പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ പല രോഗങ്ങളിലേക്ക് വഴിതുറക്കുന്ന അപകടകരമായ സാഹചര്യം, ശ്രദ്ധിക്കേണ്ടത്

ഒരു രോഗം പല രോഗങ്ങളിലേക്ക് വഴിതുറക്കുന്ന അപകടകരമായ സാഹചര്യമാണ് അനിയന്ത്രിതമായ പ്രമേഹം സൃഷ്ടിക്കുന്നത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അത് പല ദീർഘകാല രോഗങ്ങളുടെയും സാധ്യത കൂട്ടും. അതുപോലെ മറ്റ് ദീർഘകാല രോഗങ്ങളുള്ളവരിൽ പ്രമേഹം ബാധിക്കുമ്പോൾ അത് നിലവിലുള്ള രോഗത്തിന്റെ തീവ്രത കൂട്ടുകയും ചെയ്യും. ഇങ്ങനെ പരസ്പരകൂട്ടുകെട്ടിന്റെ സങ്കീർണതകളാണ് പൊതുവേ നിലനിൽക്കുന്നത്. അമിത ബിപി, അമിത കൊളസ്ട്രോൾ, വൃക്കരോഗം, ഹൃദ്രോഗം, കരൾരോഗം എന്നിവയും പ്രമേഹവും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ചും സങ്കീർണതകൾ തടയാനുള്ള മാർഗങ്ങളെക്കുറിച്ചുമാണ് ഇവിടെ വിശദമാക്കുന്നത്.
അമിത ബിപിയും പ്രമേഹവും
അനിയന്ത്രിതമായ പ്രമേഹവും ഉയർന്ന രക്തസമ്മർദവും രക്തക്കുഴലുകളുടെ ആരോഗ്യത്തിന് വലിയ ആഘാതമാണ് ഏൽപ്പിക്കുന്നത്. ഇരട്ടപ്രഹരമാണ് ഇതുമൂലം ഉണ്ടാവുക. പ്രമേഹംമൂലം രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ കൊഴുപ്പും മറ്റ് പദാർഥങ്ങളും അടിഞ്ഞുകൂടി ‘പ്ലാക്കുകൾ’ (Plaques) രൂപപ്പെടുന്നു. ഉയർന്ന രക്തസമ്മർദംമൂലം രക്തക്കുഴലുകളുടെ ഭിത്തികൾക്ക് കട്ടി കൂടുന്നു. അങ്ങനെ അവയുടെ ഇലാസ്തികത നഷ്ടപ്പെടുന്നു. തുടർന്ന്, രക്തക്കുഴലുകളുടെ ഉള്ളിലെ വ്യാസം കുറയുകയും രക്തയോട്ടം ദുഷ്കരമാകുകയും ചെയ്യും.
സാധാരണ ഒരു പൈപ്പിന്റെ ഉള്ളിൽ അഴുക്ക് അടിഞ്ഞ് അതിന്റെ ദ്വാരം ചെറുതാകുന്നതുപോലെയാണിത്. ഇത്തരത്തിൽ രക്തക്കുഴലിന്റെ ഉൾവ്യാസം കുറയുമ്പോൾ, രക്തക്കുഴലിന്റെ ഇടുങ്ങിയ ഈ വഴിയിലൂടെ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കൂടുതൽ അധ്വാനിക്കേണ്ടി വരുന്നു. ഇത് ബി.പി. വീണ്ടും കൂട്ടാനും ഹൃദയാഘാത സാധ്യത വർധിപ്പിക്കാനും കാരണമാകുന്നു.
അമിത ബിപിയും പ്രമേഹവും ഒന്നിക്കുന്നതോടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ അപകടത്തിലാവുകയാണ് ചെയ്യുക. ഇതുമൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കകളുടെ പ്രവർത്തനം തകരാറിലാകൽ, പ്രമേഹത്തോടനുബന്ധിച്ചുള്ള നേത്രരോഗങ്ങൾ (ഡയബെറ്റിക് റെറ്റിനോപ്പതി) എന്നിവയ്ക്കുള്ള സാധ്യത പലമടങ്ങ് വർധിക്കുന്നു.
