ദിവസവും മുടി കഴുകണോ? എണ്ണ തേക്കണോ? മുടികൊഴിച്ചിൽ തടഞ്ഞ് മുടിയുടെ ആരോഗ്യം കാക്കാനുള്ള വഴികൾ

സ്ത്രീ പുരുഷഭേദമെന്യേ മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധാലുക്കളാണ് എല്ലാവരും. ഇന്നത്തെ തലമുറ ഇക്കാര്യത്തിൽ ഏറെ മുന്നിലാണ്. മുടിയുടെ പരിചരണത്തിലും മുടിക്ക് വേണ്ട വിവിധതരം ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിലും അവർ വളരെയധികം താത്പര്യം കാണിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ ഹോർമോൺ തകരാറുകൾ മൂലം മുടിക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കൂടുതലായാണ് കണ്ടുവരുന്നത്. പി.സി.ഒ.ഡി. മൂലവും മെറ്റബോളിക് സിൻഡ്രോം മൂലവുമുള്ള പ്രശ്‌നങ്ങളുടെ അനന്തരഫലമാണ് മുടിയുടെ ആരോഗ്യപ്രശ്‌നങ്ങളായി കാണപ്പെടുന്നത്. അതിനാൽ മുടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ അതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കി വേണം ചികിത്സ ചെയ്യാൻ. ഇതിന് ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുന്നത് നല്ലതാണ്.
മുടികൊഴിച്ചിലിന് പിന്നിൽ
ജീവിതശൈലിയിലെ മാറ്റങ്ങൾ: വിവിധ ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കുന്നത്, ചില രോഗങ്ങൾ, മുടിയുടെ ഘടനാവൈകല്യം, മുടി വലിച്ചുകെട്ടുന്നത്, ഷാംപൂവിന്റെ അമിതോപയോഗം, ശക്തിയായി മുടി തോർത്തുന്നത് എന്നിവ.
ഭക്ഷണം: ഭക്ഷണത്തിലെ പ്രോട്ടീൻ, അയേൺ, വിറ്റമിൻ ഡി, ബി 12 എന്നിവയുടെ കുറവ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമൂലമുള്ള നിർജലീകരണം.
സ്ട്രെസ്: മാനസികസമ്മർദമാണ് മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണം. ഇതിൽ പ്രധാനപ്പെട്ടതാണ് ടിലോജൻ എഫ്‌ളൂവിയം എന്ന അവസ്ഥ. സാധാരണയിലും നേരത്തേ കൂടുതൽ രോമകൂപങ്ങൾ ടിലോജൻ ഘട്ടത്തിലേക്കു കടന്ന് കൊഴിഞ്ഞുപോകുന്ന അവസ്ഥയാണിത്. ഇത് തലയുടെ മധ്യഭാഗത്തായാണ് കൂടുതൽ കാണുന്നത്. ഇതൊരു താത്കാലികമായ അവസ്ഥയാണ്. അതിനാൽ മാനസികസമ്മർദം പരിഹരിച്ചാൽ മുടികൊഴിച്ചിൽ മാറ്റിയെടുക്കാം.
രോഗാവസ്ഥകൾ: അലോപേഷ്യ ഏരിയേറ്റ എന്ന അവസ്ഥ മുടികൊഴിച്ചിലുണ്ടാക്കും. രോഗപ്രതിരോധസംവിധാനംതന്നെ രോമകൂപങ്ങളെ തകരാറിലാക്കുന്നതുകൊണ്ടാണ് മുടി വട്ടത്തിൽ കൊഴിഞ്ഞുപോകുന്ന ഈ അവസ്ഥ ഉണ്ടാകുന്നത്. മാനസികസമ്മർദം ഈ അവസ്ഥയെ വർധിപ്പിക്കാറുണ്ട്.
പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ഉള്ളവരിൽ മുടികൊഴിച്ചിൽ കൂടുതലായിരിക്കും. തൈറോയ്ഡ്, പിറ്റിയൂട്ടറി ഗ്രന്ഥികളുടെ പ്രവർത്തനമാന്ദ്യവും മുടികൊഴിച്ചിലിനിടയാക്കും. കടുത്ത പ്രമേഹം മൂലമുള്ള സങ്കീർണതകളും മുടികൊഴിച്ചിലിനിടയാക്കും. തലയിലും ചർമത്തിലും ഉണ്ടാകുന്ന അണുബാധകൾ, സെബോറിക് ഡെർമറ്റൈറ്റിസ്, ഫോളിക്കുലൈറ്റിസ് എന്നീ രോഗങ്ങളും മുടികൊഴിച്ചിലുണ്ടാക്കും.
