ബെർമിങ്ഹാമിൽ സഞ്ജുവിന് മലബാർ വിരുന്നൊരുക്കി ആബിദാ റഷീദ്; ഇറച്ചിപ്പത്തിരിയുടെ രുചിയിൽ അലിഞ്ഞ് താരം

#Lifestyle desk
ബെർമിങ്ഹാമിൽ സഞ്ജു സംസണ് ഭക്ഷണം വിളമ്പുന്ന ആബിദാ റഷീദ്
ബെർമിങ്ഹാമിൽ സഞ്ജു സംസണ് ഭക്ഷണം വിളമ്പുന്ന ആബിദാ റഷീദ്

കോഴിക്കോട്: രണ്ട് മലയാളിതാരങ്ങൾ. അവർ ഒന്നിച്ചത് യു.കെ.യിലെ ബെർമിങ്ഹാമിലെ തീൻമേശയിൽ. ഒരാൾ ക്രിക്കറ്റിലെ മിന്നും താരം സഞ്ജു സാംസൺ. അടുത്തയാൾ മലബാർ പാചകകലാ റാണി ആബിദാ റഷീദ്. അവിടെ ആബിദാ റഷീദ് വിളമ്പിയ മലബാർ രുചിവൈവിധ്യം സഞ്ജു അനുഭവിച്ചറിഞ്ഞു.

മലബാറിന്റെ തനിനാടൻ രുചിവൈവിധ്യങ്ങളും മസാലക്കൂട്ടുകളും ലോകത്തിനു മുന്നിലെത്തിക്കാനുള്ള സഞ്ചാരത്തിനിടെയാണ് കഴിഞ്ഞയാഴ്ച ആബിദ യു.കെ.യിലെത്തിയത്. ബെർമിങ്ഹാമിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ‘ഇഞ്ചി റെസ്‌റ്ററന്റിൽ’ വെച്ച് വിവിധ രാജ്യക്കാരെ രുചിപ്പെരുമ പഠിപ്പിച്ച് മടങ്ങാനൊരുങ്ങുമ്പോഴാണ് മലയാളി ക്രിക്കറ്റർ ബേസിൽ തമ്പിക്കൊപ്പം ഞായറാഴ്ച അത്താഴത്തിന് സഞ്ജു എത്തിയത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷും ഒപ്പമുണ്ടായിരുന്നു.

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരയ്ക്കായാണ് സഞ്ജു യു.കെ.യിലെത്തിയത്. സഞ്ജുവിന് കോഴി അട, ഇറച്ചിപ്പത്തിരി, ചെമ്മീൻ ഫ്രൈ, മട്ടൻ ബിരിയാണി തുടങ്ങിയ വിഭവങ്ങളാണ് ആബിദയും സംഘവും വിളമ്പിയത്. ഇറച്ചിപ്പത്തിരിയുടെ രുചിയിലലിഞ്ഞ് സഞ്ജു വീണ്ടും ആവശ്യപ്പെട്ടെങ്കിലും വൈകിയ വേളയിൽ നൽകാനായില്ലെന്ന വിഷമവും ആബിദ പങ്കുവെച്ചു.

കേരളത്തിലെത്തിയാൽ എല്ലാ ഭക്ഷണവും ഒരുക്കിനൽകാമെന്ന് ആബിദ സഞ്ജുവിന് വാക്ക് നൽകിയിട്ടുണ്ട്. കോഴിക്കോട്ടുകാരിയായ ആബിദ ‘മാതൃഭൂമി’ നടത്തിയ ഫുഡ് ഫെസ്റ്റിവലിനുശേഷമാണ് മലബാർ ഭക്ഷണപ്പെരുമയുടെ ക്ലാസുകളുമായി ലോകയാത്ര ആരംഭിച്ചത്.

മാളിക്കടവിലെ തന്റെ വീട്ടിൽ ‘എക്‌സ്പീരിയൻഷ്യൽ ഫുഡ്’ എന്ന വ്യത്യസ്ത ആശയം അവതരിപ്പിക്കുന്ന ആബിദയെത്തേടി ഒട്ടേറെപ്പേർ എത്തുന്നുണ്ട്. പാലാ സ്വദേശി സെബാസ്റ്റ്യനും സുഹൃത്തുക്കളുമാണ് ‘ഇഞ്ചി’ യുടെ ഉടമകൾ.

ബെർമിങ്ഹാമിൽനിന്നുള്ള ദൃശ്യങ്ങൾ കാണാൻ ക്യു.ആർ. കോഡ്‌ സ്കാൻ ചെയ്യുക

Content Highlights: Indian cricketer Sanju Samson enjoyed an authentic Malabar dinner prepared by culinary expert Abida Rasheed at the Inji Restaurant in Birmingham, UK.