ഒരു പലഹാരം കഴിക്കാന്‍ പതിനായിരങ്ങള്‍ സൈക്കിളുമായി ഇറങ്ങി: നഗരം സ്തംഭിച്ചത് മണിക്കൂറുകളോളം

ചായ കുടിക്കാന്‍ പോയാലോ എന്ന് കൂട്ടത്തില്‍ ഒരാളുടെ ചോദ്യം വന്നാല്‍ പിന്നെ ഒന്നും നോക്കാതെ ഇറങ്ങിത്തിരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതുപോലൊരു പോക്ക് ഒരു നഗരത്തെമൊത്തം ഗതാഗതക്കുരുക്കില്‍ പെടുത്തിയാലോ! ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല, പലഹാരം കഴിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്കൂട്ടം ഒരു കുഞ്ഞു നഗരത്തെ മൊത്തത്തില്‍ സ്തംഭിപ്പിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ചൈനയിലെ യുവത്വം സൈക്കിളുമായി യാത്രക്കിറങ്ങി നാട്ടുകാര്‍ക്ക് മുഴുവന്‍ പണി കൊടുത്തത്.
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ജെങ്ചൗവില്‍ നിന്ന് പുരാതന നഗരമായ കൈഫങ്ങിലെ പ്രശസ്തമായ സൂപ്പ് ഡംപ്ലിങ് കഴിക്കാനായി പതിനായിരങ്ങള്‍ സൈക്കിളുമായി ഇറങ്ങിയതാണ് നഗരത്തെ വലച്ച ഗതാഗതക്കുരുക്കില്‍ കലാശിച്ചത്. സൂപ്പ് ഡംപ്ലിങ് കഴിക്കാനിറങ്ങിയ അപ്രതീക്ഷിത സൈക്കിള്‍ യാത്രികരുടെ തിരക്ക് ഒരു നഗരത്തെ ആകെ മണിക്കൂറുകളോളം ട്രാഫിക്ക് കുരുക്കിലാക്കി.
ജങ്ചൗ യൂണിവേഴ്സിറ്റിയിലെ നാല് വിദ്യാര്‍ത്ഥികളാണ് ഡംപ്ലിങ് സൂപ്പ് ട്രന്റ് വൈറലാക്കിയത്. കഴിഞ്ഞ ജൂണില്‍ ഡംപ്ലിങ്ങ് സൂപ്പ് കഴിക്കാന്‍ പോയതിന്റെ പോസ്റ്റ് ഇവര്‍ എക്സില്‍ പങ്കുവെച്ചതോടെയാണ് ഇത് ട്രെന്‍ഡായത്. പിന്നീട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത് ഏറ്റെടുത്തതോടെ കഴിഞ്ഞ ആഴ്ചയില്‍ മാത്രം 2000 പേര്‍ കൈഫങ്ങിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
പാട്ടുപാടിയും പരസ്പരം ആശംസകള്‍ നേര്‍ന്നും സഞ്ചരിച്ച 'നൈറ്റ് റൈഡിങ് ആര്‍മിയെ' അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിഷയം ലോകമെമ്പാടും ചര്‍ച്ചയായി. ജെങ്ചൗ വിലെ ആറുവരി പാത സൈക്കിള്‍ യാത്രികരെക്കൊണ്ട് നിറഞ്ഞതിന്റെ നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. എന്തായാലും, തെരുവീഥികള്‍ ചവറുകള്‍ കൊണ്ട് നിറയുന്നതില്‍ ക്ഷുഭിതരായ പ്രദേശവാസികള്‍ പരാതി നൽകിയിട്ടുണ്ട്.
Content Highlights: Thousands Cycle to have Soup Dumpling causes huge block