ജനിതകഘടകങ്ങൾ: മുടിയുടെ ഘടന, വളർച്ചനിരക്ക് തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് പലതരം ജീനുകളാണ്. ആൻഡ്രോജെനിക് അലോപേഷ്യ അഥവാ പാറ്റേൺ കഷണ്ടി എന്ന അവസ്ഥയുടെ കാരണം ജനിതകഘടകങ്ങളാണ്. ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിനോടുള്ള സംവേദനക്ഷമത ഇതിന് കാരണമാണ്. രോമകൂപങ്ങൾ ചുരുങ്ങാനും പുതിയ മുടിയിഴകൾ ഉണ്ടാകുന്നത് തടസ്സപ്പെടാനും ഇതിടയാക്കുന്നു.
ജീവിതശൈലി പ്രധാനം
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യകരമായ ഭക്ഷണശൈലിയാണ്. പ്രോട്ടീൻ, അയേൺ, സിങ്ക്, വിറ്റമിൻ ഡി, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ സമീകൃത ഭക്ഷണശീലങ്ങൾ പാലിക്കേണ്ടതുണ്ട്. ഉറക്കക്കുറവും അമിതമായ ടെൻഷനും ശരീരത്തിലെ കോർട്ടിസോൾ അളവ് വർധിപ്പിച്ച് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇതുമൂലം മുടികൊഴിച്ചിലുണ്ടാകും. ഉറക്കക്കുറവ് മാത്രമല്ല ഉറക്കത്തിന്റെ താളം തെറ്റുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. വളരെ വൈകി ഉറങ്ങുന്നത് ശരീരത്തിലെ മെലട്ടോണിന്റെ അളവിനെ ബാധിച്ച് മുടികൊഴിച്ചിലുണ്ടാക്കും.
മുടി പലതരത്തിൽ
മുടിയുടെ സ്വഭാവത്തിനനുസരിച്ച് മൂന്നുതരത്തിലുണ്ട്.
സാധാരണ മുടി: ആവശ്യത്തിന് മൃദുത്വവും എണ്ണമയവുമുള്ള മുടിയാണിത്. ഈ മുടിയിൽ ഏതുതരം സ്‌റ്റൈലും പരീക്ഷിക്കാൻ സാധിക്കും. എണ്ണയും ഷാംപൂവും ഉപയോഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടി കഴുകാം.
വരണ്ട മുടി: ഇത് വളരെ പരുപരുപ്പുള്ളതും എളുപ്പം പൊട്ടിപ്പോകാൻ സാധ്യതയുള്ളതുമാണ്. ഇത്തരക്കാർ ഒരു മോയ്‌സ്ചറൈസിങ് ഗുണം ലഭിക്കാൻ ചെറിയ അളവിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഷാംപൂ ഇട്ട് കഴുകിയശേഷം കണ്ടീഷണർ ഉപയോഗിക്കണം. സെബേഷ്യസ് ഗ്രന്ഥികൾക്ക് ഉത്തേജനം ലഭിക്കാനും എണ്ണമയമുണ്ടാകാനും ഇടയ്ക്കിടയ്ക്ക് മസാജ് ചെയ്യുന്നത് നല്ലതാണ്.
എണ്ണമയമുള്ള മുടി: സെബേഷ്യസ് ഗ്രന്ഥി അമിതമായി സെബം ഉത്പാദിപ്പിക്കുന്നതുമൂലം ചിലരുടെ മുടി കൂടുതൽ എണ്ണമയമുള്ളതായിരിക്കും. ഇത് താരൻ കൂട്ടും. ഇത്തരം മുടിയുള്ളവർ ആഴ്ചയിൽ നാലോ അഞ്ചോ തവണ ഷാംപൂ ഉപയോഗിച്ച് ശിരോചർമം വൃത്തിയാക്കി ശിരോചർമത്തിലുള്ള എണ്ണയുടെ അംശം നീക്കംചെയ്യണം.
