സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ടാറ്റ

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

ലോകത്തെ ഏറ്റവും വലിയ കോഫിഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്ക്‌സ് ഇന്ത്യന്‍ വിപണി വിടാനൊരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് വ്യക്തമാക്കി.

ഉയര്‍ന്ന തോതിലുള്ള പ്രവര്‍ത്തനചെലവും കുറഞ്ഞ ലാഭവുമായതിനാല്‍ കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ടാറ്റ പ്രമുഖ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കത്തെഴുതിയത്.

ഉയര്‍ന്ന തോതിലുള്ള ചെലവും മോശം രുചിയും നഷ്ടങ്ങളും കാരണം കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകളെ സംബന്ധിക്കുന്നതാണിത്. ഈ വാര്‍ത്തകളില്‍ പറയുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണ്.- പ്രസ്താവനയില്‍ പറയുന്നു.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, ബി.എസ്.സി ലിമിറ്റഡ്, ദി കല്‍ക്കട്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവര്‍ക്കാണ് കത്തെഴുതിയത്. 2012 ഒക്ടോബറിലാണ് സ്റ്റാര്‍ബക്ക്‌സ് ഇന്ത്യന്‍ വിപണികളിലെത്തുന്നത്. സ്റ്റാര്‍ബക്ക്‌സ് കോഫി കമ്പനിയും ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സും സംയുക്തസംരംഭത്തിലൂടെയായിരുന്നു ഇത്. അടുത്തിടെയാണ് സ്റ്റാര്‍ബക്ക്‌സിന്റെ പുതിയ ചെയര്‍മാനും സി.ഇ.ഒയുമായി ബ്രയാന്‍ നിക്കോള്‍ നിയമിതനായത്. 

Content Highlights: Tata Dismisses Reports Around Starbucks Exit From India As Baseles