വൈറലായി ഭീമന്‍ പറാത്ത; സ്ട്രീറ്റ്ഫുഡ് സുരക്ഷിതമോ? എതിര്‍ത്തും അനുകൂലിച്ചും കമന്റുകള്‍

വീഡിയോയിലെ ദൃശ്യങ്ങൾ | Photo: Twitter/RakeshSimha
വീഡിയോയിലെ ദൃശ്യങ്ങൾ | Photo: Twitter/RakeshSimha

ഒരുപാട് ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് പറാത്ത. ഫുഡ് സ്ട്രീറ്റുകളിലെ പ്രധാന ഭക്ഷണംകൂടിയായ പറാത്ത തയ്യാറാക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെരുവോരക്കച്ചവടം നടത്തുന്നയാള്‍ ഒരു ഭീമന്‍ പറാത്ത തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. 

കൈകാര്യംചെയ്യാന്‍ ബുദ്ധിമുട്ടായതുകൊണ്ടുതന്നെ തോള്‍വരെ നീട്ടി ഇരുകളിലും മാറി മാറിയാണ് വീശി പരത്തിക്കൊണ്ടാണ് അയാള്‍ പറാത്ത പരത്തുന്നത്. കൈകളിലും തോളിലും ഷര്‍ട്ടിലുമെല്ലാം പറാത്തയുടെ ഭാഗം സ്പര്‍ശിക്കുന്നുണ്ട്. പരത്തിയ വലിയ പറാത്ത പിന്നീട് ചട്ടിയിലേക്കിടുന്നു. ഇത്രയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

വീഡിയോ വൈറലായതോടെ തെരുവില്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെ ശുചിത്വത്തെ കുറിച്ച് ആശങ്ക പങ്കുവെച്ച് നിരവധിപേര്‍ രംഗത്തെത്തി. വീഡിയോയിലെ വൃത്തിഹീനമായ പാചകരീതിയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ കമന്റിട്ടു. എന്തുകൊണ്ട് നിങ്ങള്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കണം എന്നതിന്റെ കാരണങ്ങളില്‍ ഒന്നുമാത്രം എന്ന് പറഞ്ഞുകൊണ്ടാണ് എക്‌സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, എല്ലാ മനുഷ്യരും വിയര്‍ക്കുന്നുണ്ട്, ഇറ്റാലിയന്‍ പിസ ഉണ്ടാക്കുന്നവരടക്കം വിയര്‍ക്കുന്നു, അത് നിങ്ങള്‍ കാണുന്നില്ലെന്ന് മാത്രം എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നത് നിര്‍ത്തിയെന്നും രോഗം പരത്തുന്ന പറാത്തയാണിതെന്നുമടക്കം കമന്റുകളുണ്ട്. നമ്മുടെ തെരുവോര ഭക്ഷണം രുചികരമാണ് എന്നാല്‍ ഒരിക്കല്‍ അവ പാചകം ചെയ്യുന്നത് കണ്ടുകഴിഞ്ഞാല്‍ പിന്നെ കഴിക്കാന്‍ കഴിയില്ലെന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഭക്ഷണം വാങ്ങുന്ന സമയത്ത് നമ്മള്‍ ഗ്ലൗസ് ഇടുന്നതിനെ പറ്റി അവരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും ഈ കമന്റില്‍ പറയുന്നു.


 

Content Highlights: Viral paratha making video sparks hygiene concerns