മുടിക്ക് നിറം നൽകുമ്പോൾ
- മുടി കളർ ചെയ്യുന്നതിനുമുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
- മുടിക്ക് നിറം നൽകുമ്പോൾ അതിലടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ മുടിയുടെ ആരോഗ്യം നശിപ്പിക്കാനിടയാക്കും. അതിനാൽ കളർ ചെയ്യുന്നതിനു മുൻപ് മുടിയുടെ സ്വഭാവം, ഉപയോഗിക്കുന്ന നിറത്തിന്റെ പ്രത്യേകതകൾ എന്നിവ ശരിയായി മനസ്സിലാക്കണം. ബ്ലീച്ച് ചെയ്ത ശേഷം കളർചെയ്യുന്ന മുടിയിഴകൾക്ക് ബലം കുറയും. അതിനാൽ പരിചയസമ്പന്നരായ സ്‌റ്റൈലിസ്റ്റിന്റെ മേൽനോട്ടത്തിൽ വേണം മുടി കളർചെയ്യാൻ. അവർക്ക് മുടിയുടെ സ്വഭാവമറിഞ്ഞ് അതിന് യോജിച്ച രീതികൾ നിർദേശിക്കാൻ സാധിക്കും.
- നിറം നൽകിക്കഴിഞ്ഞാൽ മുടി നന്നായി പരിപാലിക്കണം. നിറം നൽകുമ്പോൾ മുടിയുടെ ക്യൂട്ടിക്കിൾ ദുർബലമായിരിക്കും. അതിനാൽ നിറം നൽകിയ മുടിയിൽ വീണ്ടും അയേണിങ് പോലുള്ള സ്‌റ്റൈലിങ്ങുകൾ ചെയ്യുന്നത് മുടിയെ കൂടുതൽ ദുർബലമാക്കും. നിറം നൽകിക്കഴിഞ്ഞാൽ പ്രത്യേകം തയ്യാറാക്കിയ കളർ പ്രൊട്ടക്ഷനുള്ള ഷാംപൂവും കണ്ടീഷണറും മാത്രമേ മുടിയിൽ ഉപയോഗിക്കാവൂ. മുടിക്ക് ഡീപ് കണ്ടീഷനിങ്, പ്രോട്ടീൻ ട്രീറ്റ്‌മെന്റ് എന്നിവയൊക്കെ ചെയ്യുന്നത് ഗുണകരമാണ്. നിറം നൽകിയശേഷം മുടി ചീകുമ്പോൾ മൃദുവായി ചീകണം. അല്ലെങ്കിൽ ദുർബലമായ മുടി പൊട്ടിപ്പോകാൻ ഇടയുണ്ട്. ചിലരിലാകട്ടെ, മുടിക്ക് നിറം നൽകിയാൽ അലർജിയുണ്ടാകാൻ ഇടയുണ്ട്. അതിനാൽ അലർജിയില്ലെന്ന് ഉറപ്പാക്കിയശേഷമേ നിറം നൽകാവൂ.
ഹെയർ ജെല്ലുകൾ ഉപയോഗിക്കുമ്പോൾ
മുടി വിവിധതരത്തിൽ സെറ്റ്‌ചെയ്യാൻ സാധിക്കും എന്നതിനാൽ ഹെയർ ജെല്ലുകൾ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. പുരുഷന്മാരാണ് ഇതിൽ ഏറെ താത്പര്യം കാണിക്കുന്നത്. ഹെയർ ജെല്ലുകൾ ഉപയോഗിക്കുമ്പോൾ മുടിക്ക് നല്ല തിളക്കം ലഭിക്കും. ചീകിവയ്ക്കാനും എളുപ്പമാണ്. മുടിക്ക് കണ്ടീഷനിങ് ലഭിക്കുമെന്നതിനാൽ മുടി പെട്ടെന്ന് പൊട്ടിപ്പോകില്ല. പോളി എത്തിലിൻ ഗൈക്കോൾ, സിലിക്കൺ, ഹൈഡ്രോക്സിമീഥൈൽ എന്നിവയാണ് ഹെയർ ജെല്ലിലെ പ്രധാന രാസഘടകങ്ങൾ. മുടിക്ക് തിളക്കം നൽകാനും മുടിയുടെ ക്യൂട്ടിക്കിളിന് മൃദുത്വം നൽകാനും സിലിക്കണിലടങ്ങിയ സീറം സഹായിക്കും.
ഹെയർ ജെൽ പുരട്ടേണ്ട രീതി: ചെറിയ നനവുള്ള മുടിയിലാണ് ജെൽ പുരട്ടേണ്ടത്. എന്നാൽ, തലയോട്ടിയിൽ പുരളരുത്. അമിതമായ അളവിൽ രാസവസ്തുക്കൾ അടങ്ങിയ ജെല്ലുകൾ മുടിയുടെ സ്വാഭാവിക ഈർപ്പം കുറയ്ക്കും. ഇത് ദീർഘനേരം മുടിയിൽ നിലനിർത്തരുത്. ആവശ്യംകഴിഞ്ഞാൽ ശുദ്ധജലത്തിൽ കഴുകിക്കളയണം. ഹെയർ ജെൽ തുടർച്ചയായി ഉപയോഗിക്കുന്നത് മുടിയുടെ ഘടനയിൽ മാറ്റംവരാനും പതുക്കെ മുടികൊഴിയാനും ഇടയാക്കാറുണ്ട്.
ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ
മുടി കറുപ്പിക്കാൻ ഹെയർ ഡൈ തിരഞ്ഞെടുക്കുന്നവർ ഏറെയുണ്ട്. ഇവ പലതരത്തിലുണ്ട്. അതിനാൽ, ഓരോരുത്തർക്കും യോജിച്ചതുവേണം തിരഞ്ഞെടുക്കാൻ.
ചിലതരം ഡൈകൾ അലർജിക്ക് ഇടയാക്കും. ഡൈയിൽ അടങ്ങിയിരിക്കുന്ന പാരഫിനലിൻ ഡയമിൻ (പി.പി.ഡി.) എന്ന ഘടകമാണ് ഇതിന് കാരണം. ഈ അലർജിയുള്ളവരിൽ ശിരോചർമത്തിൽ ചൊറിച്ചിലുണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഡൈ ഉപയോഗിക്കുന്നതിനു
മുൻപ് പാച്ച് ടെസ്റ്റ് ചെയ്യണം. ഇത്തരത്തിൽ അലർജിയുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ആ ഡൈ പിന്നീട് ഉപയോഗിക്കരുത്. അമോണിയ, പി.പി.ഡി. എന്നിവ കൂടുതൽ അടങ്ങിയ ഡൈകളാണ് നിരന്തര ഉപയോഗംമൂലം മുടിക്ക് തകരാറുകൾ ഉണ്ടാക്കുന്നത്.
ഹെയർ ഡൈ പലതരം
എത്രനാൾ ഫലം നീണ്ടുനിൽക്കുന്നു, എങ്ങനെ അവ മുടിയിൽ പ്രവർത്തിക്കുന്നു എന്നിവയുടെ അടിസ്ഥാനത്തിൽ ഹെയർ ഡൈ നാലായി തരംതിരിച്ചിരിക്കുന്നു.
- ടെമ്പററി ഹെയർ ഡൈ: ഈ ഹെയർ ഡൈ മുടിയുടെ ഏറ്റവും പുറംപാളിയായ ക്യൂട്ടിക്കിളിനെയാണ് പൊതിയുന്നത്. ഈ ഡൈയിൽ വലിയ അളവിൽ അമോണിയം പെറോക്സൈഡ് ഉണ്ടാവില്ല. മൂന്നോനാലോ തവണ മുടി കഴുകുന്നതുവരെയാണ് ഈ ഡൈയുടെ കാലാവധി.
- സെമി പെർമനെന്റ് ഹെയർ ഡൈ: ഈ ഡൈ മുടിയുടെ ക്യൂട്ടിക്കിളിന്റെ അല്പം അകത്തേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കും. വീര്യംകൂടിയ രാസവസ്തുക്കൾ ഈ ഡൈയിൽ ഇല്ല. എട്ടുതവണയോളം മുടി കഴുകുന്നതുവരെയാണ് ഈ ഡൈയുടെ കാലാവധി.
- ഡെമി പെർമനെന്റ് ഹെയർ ഡൈ: ഈ ഹെയർ ഡൈയിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റ് അളവ് രണ്ട് ശതമാനമാണ്. 20-28 തവണയൊക്കെ മുടി കഴുകിയശേഷമേ ഇതിന്റെ ഗുണം നഷ്ടപ്പെടുകയുള്ളൂ.
- പെർമനെന്റ് ഹെയർ ഡൈ: ഈ ഡൈചെയ്യുന്നത് മുടിയെ ബ്ലീച്ച്‌ചെയ്ത ശേഷമാണ്. മുടിയുടെ കോർട്ടെക്സ്വരെ ഡൈ എത്തും. ഹൈഡ്രജൻ പെറോക്സൈഡിന്റെ അളവ് എട്ടുശതമാനത്തോളമാണ്. ഡൈയുടെ ഫലം ഏറെ നാൾ നീണ്ടുനിൽക്കും.