രോഗികൾ ശ്രദ്ധിക്കേണ്ടത്
കൃത്യമായ പരിശോധന: വീട്ടിൽ ഡിജിറ്റൽ ബിപി അപ്പാരറ്റസ് വാങ്ങി കൃത്യമായ ഇടവേളകളിൽ ബിപി പരിശോധിക്കുക. ഷുഗർ നിലയോടൊപ്പം ബിപിയും ഡോക്ടർ നിർദേശിച്ച അളവിൽ (സാധാരണമായി 130/80 mmHg-ൽ താഴെ) നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുക.
മരുന്നുകൾ മുടക്കരുത്: ഡോക്ടറുടെ നിർദേശമില്ലാതെ ബിപിക്കുള്ള മരുന്നുകൾ നിർത്തുകയോ ഡോസിൽ മാറ്റം വരുത്തുകയോ ചെയ്യരുത്.
ഉപ്പ് നിയന്ത്രിക്കണം: ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം പ്രതിദിനം ഒരു ടീസ്പൂണിൽ താഴെയായി (5 ഗ്രാം) പരിമിതപ്പെടുത്തുക. ഉപ്പ് കൂടുതലടങ്ങിയ പപ്പടം, അച്ചാർ, ഉണക്കമീൻ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
ആരോഗ്യകരമായ ജീവിതശൈലി പാലിക്കണം: ചിട്ടയായ വ്യായാമം, മാനസിക സമ്മർദം കുറയ്ക്കൽ, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ ബിപിയും ഷുഗറും ഒരുപോലെ നിയന്ത്രിക്കാൻ സഹായിക്കും.
അമിത കൊളസ്ട്രോൾ ഉള്ളവരിൽ പ്രമേഹം വന്നാൽ
പ്രമേഹരോഗികളിലെ അമിത കൊളസ്‌ട്രോൾ പ്രശ്നം മറ്റുള്ളവരേക്കാൾ ഗൗരവമുള്ളതാണ്. ഇതിനെ ‘ഡയബെറ്റിക് ഡിസ്ലിപിഡീമിയ’ എന്നുപറയും. എന്തുകൊണ്ട് കൂടുതൽ അപകടകരമാകുന്നുവെന്ന് നോക്കാം.
പ്രമേഹരോഗികളിൽ ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് ഉയർന്നിരിക്കാൻ സാധ്യതയുണ്ട്. ശരീരത്തിന് ഗുണകരമായ എച്ച്ഡിഎൽ കൊളസ്‌ട്രോൾ കുറഞ്ഞിരിക്കും. അപകടകാരിയായ എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഘടനയിൽ മാറ്റം വന്ന്, അത് കൂടുതൽ ചെറുതും സാന്ദ്രതയേറിയതുമായി രക്തക്കുഴലുകളിൽ വേഗത്തിൽ അടിഞ്ഞുകൂടുന്ന രൂപത്തിലാകും. ഇത് ഹൃദയധമനികളിൽ ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
അമിത കൊളസ്ട്രോൾ ഉള്ളവരിൽ പ്രമേഹം വന്നാൽ ഹൃദയാഘാതവും സ്ട്രോക്കും സംഭവിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ മൂന്ന് മുതൽ നാല് മടങ്ങാണ്.
എന്തെല്ലാം ശ്രദ്ധിക്കണം?
ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ്: വർഷത്തിലൊരിക്കലെങ്കിലും രക്തത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കുന്ന ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുക.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കുക: വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, ചുവന്ന മാംസം (ബീഫ്, പോർക്ക്, മട്ടൺ), പാമോയിൽ, നെയ്യ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ധാരാളം പച്ചക്കറികളും നാരുകളടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുക.
സ്റ്റാറ്റിൻ മരുന്നുകൾ: പ്രമേഹരോഗികളിൽ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിൽ ‘സ്റ്റാറ്റിൻ’ വിഭാഗത്തിൽപ്പെട്ട കൊളസ്‌ട്രോൾ മരുന്നുകൾക്ക് വലിയ പങ്കുണ്ട്. ഡോക്ടർ നിർദേശിച്ച പ്രകാരം ഇവ മുടങ്ങാതെ കഴിക്കുക.
വ്യായാമം: ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും 30 മിനിറ്റ് വീതം വ്യായാമം ചെയ്യുക.
ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുക: ശരീരഭാരത്തിന്റെ 5-10 ശതമാനം കുറയ്ക്കുന്നത് കൊളസ്‌ട്രോൾ നില മെച്ചപ്പെടുത്താനും ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കാനും സഹായിക്കും.
വൃക്കരോഗമുള്ളവരിൽ പ്രമേഹസങ്കീർണത എത്രത്തോളം?
ലോകത്ത് ഏറ്റവും കൂടുതൽ ആളുകളിൽ വൃക്കരോഗം ബാധിക്കാനും ഡയാലിസിസിലേക്ക് എത്താനുമുള്ള പ്രധാന കാരണം അനിയന്ത്രിതമായ പ്രമേഹമാണ്. ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റി നീക്കംചെയ്യുന്ന അരിപ്പകളാണ് വൃക്കകൾ. ഉയർന്ന ഷുഗർ നില ഈ അരിപ്പകളിലെ സൂക്ഷ്മരക്തക്കുഴലുകളെ സാവധാനം നശിപ്പിക്കുന്നു.
തുടക്കത്തിൽ മൂത്രത്തിലൂടെ ചെറിയ അളവിൽ ആൽബുമിൻ എന്ന പ്രോട്ടീൻ നഷ്ടപ്പെട്ടുതുടങ്ങും. ‘മൈക്രോആൽബുമിനൂറിയ’ എന്ന ഈ അവസ്ഥയാണ് പ്രമേഹം വൃക്കകളെ ബാധിച്ചുതുടങ്ങിയെന്നതിന്റെ ആദ്യ സൂചന. ഈ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രോട്ടീൻ നഷ്ടം കൂടുകയും കാലക്രമേണ വൃക്കകളുടെ പ്രവർത്തനശേഷി പൂർണമായി നിലയ്ക്കുകയും ചെയ്യും.
പ്രമേഹരോഗികളിൽ വൃക്കകളെ സംരക്ഷിക്കാൻ
ഷുഗർ കൃത്യമായി നിയന്ത്രിക്കുക: മൂന്നുമാസത്തെ ശരാശരി ഷുഗർനില കണക്കാക്കാനുള്ള എച്ച്ബിഎവൺസി (HbA1c) അളവ് 7 ശതമാനത്തിൽ താഴെ നിലനിർത്തുന്നത് വൃക്കകളെ സംരക്ഷിക്കാൻ സഹായിക്കും.
രക്തസമ്മർദം നിയന്ത്രിക്കുക: ഉയർന്ന ബിപി വൃക്കകൾക്ക് അധിക സമ്മർദം നൽകും. അതിനാൽ ബിപി 130/80 mmHg-ൽ താഴെയായി നിലനിർത്തുക.
വേദനസംഹാരികൾ ഒഴിവാക്കുക: ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ (പ്രത്യേകിച്ച് NSAID വിഭാഗത്തിലുള്ളവ) കഴിക്കുന്നത് വൃക്കകൾക്ക് ഹാനികരമാണ്.
വാർഷിക പരിശോധനകൾ: വർഷത്തിലൊരിക്കലെങ്കിലും മൂത്രത്തിലെ മൈക്രോആൽബുമിൻ, രക്തത്തിലെ ക്രിയാറ്റിനിൻ, ഇജിഎഫ്ആർ (eGFR) എന്നിവ പരിശോധിച്ച് വൃക്കകളുടെ ആരോഗ്യം ഉറപ്പുവരുത്തുക.
മരുന്നുകളുടെ ഡോസ് കൃത്യമാക്കാൻ ശ്രദ്ധിക്കുക: വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ ചില പ്രമേഹ മരുന്നുകൾ ഉൾപ്പെടെ പല മരുന്നുകളുടെയും ഡോസ് ക്രമീകരിക്കേണ്ടിവരും. അതിനാൽ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
പ്രമേഹമരുന്നുകൾ വൃക്കയെ നശിപ്പിക്കുമോ?
