പുഴുങ്ങി മാത്രമല്ല, മധുരക്കിഴങ് ഇങ്ങനെയും കഴിക്കാം; ശൈത്യകാലത്ത് പരീക്ഷിക്കാവുന്ന രുചി

ഡിസംബർ തണുപ്പിൽ ചൂടുള്ള ഭക്ഷണങ്ങൾ തരുന്ന സുഖം വേറെതന്നെയാണ്. മാർക്കറ്റുകളിലും കടകളിലും പോകുമ്പോൾ ശ്രദ്ധയിൽപ്പെടാറുള്ള മധുരക്കിഴങ്ങ് ആവിയിലും മറ്റും വേവിച്ച് മാത്രമാകും പലും കഴിക്കാറുള്ളത്. എന്നാൽ എത്ര മടിയുള്ളവർക്കും തയ്യാറാക്കാവുന്ന ചില മധുരക്കിഴങ് വിഭവങ്ങളുമുണ്ട്.
തണുപ്പിനെ പ്രതിരോധിക്കാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും മധുരക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ മികച്ച സ്ത്രോതസ്സാണ്.
ആരോഗ്യ ഗുണങ്ങൾ
മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മധുരക്കിഴങ്ങിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ തണുപ്പുകാലത്തെ ഊർജ്ജക്കുറവ് മാറ്റാൻ സഹായിക്കുന്നു. നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നു.
പ്രതിരോധശേഷി കൂട്ടാം, തിളങ്ങുന്ന ചർമം സ്വന്തമാക്കാം; മധുരക്കിഴങ്ങ് എന്ന സൂപ്പർഫുഡ്
മധുരക്കിഴങ് ഉടച്ചത്
തയ്യാറാക്കുന്ന വിധം: നാല് ഇടത്തരം മധുരക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടയ്ക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യ്, ഒരു ടീസ്പൂൺ ജീരകപ്പൊടി, ഇഞ്ചി നീര്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർക്കുക.
നെയ്യിൽ കടുക് വറുത്ത് ഇതിലേക്ക് ഇവ ചേർക്കുക. മല്ലിയില കൊണ്ട് അലങ്കരിക്കാം.
മധുരക്കിഴങ്ങ് ഇഞ്ചി സൂപ്പ്
തയ്യാറാക്കുന്ന വിധം: വെളിച്ചെണ്ണയിൽ ചെറുതായി അരിഞ്ഞ ഒരു സവാളയും രണ്ട് അല്ലി വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് 500 ഗ്രാം മധുരക്കിഴങ്ങ് കഷ്ണങ്ങൾ, ഇഞ്ചി, നാല് കപ്പ് വെജിറ്റബിൾ ബ്രോത്ത് ( പച്ചക്കറി വേവിക്കുമ്പോൾ കിട്ടുന്ന വെള്ളം) എന്നിവ ചേർത്ത് 20 മിനിറ്റ് വേവിക്കുക.
ഇവ ബ്ലെൻഡറിൽ ഉടച്ചെടുക്കാം.
മധുരക്കിഴങ്ങ് പരിപ്പ് കറി
തയ്യാറാക്കുന്ന വിധം: ഒരു കപ്പ് പരിപ്പും 300 ഗ്രാം മധുരക്കിഴങ്ങും മഞ്ഞളും ഉപ്പും ചേർത്ത് കുക്കറിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കുക.
നെയ്യ്, ജീരകം, കായം, വറ്റൽമുളക് എന്നിവ ചേർത്ത് വറുത്തിടുക.
മധുരക്കിഴങ്ങ് പൊങ്കൽ
തയ്യാറാക്കുന്ന വിധം: അര കപ്പ് ചെറുപയർ പരിപ്പും 300 ഗ്രാം മധുരക്കിഴങ്ങും നന്നായി വേവിക്കുക. ഇതിലേക്ക് അര കപ്പ് അരി, നെയ്യ്, കുരുമുളക്, ഇഞ്ചി, ജീരകം എന്നിവ ചേർത്ത് 20 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക.
മധുരക്കിഴങ് ഫോഡി
ചേരുവകൾ;
മധുരക്കിഴങ്ങ് - അരക്കിലോ
കടലമാവ് - 1 കപ്പ്
മുളകുപൊടി- 2 ടീസ്പൂൺ
കായപ്പൊടി - 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര- 1 ടീസ്പൂൺ
എണ്ണ- വറുക്കാൻ
തയ്യാറാക്കുന്ന വിധം :
മധുരക്കിഴങ്ങിന്റെ തൊലി നീക്കി അധികം കനമില്ലാതെ നേർത്തു വട്ടത്തിൽ അരിയുക.ബജ്ജി കൂട്ടായ കടലമാവ്, ജീരകം, മുളകുപൊടി, കായപ്പൊടി, ഉപ്പ്, പഞ്ചസാര എന്നിവ ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് അധികം നേർത്തു പോവാതെ കട്ടിയായി കലക്കുക.
കഷ്ണങ്ങൾ ഓരോന്നായി ബജ്ജിമാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.മധുരക്കിഴങ്ങ് ഫോഡി തയ്യാർ.
Content Highlights: Discover delicious sweet potato recipes perfect for winter.