ഇടിയപ്പം, പൊറോട്ട, തോരൻ; സീഷെൽസ് പ്രസിഡന്റിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ കേരളത്തിലെ വിഭവങ്ങളും

സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിക്ക് രാഷ്ട്രപതിഭവനിൽ ഒരുക്കിയ വിരുന്നിലെ മെനുവിൽ ഇടംനേടി മലബാർ പൊറോട്ട അടക്കമുള്ള കേരളത്തിലെ ഭക്ഷണങ്ങൾ. രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച വൈകുന്നേരമാണ് പാട്രിക് ഹെർമിനിയെ വിരുന്ന് നൽകി ആദരിച്ചത്.
ഇന്ത്യയിലെ വിവിധ വിഭവങ്ങൾ വിരുന്നിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ബഹുമാനിക്കുംവിധം ശ്രദ്ധാപൂർവമാണ് മെനു തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ തീരദേശ മേഖലകളിലെ വിഭവങ്ങൾ വിരുന്നിലുണ്ടായിരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ, നാളികേരം, വാഴപ്പഴം, ചക്കകൊണ്ടുള്ള ഉത്പന്നങ്ങൾ, പയറുവർഗങ്ങൾ, അരി എന്നിവ ഈ പ്രദേശങ്ങളിലെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
കുമ്പളം, നാളികേരം എന്നിവകൊണ്ടുള്ള സൂപ്പും, മിനി ഇടിയപ്പം, മലബാറിൽനിന്നുള്ള കറി എന്നിവയോടെ വിരുന്ന് ആരംഭിച്ചു. ഇതിനുശേഷം കഴിക്കാൻ സാലഡുകളും തയ്യാറാക്കിയിരുന്നു. ചുട്ടെടുത്ത പൈനാപ്പിളിനും തൈരിനുമൊപ്പം കോസംബരി സാലഡ്, മിനി ഡോക്ല വിത്ത് മസ്റ്റാർഡ് ടോപ്പിങ്, ഗുജറാത്തിലെ ജനപ്രിയമായ പുഴുങ്ങിയ കടലമാവ് കേക്ക്, എന്നിവയും മെനുവിലുണ്ടായിരുന്നു.
പ്രധാന വിഭവത്തിന് മുമ്പ്, സോറെകായി, മജിഗെ ഹുളി (കർണാടക ശൈലിയിലുള്ള, തൈരുകൊണ്ടുള്ള കറി), വാഴയ്ക്കാത്തോരൻ എന്നിവയും ഇതോടൊപ്പം മലബാറി പൊറോട്ടയും ജോലാഡ്, ഭക്രിയും വേറെ.
ബട്ടാറ്റാ നൂ ഷാക്ക്, ഉടുപ്പി ബ്രിഞ്ചാൽ സുക്ക, മഷ്‌റൂം& ദാൽ വാരാൻ തുടങ്ങിയ പ്രാദേശിക വിഭവങ്ങളടക്കം വിപുലമായ ശേഖരമാണ് പ്രധാന വിഭവങ്ങളിൽ ഉണ്ടായിരുന്നത്. നെയ്യ് ചേർത്ത സോണ മസൂരി ചോറിനൊപ്പമാണ് ഇവ വിളമ്പിയത്.
President Droupadi Murmu received President Patrick Herminie of Seychelles at Rashtrapati Bhavan and hosted a banquet in his honour. The two leaders agreed that there is immense potential to further deepen the bilateral cooperation and that the “India–Seychelles Joint Vision for… pic.twitter.com/xpCjBwGyY6
— President of India (@rashtrapatibhvn) February 9, 2026
മധുരപലഹാരങ്ങളും തയ്യാറാക്കിയിരുന്നു. കുങ്കുമപ്പൂവും ഏലയ്ക്കയും ചേർത്ത മഹാരാഷ്ട്രയിൽനിന്നുള്ള ക്ലാസിക് വിഭവം, ഖുബാനി, അഖ്രോട്ട് ഹൽവ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. സ്‌ട്രോബെറികൾ, ഇന്ത്യൻ വിരുന്നുകളിലുണ്ടാകുന്ന നീലഗിരി ചായ, ഏലക്കാ ചായ, ഫിൽട്ടർ കോഫി എന്നിവയും മെനുവിൽ ഉൾക്കൊള്ളിച്ചിരുന്നു.
വിരുന്നിലെ വിഭവങ്ങൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയായതോടെ കടൽ വിഭവങ്ങളില്ലാത്ത മെനുവിനെ വിമർശിച്ചുക്കൊണ്ട് ഒട്ടേറെപ്പേർ പ്രതികരണങ്ങളുമായെത്തി. ഒരു ദ്വീപിന്റെ പ്രസിഡന്റിന് നൽകിയ മെനുവിൽ കടൽ വിഭവങ്ങളുടെ അഭാവം കണ്ടെത്തിയതോടെയാണ് ഇന്റർനെറ്റ് ഉപഭോക്താക്കൾ കമന്റുകളുമായെത്തിയത്.