പ്രമേഹരോഗികൾക്കിടയിലും പൊതുസമൂഹത്തിലും വ്യാപകമായി പ്രചരിക്കുന്ന ഒരു തെറ്റിദ്ധാരണയാണിത്. പ്രമേഹത്തിനുള്ള മരുന്നുകൾ, പ്രത്യേകിച്ച് ഇൻസുലിൻ, കാലക്രമേണ വൃക്കകളെ തകരാറിലാക്കുമെന്ന ഭയം കാരണം പലരും മരുന്ന് കഴിക്കാൻ മടിക്കുകയോ, ഡോക്ടർ നിർദേശിച്ചാലും അത് പാതിവഴിയിൽ നിർത്തുകയോ ചെയ്യാറുണ്ട്. ഇത് പൂർണമായും തെറ്റായ ധാരണയാണ്.
യഥാർഥ വില്ലൻ മരുന്നുകളല്ല, മറിച്ച് നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം തന്നെയാണ്. വർഷങ്ങളോളം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നുനിൽക്കുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതുക്കെ നശിപ്പിക്കുന്നു. ഈ നാശം ഒരു പരിധി കഴിയുമ്പോൾ, രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടിത്തുടങ്ങും. ഈ സമയത്തായിരിക്കും പലരും ഇൻസുലിൻ ഉൾപ്പെടെയുള്ള ശക്തമായ മരുന്നുകൾ തുടങ്ങുന്നത്. പിന്നീട് വൃക്കകളുടെ പ്രവർത്തനം മോശമാകുമ്പോൾ, അതിന് കാരണം പുതിയതായി തുടങ്ങിയ മരുന്നാണെന്ന് രോഗികൾ തെറ്റിദ്ധരിക്കുന്നു. യഥാർഥത്തിൽ രോഗം നിയന്ത്രിക്കാൻ വൈകിയതാണ് വൃക്കകളുടെ പ്രവർത്തനം മോശമാക്കിയത്.
ഷുഗർ നിയന്ത്രിക്കുന്നതിനോടൊപ്പം വൃക്കകളെ സംരക്ഷിക്കാൻകൂടി സഹായിക്കുന്ന അത്യാധുനിക മരുന്നുകൾ ലഭ്യമാണ്. അതിനാൽ, ഡോക്ടറുടെ നിർദേശപ്രകാരം
കൃത്യമായി മരുന്നുകൾ കഴിച്ച് പ്രമേഹം നിയന്ത്രിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
വൃക്കകളെ സംരക്ഷിക്കുന്ന പുതിയ പ്രമേഹമരുന്നുകൾ
ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് പ്രമേഹചികിത്സാരംഗത്താണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് ലഭ്യമായ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ചില പ്രമേഹമരുന്നുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കുകമാത്രമല്ല, വൃക്കകൾക്ക് സവിശേഷമായ സംരക്ഷണം നൽകുകയും ചെയ്യുന്നു.
1. എസ്ജിഎൽടി- 2 ഇൻഹിബിറ്ററുകൾ (SGLT-2 Inhibitors):
(ഉദാ: ഡാപ്പാഗ്ലിഫ്‌ലോസിൻ, എംപാഗ്ലിഫ്‌ലോസിൻ, കാനാഗ്ലിഫ്‌ലോസിൻ). ഈ മരുന്നുകൾ ശരീരത്തിലെ അധികമുള്ള പഞ്ചസാരയെ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്നു. എന്നാൽ ഇവയുടെ ഏറ്റവും വലിയ ഗുണം അതല്ല. വൃക്കകൾക്കുള്ളിലെ അരിപ്പകളിലെ (Glomeruli) അതിസമ്മർദം കുറയ്ക്കാൻ ഇവയ്ക്ക് സവിശേഷമായ കഴിവുണ്ട്. പ്രമേഹംമൂലം വൃക്കകൾക്ക് സംഭവിക്കുന്ന നാശത്തിന്റെ വേഗംകുറയ്ക്കാനും, നിലവിലുള്ള പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുമെന്ന് നിരവധി ആഗോള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
2. ജിഎൽപി-1 റിസപ്റ്റർ അഗോണിസ്റ്റുകൾ (GLP-1 RA):
(ഉദാ: സെമാഗ്ലൂട്ടൈഡ്)
ഇവ പ്രധാനമായും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന മരുന്നുകളാണ്. എന്നാൽ, വൃക്കകളുടെ ആരോഗ്യത്തിലും ഇവയ്ക്ക് നല്ല പങ്കുണ്ട്. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് (ആൽബുമിനൂറിയ) കുറയ്ക്കാനും വൃക്കകളുടെ പ്രവർത്തനം മോശമാകുന്നതിന്റെ വേഗം കുറയ്ക്കാനും ഇവ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഹൃദ്രോഗം ഉള്ളവരിൽ പ്രമേഹം എത്രത്തോളം അപകടം സൃഷ്ടിക്കും?
