എളുപ്പത്തിലുള്ള നാലുമണിപലഹാരം ; പാലക് പക്കവട ഉണ്ടാക്കാം

representative image|photo:canva
representative image|photo:canva

കുട്ടികള്‍ക്ക് നാലുമണിയ്ക്ക് നല്‍കാവുന്ന നല്ലൊരു പലഹാരമാണ് പാലക് പക്കവട. ചീര കഴിയ്ക്കാത്ത കുട്ടികളും ഇത് ഇഷ്ടത്തോടെ കഴിയ്ക്കും.ഇതൊരു നോര്‍ത്തിന്ത്യന്‍ പലഹാരമാണ്. 

ചേരുവകള്‍ 

  • പാലക് ചീര തണ്ടില്ലാതെ അരിഞ്ഞത്- രണ്ടരക്കപ്പ് 
  • സവാള - ചെറുതായി അരിഞ്ഞത് ഒരെണ്ണം 
  • പച്ചമുളക് - 3 
  • മല്ലിയില-പാകത്തിന്
  • പുതിനയില - പാകത്തിന്
  • ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍ 
  • ഇഞ്ചി ചെറുതായി മുറിച്ചത് - അര ടീസ്പൂണ്‍ 
  • മുളക്പൊടി - അരടീസ്പൂണ്‍ 
  • ഗരം മസാല - അരടീസ്പൂണ്‍ 
  • മല്ലിപ്പൊടി- അര ടീസ്പൂണ്‍ 
  • കടലമാവ് - അരക്കപ്പ് 
  • അരിപ്പൊടി- 2 ടേബിള്‍സ്പൂണ്‍ 
  • ഉപ്പ്- ആവശ്യത്തിന് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാലക് അരിഞ്ഞതിലേക്ക് സവാള,മല്ലിയില, പുതിനയില,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ,ഇഞ്ചി ചെറുതായി മുറിച്ചത്,മുളക്പൊടി ,ഗരം മസാല ,മല്ലിപ്പൊടി,കുറച്ച് ഉപ്പ് എന്നിവയിട്ട് നന്നായി യോജിപ്പിക്കുക.
ശേഷം ഇതിലേയ്ക്ക് കടലമാവും അരിപ്പൊടിയും കൂടി ചേര്‍ത്ത് ചെറിയ നനവില്‍ കുഴയ്‌ച്ചെടുക്കണം. 

ഉള്ളിവട മാവ് പോലെ കട്ടിയുള്ള മാവാണ് പക്കവടയ്ക്കും ആവശ്യമായത്. ഒരുപാട് വെള്ളം ചേര്‍ക്കേണ്ടതില്ല.ഉപ്പ് പോരെങ്കില്‍ പാകത്തിന് ചേര്‍ത്തുകൊടുക്കാം. ഇനി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍ വലിയ നെല്ലിക്ക രൂപത്തിലാക്കി മാവ് എടുത്ത് പതുക്കെ എണ്ണയിലേക്ക് ഇട്ടുകൊടുക്കാം.


രണ്ടു മിനിട്ടിന് ശേഷം ഇളക്കി കൊടുക്കാം. ക്രിസ്പി ആകുന്നത് വരെ പക്കവട പൊരിച്ചെടുക്കാം.ഇതിനൊപ്പം ചൂടുചായയും ചട്നിയും ചേര്‍ത്ത് പാലക് പക്കവട വിളമ്പാം.
 

Content Highlights: palak pakoda recipe