വിശപ്പടങ്ങുന്നതും വയറുനിറയുന്നതും അനുഭവിച്ചറിയാം, ഭക്ഷണം കഴിക്കേണ്ടത് ഇങ്ങനെ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ജീവന്റെ നിലനില്‍പിന് അത്യാവശ്യമാണെന്ന വസ്തുത മാത്രമല്ല ഭക്ഷണത്തെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. അതിന്റെ നിറവും മണവും രുചിയുമെല്ലാം ആകര്‍ഷണീയമാണ്. എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടതെന്ന കാര്യത്തില്‍ ശ്രദ്ധചെലുത്തുന്നതു പോലെ പ്രധാനമാണ് എങ്ങനെയാണ് കഴിക്കേണ്ടത് എന്നതും. എത്ര തവണ ഭക്ഷണം ചവയ്ക്കുന്നു, ഏത് സാഹചര്യത്തില്‍ കഴിക്കുന്നു എന്നതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. 

ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ഭക്ഷണം കഴിച്ചശേഷം സംതൃപ്തി തോന്നാനും സഹായിക്കുന്ന കാര്യങ്ങളെ കുറിച്ച് ആയുര്‍വേദ ഡോക്ടറായ നിധി പാണ്ഡ്യ സോഷ്യല്‍മീഡിയയില്‍ അടുത്തിടെ പങ്കുവെച്ച വീഡിയോയില്‍ വിവരിക്കുന്നുണ്ട്. 

എങ്ങനെ കഴിച്ചാലാണ് വിശപ്പടങ്ങി എന്ന തോന്നലുളവാക്കുകയും ബ്ലഡ്ഷുഗര്‍ കുറയ്ക്കുകയും ചെയ്യുന്ന ഹോര്‍മോണിനെ(GLP-1)സ്വയം പുറപ്പെടുവിക്കാന്‍ സാധിക്കുക എന്ന് വീഡിയോയില്‍ അവര്‍ വിശദമാക്കുന്നുണ്ട്. ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ചെറിയ ശ്രദ്ധ നല്‍കേണ്ട കാര്യമാണെങ്കിലും വെറും മൂന്ന് ദിവസമോ ഒരാഴ്ചയോ ചെയ്തുനോക്കി മാറ്റം അനുഭവിച്ചറിയാമെന്ന് വീഡിയോയില്‍ പറയുന്നു.

ക്രേവിങ്‌സും അമിതമായ ഭക്ഷണവും എങ്ങനെ കുറയ്ക്കാം
ക്രേവിങ്‌സും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നതിന് എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും വീഡിയോയില്‍ ഡോക്ടര്‍ പറയുന്നുണ്ട്. സ്പൂണുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഒാരോ തവണയും ഭക്ഷണം വായിലേക്കിട്ട് കഴിഞ്ഞാല്‍ സ്പൂണ്‍ പ്ലേറ്റില്‍ വെച്ച് പ്ലേറ്റിനടുത്തുനിന്ന് കൈ മാറ്റിവെക്കുക.

ഭക്ഷണം ഇറക്കുന്നതിന് മുമ്പ് നന്നായി ചവയ്ക്കുക. ഒരു തവണ ഭക്ഷണം ഇറക്കി കഴിഞ്ഞ് അടുത്തതവണ സ്പൂണ്‍ കൈയിലെടുക്കുന്നതിന് മുമ്പായി പതിയെ ശ്വാസോച്ഛ്വാസം ചെയ്യുക. പിന്നീട് ഭക്ഷണം കഴിക്കുക. കഴിച്ചുതീരും വരെ ഇങ്ങനെ ചെയ്യുന്നത് തുടരുക. ഇത് തുടക്കത്തില്‍ വെല്ലുവിളിയായി തോന്നാമെങ്കിലും മൂന്ന് ദിവസത്തിനകംതന്നെ മാറ്റം അറിയാന്‍ കഴിയും. 

നിരവധി പേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. ഡോക്ടര്‍ പറഞ്ഞപോലെ ചെയ്തുനോക്കിയ ചിലര്‍ നടത്തിയ പ്രതികരണങ്ങള്‍ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്നതായിരുന്നു. ഉച്ചഭക്ഷണം കഴിച്ചപ്പോള്‍ വീഡിയോയി പറഞ്ഞ കാര്യങ്ങള്‍ പരീക്ഷിച്ചുവെന്നും മാജിക്കുപോലെ അത് സംഭവിച്ചുവെന്നും ഒരാള്‍ കമന്റുചെയ്തു. തനിക്ക് അധികം കഴിക്കേണ്ടി വന്നില്ലെന്നും പെട്ടെന്നുതന്നെ വയര്‍നിറഞ്ഞതായി അനുഭവപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വര്‍ഷങ്ങളായി ഇത്തരത്തില്‍ ശീലിച്ചതുകൊണ്ടാകാം താന്‍ മെലിഞ്ഞിരിക്കുന്നതെന്നും താന്‍ പതുക്കെ ഭക്ഷണം കഴിക്കുന്ന ആളാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും താന്‍ ഭക്ഷണം കഴിക്കുന്നത് വളരെ അധികം ആസ്വദിച്ചുകൊണ്ടാണെന്നും മറ്റൊരാള്‍ വ്യക്തമാക്കി. 
 

Content Highlights: Eat Mindfully: Tips to Reduce Cravings