പ്രമേഹത്തെ ‘ഹൃദ്രോഗത്തിന് തുല്യമായ’ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. അതായത്, പ്രമേഹരോഗിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത, ഒരിക്കൽ ഹൃദയാഘാതം വന്ന ആൾക്ക് വീണ്ടും വരാനുള്ള സാധ്യതയ്ക്ക് തുല്യമാണ്.
പ്രധാന അപകടങ്ങൾ
ലക്ഷണമില്ലാത്ത ഹൃദയാഘാതം (Silent Heart Attack): വർഷങ്ങളായി പ്രമേഹമുള്ളവരിൽ, ശരീരത്തിലെ നാഡികൾക്ക് നാശം സംഭവിക്കാം (Diabetic Neuropathy). ഹൃദയത്തിൽനിന്ന് വേദനയുടെ സിഗ്നലുകൾ തലച്ചോറിലേക്ക് കൊണ്ടുപോകുന്ന നാഡികളെ ഇത് ബാധിക്കുമ്പോൾ, ഹൃദയാഘാതത്തിന്റെ ലക്ഷണമായ നെഞ്ചുവേദന അനുഭവപ്പെടണമെന്നില്ല. പകരം, താഴേ പറയുന്ന അസാധാരണ ലക്ഷണങ്ങൾ ഉണ്ടാകാം:
പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ്, നെഞ്ചിൽ ഭാരം അനുഭവപ്പെടുക, വിശദീകരിക്കാനാവാത്ത ക്ഷീണം,തലകറക്കം, ഓക്കാനം, ഛർദി,താടിയെല്ലിലോ, കഴുത്തിലോ, കൈയിലോ അനുഭവപ്പെടുന്ന വേദന എന്നിവ.
ഹൃദയപേശികളുടെ ബലക്ഷയം: പ്രമേഹം ഹൃദയപേശികളെ നേരിട്ട് ബാധിച്ച് ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയ്ക്കുന്ന ‘ഡയബറ്റിക് കാർഡിയോമയോപ്പതി’ എന്ന അവസ്ഥയ്ക്കും കാരണമാകാം. ഇത് ഹൃദയപരാജയം (Heart Failure) എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാം.
രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂട്ടുന്നു: പ്രമേഹമുള്ളവരിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾക്ക് (പ്ലേറ്റ്‌ലെറ്റുകൾ) ഒട്ടൽ സ്വഭാവം കൂടുതലായിരിക്കും. ഇതുമൂലം രക്തം പെട്ടെന്ന് കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുന്നു. ഹൃദയത്തിലെ രക്തക്കുഴലിൽ കൊഴുപ്പടിയുകയും, അടിഞ്ഞ കൊഴുപ്പിന്റെ ഒരുഭാഗം പൊട്ടുകയും ചെയ്താൽ, ഈ കോശങ്ങൾ അവിടെ വേഗത്തിൽ അടിഞ്ഞുകൂടി രക്തയോട്ടം
പൂർണമായി തടസ്സപ്പെടുത്തും. ഇതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്.
ഹൃദ്രോഗികളായ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്
ഈ വിഭാഗത്തിൽപ്പെട്ടവർ സാധാരണ പ്രമേഹരോഗികളെക്കാൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- 1. കർശനമായ ‘ABCS’ നിയന്ത്രണം
- A- A1c (HbA1c): മൂന്നുമാസത്തെ ശരാശരി ഷുഗർനില സൂചിപ്പിക്കുന്ന ഈ പരിശോധനയിൽ, അളവ് 7 ശതമാനത്തിൽ താഴേനിർത്താൻ ലക്ഷ്യമിടുക.
