ട്രാഫിക്കിൽ കുടുങ്ങിയത് 4 മണിക്കൂർ, പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനായില്ല- സാറ ഹുക്കർ

#Lifestyle desk
സാറാ ഹുക്കർ, സാറാ എക്സിൽ പങ്കുവെച്ച ചിത്രം| ഫോട്ടോ: Linkdin/@sarahooker,X/@sarahooker
സാറാ ഹുക്കർ, സാറാ എക്സിൽ പങ്കുവെച്ച ചിത്രം| ഫോട്ടോ: Linkdin/@sarahooker,X/@sarahooker

ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനിടെയുണ്ടായ കടുത്ത ഗതാഗതക്കുരുക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനാകാതെ യുഎസിൽ നിന്നുള്ള പ്രമുഖ കമ്പനിയുടെ സിഇഒ. എഐ കമ്പനിയായ അഡാപ്റ്റേഷൻ ലാബ്സിൻ്റെ സഹസ്ഥാപകയും സിഇഒയുമായ സാറ ഹുക്കർക്കാണ് ദുരനുഭവം ഉണ്ടായത്.

ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയുടെ വിവിധ സെഷനുകളിൽ പങ്കെടുത്ത ശേഷം, വൈകുന്നേരത്തെ ഗാല ഡിന്നറിനായി വസ്ത്രം മാറാൻ ഹോട്ടലിലേക്ക് പോയതായിരുന്നു അവർ. എന്നാൽ തിരികെ വിരുന്നിനായി വരുമ്പോൾ നാല് മണിക്കൂറോളമാണ് സാറ ട്രാഫിക് കുരുക്കിൽ അകപ്പെട്ടത്. ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെ യാത്ര ഉപേക്ഷിച്ച് രാത്രി 11 മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി റൂം സർവീസ് വഴി ഇന്ത്യൻ ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു. തൻ്റെ അനുഭവം സാറ ഹുക്കർ എക്സിലൂടെ ആണ് പങ്കുവെച്ചത്.

ഹോട്ടൽ മുറിയിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തിൻ്റെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും എന്നാൽ നാല് മണിക്കൂർ ട്രാഫിക്കിന് ശേഷം ഭക്ഷണം ആസ്വദിക്കുന്നുവെന്നും അവർ കുറിച്ചു. വിഐപി നീക്കങ്ങളെത്തുടർന്ന് റോഡുകൾ അടച്ചതും മെട്രോ സ്റ്റേഷൻ സേവനങ്ങൾ തടസ്സപ്പെട്ടതും കാരണം ഉച്ചകോടിക്കെത്തിയ മറ്റ് നിരവധി പ്രതിനിധികളും കിലോമീറ്ററുകളോളം നടക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

തൻ്റെ പോസ്റ്റിന് വലിയ പ്രതികരണം ലഭിച്ചതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തി സാറ വീണ്ടും പോസ്റ്റ് പങ്കുവെച്ചിരുന്നു. ആറുമണിക്ക് ശേഷം റോഡുകളിൽ നിയന്ത്രണമുണ്ടാകുമെന്നും യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും സംഘാടകർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി അവർ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇതിൽ സംഘാടകരുടെ ഭാഗത്ത് പിഴവൊന്നുമില്ലെന്നും നഗരത്തിൻ്റെ മറ്റൊരു ഭാഗത്ത് തൻ്റെ കാർ കുടുങ്ങിപ്പോയതിനാലാണ് കൃത്യസമയത്ത് എത്താൻ കഴിയാതിരുന്നതെന്നും പോസ്റ്റിൽ പറയുന്നു. മറ്റ് വിരുന്നുകൾ ഗംഭീരമായിരുന്നുവെന്നും വരും ദിവസങ്ങളിലെ പരിപാടികൾക്കായി കാത്തിരിക്കുകയാണെന്നും സാറ എക്സിൽ കുറിച്ചു.

Content Highlights: AI CEO Sarah Hooker stuck in 4-hour Delhi traffic, misses PM Modi`s dinner at India AI Impact Summit.