ഭക്ഷണവും അടിച്ചേൽപ്പിക്കുന്നോ?; ചർച്ചയായി വന്ദേഭാരതിലെ ഭക്ഷണത്തെ പറ്റിയുള്ള എൻഎസ് മാധവൻ്റെ കുറിപ്പ്

എൻ എസ് മാധവൻ പങ്കുവെച്ച പോസ്റ്റിൽ നിന്ന്| ഫോട്ടോ: x/ @NSMlive
എൻ എസ് മാധവൻ പങ്കുവെച്ച പോസ്റ്റിൽ നിന്ന്| ഫോട്ടോ: x/ @NSMlive

വന്ദേഭാരത് ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തെ കുറിച്ചുള്ള എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ എക്‌സ് പോസ്റ്റ് സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഏപ്രില്‍ 15-ന് എന്‍.എസ് മാധവന്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഭക്ഷണം അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങളും നടക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേ ഭാരതില്‍ ലഭിച്ച  ഭക്ഷണങ്ങളുടെ ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ദക്ഷിണേന്ത്യന്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ സാധാരണയായി ലഭിക്കുന്ന സ്‌നാക്കുകള്‍ എന്നും കുറിപ്പില്‍ പറയുന്നുണ്ട്. 

മുന്‍ ഐഎഎസ് ഉദ്യേഗസ്ഥന്‍ കൂടിയായ എന്‍.എസ് മാധവന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നു. ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണങ്ങളില്‍ പ്രാദേശിക വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നായിരുന്നു ചിലരുടെ മറുപടി. ഐആര്‍സിടിസി ആപ്പും മറ്റ് ഫുഡ് ഡെലിവറി ആപ്പുകളും ഇഷ്ട ഭക്ഷണം തിരഞ്ഞെടുക്കാനായുളളപ്പോള്‍ ഭക്ഷണം അടിച്ചേല്‍പ്പിച്ചതാണെന്ന് പറയാനാകില്ലെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.

ബെംഗളൂരു- മൈസൂര്‍ റൂട്ടില്‍ ഓടുന്ന വന്ദേഭാരതിലെ മെനുവിലെ വിഭവങ്ങളും വിവരിച്ചും ചിലര്‍ കുറിപ്പിന് മറുപടി നൽകി. 

വന്ദേ ഭാരതിലെ മെനു ഇങ്ങനെ

ഇഡ്‌ലി, സാമ്പാര്‍, തേങ്ങാ ചട്ട്‌നി, ഊത്തപ്പം, ശര്‍ക്കര പൊങ്കല്‍, ഇടിയപ്പം, റവ കിച്ച്ഡി, വെജിറ്റബിള്‍ സ്റ്റ്യൂ, ഓംലറ്റ്, മുട്ടക്കറി, നെയ്‌ച്ചോറ്, വെജ് പുലാവ്, മട്ടയരിചോറ്, ചപ്പാത്തി, പൊറോട്ട, സോയ ചങ്ക്‌സ്, കടച്ചക്ക, മഷ്‌റൂം കറി, ചിക്കന്‍ കറി, കേരള ചിക്കന്‍ കറി, ചെട്ടിനാട് കോഴിക്കറി, അവിയല്‍, തൈര്, അച്ചാര്‍, പാല്‍ പായസം എന്നീ വിഭവങ്ങളും ബെംഗളൂരു- കോയമ്പത്തൂര്‍ വന്ദേഭാരതിലെ മെനുവില്‍ ലഭ്യമാണ്. 

പ്രഭാത ഭക്ഷണമായി ഇടിയപ്പം, പാലപ്പം, കടലക്കറി, ഉപ്പുമാവ്, പൊങ്കല്‍, ഓംലറ്റ്, ബ്രെഡ്, ബട്ടര്‍, കട്‌ലെറ്റ്, ഇടിയപ്പം, പാലപ്പം, മുട്ടക്കറി, മട്ടയരി ചോറ്, നെയ്ച്ചോറ് പുഴുക്കലരി ചോറ്, ചപ്പാത്തി, പൊറോട്ട, തവ റൊട്ടി, സാമ്പാര്‍, ദാല്‍ കറികള്‍, വെജ് കുറുമ, പനീര്‍ ചെട്ടിനാട്, ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ, സൂപ്പുകള്‍, ശീതള പാനീയങ്ങള്‍ എന്നിങ്ങനെ നീളുന്നു കേരളത്തില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിലെ മെനു. 

Content Highlights: NS Madhavan`s Post on south indian Vande Bharat Food Sparks Debate