- B- Blood Pressure (രക്തസമ്മർദം): ബിപി 130/80 mmHg-യിൽ താഴേ കർശനമായി നിലനിർത്തണം.
- C- Cholesterol (കൊളസ്‌ട്രോൾ): ഇത് അതീവ പ്രാധാന്യമർഹിക്കുന്നു. ഹൃദ്രോഗമുള്ള പ്രമേഹരോഗികളിൽ ചീത്ത കൊളസ്‌ട്രോൾ (LDL) 55 mg/dL-ൽ താഴേനിർത്താനാണ് ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ ശുപാർശ ചെയ്യുന്നത്. ഇതിനായി ഉയർന്ന ശേഷിയുള്ള സ്റ്റാറ്റിൻ മരുന്നുകൾ അത്യന്താപേക്ഷിതമാണ്.
- S- Smoking Cessation (പുകവലി നിർത്തുക): പുകവലി പൂർണമായും ഉപേക്ഷിക്കുക. ഈ രോഗാവസ്ഥയിൽ പുകവലി തുടരുന്നത് അപകടകരമാണ്.
- 2. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ മുടക്കാതിരിക്കുക: ഇത്തരം രോഗികളുടെ ചികിത്സയിൽ ഒരു പ്രമേഹരോഗ വിദഗ്ധനും (Endocrinologist) ഒരു ഹൃദ്രോഗ വിദഗ്ധനും (Cardiologist) ഒരുപോലെ പങ്കാളികളാവണം.
- 3. ചിട്ടയായ വ്യായാമം: വ്യായാമം തുടങ്ങുന്നതിനുമുൻപ് നിർബന്ധമായും ഹൃദ്രോഗ വിദഗ്ധന്റെ ഉപദേശം തേടുക. അമിതഭാരം ഉയർത്തുക, കഠിനമായി ഓടുക തുടങ്ങിയവ ഒഴിവാക്കി, നടത്തംപോലുള്ള മിതമായ വ്യായാമങ്ങൾ ശീലമാക്കുക.
- 4. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം: ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പുകൾ (നെയ്യ്, വെണ്ണ, ചുവന്ന മാംസം) എന്നിവ കർശനമായി നിയന്ത്രിക്കുക. ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- 5. കൃത്യമായ മെഡിക്കൽ പരിശോധനകൾ:
- പ്രമേഹരോഗ വിദഗ്ധനെയും ഹൃദ്രോഗ വിദഗ്ധനെയും കൃത്യമായ ഇടവേളകളിൽ കണ്ട് പരിശോധനകൾ നടത്തുക.
- നിശ്ചിത സമയങ്ങളിൽ ഇസിജി (ECG), എക്കോകാർഡിയോഗ്രാം (Echocardiogram), ട്രെഡ്മിൽ ടെസ്റ്റ് (TMT) എന്നിവ ഡോക്ടർ നിർദേശിക്കുന്ന പ്രകാരം ചെയ്യുക.
- വൃക്കകളുടെ പ്രവർത്തനവും (Kidney Function Test) നിരീക്ഷിക്കണം, കാരണം ഹൃദയത്തിന്റെയും വൃക്കകളുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
പ്രമേഹരോഗികളിൽ ഹൃദ്രോഗം വരുന്നത് അതീവ ഗൗരവമേറിയ സാഹചര്യമാണെങ്കിലും, ഭയപ്പെടേണ്ടതില്ല. ആധുനിക വൈദ്യശാസ്ത്രം ഇന്ന് ഈ അവസ്ഥയെ നേരിടാൻ ഫലപ്രദമായ ചികിത്സാരീതികൾ നൽകുന്നുണ്ട്. രോഗി, കുടുംബാംഗങ്ങൾ, ഡോക്ടർമാർ എന്നിവർ ഒരുമിച്ച് ഒരു ടീമായി പ്രവർത്തിക്കുകയും, ജീവിതശൈലിയിലും മരുന്നുകളിലും അച്ചടക്കം പാലിക്കുകയും ചെയ്താൽ അപകടസാധ്യതകൾ വലിയ അളവിൽ കുറച്ച് ആരോഗ്യകരമായി ജീവിതം മുന്നോട്ട് നയിക്കാൻ സാധിക്കും.
