ഇഡ്ഡലിയുടെ കൂടെ വരെ കഴിക്കാം ; ഈ ഉഗ്രന്‍ ചിക്കന്‍ കറി

ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും പൊതുവേ പ്രിയപ്പെട്ടതാണ്. ഇതില്‍ വറുത്തരച്ച ചിക്കന്‍ കറി കേരളത്തില്‍ ജനപ്രിയമായൊരു വിഭവമാണ്. ഇത്
ചോറ്, ചപ്പാത്തി, അപ്പം, ഇടിയപ്പം, തട്ടുദോശ, പൊറോട്ട എന്നിവയ്ക്കൊപ്പം തകര്‍പ്പന്‍ കോംമ്പിനേഷനാണ്. പാലക്കാട് ജില്ലയില്‍ പലയിടങ്ങളിലും ഇഡ്ഡലിയുടെ കൂടെയും വറുത്തരച്ച ചിക്കന്‍ കറി വിളമ്പാറുണ്ട്.
ചേരുവകള്‍
ചിക്കന്‍ - 600 ഗ്രാം
വെളിച്ചെണ്ണ - 10 മില്ലി
കടുക് - 1/2 ടീ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് പൊടി - 1/2 ടീ സ്പൂണ്‍
മഞ്ഞള്‍ - 1/2 ടീ സ്പൂണ്‍
മുളകുപൊടി - 1.5 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീ സ്പൂണ്‍
ഗരം മസാല പൊടി - 1 ടീ സ്പൂണ്‍
ഉള്ളി അരിഞ്ഞത് - 2 എണ്ണം
തക്കാളി അരിഞ്ഞത് - 1.5 എണ്ണം
പച്ചമുളക് - 2 എണ്ണം
വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍
ഇഞ്ചി -1/2 ടീ സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
വരുത്തരച്ച മസാല
തേങ്ങ ചിരകിയത് -1/2
ചെറിയ ഉള്ളി - 10 ഗ്രാം
ചുവന്ന മുളക് - 3 എണ്ണം
മല്ലി- 1 ടീ സ്പൂണ്‍
കറുവപ്പട്ട - 1/2 കഷ്ണം
ഗ്രാമ്പൂ - 5 എണ്ണം
ഏലയ്ക്ക -5 എണ്ണം
പെരുംജീരകം -1/4 ടീ സ്പൂണ്‍
ജീരകം -1/4 ടീ സ്പൂണ്‍
കുരുമുളക് - 5 എണ്ണം
കറിവേപ്പില - 1 തണ്ട്്
പാചകം ചെയ്യുന്ന രീതി
വറുത്തരച്ച മസാലയ്ക്കായി പാന്‍ ചൂടാക്കി അതിലേയ്ക്ക് ഗരംമസാല കൂട്ടിട്ട് ചെറുതീയില്‍ രണ്ടുമിനിട്ട് വറുത്തെടുക്കുക. തുടര്‍ന്ന് ചെറിയ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.ഇതിലേയ്ക്ക് തേങ്ങ ചിരകിയതും മല്ലിയും ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകും വരെ വഴറ്റുക. ശേഷം ഇത് നന്നായി അരച്ചെടുക്കണം.
പാനില്‍ എണ്ണ ചൂടാക്കിയശേഷം കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ക്കണം. ഇതിലേയ്ക്ക് ഉള്ളി അരിഞ്ഞത് ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകും വരെ വഴറ്റുക, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേര്‍ക്കുക.
ശേഷം ഇതിലേയ്ക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക, തുടര്‍ന്ന് മഞ്ഞള്‍ പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി പകുതി ചേര്‍ത്തുകൊടുക്കാം. കറി കട്ട് ചെയ്ത ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് 2 മിനിറ്റ് വഴറ്റികൊടുക്കണം.
അത് മൂടിവെച്ച് 2 മിനിറ്റ് കൂടി വേവിക്കണം. തുടര്‍ന്ന് വറുത്തരച്ച മസാലയും ഉപ്പും ചേര്‍ത്ത് 3 മിനിറ്റ് കൂടി അടച്ചുവെയ്ക്കാം. ഇതിലേയ്ക്ക് 150 മില്ലി വെള്ളം ചേര്‍ത്ത് ചിക്കന്‍ വേവുന്നത് വരെ വേവിക്കുക, തുടര്‍ന്ന് ഇതിലേയ്ക്ക് അല്‍പം ഗരം മസാല ചേര്‍ത്ത് വെളിച്ചെണ്ണയും ഒഴിച്ചുകൊടുക്കാം.വറുത്തരച്ച ചിക്കന്‍ റെഡി
Content Highlights: chicken,chicken recipe, Varutharacha kozhi curry,food