പെർമനെന്റ് ഡൈ ദീർഘനാൾ നിലനിൽക്കുമെങ്കിലും മുടിക്ക് കേടുവരാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരമായി ഡൈ ചെയ്യുന്നവരിൽ മുടി ചേർന്നുനിൽക്കുന്ന മുഖത്തിന്റെ ഭാഗത്ത് പിഗ്മെന്റേഷൻ കാണുന്നത് ഇപ്പോൾ കൂടുതലാണ്. പ്രത്യേകിച്ച് വീര്യംകൂടിയ ഡൈ ഉപയോഗിക്കുമ്പോൾ. മീശയിൽ ഡൈ ഉപയോഗിക്കുമ്പോൾ ചുണ്ടിൽ പാണ്ടുപോലെയും വരാറുണ്ട്. ഇത്തരം നിറഭേദങ്ങൾ കാണുന്നുണ്ടെങ്കിൽ വൈകാതെ ഡെർമറ്റോളജിസ്റ്റിനെ കാണണം. അലർജിയുള്ളവരും ഡോക്ടറെ കാണണം.
ഹെയർ സ്മൂത്തനിങ്
ചൂട് നൽകി മുടിയിഴകൾ മൃദുലമാക്കുന്ന രീതിയാണ് ഹെയർ സ്മൂത്തനിങ്. മുടി കൂടുതൽ തിളങ്ങാനും സ്മൂത്തനിങ് സഹായിക്കും. മുടിയുടെ ഡിസൾഫൈഡ് ബോണ്ടുകളാണ് (Disulfide bonds) മുടിയുടെ ഘടനയും സ്ഥിരതയും സ്വഭാവവുമെല്ലാം നിർണയിക്കുന്നത്. ഇതിൽ മാറ്റംവരുമ്പോഴാണ് മുടി മൃദുവാകുന്നത്.
ഹെയർ സ്മൂത്തനിങ് ചെയ്താൽ തുടർന്ന് മുടിയുടെ പ്രത്യേകതകൾക്കനുസരിച്ച് സ്‌റ്റൈലിസ്റ്റിന്റെ നിർദേശാനുസരണമുള്ള കൃത്യമായ പരിചരണം മുടിക്ക് നൽകണം. ഇല്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ദുർബലമായ മുടിയുള്ളവർ സ്മൂത്തനിങ് ചെയ്യരുത്. ഹെയർ കളറിങ്, മറ്റ് ഹെയർ ട്രീറ്റ്‌മെന്റുകൾ എന്നിവ ചെയ്തവർ ഹെയർ സ്‌റ്റൈലിസ്റ്റിന്റെ നിർദേശാനുസരണം മാത്രമേ സ്മൂത്തനിങ് ചെയ്യാവൂ. സ്മൂത്തനിങ് ചെയ്താൽ മൂന്നുദിവസത്തേക്ക് മുടി നനയ്ക്കരുത്.
മുടി ഷാംപൂ ചെയ്യുമ്പോൾ
ഓരോ വ്യക്തികളുടെയും മുടി, ശിരോചർമം എന്നിവയുടെ പ്രത്യേകതകൾക്ക് അനുസരിച്ചാണ് ഷാംപൂ തിരഞ്ഞെടുക്കേണ്ടത്. ചിലരുടെ മുടി ആവശ്യത്തിന് മൃദുത്വവും എണ്ണമയവുമുള്ള സാധാരണ മുടിയായിരിക്കും. ചിലരുടേത് എണ്ണമയം കൂടുതലുള്ളതാകാം. മറ്റ് ചിലർക്ക് ആകട്ടെ വരണ്ട മുടിയും ശിരോചർമവുമായിരിക്കും. വരണ്ട മുടിയിലാണെങ്കിൽ സൾഫേറ്റ് അടങ്ങിയിട്ടില്ലാത്ത വീര്യംകുറഞ്ഞ തരത്തിലുള്ള, പി.എച്ച്. വാല്യൂ ഏഴിൽ താഴെയുള്ള ഷാപൂ ആണ് ഉപയോഗിക്കേണ്ടത്. തുടർന്ന് കണ്ടീഷണറും ഉപയോഗിക്കണം. നല്ല എണ്ണമയമുള്ള തരം മുടിയിലാണെങ്കിൽ ദിവസവും ഷാംപൂ ഉപയോഗിക്കാം. തുടർന്ന് കണ്ടീഷണറും ഉപയോഗിക്കണം. മുടിയിലല്ല, ശിരോചർമത്തിലാണ് ഷാംപൂ ഉപയോഗിക്കേണ്ടത്. തുടർന്ന് നന്നായി വെള്ളമൊഴിച്ച് കഴുകി ഷാംപൂവിന്റെ അംശം ശിരോചർമത്തിൽ ഒട്ടും അവശേഷിക്കാത്ത തരത്തിൽ നീക്കംചെയ്യണം. കണ്ടീഷണർ ശിരോചർമത്തിൽ പുരട്ടരുത്. അത് മുടിയിൽ മാത്രമേ പുരട്ടാവൂ.