പ്രമേഹത്തിനുള്ള പുതിയ മരുന്നുകൾ
SGLT-2 ഇൻഹിബിറ്ററുകൾ, GLP-1 അഗോണിസ്റ്റുകൾ തുടങ്ങിയ പുതിയ തലമുറ പ്രമേഹമരുന്നുകൾക്ക് ഷുഗർ കുറയ്ക്കുന്നതിനോടൊപ്പം ഹൃദയാഘാതം, ഹാർട്ട് ഫെയ്‌ലിയർ, ഹൃദയസംബന്ധമായ മരണം എന്നിവ കുറയ്ക്കാനുള്ള സവിശേഷമായ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഹൃദയത്തിനുള്ള മരുന്നുകൾ: ആസ്പിരിൻ, സ്റ്റാറ്റിനുകൾ, ബീറ്റാ-ബ്ലോക്കറുകൾ, എസിഇ ഇൻഹിബിറ്ററുകൾ തുടങ്ങിയ ഹൃദയസംരക്ഷണ മരുന്നുകൾ ഡോക്ടർ നിർദേശിച്ചാൽ ഒരു കാരണവശാലും
മുടക്കരുത്.
കരൾരോഗമുള്ളവരെ പ്രമേഹംകൂടി ബാധിച്ചാൽ
ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ‘ഫാക്ടറി’യാണ് കരൾ. ഭക്ഷണം ദഹിപ്പിക്കാനും, ഊർജം സംഭരിക്കാനും, രക്തത്തിലെ വിഷാംശങ്ങളെ നീക്കംചെയ്യാനും സഹായിക്കുന്നത് കരളാണ്.
ഫാറ്റി ലിവർ രോഗം (Metabolic dysfunction–associated steatotic liver disease-MASLD) ഉള്ളവരിൽ പ്രമേഹസാധ്യത കൂടുതലാണ്. അതുപോലെതന്നെ പ്രമേഹമുള്ളവരിൽ കരളിൽ കൊഴുപ്പ് അടിയുന്നത് കൂടുതലായി കാണപ്പെടുന്നു. ഈ രണ്ട് അവസ്ഥകളും ഒരുമിച്ചുവന്നാൽ രോഗിയുടെ ആരോഗ്യം വേഗത്തിൽ മോശമാകാനുള്ള സാധ്യത കൂടുതലാണ്.പ്രമേഹവും കരൾരോഗവും പരസ്പരം ആരോഗ്യത്തെ മോശമാക്കുന്നു.
പ്രമേഹം കരളിന്റെ ആരോഗ്യം കൂടുതൽ വഷളാക്കുന്നു: ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണമായ ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance) കരളിൽ കൊഴുപ്പ് അടിയുന്നതിന് (Fatty Liver) കാരണമാകുന്നു. നിലവിൽ കരൾരോഗമുള്ള ഒരാൾക്ക് പ്രമേഹംകൂടി വരുമ്പോൾ, ഈ കൊഴുപ്പ് അടിയുന്ന പ്രക്രിയ വേഗത്തിലാകുന്നു. ഇത് കരളിലെ നീർക്കെട്ട്, സിറോസിസ് (കരൾ ചുരുങ്ങുന്ന അവസ്ഥ), കരൾ കാൻസർ എന്നിവയിലേക്കുള്ള ദൂരം കുറയ്ക്കുന്നു. ചുരുക്കത്തിൽ, പ്രമേഹം കരൾരോഗം കൂടുതൽ വേഗത്തിൽ മൂർച്ഛിക്കാൻ ഇടയാക്കുന്നു.
രോഗമുള്ള കരൾ പ്രമേഹനിയന്ത്രണം താളം തെറ്റിക്കുന്നു: ഇതാണ് ഏറ്റവും പ്രധാനപ്പെട്ട അപകടം. കരൾ ശരീരത്തിലെ ഒരു ‘പഞ്ചസാര സംഭരണി’കൂടിയാണ്. രക്തത്തിൽ അധികമുള്ള പഞ്ചസാരയെ സംഭരിക്കുന്നതും, ശരീരം ആവശ്യപ്പെടുമ്പോൾ തിരികെ നൽകുന്നതും കരളാണ്. കരൾരോഗം ബാധിക്കുമ്പോൾ ഈ പ്രവർത്തനം താളംതെറ്റുന്നു.
