'ആവശ്യമെങ്കിൽ ഭക്ഷണത്തിൽ മാറ്റം വരുത്തും'; വന്ദേഭാരത് അടുക്കളകളിൽ പരിശോധന നടത്താൻ സംഘം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്ദേഭാരത് തീവണ്ടികളിലെ ഭക്ഷണവിതരണത്തിലെ അപാകങ്ങൾ പരിശോധിക്കാൻ ദക്ഷിണ റെയിൽവേയുടെ ഉന്നതോദ്യോഗസ്ഥരുടെ സംഘം. ദക്ഷിണ റെയിൽവേയിൽ സർവീസ് നടത്തുന്ന തീവണ്ടികളിലെ ഭക്ഷണം തയ്യാറാക്കുന്ന 13 സ്ഥലങ്ങളിലെ അടുക്കളകളാണ് പരിശോധിക്കുന്നത്. ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗത്തിലെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജരും റെയിൽവേ ഡിവിഷനുകളിലെ കൊമേഴ്‌സ്യൽ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും തുടർച്ചയായ ദിവസങ്ങളിൽ പരിശോധന നടത്തും.

ഭക്ഷണം സംബന്ധിച്ച് പരാതി ഉയർന്നാൽ പരിശോധനാ ചുമതയുള്ള ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടുമെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗം അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വിഭാഗത്തിെല വിദഗ്ധരുമുണ്ടാകും. യാത്രക്കാരിൽനിന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് ചോദിച്ചറിയും.

റെനിഗുണ്ട, തിരുനെൽവേലി, ചെന്നൈ, കാസർകോട്, കോയമ്പത്തൂർ, വിഴുപുരം, മൈസൂർ, ഷൊർണൂർ, വിജയവാഡ, നെല്ലൂർ, തിരുവനന്തപുരം, സേലം, കണ്ണൂർ എന്നിവിടങ്ങളിലെ റെയിൽവേയുടെ അടുക്കളയിൽനിന്നാണ് വന്ദേഭാരതിലേക്ക് ഭക്ഷണം തയ്യാറാക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ തനത് ഭക്ഷണമായിരിക്കും ആ സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന വന്ദേഭാരത് തീവണ്ടികളിൽ വിതരണം ചെയ്യുക. തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്ന ഭക്ഷണം കേരളത്തിലെ വന്ദേഭാരതുകളിൽ നൽകിെല്ലന്നും അധികൃതർ അറിയിച്ചു. യാത്രക്കാരിൽനിന്ന് ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചറിയും. ആവശ്യമെങ്കിൽ ഭക്ഷണത്തിൽ മാറ്റം വരുത്തും -റെയിൽവേ അധികൃതർ അറിയിച്ചു.
 

Content Highlights: Southern Railway officials inspect 13 base kitchens supplying food to Vande Bharat trains