ഷാംപൂവിൽ അടങ്ങിയിരിക്കുന്ന സൾഫക്ടറ്റന്റ് എന്ന ഘടകമാണ് അഴുക്ക് നീക്കുന്നത്. ഈ ഘടകം വീര്യംകൂടിയതും കുറഞ്ഞതുമുണ്ട്. സൾഫേറ്റ് ഫ്രീ ഷാംപൂ എന്ന ലേബൽ നോക്കി വാങ്ങി ഉപയോഗിക്കുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ്. എന്നാൽ മുടിയിൽ വളരെയധികം അഴുക്കുണ്ടെങ്കിൽ സൾഫേറ്റ് അടങ്ങിയ ഷാംപൂ വല്ലപ്പോഴും ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇവയെ ക്ലെൻസിങ് ഷാംപൂ, ക്ലാരിഫയിങ് ഷാംപൂ എന്നെല്ലാം പറയും. പക്ഷേ, സ്ഥിരം ഉപയോഗിക്കരുതെന്ന് മാത്രം. മൈൽഡ് ആയി സൾഫേറ്റ് അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നതാണ് സ്ഥിരം ഉപയോഗത്തിന് നല്ലത്.
മുടിയിൽ താരന്റെ പ്രശ്‌നമുണ്ടെങ്കിൽ സിങ്ക് പിരിത്തോൺ (Zinc pyrithione), സെലിനിയം സൾഫൈഡ്, കീറ്റോകൊണോസോൾ എന്നിവയടങ്ങിയ ആന്റി ഫംഗൽ ഷാംപൂ ഉപയോഗിക്കാം. എണ്ണമയമുള്ള ശിരോചർമം ആണെങ്കിൽ നല്ല ക്ലെൻസിങ് ഷാംപൂ ആവശ്യമാണ്. വരണ്ട സ്വഭാവമുള്ള മുടിക്ക് ആണെങ്കിൽ കുറച്ച് മൈൽഡ് ആയ മോയ്‌സ്ചറൈസിങ് കണ്ടന്റ് അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.
മുടിയിൽ സോപ്പ് തേയ്ക്കരുത്. സോപ്പിൽ കാരം കൂടുതലാണ്. ഇത് മുടി കേടുവരുത്താനും കൊഴിഞ്ഞുപോകാനും ഇടയാക്കുന്നു.
കണ്ടീഷണർ ഉപയോഗിക്കുമ്പോൾ
ഷാംപൂ ഉപയോഗിച്ച് തല കഴുകിയശേഷം കണ്ടീഷണർ ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ടീഷണർകൂടി അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നതിന് പകരം കണ്ടീഷണർ പ്രത്യേകമായി ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ടീഷണർ തലയോട്ടിയിൽ പുരട്ടരുത്. മുടിയിൽ നീളത്തിലും അറ്റത്തുമാണ് പുരട്ടേണ്ടത്. കണ്ടീഷണർ പുരട്ടി രണ്ട് മൂന്ന് മിനിറ്റിനകം അത് ധാരാളം വെള്ളമൊഴിച്ച് നന്നായി കഴുകിക്കളയണം.
ഹെയർ സിറം പുരട്ടുന്നത്
മുടിയ്ക്ക് മൃദുത്വവും തിളക്കവും നൽകാൻ സഹായിക്കുന്നതാണ് ഹെയർ സെറം. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ചെറിയ അളവിൽ മാത്രമേ ഹെയർ സെറം പുരട്ടാവൂ. കുളികഴിഞ്ഞ് മുടി തോർത്തിയതിന് ശേഷം മുടിയുടെ നീളത്തിലും അറ്റത്തുമൊക്കെയാണ് ഇത് ഉപയോഗിക്കേണ്ടത്. തലയോട്ടിയിൽ പുരട്ടേണ്ടതില്ല.
