഗങ്ങളിൽ പുറമേയുള്ള ഇലകൾ എടുത്തുകളഞ്ഞാൽ, നമ്മുടെ ഉള്ളിൽ കടക്കുന്ന കീടനാശിനിയുടെ അളവ് കുറയ്ക്കാൻ സാധിക്കും. എന്തെന്നാൽ ഇത്തരം വിളകളിൽ പുറമേയുള്ള ഇലകളിലായിരിക്കും കൂടുതൽ കീടനാശിനിയവശിഷ്ടങ്ങൾ ഉണ്ടായിരിക്കുക.

അമേരിക്കയിലെ എഫ്.ഡി.എ. പറയുന്നത് കീടനാശിനിയവശിഷ്ടത്തെ ഇല്ലാതാക്കാൻ രാസവസ്തുക്കളുടെ ആവശ്യമില്ലെന്നാണ്; വെറും വെള്ളത്തിൽ നന്നായി കഴുകിയാൽ മതിയാകും.

കേരള സ്റ്റേറ്റ് ഐ.എം.എ. റിസർച്ച് സെൽ കൺവീനർ ആണ് ലേഖകൻ.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Explore the scientific studies on pesticides and cancer, and learn about pesticide residue in food and its impact on health.