കേരളത്തിലെ അപ്പവും കടലക്കറിയും പാലട പായസവും; വന്ദേ ഭാരത് ട്രെയിനുകളിൽ ഇനി പ്രാദേശിക വിഭവങ്ങളും

വന്ദേ ഭാരത് ട്രെയിനുകളിൽ ഇനി ഐആർസിടിസിയുടെ സഹായത്തോടെ പ്രാദേശിക വിഭവങ്ങളും ലഭ്യമാക്കുമെന്ന് ഇന്ത്യൻ റെയിൽവേ. യാത്ര കൂടുതൽ മെച്ചപ്പെടുത്തുക, യാത്രക്കാർക്ക് പ്രാദേശിക സംസ്‌കാരവുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളും നാടൻ രുചികളും നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങൾ നൽകുന്നതിനെക്കുറിച്ചും ഭാവിയിലിത് റെയിൽവേ ശൃംഖലയിലാകെ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.
റെയിൽ ഭവനിൽ നടന്ന ഒരു അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരുമായി സംവദിക്കവെ, യാത്ര ചെയ്യുന്ന പ്രദേശങ്ങളുടെ സംസ്‌കാരത്തെയും രുചികളെയും പ്രതിഫലിക്കുന്ന ഭക്ഷണം നൽകുന്നതിലൂടെ യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെട്ടതാകുമെന്ന് മന്ത്രി പറഞ്ഞു. ഈ സൗകര്യം ഭാവിയിൽ എല്ലാ ട്രെയിനുകളിലും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നാണ് വിവരം.
'നാഗ്പൂർ-സെക്കന്തരാബാദ് വന്ദേ ഭാരത് എക്സ്പ്രസിലെ യാത്രക്കാർക്ക് മഹാരാഷ്ട്രയിലെ കാന്താ പോഹയും ദക്ഷിണേന്ത്യൻ ഡോണ്ടകായ കരംപൊടി ഫ്രൈയും, ആന്ധ്രാപ്രദേശിലെ ആന്ധ്രാ കോടി കുരയും രുചിക്കാം,' റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
അതുപോലെ, ഗുജറാത്തി രുചികൾ മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസിലും മസാല ലൗകിയുടെ രൂപത്തിൽ സബർമതി ജംഗ്ഷൻ-വെരാവൽ വന്ദേ ഭാരത് എക്സ്പ്രസിലും ലഭ്യമാണ്. ഒഡീഷയുടെ ആലു ഫുൽകോപ്പി ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസിൽ ലഭ്യമാണ്.
കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിലും മാംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിലും വെള്ളരി, ചെറുപയർ മെഴുക്കു പെരട്ടി, കടല കറി, കേരള പൊറോട്ട, തൈര്, പാലട പായസം, അപ്പം എന്നിവയുൾപ്പെടെയുള്ള വിഭവങ്ങൾ ലഭ്യമാണ്. പശ്ചിമ ബംഗാളിന്റെ കോഷ പനീർ റൂർക്കേല-ഹൗറ വന്ദേ ഭാരത് എക്സ്പ്രസിലും ആലു പൊടോൾ ഭജ ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസിലും കഴിക്കാൻ കിട്ടുന്നതായിരിക്കും.
ബിഹാറിന്റെ പ്രധാന വിഭവങ്ങളായ ചമ്പാരൻ പനീർ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസിലും, ചമ്പാരൻ ചിക്കൻ പട്ന-ഹൗറ വന്ദേ ഭാരത് എക്സ്പ്രസിലും ലഭ്യമാണ്. ജമ്മു-കശ്മീർ മേഖലയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ അംബാൽ കഡ്ഡു, ജമ്മു ചന മസാല, ടൊമാറ്റോ ചമൻ, കേസർ ഫിർണി എന്നിവയടങ്ങിയ വിഭവങ്ങൾ റെയിൽവേ നൽകുന്നു.
Content Highlights: Experience authentic Kerala flavors like Appam, Kadala Curry, and Palada Payasam on Vande Bharat trains. Indian Railways enhances travel with local cuisine.