ശ്രദ്ധ വേണം, ഹെയർ ഡ്രൈയർ ഉപയോഗിക്കുമ്പോൾ
നനഞ്ഞ മുടി പെട്ടെന്ന് ഉണക്കാൻ ആണ് ഹെയർ ഡ്രൈയർ പലരും ഉപയോഗിക്കുന്നത്. ഹെയർ കട്ടിങ് കഴിഞ്ഞാലും ഹെയർ ഡ്രൈയർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ശീലമാക്കുന്നത് മുടിക്ക് പിൽക്കാലത്ത് ദോഷകരമാവാറുണ്ട്. ഹെയർ ഡ്രൈയറിൽനിന്ന് പുറത്തുവരുന്നത് ചൂടുവായുവാണ്. സ്ഥിരമായി ചൂടുവായു ഏൽക്കുന്നത് മുടികൊഴിച്ചിലിന് ഇടയാക്കും. ഇതോടൊപ്പം, ശിരോചർമത്തിലെ സ്വാഭാവിക ഈർപ്പത്തെക്കൂടി ഹെയർ ഡ്രൈയർ വലിച്ചെടുത്ത് മുടി വരണ്ടതാക്കുന്നു.
നനഞ്ഞ മുടി നന്നായി തോർത്തി പരമാവധി ഈർപ്പം നീക്കിയ ശേഷം കുറഞ്ഞ ചൂടിൽ മാത്രം ഹെയർ ഡ്രൈയർ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഇത് മുടിയോട് വല്ലാതെ അടുപ്പിക്കരുത്. നിശ്ചിത അകലം പാലിക്കണം.
മുടി ചീകുമ്പോൾ ശ്രദ്ധിക്കേണ്ടത്
- മുടി ചീകാൻ ഉപയോഗിക്കുന്ന ചീപ്പ് വൃത്തിയുള്ളതായിരിക്കണം. ഉരുണ്ടതും മൃദുവായതുമായ അഗ്രമുള്ള ചീപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോതവണ ചീകിയശേഷവും ചീപ്പ് വൃത്തിയാക്കണം. ചീപ്പിൽ മുടിയും അഴുക്കും അടിഞ്ഞുകൂടാതിരിക്കാൻ ശ്രദ്ധിക്കണം. നനഞ്ഞ മുടി ചീകരുത്.
- ഉണങ്ങിയശേഷം മാത്രമേ മുടി ചീകാവൂ. അല്ലെങ്കിൽ പൊട്ടിപ്പോകാൻ ഇടയുണ്ട്.
- മുടി സ്വാഭാവികമായി വളരുന്ന ദിശയിലേക്കാണ് ചീകേണ്ടത്. എതിർ ദിശയിലേക്ക് ചീകരുത്. നിരന്തരമായി മുടി ചീകിയൊതുക്കുന്നത് മുടിക്ക് ഗുണംചെയ്യില്ല.
- കുളി കഴിഞ്ഞ് മുടി ശക്തമായി തുവർത്തരുത്. മുടി ഉണങ്ങിയ ടവ്വലിൽ കെട്ടിവെച്ച് ഉണക്കണം.
- നനഞ്ഞ മുടി കെട്ടിവയ്ക്കുന്നത് മുടിയിൽ ഫംഗസ് ബാധയ്ക്ക് ഇടയാക്കും.
- മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പ്രോട്ടീനും ലവണങ്ങളുമടങ്ങിയ പോഷകാഹാരം ആവശ്യമാണ്.
ദിവസവും മുടി കഴുകണോ?
തലമുടി വൃത്തിയായി കഴുകുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കും. ആഴ്ചയിലൊരിക്കൽ മാത്രം തലമുടി കഴുകുന്നവരുണ്ട്. അത് ശരിയല്ല. ദിവസവും തലമുടി കഴുകണം. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ തലയിൽ ധാരാളം വിയർപ്പും പൊടിയും അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ട്. അതിനാൽ ശിരോചർമം എപ്പോഴും വൃത്തിയാക്കേണ്ടതുണ്ട്. വിര്യംകൂടിയ ഷാംപൂ ഉപയോഗിക്കരുത്. നനഞ്ഞ മുടി ചീകുന്നതും വലിച്ചുകെട്ടുന്നതും ഒഴിവാക്കണം. നനഞ്ഞ മുടി കെട്ടിവയ്ക്കരുത്. രാത്രി ഉറങ്ങുന്നതിന് മുൻപ് മുടി മൃദുവായ തുണി ഉപയോഗിച്ച് പൊതിഞ്ഞ് വയ്ക്കുന്നത് പൊട്ടിപ്പോകാതിരിക്കാൻ സഹായിക്കും.
