‘ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പത്മശ്രീ വേണ്ടെന്ന് പറഞ്ഞു’: 2017-ലെ അനുഭവം പങ്കുവെച്ച് സഞ്ജീവ് കപൂർ

തൊഴിലിനോടുള്ള സ്നേഹം കാരണം പത്മശ്രീ പുരസ്കാരം വരെ വേണ്ടെന്ന് വെക്കാൻ തയ്യാറായ വ്യക്തിയാണ് സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂർ. 2017-ൽ പുരസ്കാരം ലഭിച്ച സമയത്തുണ്ടായ അനുഭവം കഹാനി ഖസാന എന്ന വീഡിയോയിലൂടെ അദ്ദേഹം പങ്കുവെച്ചു. 2017 ഏപ്രിലിൽ പത്മശ്രീ പുരസ്കാരം ലഭിച്ചപ്പോൾ താൻ നേരിട്ട വെല്ലുവിളിയെക്കുറിച്ച് കഹാനി ഖസാന എന്ന വീഡിയോ പരമ്പരയിലൂടെ അദ്ദേഹം പറയുന്നുണ്ട്.
പുരസ്കാരദാന ചടങ്ങിൽ തന്റെ ഷെഫ് യൂണിഫോം ധരിക്കണമെന്നതായിരുന്നു സഞ്ജീവ് കപൂറിന്റെ ഏക ആഗ്രഹം. എന്നാൽ സുരക്ഷാ കാരണങ്ങളാലും പ്രോട്ടോക്കോൾ പ്രകാരവും ഇത് ആദ്യം അനുവദിച്ചില്ല. ‘ഹോട്ടലിൽ ജോലി ചെയ്തിരുന്ന കാലമത്രയും എല്ലാ ദിവസവും ഞാൻ പൂർണ്ണമായ യൂണിഫോം ധരിക്കുമായിരുന്നു. ഷെഫ് യൂണിഫോം എന്നത് അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും അടയാളമാണ്. ഇന്ന് ഷെഫുമാർ കൈവരിച്ച എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ഈ വേഷത്തിന്റെ കരുത്തുണ്ട്’- ഷെഫ് പറയുന്നു.
പത്മശ്രീ സ്വീകരിക്കാൻ എത്തിയപ്പോൾ ദേശീയ വസ്ത്രം ധരിക്കണമെന്നാണ് അധികൃതർ അദ്ദേഹത്തോട് നിർദ്ദേശിച്ചത്. ഷെഫ് യൂണിഫോം ധരിക്കാൻ അനുവാദം നൽകാനാവില്ലെന്ന് അവർ അറിയിച്ചു. ‘എനിക്ക് ഈ വേഷത്തിൽ പത്മശ്രീ നൽകാൻ സാധിക്കില്ലെങ്കിൽ, എനിക്ക് ആ പുരസ്കാരമേ വേണ്ട' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അദ്ദേഹത്തിന്റെ നിലപാട് ഒടുവിൽ അധികൃതർക്ക് അംഗീകരിക്കേണ്ടി വന്നു. തർക്കങ്ങളോ തടസ്സങ്ങളോ ഇല്ലാതെ രാഷ്ട്രപതി ഭവനിൽ വെച്ച് തന്റെ ഔദ്യോഗിക വേഷത്തിൽ തന്നെ അദ്ദേഹം പത്മശ്രീ ഏറ്റുവാങ്ങി.
ഇന്ത്യൻ പാചകരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് 'ബെസ്റ്റ് ഷെഫ് ഓഫ് ഇന്ത്യ' പുരസ്കാരവും നൽകിയിട്ടുണ്ട്.
Content Highlights: Sanjeev Kapoor insisted on wearing his chef uniform for the Padma Shri ceremony., He viewed his uniform as a symbol of pride and respect for the culinary profession.