വന്ദേഭാരതിലെ ഭക്ഷണം പ്ലാസ്റ്റിക് പാക്കറ്റോടെ ചൂടാക്കിയതെന്ന് ആരോപിച്ച് യുവതി| VIDEO

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വിതരണം ചെയ്യുന്ന ഭക്ഷണം പ്ലാസ്റ്റിക് കവറിലിട്ട് നേരിട്ട് ചൂടാക്കി നൽകുന്നുവെന്ന് ആരോപിച്ച് യാത്രക്കാരി. അലഹബാദിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്ത അവനി ബൻസാൽ എന്ന യാത്രക്കാരിയാണ് ട്രെയിനിലെ ഭക്ഷണ വിതരണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

സീൽ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് ചപ്പാത്തിയും കച്ചോരിയും (രാജസ്ഥാനിൽ നിന്നുള്ള വിഭവം) തനിക്ക് ലഭിച്ചതെന്നും, ഇവ അമിതമായി ചൂടായിരുന്നതായും അവനി തന്റെ എക്സ്  പോസ്റ്റിൽ കുറിച്ചു. പാക്കറ്റിലിട്ടാണോ ഭക്ഷണം മൈക്രോവേവ് ചെയ്തതെന്ന് താൻ ചോദിച്ചപ്പോൾ ജീവനക്കാരൻ അത് സമ്മതിച്ചതായും അവർ പറയുന്നു. പ്ലാസ്റ്റിക് പാക്കറ്റിന് മുകളിൽ മൈക്രോവേവിൽ ഉപയോഗിക്കാം എന്നതടക്കമുള്ള യാതൊരു സുരക്ഷാ മുന്നറിയിപ്പുകളും  ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

മൈക്രോവേവ് ചെയ്യാൻ അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകൾ അമിതമായി ചൂടാക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന താലേറ്റ്, ബിസ്ഫെനോൾ തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

യാത്രക്കാരിയുടെ പോസ്റ്റ് വൈറലായതോടെ ഐആർസിടിസി  ഔദ്യോഗികമായി മാപ്പപേക്ഷയുമായി രംഗത്തെത്തി. പരാതി പരിഹരിക്കുന്നതിനായി യാത്രക്കാരിയുടെ പിഎൻആർ നമ്പറും മൊബൈൽ നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും സ്വകാര്യ വെണ്ടർമാരുടെ വീഴ്ചകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. രാജധാനി ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ചും നിരവധി യാത്രക്കാർ സമാനമായ പരാതികൾ ഉന്നയിക്കുന്നുണ്ട്.