കാപ്പി കുടിച്ചാൽ വല്ലാത്തൊരു പരിഭ്രമം തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ...

#Food desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ചൂടു കാപ്പി കുടിച്ച് ദിവസം തുടങ്ങാനാണ് ഭൂരിഭാഗം പേർക്കും ഇഷ്ടം. മടിയും തളർച്ചയും മാറ്റി ഉന്മേഷം നൽകാൻ കാപ്പിക്ക് പ്രത്യേക കഴിവ തന്നെയുണ്ട്. എന്നാൽ, ചിലർക്കെങ്കിലും കാപ്പി കുടിച്ചുകഴിയുമ്പോൾ നെഞ്ചിടിപ്പ് കൂടുക, കൈകാലുകൾ വിറയ്ക്കുക, പരിഭ്രമം അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് പ്രശസ്ത അനസ്തെറ്റിസ്റ്റും ഇൻ്റർവെൻഷണൽ പെയ്ൻ മെഡിസിൻ വിദഗ്ധനുമായ ഡോ. കുനാൽ സൂദ്.

എന്തുകൊണ്ട് കാപ്പി കുടിക്കുമ്പോൾ പരിഭ്രമം തോന്നുന്നു?

നമുക്ക് ഉന്മേഷം നൽകാനായി കാപ്പി ശരീരത്തിൽ പ്രവർത്തിക്കുന്ന അതേ രീതി തന്നെയാണ് ചിലരിൽ ഈ അസ്വസ്ഥതയ്ക്കും കാരണമാകുന്നതെന്ന് ഡോ. കുനാൽ സൂദ് പറയുന്നു. നമ്മുടെ ശരീരത്തിന് ഉറക്കം വരാനും ക്ഷീണം തോന്നാനും സഹായിക്കുന്ന അഡിനോസിൻ എന്ന രാസഘടകത്തെ കാപ്പിയിലെ കഫീൻ തടയുന്നു.

അഡിനോസിൻ്റെ പ്രവർത്തനം നിലയ്ക്കുന്നതോടെ തലച്ചോർ കൂടുതൽ ഉണർവോടെ പ്രവർത്തിക്കാൻ തുടങ്ങും. എന്നാൽ ഇതോടൊപ്പം തന്നെ ശരീരത്തിലെ നാഡീവ്യവസ്ഥയും അമിതമായി ഉത്തേജിപ്പിക്കപ്പെടുന്നു. ഇതാണ് നെഞ്ചിടിപ്പ് വർദ്ധിക്കാനും, അമിതമായി വിയർക്കാനും, കൈകൾ വിറയ്ക്കാനും, ഒടുവിൽ വല്ലാത്തൊരു ഭയമോ പരിഭ്രമമോ തോന്നാനും കാരണമാകുന്നത്.

പരിഹാരമാർഗ്ഗങ്ങൾ

മുതിർന്ന ഒരാൾക്ക് ഒരു ദിവസം പരമാവധി 400 മില്ലിഗ്രാം (ഏകദേശം 3 മുതൽ 4 കപ്പ് വരെ) കഫീൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് ഇതിൽ മാറ്റം വരാം. ജനിതകപരമായ കാരണങ്ങൾ, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, കഴിക്കുന്ന മരുന്നുകൾ എന്നിവയെല്ലാം കഫീൻ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കാപ്പി കുടിക്കുമ്പോഴുണ്ടാകുന്ന ഈ അസ്വസ്ഥതകൾ ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന ലളിതമായ വഴികൾ ഇവയാണ്:

  • വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക: വെറുംവയറ്റിൽ കാപ്പി കുടിക്കുമ്പോൾ കഫീൻ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും അസ്വസ്ഥതകൾ കൂട്ടുകയും ചെയ്യും. അതിനാൽ പ്രഭാതഭക്ഷണത്തിന് ശേഷം മാത്രം കാപ്പി കുടിക്കുക.

  • അളവ് കുറയ്ക്കുക: കാപ്പിയുടെ അളവ് കുറയ്ക്കുകയോ അല്ലെങ്കിൽ കഫീൻ്റെ അളവ് കുറഞ്ഞ ഡീകാഫ് കാപ്പികളിലേക്ക് മാറുകയോ ചെയ്യാം.

  • വൈകുന്നേരങ്ങളിൽ ഒഴിവാക്കുക: ഉച്ചകഴിഞ്ഞോ വൈകുന്നേരങ്ങളിലോ കാപ്പി കുടിക്കുന്നത് രാത്രിയിലെ ഉറക്കത്തെ ബാധിക്കാനും മാനസിക സമ്മർദ്ദം കൂട്ടാനും കാരണമാകും.

പൊതുവായി എത്ര കപ്പ് കുടിക്കാം എന്നതിലല്ല, മറിച്ച് സ്വന്തം ശരീരത്തിന് എത്രത്തോളം കഫീൻ താങ്ങാൻ പറ്റും എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു.


Content Highlights: Dr. Kunal Sood explains that coffee causes anxiety, jitters, and rapid heartbeat because caffeine blocks adenosine, overstimulating the nervous system—a condition that can be managed by avoiding coffee on an empty stomach and monitoring daily intake.