ഷുഗർ ക്രമാതീതമായി കൂടാം (Hyperglycemia): രോഗമുള്ള കരളിന് പഞ്ചസാരയെ ശരിയായി സംഭരിക്കാൻ കഴിയാതെ വരികയും അത് രക്തത്തിലേക്ക് അമിതമായി പുറന്തള്ളുകയും ചെയ്യാം.
ഷുഗർ അപകടകരമായി താഴാം (Hypoglycemia): ചിലപ്പോൾ, പ്രത്യേകിച്ച് രാത്രിയിലോ ഭക്ഷണത്തിന് മുൻപോ, ശരീരം ആവശ്യപ്പെടുമ്പോൾ സംഭരിച്ചുവെച്ച പഞ്ചസാരയെ പുറത്തുവിടാൻ കരളിന് കഴിയാതെവരും. ഇത് ഷുഗർ അപകടകരമായി കുറഞ്ഞുപോകാൻ കാരണമാകും. ഈ പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകൾ കാരണം പ്രമേഹം നിയന്ത്രിക്കുന്നത് വളരെ ദുഷ്കരമായിത്തീരുന്നു.
ഹൃദ്രോഗസാധ്യത: കരൾരോഗവും പ്രമേഹവും ഒരുമിച്ചുവന്നാൽ ഹൃദ്രോഗവും വൃക്കരോഗവും വരാനുള്ള സാധ്യത വർധിക്കും.
മുൻകരുതലുകൾ
ഭക്ഷണക്രമം പ്രധാനം: കരളിന്റെ ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ നിയന്ത്രണം ആവശ്യമാണ്. പഞ്ചസാര, മൈദ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികളും, ഗുണമേന്മയുള്ള പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒരു ഡയറ്റീഷ്യന്റെ ഉപദേശം തേടുന്നത് സഹായകമാകും.
മദ്യപാനം പൂർണമായും ഒഴിവാക്കുക: കരൾരോഗമുള്ളവർക്ക് മദ്യം വിഷത്തിന് തുല്യമാണ്. ഒരു തുള്ളിപോലും മദ്യം കഴിക്കുന്നത് കരളിന്റെ അവസ്ഥയെ അതിവേഗം മോശമാക്കുകയും ജീവന് ഭീഷണിയാവുകയും ചെയ്യും.ശരീരഭാരം നിയന്ത്രിക്കുക: അമിതഭാരം കരളിലെ കൊഴുപ്പ് കൂട്ടും. ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും ശരീരഭാരം കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാനും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം മരുന്നുകൾ:കഴിക്കുന്ന മിക്ക മരുന്നുകളെയും സംസ്കരിക്കുന്നത് കരളാണ്. കരളിന്റെ പ്രവർത്തനം മോശമാകുമ്പോൾ, പ്രമേഹത്തിനുൾപ്പെടെയുള്ള മരുന്നുകളുടെ ഡോസ് ക്രമീകരിക്കേണ്ടി വരും. അതിനാൽ, ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികളോ, പച്ചമരുന്നുകളോ, മറ്റ് ഒറ്റമൂലികളോ കഴിക്കരുത്. ഇത് കരളിന് കൂടുതൽ ദോഷം ചെയ്യും.
കൃത്യമായ നിരീക്ഷണവും പരിശോധനകളും: പ്രമേഹരോഗ വിദഗ്ധനെയും (Endocrinologist) കരൾരോഗ വിദഗ്ധനെയും (Hepatologist) കൃത്യമായ ഇടവേളകളിൽ കണ്ട് പരിശോധനകൾ നടത്തുക. രക്തത്തിലെ ഷുഗർനില, എച്ച്ബിഎവൺസി (HbA1c), ലിവർ ഫങ്‌ഷൻ ടെസ്റ്റ് (LFT), വയറിന്റെ സ്‌കാനിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം കിംസ് ഹെൽത്തിൽ എൻഡോക്രൈനോളജി വിഭാഗം കൺസൽട്ടന്റ് ആണ് ലേഖകൻ
Content Highlights: Uncontrolled diabetes leads to serious health issues like high BP, cholesterol, kidney, heart & liver disease.