ആധുനിക ചികിത്സകൾ
മുടികൊഴിച്ചിൽ, പുരുഷൻമാരിലെ കഷണ്ടി, സ്ത്രീകളിലെ മെയിൽ പാറ്റേൺ ഹെയർ ലോസ് എന്നീ അവസ്ഥകളിൽ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പി.ആർ.പി.) ചികിത്സ ഉപയോഗിക്കാറുണ്ട്. മുടിക്ക് വളരാൻ വളം നൽകുന്നതുപോലെയാണ് പി.ആർ.പി. ചികിത്സയിലൂടെ ലഭിക്കുന്നത്. മുടി തഴച്ചുവളരാനുള്ള ഒരു ചികിത്സയല്ല ഇത്. മുടിയുടെ ആരോഗ്യത്തിന് ഈ ചികിത്സ ഗുണകരമാണെന്ന് മാത്രം. പി.ആർ.പി. ചികിത്സ ആവശ്യമാണോയെന്ന് ഡോക്ടറുടെ പരിശോധനയിലൂടെ മനസ്സിലാക്കാം. മുടി കൊഴിച്ചിൽ കുറയാനും മുടിക്ക് കുറച്ചുകൂടി ബലം ലഭിക്കാനും ജി.എഫ്.സി. (ഗ്രോത്ത് ഫാക്ടർ കോൺസെൻട്രേറ്റ്) എന്ന ട്രീറ്റ്‌മെന്റ് കൂടി ഇതിനൊപ്പം ചെയ്യാറുണ്ട്. മുടിയുടെ വളർച്ചയും കരുത്തും കൂട്ടാനുള്ള സ്റ്റെംസെൽ തെറാപ്പിയും ഇപ്പോൾ ലഭ്യമാണ്.
ഇന്ന് പ്രചാരം ലഭിച്ചുവരുന്ന റീജനറേറ്റീവ് ഹെയർ ട്രീറ്റ്‌മെന്റാണ് എക്സോസോം (Exoosme). പി.ആർ.പി. ചികിത്സയുടെ അടുത്ത തലമുറ ചികിത്സയായാണ് ഇതിനെ കണക്കാക്കുന്നത്. ഓരോ കോശങ്ങളും പുറത്തുവിടുന്ന മൈക്രോസ്‌കോപ്പിക് വെസിക്കിളിനെയാണ് എക്‌സോസോം എന്ന് പറയുന്നത്. ഈ വെസിക്കിളിലൂടെയാണ് പ്രോട്ടീനുകൾ, ആർ.എൻ.എ. സിഗ്‌നലുകൾ എന്നിവയൊക്കെ റീജനറേറ്റ് ചെയ്ത് രോമകൂപങ്ങളിലേക്ക് നൽകാൻ സാധിക്കുന്നത്. നേരത്തെയുള്ള മുടികൊഴിച്ചിലിനാണ് (Early Hairloss) ഇത് കൂടുതൽ ഫലപ്രദമായി കാണുന്നത്. ഏർലി മെയിൽ ബാൾഡ്‌നെസ്സ്, ഏർലി ഫീമെയിൽ പാറ്റേൺ ഹെയർലോസ് എന്നിവയിലാണ് ഇത് കൂടുതൽ നല്ല ഫലങ്ങൾ നൽകുന്നത്. കുറച്ചുകാലം കൂടി കഴിയുമ്പോൾ ഈ ചികിത്സയുടെ ഫലപ്രാപ്തി കൂടിവരാനിട
യുണ്ട്.
മുടിയിൽ എണ്ണ തേയ്ക്കണോ?
മുടിയിൽ എണ്ണ തേയ്ക്കുന്നതുമൂലം ഒരു കണ്ടീഷണർ ഇഫക്ട് ആണ് ലഭിക്കുക. മുടിയുടെ വരൾച്ച മാറാനും പൊട്ടാതിരിക്കാനും ഇത് സഹായിക്കും. എന്നാൽ, എണ്ണ കൂടുതലായി ശിരോചർമത്തിൽ എത്തിയാൽ അത് താരനെ ഉത്തേജിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം, വരണ്ട കാലാവസ്ഥയാണെങ്കിൽ എണ്ണ തേയ്ക്കുന്നത് ഗുണംചെയ്യും.
കൊച്ചി അമൃത ഹോസ്പിറ്റലിൽ ഡെർമറ്റോളജി വിഭാഗം പ്രൊഫസറാണ് ലേഖിക.
Content Highlights: Explore how hormonal imbalances like PCOD and metabolic syndrome contribute to hair loss and the importance of consulting a dermatologist for treatment.