'കൊച്ചുമകൻ നിർബന്ധിച്ചാൽ പിന്നെ എന്തുചെയ്യും?' പൂരി പരത്തുന്ന രേവന്ത് റെഡ്ഡിയുടെ വീഡിയോ വൈറൽ

#Lifestyle desk
രേവന്ദ് റെഡി എക്സിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: X/@revanth_anumula
രേവന്ദ് റെഡി എക്സിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: X/@revanth_anumula

"താത്ത പൂരിയുണ്ടാക്കി തന്നാലേ ഞാൻ ഭക്ഷണം കഴിക്കൂ..." കൊച്ചുമകൻ റേയാൻഷിന്റെ കുറുമ്പ് നിറഞ്ഞ ആവശ്യത്തിന് മുന്നിൽ ഒടുവിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്ക് അടുക്കളയിൽ കയറേണ്ടി വന്നു. കൊച്ചുമകനൊപ്പം പൂരിയുണ്ടാക്കുന്ന കുടുംബ നിമിഷം മുഖ്യമന്ത്രി തന്നെയാണ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. 

കയ്യിൽ ഒരുപിടി മാവുമായി പൂരി പരത്താൻ ശ്രമിക്കുന്ന റേയാൻഷിനെയും അവനെ ചിരിയോടെ സഹായിക്കുന്ന രേവന്ത് റെഡ്ഡിയെയും വീഡിയോയിൽ കാണാം.

"കൊച്ചുമകൻ അങ്ങനെ നിർബന്ധം പിടിച്ചാൽ പിന്നെ എങ്ങനെയാ മറുത്തു പറയുക? കൂടെ അവനും, കയ്യിൽ കുറച്ചു മാവും, മുഖത്ത് നിറഞ്ഞ ചിരിയും, വട്ടത്തിലല്ലാത്ത കുറച്ചു പൂരികളും... തിരക്കുപിടിച്ച പൊതുജീവിതത്തിനിടയിൽ കൊച്ചുമകനോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ മധുരമുള്ള ഓർമ്മകളാണ്" എന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. 

2023 ഏപ്രിലിലാണ് റേയാൻഷ് ജനിക്കുന്നത്. തന്റെ കടുത്ത ഔദ്യോഗിക തിരക്കുകൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും ഇടയിൽ എപ്പോഴും ആശ്വാസം തരുന്നത് കൊച്ചുമകനൊപ്പമുള്ള ഇത്തരം നിമിഷങ്ങളാണെന്ന് രേവന്ത് റെഡ്ഡി മുൻപും പറഞ്ഞിട്ടുണ്ട്. 

Content Highlights: Telangana Chief Minister A. Revanth Reddy won hearts on social media after sharing a heartwarming video of himself entering the kitchen to cook puris for his toddler grandson Reyansh, who adamantly refused to eat unless his grandfather prepared the meal.