മുട്ട കൊണ്ട് ഇത്രയും വിഭവങ്ങളോ? സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറിൻ്റെ എഗ്ഗ് സ്പെഷ്യൽ റെസിപ്പികൾ

പ്രോട്ടീൻ്റെയും മറ്റ് പോഷകങ്ങളുടെയും കലവറയായ മുട്ട, ആരോഗ്യകരമായ ഭക്ഷണക്രമത്തിലെ പ്രധാന ഘടകമാണ്. സ്ഥിരം പല്ലവിയിൽ നിന്ന് മാറി വ്യത്യസ്തമായി തയ്യാറാക്കാവുന്ന ധാരാളം മുട്ട വിഭവങ്ങൾ ഉണ്ട്. അത്തരത്തിൽ ചിലത് സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂർ തന്റെ വെബ്‌സൈറ്റിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
എഗ്ഗ് പുലാവ്
വേവിച്ച ചോറും മുട്ടയും മസാലകളും ചേർത്ത് തയ്യാറാക്കുന്ന വിഭവമാണിത്. വെണ്ണയും എണ്ണയും ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക് പേസ്റ്റ്, ഉള്ളി, തക്കാളി എന്നിവ വഴറ്റുക. ഇതിലേക്ക് പൊടികളും പാവ് ഭാജി മസാലയും ചേർത്ത ശേഷം അടിച്ച മുട്ട ഒഴിച്ച് ഇളക്കുക. ശേഷം ബസുമതി അരിയും കാപ്സിക്കവും ചേർത്ത് യോജിപ്പിക്കുക. മുകളിൽ പുഴുങ്ങിയ മുട്ട കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.
എഗ്ഗ് ടിക്ക
ആവശ്യമായ സാധനങ്ങൾ:
പുഴുങ്ങിയ മുട്ട: 8 എണ്ണം
യോഗർട്ട്: 3 ടേബിൾ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ
ചില്ലി പേസ്റ്റ്: 1 ടേബിൾ സ്പൂൺ
ഗരം മസാല : 1 ടേബിൾ സ്പൂൺ
കസൂരി മേത്തി: 2 ടേബിൾ സ്പൂൺ
നാരങ്ങാനീര്: 1 ടേബിൾ സ്പൂൺ
കടലമാവ് : 1.5 ടേബിൾ സ്പൂൺ
കടുക് എണ്ണ: 1 ടേബിൾ സ്പൂൺ
ബട്ടർ: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം:
പ്രീഹീറ്റിങ്: ഓവൻ 200°C-ൽ പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ് ട്രേയിൽ അല്പം ബട്ടർ പുരട്ടി വെക്കുക.
മസാല തയ്യാറാക്കാം: യോഗർട്ട്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചില്ലി പേസ്റ്റ്, ഗരം മസാല, കസൂരി മേത്തി, ഉപ്പ്, നാരങ്ങാനീര്, കടുക് എണ്ണ, വറുത്ത കടലമാവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
മാരിനേഷൻ: പുഴുങ്ങിയ മുട്ടകളിൽ ഫോർക്ക് ഉപയോഗിച്ച് ചെറുതായി ഓട്ടകളിടുക (മസാല പിടിക്കാൻ വേണ്ടിയാണിത്). ഇവ തയ്യാറാക്കിയ മസാലക്കൂട്ടിൽ ഇട്ട് 10-15 മിനിറ്റ് മാറ്റി വെക്കുക.
ബേക്കിങ്: മസാല പിടിച്ച മുട്ടകൾ പകുതിയായി മുറിച്ച് ബേക്കിങ് ട്രേയിൽ നിരത്തുക. ബാക്കിയുള്ള മസാല കൂടി മുട്ടയുടെ മുകളിൽ പുരട്ടുക. അല്പം വെണ്ണ കൂടി മുകളിൽ ബ്രഷ് ചെയ്ത ശേഷം 10-12 മിനിറ്റ് ബേക്ക് ചെയ്യുക.
വിളമ്പാം: പുറത്തെടുത്ത ശേഷം അല്പം കൂടി ബട്ടർ മുകളിൽ ഒഴിക്കാം. പുതിനയില, ഉള്ളി, നാരങ്ങ കഷ്ണം എന്നിവയ്ക്കൊപ്പം പുതിന ചട്ണിക്കൊപ്പം ചൂടോടെ വിളമ്പുക.
എഗ്ഗ് ഫ്രൈഡ് റൈസ്
വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ വിഭവത്തിന് ബസുമതി അരിയാണ് ഉപയോഗിക്കുന്നത്. ആദ്യം മുട്ട ചിക്കി പൊരിച്ചു മാറ്റി വെക്കുക. ശേഷം ഉള്ളി വഴറ്റി ചോറും സോയ സോസും കുരുമുളകും ചേർക്കുക. അവസാനം വറുത്ത മുട്ടയും സ്പ്രിങ് ഒണിയനും ചേർത്ത് തീയിൽ യോജിപ്പിക്കുക.
എഗ്ഗ് ബെഞ്ചോ
ആവശ്യമായ സാധനങ്ങൾ
മുട്ട: 4 എണ്ണം
പാവ് : 8 എണ്ണം
സവാള: 1 (അരിഞ്ഞത്)
മല്ലിയില: 1 ടേബിൾ സ്പൂൺ
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: ¼ ടീസ്പൂൺ
ബട്ടർ: ആവശ്യത്തിന്
ചീസ്: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുട്ടകൾ പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് സവാള, മല്ലിയില, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഓംലെറ്റ് തയ്യാറാക്കാം: നോൺ-സ്റ്റിക് പാനിൽ വെണ്ണ ചൂടാക്കി മുട്ട മിശ്രിതത്തിന്റെ പകുതി ഒഴിച്ച് പരത്തുക. രണ്ട് വശവും നന്നായി വേവിച്ച ശേഷം ഇത് നാലായി മുറിച്ചു മാറ്റിവെക്കുക. ബാക്കിയുള്ള മിശ്രിതം കൊണ്ടും ഇതേപോലെ മറ്റൊന്ന് കൂടി തയ്യാറാക്കുക.
പാവ് ടോസ്റ്റ് ചെയ്യാം: അതേ പാനിൽ അല്പം കൂടി വെണ്ണ ചൂടാക്കി അതിലേക്ക് അല്പം മുളകുപൊടിയും മല്ലിയിലയും ചേർത്ത് സെക്കന്റുകൾ വഴറ്റുക. പാവുകൾ നടുവെ മുറിച്ച് പാനിൽ വെച്ച് രണ്ട് വശവും നന്നായി ടോസ്റ്റ് ചെയ്തെടുക്കുക.
ടോസ്റ്റ് ചെയ്ത പാവുകളുടെ ഒരു പകുതിയിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ ഓംലെറ്റ് കഷ്ണങ്ങൾ വെക്കുക.
ഇതിനു മുകളിലേക്ക് ഗ്രേറ്റ് ചെയ്ത ചീസ് ചേർക്കാം. ചീസ് അല്പം ഉരുകിത്തുടങ്ങുമ്പോൾ ചൂടോടെ വിളമ്പാം.
കുട്ടികൾക്ക് നൽകുകയാണെങ്കിൽ അല്പം ടൊമാറ്റോ കെച്ചപ്പ് കൂടി ഇതിനുള്ളിൽ ചേർക്കാം.
എഗ്ഗ് സ്പിനാച്ച് റാപ്പ്
ആരോഗ്യദായകമായ ചീരയും മുട്ടയും ചേർന്നൊരു വിഭവം. ചീര, ഉള്ളി, മഷ്റൂം, ചോളം എന്നിവ മസാല ചേർത്ത് വേവിക്കുക. അതിനുശേഷം പാനിൽ ഓംലെറ്റ് ഉണ്ടാക്കി, അതിന്റെ മുകളിൽ ഈ കൂട്ട് വെച്ച് റോൾ ആക്കാം. ചീസ് ചേർക്കുന്നത് ഇതിന് പ്രത്യേക രുചി നൽകും.
എഗ്ഗ് പഫ്
പഫ് പേസ്ട്രി ഷീറ്റുകൾക്കുള്ളിൽ മസാലയും മുട്ടയും വെച്ച് ബേക്ക് ചെയ്തെടുക്കുന്ന വിഭവമാണിത്. ഉള്ളി, തക്കാളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മസാലകൾ എന്നിവ ചേർത്ത് തയ്യാറാക്കിയ കൂട്ടും പുഴുങ്ങിയ മുട്ടയുടെ പകുതിയും പേസ്ട്രി ഷീറ്റിൽ വെച്ച് മടക്കി 180 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കാം.
Content Highlights: Explore chef Sanjeev Kapoor`s amazing egg recipes!